കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിക്കുവേണ്ടി

15:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകളും ഒന്നുചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകളും ഒന്നുചേരുന്നതാണ് പരിസ്ഥിതി എന്നുപറയുന്നത്. ഒരു ജീവിയുടെ ജീവിതചക്രവും അതിൻ്റെ സ്വഭാവസവിശേഷതകളും രൂപപെടുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു ജീവിയഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം . മണ്ണ് ,ജലം,വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്.

            ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ  വെല്ലുവിളികൾ നേരിടുന്നു എന്നതുതന്നെ ഇതിനു കാരണം. പരിസ്ഥിതിയെ ബാധിക്കുന്ന ഏതു പ്രശ്നവും ജീവജാലങ്ങളെയും സാരമായി ബാധിക്കും.ആർഭാടപൂർണമായ മനുഷ്യൻ്റെ ആധുനിക ജീവിത ശൈലി തന്നെയാണ് പ്രകൃതിയെ മാലിന്യ കൂമ്പാരമാക്കുന്ന പ്രധാന ഘടകം.വ്യവസായശാലകൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ നമ്മുടെ ജലാശയങ്ങളെയും മണ്ണിനെയും മലീമസമാക്കുന്നു. ഇടിച്ചു നിരത്തപ്പെട്ട മലകളും നികത്തപ്പെട്ടവയലുകളും വെട്ടിനിരത്തിയ കാടുകളും തടഞ്ഞ് നശിപ്പിക്കപ്പെട്ട നീർച്ചാലുകളുമൊക്കെ നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ്.  ആഗോള താപനം, അമ്ല മഴ, വനനശീകരണം, തുടങ്ങി പരിസ്ഥിതി സന്തുലനം തകർക്കുന്ന പ്രതിഭാസങ്ങൾ നിരവധിയാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹരിതാഭമായ പുൽമേടുകളും കുടിനീരിൻ്റെ നിറസാന്നിധ്യമായിരുന്ന പുഴകളും തണ്ണീർത്തടങ്ങളും കുളങ്ങളും കിട്ടുന്ന വർഷപാതത്തിനെ വർഷം മുഴുവൻ നെഞ്ചേറ്റി വച്ച് നിത്യവും പാലരുവികളിലൂടെ നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന കാടുകളും കയ്യേറി നശിപ്പിച്ചു.അതാണ് പുരോഗതി എന്ന് ഊറ്റം കൊള്ളുന്ന ഒരു ജനതയാണ് ഈ നാശത്തിന് കാരണക്കാർ. വൈദ്യുതിക്കും ഗതാഗതത്തിനും വാർത്താവിനിമയത്തിനും മറ്റ് ജീവിതാവശ്യങ്ങൾക്കും പരിമിതമായ തോതിൽ കുന്നിടിക്കലും, മരം വെട്ടലും മറ്റും വേണ്ടി വരുന്നുണ്ട് .പരിമിതമായ തോതിലുള്ള അത്തരം പ്രവർത്തനങ്ങൾ പുരോഗതിയുടെ ഭാഗമായി നമുക്ക് ഒഴിവാക്കാനാവില്ല. എന്നാൽ സ്വാർത്ഥ ലാഭത്തിന് കച്ചവട മനസ്ഥിതിയോടെ മാത്രം ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരാണ് യഥാർത്ഥ രാജ്യ ദ്രോഹികൾ.
          പരിസ്ഥിതി മലിനീകരണത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള ആദ്യ പ്രതിവിധി. മണ്ണ്, വായു, ജലം, ജൈവസമ്പത്ത് എന്നിവയുടെ നൈസർഗ്ഗീകത നിലനിർത്തിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങക്കു മാത്രമേ സർക്കാർ അനുമതി നൽകാൻ പാടുകയുള്ളൂ. ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളിൽ കൂടിയേ മാലിന്യ സംസ്കരണം കൃത്യമായി സാധ്യമാകുകയുള്ളൂ. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും അധികമായ വായു മലിനീകരണം നടത്താതെയും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം
                   ഇന്ന് പരിസ്ഥിതി മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആശാവഹമാണ് .ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ പ്രാധാന്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് .സ്വച്ഛ് ഭാരത് പോലുള്ള പ്രവർത്തനങ്ങളിൽ കഴിവിനൊത്തവണ്ണം നാം സഹകരിക്കുകയും വരും തലമുറയ്ക്ക് വാസയോഗ്യമായ വിധത്തിൽ പ്രകൃതിയെ കാത്തു സൂക്ഷിക്കാൻ മുന്നിട്ടിറങ്ങുകയും വേണം. സുന്ദരമായ പ്രകൃതി ദൈവത്തിൻ്റെ വരദാനമാണ്. നമുക്ക് ജീവിക്കാനാവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. പ്രകൃതിയില്ലെങ്കിൽ നമ്മളില്ല എന്ന ബോധ്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നമുക്കാത്മാർത്ഥമായി പങ്കെടുക്കാം കൈകോർക്കാം.  
          പ്രകൃതിക്കുവേണ്ടി ...
             

ശ്രേയ സി.പി. IX കോൺകോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ, പന്നിത്തടം.