ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കണ്ണുനീർ തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണുനീർ തുള്ളികൾ

തുരുമ്പിച്ച ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്കു നോക്കിയ അയാളുടെ കണ്ണുകളിൽ പ്രത്യക്ഷപ്പെട്ടത് കലി തുള്ളി പെയ്യുന്ന മഴയുടെ ദൃശ്യമായിരുന്നു. ആകാശത്തു നോക്കിയപ്പോൾ കണ്ടത് ആകാശ നീലിമ ആയിരുന്നില്ല. പകരം കാർമേഘകൂട്ടങ്ങൾ തിങ്ങിനിറഞ്ഞ അന്തരീക്ഷം . കാറ്റത്തും മഴയത്തും ആടി ഉലയുന്ന മരങ്ങളെ നോക്കി ഒരു നിമിഷം അയാൾ കണ്ണുകൾ അടച്ചു. കണ്ണുകൾ തുറന്നപ്പോഴേക്കും മഴയുടെ അതേ ശകതിയോടെ തന്നെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ കവിളുകളിൽ ചാലുകൾ നിർമ്മിക്കുകയായിരുന്നു. ചുക്കിച്ചുളിഞ്ഞ തൻ്റെ കൈകളിലേക്ക് ഇറ്റുവീഴുന്ന കണ്ണുനീർ തുള്ളിക്കും ഓരോ കഥകൾ പറയാനുണ്ടെന്ന് അയാൾ ഓർത്തു. എല്ലാം ശരിയാണ് , പഴയ നാളുകൾ തിരികെ വരും. എന്നിങ്ങനെയുള്ള ഓരോ വാക്കുകൾ ഇടക്കിടക്ക് ഉച്ചരിച്ചുകൊണ്ടിരുന്നു. അണ പൊട്ടി ഒഴുകുന്ന തൻ്റെ ദുഖത്തെ സ്വയം പറഞ്ഞ് ആശ്വസിക്കലായിരുന്നു അത് . കാറ്റിൻ്റെ പെരുമ്പറ ക്കൊട്ടിൽ ആടിയുലഞ്ഞ മരങ്ങളുടെ ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഉദയാസ്തമയ സൂര്യൻ വർണ്ണം വാരിയെറിഞ്ഞ ആകാശം പോലെ ചുവന്നു കലങ്ങിയ ആ കണ്ണുകൾ മരങ്ങൾക്കിടയിൽ എന്തോ തിരഞ്ഞു. പെട്ടെന്ന് കണ്ണ് എന്തിലോ കുടുങ്ങി. അത് തെങ്ങിലെ പൊത്തായിരുന്നു. അയാൾ എന്നും നോക്കാറുള്ള ആ പൊത്തിൽ നിന്നും ഒരു ചെറിയ തത്ത പുറത്തേക്ക് നോക്കി. മകനോടൊപ്പമുള്ള പഴയ നാളുകൾ എത്ര സുന്ദരമായിരുന്നു. താൻ ജീവനേക്കാൾ ഏറെ സ്നേഹിച്ചിരുന്ന ഒറ്റ മകൻ. അവന്റെ വാശി കാരണം തെങ്ങിന്റെ പൊത്തിൽ നിന്നും തത്തയെ പിടിച്ചു കൊടുത്തപ്പോഴുണ്ടായ അവന്റെ പാലൊഴുകുന്ന ചിരി ഹൃദയത്തിൽ തേൻമഴ പൊഴിയുന്ന ആനന്ദം ഉളവാക്കിയത് അന്നും ഇന്നും ആരേയും അറിയിച്ചിട്ടില്ല. അവന്റെ ഓരോ വളർച്ചയിലും നിർവൃതി കൊണ്ട നിമിഷങ്ങൾ മറക്കാനാവാത്തതാണ് .. ഓരോരോ ചെറിയ കുസൃതികൾ അവൻ കാട്ടുമ്പോൾ പുറമെ വഴക്കു പറയുമെങ്കിലും ഉള്ളിൽ അതിലേറെ താൻ ദുഖിതനായിരുന്നു. അവനെ ഒരു ഡോക്ടർ ആക്കണമെന്ന അടങ്ങാത്ത ആഗ്രഹം നിറവേറ്റാനായി ഒരുപാടു കഷ്ടപ്പെട്ടു. പക്ഷേ ഒരു മരം വെട്ടുകാരനായ എനിക്ക് അതിനുള്ള ശേഷിയില്ലെന്ന സത്യം ഞാനറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയി. എൻ്റെ കഷ്ടപ്പാടിൻ്റെ ഫലമുണ്ടാകാത്തതിലുള്ള വേദന മനസിൽ തീ നാളമായി ജ്വലിക്കുന്നുണ്ടായിരുന്നു. അവൻ വിവാഹം കഴിക്കുമ്പോൾ എൻ്റെ മനസിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ, അവനെക്കൊണ്ട് സാധിക്കാൻ കഴിയാത്തത് അവൻ്റെ മക്കളെക്കൊണ്ട് ഞാൻ നേടിയെടുക്കും. അതിനായി ഞാൻ മരംവെട്ട് മാത്രമല്ല ചെയ്യാവുന്ന പണി മുഴുവൻ ചെയ്തു. വലിയ മുതലാളിയുടെ നിർദ്ദേശപ്രകാരം കാടുകൾ നശിപ്പിച്ചു, കുന്നിടിച്ചു നിരത്തി, വയലുകൾ മണ്ണിട്ടു മൂടി പുഴയിൽ നിന്നും മണൽ വാരി. പ്രകൃതിയോട് ചെയ്യാവുന്നതിനു അപ്പുറം ദ്രോഹങ്ങൾ ചെയ്തു. അങ്ങനെ ഞാൻ വലിയൊരു വ്യാപാരിയായി. കമ്പനികൾ സ്ഥാപിച്ചു. ഞാൻ ചെയ്തിരുന്ന ‘ ജോലികളൊക്കെ എൻ്റെ തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചു. ഒരുപാടു സ്ഥാപനങ്ങളുംകാറുകളും വലിയ വീടുമൊക്കെയായി. ഞാനും എൻ്റെ മകനും അവൻ്റെ കുടുംബവുമെല്ലാം സുഖമായി കഴിഞ്ഞു വരുകയായിരുന്നു. ഞാൻ എൻ്റെ കൊച്ചു മക്കളെ നന്നായി പഠിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ കുസൃതികളിലും പുഞ്ചിരിയിലുമെല്ലാം ഞാനെൻ്റെ മകൻ്റെ കുട്ടിക്കാലം ഓർത്തു. പ്രകൃതിയോടു ചെയ്ത പ്രവൃത്തികളെക്കുറിച്ചോർത്ത് എനിക്ക് യാതൊരു തരത്തിലുള്ള പശ്ചാത്താപവും തോന്നിയില്ല. അങ്ങനെ സന്തോഷ നാളുകളിൽ ഒരു ദിവസം ആ ദുരന്തം നമ്മളെ തേടിയെത്തി. രാത്രിയുടെ യാമത്തിലെ മഴയിരമ്പൽ കേട്ടുറങ്ങിയ ഞങ്ങൾക്ക് വരാൻ പോകുന്ന വിപത്തിനെ തിരിച്ചറിയാൻ സാധിച്ചില്ല. പ്രകൃതി തൻ്റെ രൗദ്രഭാവം കാണിച്ചു കൊണ്ട് പെരുമഴയുടെ താളത്തിൽ മിന്നൽ വേഗത്തിലാണ് ആ ഉരുൾപ്പൊട്ടൽ ഞങ്ങളുടെ വീടിനെ ലക്ഷ്യമാക്കി വന്നത് . ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഞാൻ ആ ഭീകര ദൃശ്യം കണ്ട് എല്ലാവരേയും വിളിച്ചുണർത്തി. രക്ഷപ്പെടാനും രക്ഷപ്പെട്ടുത്തുവാനും ശ്രമിച്ച നിമിഷങ്ങളിൽ എപ്പോഴോ എനിക്ക് ബോധം നഷ്ടമായി. ഞാൻ കണ്ട ഭീകര ദൃശ്യമോർത്ത് ഞെട്ടിയുണർന്നപ്പോഴേക്കും മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിൻ്റെ ചിത്രമായിരുന്നു മുന്നിൽ. ചുറ്റും നോക്കിയപ്പോഴാണ് അതൊരാശുപത്രി ആണ് എന്ന് തിരിച്ചറിഞ്ഞത് . പെട്ടെന്ന് ഞാനെൻ്റെ മകനേയും കൊച്ചു മക്കളേയുമൊക്കെ അന്വേഷിച്ചു. അവിടെ നിന്നവരാരും ആദ്യം ഒരക്ഷരം പോലും എന്നോടു പറയാതെ മൗനം പാലിച്ചു. ഒടുവിൽ ഒരു ഡോക്ടർ പറഞ്ഞു, നിങ്ങളുടെ വീടും സ്ഥാപനങ്ങളുമൊക്കെ നശിച്ചു. ഉരുൾപ്പൊട്ടലിൽ പെട്ട നിങ്ങളെ രക്ഷാപ്രവർത്തകരാണ് ഇവിടെ എത്തിച്ചത് . ബാക്കിയുള്ളവരെ തെരെഞ്ഞുകൊണ്ടിരിക്കയാണ് . ഈ വാക്കുകൾ ഒരമ്പു പോലെ എൻ്റെ ഹൃദയത്തിൽ തുളച്ചു കയറി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നെ ആശുപത്രിയിൽ നിന്നും ക്യാമ്പിലേക്ക് മാറ്റി. എവിടെ നിന്നോ എത്തിയ കാറ്റ് ഒരു മഴത്തുള്ളിയെ അയാളുടെ മുഖത്തേക്ക് തള്ളിയിട്ടു. ഓർമ്മകളിൽ നിന്നും ഉണർന്ന അയാൾ ചുറ്റും നോക്കി. പണത്തിൻ്റെ അഹങ്കാരത്തിൽ താൻ പുച്ഛിച്ച വരെല്ലാം തനിക്ക് ചുറ്റും.. അവരുടെ അതേ അവസ്ഥയിൽ ഒന്നും ഇല്ലാത്തവനായി അനാഥനെപ്പോലെ ആയിരിക്കുന്നു ഞാനിപ്പോൾ. എല്ലാം നശിച്ചു എൻ്റെ സമ്പാദ്യമെല്ലാം പ്രകൃതിക്ഷോഭത്തിൽ എരിഞ്ഞടങ്ങി. എന്തിനായിരുന്നു എൻ്റെ ഈ വെട്ടിപ്പിടിക്കൽ.. ഓരോരോ ചിന്തകൾ മനസിൽ തിങ്ങിനിറഞ്ഞു. മഴയത്ത് കൂട്ടത്തോടെ പറന്ന് കൂടണയാൻ പോകുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി അയാൾ നിശ്ചലനായി ഇരുന്നു. അപ്പോഴും ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു.

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ