എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ വൈറസ്സിനെതിരെ ഒരു ലേഖനം'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെതിരെ ഒരു ലേഖനം

ഒരു മഹാപ്രളയത്തിന് ശേഷം നമ്മുടെ ലോകത്തെ മുഴുവനായി ബാധിച്ച ഒരു മഹാമാരിയായ കൊറോണ വൈറസിനെതിരെ ഇതാ ഒരു ചെറുലേഖനം.പ്രവാസമാണ് മനുഷ്യ വംശത്തെ അതിജീവിക്കാൻ പഠിപ്പിച്ചത്. എന്നാൽ,നമ്മൾ ഇന്നോളം നേരിട്ടിട്ടില്ലാത്ത കൊറോണ വൈറസെന്ന മഹാവിപത്തിനു മുന്നിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതും സ്വന്തം നാട്ടിലെത്താനാവാതെപോയ പ്രവാസി സമൂഹമാണ് .ലോകവ്യാപകമായ അടച്ചിടൽ നമ്മുടെ സ്നേഹസ്പർശത്തിനപ്പുറം പല നാടുകളിലായി അവരെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്.മനുഷ്യരാശിയെ ബാധിച്ച മഹാന്ധകാരമായ കൊറോണ വൈറസ് പ്രവാസികളുടെ തിരിച്ചുവരവിന് മുന്നിൽ വലിയ വെല്ലുവിളികളുയർത്തിയിരിക്കുന്നു. നാം കരുതിയിരുന്നേ തീരൂ. കൊറോണക്കാലത്ത്‌ നാട്ടിലെത്താനുള്ള മനുഷ്യരുടെ ബദ്ധപ്പാട് നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്.ഡൽഹിയിലും,കോട്ടയത്തും, പെരുമ്പാവൂരിലുമൊക്കെ നാട്ടിലെത്താനുള്ള മറുനാട്ടുകാരുടെ വേദന നാം തിരിച്ചറിഞ്ഞതാണ്.ലക്ഷക്കണക്കിന്‌ മലയാളികൾ രാജ്യത്തിനകത്തും,പുറത്തും നാനാഭാഗങ്ങളിലായി ചിതറി കിടക്കുന്നുണ്ട്.അവരെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നാം ഇപ്പോഴേ തുടങ്ങി വെക്കേണ്ടതുണ്ട്.ഗൾഫ് മേഖലയിലെ മലയാളികൾ പ്രേത്യേക പരിഗണന അർഹിക്കുന്നു.ലക്ഷക്കണക്കിനു മലയാളികളുടെ രണ്ടാം വീടാണ് ഗൾഫ് രാജ്യങ്ങൾ.നമ്മുടെ നാടിന്റെ സാമ്പത്തിക തളർച്ചയുടെയും നിലനില്പിന്റെയും നട്ടെല്ലാണ് അവരുടെ വരുമാനം.അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയും അതിനുവേണ്ട കാര്യങ്ങൾ മുന്നോട്ടുനീക്കുകയും ചെയ്യുകയെന്നത് അവരുടെ കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല. പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും കരുതൽ കൂടിയാണത്.അത് നിറവേറ്റാനുള്ള വഴികൾ എങ്ങനെയാവണം എന്നതിന് ആസൂത്രണമികവ് അനിവാര്യമാണ്.കൊറോണാ വൈറസിനെതിരേയുള്ള ഏതുതരം അണിചേരലിനും ഇപ്പോൾ വലിയ പ്രസക്തിയുണ്ട്.പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഇരുട്ടിൽ വെളിച്ചം തെളിച്ചുള്ള ശ്രദ്ധയുണർത്തലും പ്രതീകാത്മകമായ ഓരോർമപ്പെടുത്തലാണ്.നാം വെളിച്ചമായിരിക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ,പ്രവാസിസമൂഹത്തിനായുള്ള മുൻകരുതലും ഈ ഇരുട്ടിൽ വെളിച്ചമായി ഉയർത്തപ്പെടണം.ലോക്ക് ഡൗൺ കാലത്തുതന്നെ അതേറ്റെടുക്കുകയെന്നത് ഇരുണ്ട ദുരിതകാലത്ത് വഴികാണാതെ ഉഴലുന്നവർക്കുമുന്നിൽ വെളിച്ചമായി നിൽക്കുകയെന്ന സന്ദേശം നൽകും.ഗൾഫിൽനിന്നു മാത്രമല്ല അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമൊക്കെ പ്രവാസിമലയാളികളുടെ വേദനിപ്പിക്കുന്ന മരണവാർത്തകൾ നാം കേൾക്കുന്നുണ്ട്.അടച്ചിടലിന് ആഗോളതലത്തിൽ എപ്പോൾ അയവു വരുമെന്ന് പ്രവചിക്കാനാവില്ല.എന്തായാലും കോവിഡ് അനന്തര ലോകം ഒരിക്കലും പഴയതുപോലെയാകില്ലെന്ന കടുത്ത യാഥാർഥ്യം നാം തിരിച്ചറിഞ്ഞേ തീരൂ.ലോകത്ത്‌ വലിയ തൊഴിൽ നഷ്ടം ഉണ്ടായേക്കാം.പ്രവാസികളുടെ തിരിച്ചുവരവ് മനുഷ്യത്വത്തോടെ കൈകാര്യം ചെയ്യപ്പെടണം. രോഗവ്യാപനം തടയാനുള്ള സ്നേഹദൂരം പാലിക്കാൻ അവർക്ക് പൊതു സജ്ജീകരണമോ വീടുകളിൽ പ്രത്യേക സംവിധാനമോ ഉറപ്പു വരുത്തണം. സമ്പത്തിന്റെ കാലത്ത് കൈയയച്ചു സഹായം ചെയ്തവർ തിരിച്ചുവരാൻ നിർബന്ധിതരാകുമ്പോൾ അവരോടു വിവേചനം കാട്ടരുത്.അവർക്കുകൂടി അവകാശപ്പെട്ട ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവ് പ്രയാസമറ്റതാക്കാൻ നമുക്കാവണം.നാം നമ്മുടെ തന്നെ വെളിച്ചമായാലേ നമുക്ക് ലോകത്തിന്റെ പ്രകാശമായി തീരാനാവൂ.അതിനു കഴിയുന്നില്ലെങ്കിൽ ഇരുട്ടിലാവുക എല്ലാവരുമാണ്.അതിനിടവരുത്തില്ലെന്ന് ഓരോരുത്തരും പ്രതിജ്ഞചെയ്യേണ്ട സന്ദർഭമാണിത്.

പൂജ.എം.എസ്
6C എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം