കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
ഇന്ന് രാവിലെയാണ് ആ വാർത്ത തോമസച്ചായൻ അറിയുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ഇനി പുറത്ത് പോകാൻ പറ്റില്ല. ഇത്രയും കാലം ഇങ്ങനെയൊരു കാര്യം കണ്ടിട്ടില്ല. എന്താ സംഭവിച്ചതെന്ന് അറിയുകയുമില്ല. ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഭാര്യ ത്രേസ്യ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നത് "അതേ ഇച്ചായാ, ഒന്ന് കടയിൽ പോയി കുറച്ച് ചിക്കനോ മീനോ വാങ്ങി വന്നേ.... ഇവിടെ വേറൊന്നുമില്ല." അപ്പോഴാണ് ഇവരുടെ മകൾ റബേക്ക രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. സാധാരണ ഇൗ സമയത്ത് തിരക്കുപിടിച്ച് ഓഫീസിലേക്ക് പോകുന്ന മകളിതാ, ഉറങ്ങിയെഴുന്നേറ്റ് വരുന്നു. അവൾ ചിരിച്ചുകൊണ്ട് അമ്മച്ചിയോട് പറഞ്ഞു , "എന്റെ പൊന്നമ്മച്ചീ.., ഇപ്പൊ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാ...... ആരും പുറത്തിറങ്ങിക്കൂടാ.." " അതെന്താടീ പെണ്ണേ പുറത്തിറങ്ങിയാൽ ?" അപ്പച്ചന്റെ ചോദ്യം കേട്ട് അവൾ അമ്പരന്നു. "എന്റീശോയേ, നിങ്ങള് ഇൗ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്?... എന്റപ്പച്ചാ, ഇപ്പോ ലോകത്ത് മൊത്തം ഒരു വൈറസ് ബാധിച്ചിരിക്കുകയാ...." "ആ എനിക്കറിയാം കൊറോണ എന്നെങ്ങാണ്ടല്ലെ അതിന്റെ പേര്?.." അമ്മച്ചി പറഞ്ഞു. " ആ , അതു തന്നെ. അപ്പോ അമ്മച്ചിക്കു ബുദ്ധീം വിവരോം ഒക്കേയുണ്ടല്ലേ.....?" റബേക്ക ചിരിച്ചുകൊണ്ട് ചോദിച്ചു. "ഉം......അതെന്താടീ നിനിക്കിത്ര സംശയം?" അമ്മച്ചി ചോദിച്ചു. "ഒന്നുമില്ല" എന്നു പറഞ്ഞുകൊണ്ട് അവൾ റൂമിലേക്ക് പോയി. പതിവിലും വിപരീതമായി ഒരൊറ്റ വാഹനവും നിരത്തിലിറങ്ങിയില്ല. പ്രദേശമാകെ മൂകമായിരുന്നു. പെട്ടെന്നാണ് ആ മൂകതയെ കീറിമുറിച്ചു കൊണ്ട് തോമസച്ചായന്റെ ഫോൺ ബെല്ലടിച്ചത്. അയാൾ ഫോണെടുത്തു. വിളിച്ചത് ഗൾഫിലുള്ള അയാളുടെ മകൻ ജോബിയായിരുന്നു. വിശേഷങ്ങൾ ചോദിച്ചറിയുന്നതിനിടയിലാണ് അവൻ അത് പറയുന്നത്. അവധിക്കാലം ചെലവഴിക്കുന്നതിനായി താൻ നാട്ടിലേക്ക് വരുന്നു എന്ന കാര്യം. ഇതു കേട്ടതും അച്ചായന് സന്തോഷമായി. കുറച്ചു നാളെങ്കിലും മക്കളുടെ കൂടെ നിൽക്കാലോ. പറഞ്ഞ ദിവസം അവനെത്തി. എല്ലാവർക്കും സന്തോഷമായി. പക്ഷേ അവൻ വന്നത് ഇവരുടെ കൂടെ നിൽക്കാനല്ലായിരുന്നു, മറിച്ച് അവന്റെ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കാനായിരുന്നു. വന്നതിന്റെ പിറ്റേ ദിവസം തന്നെ അവൻ തന്റെ കൂട്ടുകാരെ കാണാൻ വേണ്ടി പോയി. വീട്ടുകാർ വിലക്കിയിട്ടും കൊറോണയെക്കുറിച്ച് പറഞ്ഞിട്ടും 14 ദിവസം ഹോം ക്വാറന്റീനിൽ നിൽക്കാൻ പറഞ്ഞിട്ടും അവൻ ഇതൊന്നും കൂട്ടാക്കാതെ പോയി. പക്ഷേ അവന്റെ കൂട്ടുകാർ അവൻ പ്രതീക്ഷിച്ചത് പോലെയല്ല പെരുമാറിയത്.അവർ എല്ലാവരും മാസ്ക് ധരിച്ചിരുന്നു.തമ്മിൽ തമ്മിൽ ഒരു മീറ്ററോളം അകലവും പാലിച്ചിരുന്നു. കൂട്ടുകാരെ കണ്ടതും ആഹ്ലാദഭരിതനായി അവരെ കെട്ടിപ്പിടിക്കാൻ ചെന്ന അവനിൽ നിന്നും എല്ലാവരും ഒഴിഞ്ഞു മാറി. അവനോട് തങ്ങളിൽ നിന്നും അകലം പാലിക്കാനും പറഞ്ഞു. എന്തിനെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു, നിനക്ക് കൊറോണ ഉണ്ടായിരിക്കും ,വെറുതെ ഞങ്ങൾക്കും രോഗം പരത്തല്ലേയെന്ന്. ഇതു കേട്ടതും അവന് ദേഷ്യം വന്നു. പിന്നെ അവൻ അവരുടെ അടുക്കൽ പോയില്ല. കൂട്ടുകാരെപ്പോലെത്തന്നെ അവന്റെ വീട്ടുകാരും അവനിൽ നിന്നും അകലം പാലിച്ചു ദിനങ്ങൾ കൊഴിഞ്ഞു വീണു. അപ്പോഴാണ് അവൻ ചില അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്നത്. പനിയും ചുമയും ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് ശ്വാസതടസ്സം കൂടി അനുഭവപ്പെട്ടതോടെ തോമസച്ചായൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. അവർ ഉടനെത്തന്നെ അവനെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇതറിഞ്ഞ ത്രേസ്യാമ്മ ബോധം കെട്ട് വീണു പിന്നീടുള്ള ദിനങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അച്ചായനും കുടുംബവും അവന്റെ കൂട്ടുകാരും വീട്ടിൽ നിരീക്ഷണത്തിലായി. ജോബിയോ ,മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലും. പരസ്പരം ഒരു ബന്ധവുമില്ലാതെ ദിനരാത്രങ്ങൾ അവർ കഴിച്ചു കൂട്ടി. അപ്പോഴും അച്ചായനും അമ്മച്ചിയും തങ്ങളുടെ കൊച്ചന് ഒന്നും വരുത്തിയേക്കല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവനോ, ഫോണല്ലതെ മറ്റൊന്നുമില്ല. ഒന്നു മിണ്ടാൻ പോലും ആരുമില്ല. ആകെയുള്ളതോ, പി.പി.ഇ കിറ്റ് ധരിച്ച നഴ്സുമാർ മാത്രം. പതിയെ അവൻ ആ നഴ്സുമാരോട് കൂട്ടുകൂടാൻ തുടങ്ങി. തന്റെ കഥകൾ പറഞ്ഞും കളിച്ചും ചിരിച്ചും അങ്ങനെ ദിവസങ്ങൾ നീങ്ങവേ അവന്റെ റിപ്പോർട്ട് വന്നു. ഫലം നെഗറ്റീവ്. 6 ടെസ്റ്റുകളും കഴിഞ്ഞു.എല്ലാം നെഗറ്റീവ്. ആ സമയത്തെ അവന്റെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. ആ ദിനം വന്നെത്തി. അവൻ രോഗമുക്തനായി പുറത്തിറങ്ങുന്ന ദിനം. അന്ന് അവനെ യാത്രയാക്കാൻ എല്ലാവരും വന്നു. അവൻ പുറത്തിറങ്ങി. കൂട്ടിലടയ്ക്കപ്പെട്ട പക്ഷിക്ക് കിട്ടിയ സ്വാതന്ത്ര്യത്തിന്റെ മാധുര്യം ആശുപത്രിയിൽ നിന്നു ഇറങ്ങിയപ്പോൾ അവൻ അനുഭവിച്ചു. കുറെ ദിവസങ്ങൾക്കു ശേഷം അവൻ ആകാശത്തെയും , ചെടികളെയും മേഘങ്ങളേയും , ജീവജാലങ്ങളെയും കണ്ടു. വീണ്ടും ഭൂമിയിൽ പുനർജനിച്ചതു പോലെ, ഒരു പുത്തനുണർവ് ഉള്ളിൽ നിറഞ്ഞതു പോലുള്ള പ്രതീതി അവനിലുണ്ടായി. അവനുമായി സമ്പർക്കം പുലർത്തിയവർക്കാർക്കും ഇൗ വൈറസ് ബാധിച്ചിരുന്നില്ല. " അപ്പാ, എനിക്ക് എന്റെ തെറ്റുകൾ മനസ്സിലായി. ഇത് എന്റെ പുനർജന്മമല്ല, മറിച്ചെന്റെ ഉയർത്തെഴുന്നേൽപ്പാണ്. ഇനി മുതൽ ഞാൻ നിങ്ങളെ അനുസരിച്ച് ജീവിക്കുന്ന ഒരു നല്ല മകനായിരിക്കും. ഞാൻ വാക്ക് തരുന്നു അപ്പാ, ഇനി മുതൽ ഞാൻ ഒരു തെറ്റും ചെയ്യില്ല." ആ വാക്കുകളിൽ ദൃഢനിശ്ചയത്തിന്റെ സ്വരം നിഴലിച്ചിരുന്നു. " അതെ മോനെ," അച്ചായൻ തുടർന്നു. " ഇത് ഒരു ഉയർത്തെഴുന്നേൽപ്പ് തന്നെയാണ്. മരണത്തെ അതിജീവിച്ച് കൊണ്ടുള്ള ഉയർത്തെഴുന്നേൽപ്പ്. നിന്നെപ്പോലെ ഇൗ രോഗം ബാധിച്ച ഒരുപാട് പേരുണ്ട് ലോകത്ത്. അവരെല്ലാം ഇൗ രോഗത്തെ അതിജീവിച്ച് വരുമ്പോൾ കേരളവും ഇതിനെ അതിജീവിച്ച് പറന്നുയരും, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ... 'സഹ്യന്റെ പടിഞ്ഞാറു കിടക്കുന്ന അല്ലയോ കൊച്ചു കേരളമേ....... നീ കൊറോണയെന്ന ഈ കൊച്ചു ഭീകരനെ അതിജീവിച്ച് ഉയർത്തെഴുന്നേറ്റു വരിക...' എല്ലാ കേരളീയരുടെയും ചുണ്ട് മന്ത്രിച്ചുകൊണ്ടിരിക്കുന്നു " മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.........." " ലോകാ സമസ്ത: സുഖിനോ ഭവന്തു "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ