എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ആത്മകഥ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ ആത്മകഥ

എന്റെ പേര് കൊറോണ. വൈറസുകളുടെ ഒരുകൂട്ടമാണ് ഞാൻ. ലോകത്ത് എന്റെ പേര് വൈറലായി വരുകയാണ്.എനിക്ക് എങ്ങനെയാണ് ഈ പേര് വന്നതെന്നല്ലേ? ശാസ്ത്രലോകം എന്നെ ലബോറട്ടറിയിൽ കൊണ്ടു പോയി പരിശോധിച്ചപ്പോൾ, എന്റെ ശരീരരൂപം കണ്ടപ്പോൾ കിരീടത്തിന്റെ രൂപമാണ് എന്നുപറഞ്ഞ് കിരീടം എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേരിട്ടത്. എനിക്ക് ഒറ്റയ്‌ക്ക് നിൽക്കാൻ കഴിയില്ല. ഏതെങ്കിലും വ്യക്തിയിൽ ഞാൻ പ്രവേശിച്ചാൽ മാത്രമേ ശക്തിപ്പെടുകയുള്ളൂ. പേരുപോലെ തന്നെ കിരീടം വയ്‌ക്കാത്ത രാജാവായി ലോകരാജ്യങ്ങളിൽ ഞാൻ അനായാസം വിഹരിച്ച് ഓടുകയാണ്. ഏകദേശം 160 രാജ്യങ്ങളിൽ ഇതിനകം തന്നെ ഞാൻ സഞ്ചരിച്ചു കഴിഞ്ഞു. എന്നെ പിടിച്ചുകെട്ടാൻ എല്ലാവിധ സന്നാഹങ്ങളുമായി ശാസ്ത്രലോകത്തിലുള്ളവരും അശ്രാന്ത പരിശ്രമം ചെയ്തുവരുന്നു. എനിക്കെതിരെ മരുന്നോ വാക്‌സിനോ പ്രതിരോധകുത്തിവെയ്പ്പോ ഇല്ലെന്ന് പറഞ്ഞു ഈ ലോകം പകച്ചു നിൽക്കുകയാണ്. എന്നെ എല്ലാവർക്കും ഭയമായിരിക്കുന്നു.കാരണം ഞാൻ അനേക രാജ്യങ്ങളിൽ അനേകരുടെ മരണത്തിന് ഇടയാക്കി എന്ന കുറ്റം എന്റെ മേൽ ആരോപിക്കപ്പെടുന്നുണ്ട്. സത്യത്തിൽ ഞാൻ ആരെയും അധികം മരണത്തിലേക്ക് നയിക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല. ശാസ്ത്രത്തിന്റെ പുരോഗതി പ്രശംസനീയം തന്നെയാണ്. എങ്കിലും അതിൽ മനുഷ്യൻ അഹങ്കരിക്കുന്നത് അവന്റെ വീഴ്‌ചയ്‌ക്കും പരാജയത്തിനും കാരണമാകാറുണ്ട് എന്നൊതൊരു വസ്തുതയാണ്. എന്നെ വേഗത്തിൽ സംഹരിച്ചു കളയാൻ ശാസ്ത്രലോകം പെട്ടെന്ന് തന്ത്രങ്ങൾ കണ്ടുപിടിക്കുമെന്ന് വിചാരിച്ച് പലരും അലസരായി നടന്നു. ആ സമയം കൊണ്ട് പരമാവധി ആളുകളിലേക്ക് വ്യാപരിക്കുവാൻ കഴിഞ്ഞു. വൈദ്യശാസ്ത്രത്തിന് ഫലപ്രദമായ രീതിയിൽ എനിക്കെതിരെ വാക്‌സിനോ മരുന്നോ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.എങ്കിലും വൈദ്യശാസ്ത്രം പറയുന്ന മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരുപാട് വ്യാപനം തടയാമായിരുന്നു. ഞാൻ പ്രവേശിച്ച ഏതെങ്കിലും വ്യക്തിയിൽ നിന്ന് അവരുടെ സ്രവത്തിലൂടെ മാത്രമേ എനിക്ക് മറ്റൊരു വ്യക്തിയിലേക്ക് പ്രവേശിക്കാൻ കഴികയുള്ളൂ. ആരിലെങ്കിലും ഞാൻ പ്രവേശിച്ചാൽ അത്തരം വ്യക്തികളിൽ പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുന്നു. ഞാൻ പ്രവേശിച്ചു കഴിഞ്ഞാൽ 14 ദിവസത്തിന് ശേഷമായിരിക്കും ഈ ലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നത്. അങ്ങനെയുള്ളവർ മാസ്ക് ധരിക്കുകയും അവരുടെ സ്രവങ്ങൾ പൊതുസ്ഥലങ്ങളിൽ വീഴ്‌ത്താതിരിക്കുകയും ചെയ്യുക. എങ്കിൽ എന്റെ വ്യാപനം തടയാൻ കഴിയും. ഇതിൽ മനുഷ്യൻ അലസത കാണിച്ചു. ഇനി എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ സോപ്പിട്ടു കഴുകുകയും ചെയ്താൽ ഒരു പരിധി വരെ എന്നെ തടഞ്ഞു നിർത്താനാകും. എന്റെ ജന്മസ്ഥലമായ ചൈനയിലെ വുഹാനിൽ സ്ഥിതിഗതികൾ ഏകദേശം നിയന്ത്രണവിധേയമാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ എന്റെ വ്യാപനത്തെ ഗൗരവമായി കാണാതിരുന്ന വികസിതരാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ അലസതയും ഗൗരവമില്ലായ്‌മയും കാരണം എനിക്ക് സ്വൈരമായി വിഹാരം നടത്താൻ സാധിച്ചു. അതിനാൽ അനേകം മരണങ്ങൾക്കും മറ്റനേകം നഷ്ടങ്ങൾക്കും കാരണമായി. അതിൽ ഇപ്പോൾ അവർക്ക് ദുഃഖവും പശ്ചാത്താപവുമുണ്ട്. ഇനി പറഞ്ഞിട്ട് എന്ത് കാര്യം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ വരാതിരിക്കാൻ നോക്കുന്നതായിരുന്നു നല്ലത്. ചൈനയിലെ വുഹാനിൽ നിന്ന് സഞ്ചരിച്ച് ഞാൻ പല രാജ്യങ്ങളിലും എത്തി ചേർന്നു. വികസിതരാജ്യങ്ങളിൽ എന്റെ ശക്തിയും ബലവും കൂടിക്കൂടി വന്നുക്കൊണ്ടിരുന്നു. അങ്ങനെയാണെങ്കിൽ വികസ്വരരാജ്യങ്ങളിൽ ഇവയിൽ നിന്നും താരതമ്യേന ശക്തി കൂടും എന്ന് കരുതി ഞാൻ ഇന്ത്യയിലുമെത്തി. എന്നാൽ പ്രതീക്ഷയ്‌ക്ക് അപ്പുറമായിരുന്നു കാര്യങ്ങൾ. അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒരുപാട് പേരിലേക്ക് സഞ്ചരിക്കാൻ എനിക്ക് കഴിയാതെ പോയി. മലയാളക്കരയിൽ എനിക്ക് തീരേ വേരുറപ്പിക്കാൻ കഴിഞ്ഞില്ല എന്നു തന്നെ പറയാം. വളരെ കുറച്ച് പ്രയാസങ്ങൾ വരുത്തനേ കഴിഞ്ഞിട്ടുള്ളൂ. ഞാൻ പ്രവേശിച്ച ചില വ്യക്തികളിൽ അവയെ ഗണ്യമാക്കാതെ സഞ്ചരിച്ചതിനാൽ അവ മൂലം ഉണ്ടായ പ്രയാസങ്ങൾ മാത്രമാണ് ഇവിടെ ബുദ്ധിമുട്ടാക്കിയത്. ഇവിടത്തെ ജനങ്ങൾ സഞ്ചരിക്കുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുന്നതും കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുകയും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും രോഗം ബാധിച്ചവർ ചികിൽസിച്ച് ഭേദമായതും എനിക്ക് തിരിച്ചടിയാകുന്നുണ്ട്. 'നിപ്പ' എന്ന വൈറസിനെ പ്രതിരോധിച്ച കേരളത്തിൽ ഞാനും ഒതുങ്ങി തീരുമെന്ന് എനിക്കറിയാം. അലസത ഒഴിവാക്കി അനുസരണമാണ് ഏറ്റവും പ്രതിരോധമെന്ന് എല്ലാവരും തിരിച്ചറിയുമ്പോഴാണ് എന്തിനെയും നേരിടാനുള്ള കഴിവ് മനുഷ്യർക്ക് ലഭിക്കുന്നത്.

ജെമീമാ എം
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ