എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/ഒരു കൊറോണാ കാലം
ഒരു കൊറോണാ കാലം
ഇന്ന് ഞായർ, എല്ലാ ഇഡ്യക്കാരും അവരുടെ വീടിനു മുൻപിൽ ആത്മവിശ്വാസത്തിൻറെ തിരി തെളിക്കുന്ന ദിവസം തെളിഞ്ഞു നിൽക്കുന്ന തിരിയിൽ പ്രതീക്ഷയുടെ പ്രകാശം കടന്നുവരികയാണ്. ഇരുൾ നിറഞ്ഞ മനസ്സിൽ ആത്മവിശ്വാസത്തിൻറെ പ്രകാശ രശ്മി കടന്നുവരുമ്പോൾ മനുഷ്യരാശിക്ക് കിട്ടുന്ന ഒരു പുതിയ പ്രഭാതം. ആ പ്രഭാതത്തിനു വേണ്ടി ഞാനും ഒരു തിരി കത്തിക്കുവാൻ, ഒരു തിരിയല്ല ഒരായിരം തിരികത്തിക്കുവാൻ ഈ കൊറോണ കാലത്ത് എൻറെ വീടിൻറെ ടെറസ്സിൽഎത്തിയത്. കൂടെ ആച്ഛനും അമ്മയും അനുജത്തിയും ഉണ്ടായിരുന്നു.വീടിൻറെ പാരപ്പറ്റിൽ ഓരോ ചിരാകിലും തിരിയിട്ട് എണ്ണ ഒഴിച്ച് നിരത്തി നിരത്തിവെക്കുമ്പോൾ ഞാൻ കണ്ടു സമീപപ്രദേശത്തുളള ഓരോ വീടിൻറെയും വിളക്കുകൾ അണയുന്നത്. അണയുന്നിടത്തൊക്കെ ഓരോ തിരികൾ തെളിയുന്നു. അവർക്ക് കൂട്ടായി ഞങ്ങളും തിരികൾ തെളിയിച്ചു തുടങ്ങി. എല്ലാ വീട്ടിലും തിരികൾ കത്തി തുടങ്ങിയപ്പോഴേക്കും ആകാശത്തിൻറെ ഇരുളിലും ഓരോ നക്ഷത്രങ്ങൾ കണ്ണു ചിമ്മാൻ തുടങ്ങി. എത്ര പെട്ടന്നാണ് ആകാശത്തിലും വർണ്ണ നക്ഷത്രങ്ങൾ വിരിഞ്ഞത് . ആ കാഴ്ച എന്ത് മനോഹരമായിരുന്നു. ഇതുവരെ കിട്ടാത്ത ഒരു അനുഭൂതി . പ്രകൃതി എത്ര സുന്ദരമാണ്. ആകാശത്തിലും ഭൂമിയിലും നക്ഷത്രങ്ങൾ മാത്രം . പെട്ടന്നാണ് അച്ഛൻറെ ഒരു ചോദ്യത്തിൽ അവൻറെ ചിന്തകൾ മുറിഞ്ഞത്. സർക്കാർ നടപ്പിലാക്കിയ ഈ ലോക്ക്ഡൗണിൽ ഏറ്റവും പ്രയോജനം കിട്ടുന്നത് ആർക്കാണെന്ന് മോന് അറിയാമോ? എൻറെ ഉത്തരം പെട്ടന്നായിരുന്നു. മനുഷ്യർക്ക്, എങ്കിൽ നിനക്ക് തെറ്റി, അച്ഛൻ പറഞ്ഞു . ഏറ്റവും കൂടുതൽ പ്രയോജനം കിട്ടിയത് ദാ ഈ പ്രകൃതിക്കാണ്. നീ ആകാശത്തേക്ക് ഒന്നു നോക്കിയേ അവിടെ ശുദ്ധമായ വായു മാത്രമേ ഉളളു. കോടിക്കണക്കിനു വരുന്ന വാഹനങ്ങൾ ഓടാതെയും വ്യവസായ ശാലകൾ പ്രവർത്തിക്കാതെയുമായപ്പോൾ ഒരു വിഷവാതകവും അന്തരീക്ഷത്തിൽ എത്താതെയായി. ഫാക്ടറികൾ പ്രവർത്തിക്കാത്തതിനാൽ എത്രയോ ജലാശയങ്ങൾ മാലിന്യ മുക്തമായി . തിന്നും, കുടിച്ചും മദോന്മത്തരായി മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ എത്രയോ തോടുകളും പാടങ്ങളും റോഡുകളും ശ്വാസം മുട്ടി പിടയുന്നു. അവയെല്ലാം ഒരുമാസക്കാലം രക്ഷപ്പെട്ടു. പണത്തിൻറെ അഹങ്കാരത്താൽ പ്രകൃതിയെപ്പോലും പരീക്ഷിക്കുവാൻ ഇറങ്ങിപുറപ്പെടുന്ന മനുഷ്യൻറെ ദുരയ്ക്ക് ദൈവശിക്ഷയാണ് പ്രകൃതിയുടെ മാറ്റങ്ങൾ .കണ്ണിനു കാണുവാൻ പോലും സാധിക്കാത്ത ഒരു വൈറസ്സ് കാരണം ലോകമെമ്പാടുമുള്ള ജനങ്ങൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ പ്രകൃതിയെ എങ്ങനെ കാക്കണം എന്നുളള പാഠമാവണം ഈ കൊറോണകാലം, ഓരോ കാലത്തിലും അധർമ്മം വിളയുന്നിടത്ത് ധർമ്മത്തെ സംരക്ഷിക്കുവാൻ അവതാരങ്ങൾ ഉണ്ടാകും , മനുഷ്യ കുലത്തിൻറെ രക്ഷയ്ക്ക്, സുനാമി വന്നു പഠിച്ചില്ല, സാർസും , നിപ്പയും , മഹാപ്രളയവും വന്നു പഠിച്ചില്ല, ദാ അവസാനം കൊറോണയും . പാഠങ്ങൾ പഠിക്കാനുളളതാണെന്ന് എന്നാണ് നമ്മൾ മനസ്സിലാക്കുക. ഒരു തെറ്റിൽ നിന്നും മറ്റൊരു തെറ്റിലേക്ക് . തിന്നുമുടിച്ചും മദിച്ചും ജീവിക്കുന്ന മനുഷ്യർ ചുറ്റിനും ഒന്നു നോക്കണം അവിടെ കാണാം ഒരു നേരത്തെ ആഹാരത്തിനും ഒരു നേരത്തെ മരുന്നിനും കഷ്ടപ്പെടുന്ന സഹജീവികളെ . കുട്ടികളുടെ വിദ്യാഭ്യാസത്തിനും മക്കളുടെ വിവാഹ ആവശ്യത്തിനും നെട്ടോട്ടമോടുന്ന മനുഷ്യരെ , സ്വർണ്ണം കൊണ്ട് തുലാഭാരം നടത്തുന്നവർ ആലോചിക്കണം അഞ്ച് പവൻകൊടുത്ത് കല്യാണം നടത്തുവാൻ ശേഷിയില്ലാത്ത മാതാപിതാക്കളെക്കുറിച്ച്.അവൻ അപ്പോൾ ഇടയ്ക്ക് കയറി എല്ലാവരും അങ്ങനെ മനസാക്ഷി ഇല്ലാത്തവരാണെന്നാണോ അച്ഛൻ പറയുന്നത് . അച്ഛൻ അവൻറെ തോളിൽ കൂടി കൈഇട്ടു ചേർത്തു നിർത്തി നെറുകയിൽ സ്നേഹത്തോടെ ഒരു മുത്തം നൽകി എന്നിട്ടു പറഞ്ഞു , അല്ലമോനെ ദാ ഈ കത്തിനിൽക്കുന്ന തിരി ഈ ഇരുട്ടിനെ അകറ്റി അതുപോലെ ഒരുപാട് നല്ല ആളുകൾ ഉണ്ട് ഈ ഭൂമിയിൽ . ഈ മഹാമാരിയെ പേടിക്കാതെ നമ്മളെ നോക്കുന്ന ആരോഗ്യപ്രവർത്തകർ,ഒരുനേരത്തെ ആഹാരം ദിനം പ്രതിനമ്മളിൽ എത്തിക്കുന്ന സാമൂഹികപ്രവർത്തകർ, അവർ നൽകുന്ന പൊതിച്ചോറിനുളളിൽ സ്നേഹത്തിൻറെയും , കാരുണ്യത്തിൻറെയും , നന്മയുടെയും വറ്റാത്തകണികയാണ് ഉളളത്.ജനങ്ങളെ കൈവിട്ടുകളയാതെ നെഞ്ചോടുചേർത്തുപിടിച്ച് സംരക്ഷിക്കുന്ന ഭരണകൂടങ്ങൾ. ഇവരുടെ ഒക്കെ സംരക്ഷണം ഇല്ലായിരുന്നുവെങ്കിൽ എത്രയോ ജീവനുകൾ ഈ ഭൂമി വിട്ടുപോകുമായിരുന്നു. ആ വിശുദ്ധിയും നന്മയും എന്നും ദൈവത്തിൻറെ സ്വന്തം നാടിനെ കാക്കും അച്ഛൻ പറഞ്ഞുനിർത്തിയപ്പോൾ ഒരുകാറ്റിലും ഉലയാത്ത തിരിപോലെ അവൻ അച്ഛനോട് ഒന്നുകൂടി ചേർന്നു നിന്നു. ആപ്പോഴും ആ തിരികൾ കത്തുന്നുണ്ടായിരുന്നു. മനുഷ്യ മനസ്സുകൾക്ക് പ്രകാശം പകരാൻ.
|