ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന ആറ്റംബോംബ്

14:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ആറ്റംബോംബ് | color= 5 }} ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ആറ്റംബോംബ്

ജീവിതം ഇരമ്പിയിരുന്ന, ലോകത്തെങ്ങുമുള്ള ചത്വരങ്ങളും തെരുവുകളും ഇതാദ്യമായി നിശ്ചലമായിരിക്കുന്നു. ആഹ്ലാദാരവങ്ങളും ഘോഷങ്ങളും പെരുമ്പറകളും എങ്ങുമില്ല. ശതകോടികളായ മനുഷ്യർ ഇപ്പോൾ അവരവരുടെ വാസസ്ഥലങ്ങളിലാണ്. എന്നാൽ ഇത് നൈരാശ്യത്തിന്റെ നിശ്ചലമായ ചിത്രപടമല്ല. ശ്മശാനമൂകതയല്ല. ഏതു വിപത്തിനെയും അതിജീവിക്കുന്നതിന് മാനവരാശിക്ക് കരഗതമായ ധൈഷണികൗന്നത്യത്തിന്റെ സദാഗതിയാണ്. ഈ പതുങ്ങിനിൽപ്പിനെ പരാജയമായും അധോഗതിയായും കാണാതെ വലിയൊരു പോരാട്ടമായി കാണണം. ഇത് നിരാശയുടെ കാലമല്ല. ഏതു ശത്രുവിനെയും തുരത്താനല്ല, നിഗ്രഹിക്കാൻ തന്നെ കഴിവുള്ള കരുത്തനാണ് മനുഷ്യൻ എന്ന് തെളിയിക്കേണ്ട കാലമാണ്. ഈ മഹാമാരിക്കുമുന്നിൽ വികസിത രാജ്യങ്ങൾപോലും തലകുനിച്ചുനിൽക്കേണ്ടി വന്നു. ലോകത്തിന്റെയാകെ കണ്ണീരായി മാറി ഇറ്റലിയും അമേരിക്കയും. ഈ മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുകയല്ല വേണ്ടത്. നാം പോരാടണം. അമേരിക്കയടക്കമുള്ള വികസിത- സമ്പന്ന രാഷ്ട്രങ്ങൾ കൊറോണ വൈറസ് ബാധയിൽ ഉലയുകയാണ്. നക്ഷത്ര ആശുപത്രികളും വൻകിട കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് സംവിധാനവും 'ഒന്നാം ലോകത്ത് ' കൊറോണയ്ക്കുമുമ്പിൽ പരാജയപ്പെട്ട് പകച്ചുനിൽക്കുകയാണ്. എന്നാലും നാം പകച്ചുനിൽക്കാൻ പാടില്ല. ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുകയാണ് കേരളം. തന്നെ ചികിത്സിക്കാൻ വന്ന ഡോക്ടറോട് താൻ ഏത് ജാതിയാണ് ഏത് മതമാണ് എന്ന് ആരും ചോദിച്ചില്ല . അങ്ങനെ തികച്ചും മതേതരവും മാനവികതയിൽ ഉറച്ചുനിൽക്കുന്നതുമായ കാര്യങ്ങൾ തന്നെയാണ് നാം ചെയ്യുന്നത്.ഇതുവരെ ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ആരോഗ്യപ്രവർത്തകരെ ഇപ്പോൾ മാലാഖമാരായി കാണുന്നു. വീടിനെയും വീട്ടുകാരെയും മാറ്റിനിർത്തിയാണ് അവർ നമുക്കു വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ട്ടപ്പെടുന്നത്. ഒത്തൊരുമിച്ച് മഹാമാരിയെ തോൽപ്പിക്കുന്നതിന് ഹൃദയവിശാലത പ്രകടിപ്പിക്കുകയാണ് കരണീയം.ദുരന്തകാലങ്ങൾ മാനവരാശിയുടെ ഭാഗധേയം ഒന്നാണെന്ന് ഓർമിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. രോഗത്തിന്റെ വിത്തുകൾക്ക് അതിരില്ല എന്നതുപോലെ അതിനെ വേരോടെ പിഴുതെറിയാനുള്ള ജീവന്മരണ പോരാട്ടത്തിനും വരമ്പുകളരുത്. എല്ലാ ഭേദചിന്തകളും അലിയിച്ചു കളഞ്ഞ് പൊതുശത്രുവായ മഹാമാരിയെ പ്രതിരോധിക്കാനുള്ള സന്മനസ്സോടെയുള്ള ഐകമത്യമാണാവശ്യം. ലോകമാകെ , രാജ്യമാകെ,ഇങ്ങനെ ആപത്ത് വാപിളർന്ന് നിൽക്കുമ്പോഴും മനസ്സ് ഇടുങ്ങുകയെന്നത് ദ്രോഹമായേ കാണാനാകൂ. രാജ്യമാകെ അടച്ചിടുമ്പോൾ നിൽക്കുന്നത് കാർഷിക വ്യാവസായിക ഉത്പാദനവും സാമ്പത്തിക പ്രവർത്തനങ്ങളാകെയുമാണ്. അതെല്ലാം എല്ലാ അർത്ഥത്തിലും മനസ്സിലാക്കി ഒത്തൊരുമിച്ച് പൊരുതി മഹാമാരിയെ തോൽപ്പിക്കുന്നതിന് ഹൃദയ വിശാലത ആവശ്യമാണ് .ഈ മഹായുദ്ധം നമ്മൾ മലയാളികളെ സംബന്ധിച്ച് കൂടുതൽ പ്രധാനമാണ്. നമ്മുടെ സഹോദരങ്ങളായ ലക്ഷക്കണക്കിനാളുകൾ വിദേശരാജ്യങ്ങളിലാണുള്ളത് . അവരിൽ വലിയൊരു ഭാഗം ആരോഗ്യപ്രവർത്തകരാണ്. അമേരിക്കയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് - 19 അടക്കമുള്ള വൈറസുകളെ തോൽപ്പിക്കുന്നതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ രാപ്പകൽ പരിശ്രമിക്കുന്നവരിലും നമ്മുടെ സഹോദരന്മാരുണ്ട്. സമൂഹത്തിന്റെ കാവലാളാകാൻ നിയോഗിക്കപ്പെട്ടവർ യന്ത്രങ്ങളല്ലെന്നും മനുഷ്യരാണെന്നുമുള്ള സമീപനമാണ് എതു പരിഷ്കരണത്തിനു പിന്നിലും വേണ്ടുന്ന അടിസ്ഥാനകാഴ്ച്ചപ്പാട്. ഒന്നുറപ്പ് നാം അതിജീവിക്കതന്നെ ചെയ്യും.


Devendu p v
8 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം