ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൻറെ കേരള മോഡൽ - ലേഖനം
രോഗ പ്രതിരോധത്തിന്റെ കേരള മോഡൽ . നമ്മുടെ നാട് എന്നാൽ ഇപ്പോഴത്തെ അർത്ഥം ലോകം എന്നു തന്നെയാണ് .. ഭൂമിശാസ്ത്രപരമായ അതിർത്തി ഇല്ലാത്ത , ശത്രുവിൽ നിന്നുള്ള പരമാവധി രക്ഷ എന്ന ഒരേയൊരു മന്ത്രമാണ് മാനവരാശിയുടെ മനസ്സിലാകെ നിറയേണ്ടത് . അത്യാപത്ത് മഹാമാരിയായ് വരുമ്പോൾ അതിർത്തികളും മറ്റു ഭേദങ്ങളും വർണ്ണങ്ങളുമൊന്നുമില്ല . പരമാവധി ജീവ രക്ഷ എന്ന മന്ത്രം മാത്രം . ലോകത്തെ കിടിലം കൊള്ളിക്കുന്ന കൊറോണ വൈറസിനെ ഭയപ്പെട്ട് മാറി നില്കുകയല്ല. പ്രത്യുത അതിസൂക്ഷ്മതയോടെ, മുന്നൊരുക്കങ്ങളോടെ ധീരമായി നേരിട്ട് വിജയ വൈജയന്തി പാറിക്കാൻ ശ്രമിക്കുകയാണ് ഡോക്ടർമാരും ഫ്ളോറൻസ് നൈറ്റിംഗേളിന്റെ പിൻമുറക്കാരുമായ നേഴ്സുമാരും ആരോഗ്യ പ്രവർത്തകരുo . ആ സൈന്യത്തിന്റെ മുന്നണിയിൽ അഭിമാനത്തോടെ തലയുയർത്തി പിടിച്ച് നമ്മുടെ സംസ്ഥാനം . രണ്ടു വർഷം മുൻപ് നിപ വൈറസ് ഉയർത്തിയ ഭീകരതയെ നേരിടുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയെപ്പോലുള്ള ധീരരും നിസ്വാർത്ഥരുമായ ആരോഗ്യ പ്രവർത്തകരാണ് നമ്മുടെ നേട്ടങ്ങൾക്കാധാരം .. അമേരിക്കയടക്കമുള്ള വികസിത- സമ്പന്ന രാഷ്ട്രങ്ങൾ കൊറോണ വൈറസ് ബാധയിൽ ഉലയുകയാണ് . നക്ഷത്ര ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ മത്സരിക്കുന്ന വികസിത രാജ്യങ്ങളിൽ പൊതു ജനാരോഗ്യ സംവിധാനം പരിതാപകരമാണെന്നാണ് ഇപ്പോൾ പരക്കെ വ്യക്തമായിരിക്കുന്നത് .. ലോകത്തിലെ ഏറ്റവും വികസിത നഗരമായി കണക്കാക്കുന്ന ന്യൂയോർക്കിൽ ഒരു മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധിക്കുകയും മുവ്വായിരം പേർ മരിക്കുകയും ചെയ്തു . ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്പെയിനിലുമെല്ലാം ചികിത്സ വഴിമുട്ടുന്ന സ്ഥിതിയും അതിവേഗ പകർച്ച തടയാനാവാത്ത ഗുരുതരാവസ്ഥയുമാണെന്നത് ലോകത്തെയാകെ നടുക്കുകയാണ്. ഇവിടെയാണ് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത നമ്മുടെ പൊതുജനാരോഗ്യ പരിപാലന സംവിധാനം ലോകത്തിനാകെ മാതൃതയാകുന്നത് . എല്ലാ പഞ്ചായത്തിലും ആധുനിക ആശുപത്രികളും അവിടെയെല്ലാമായി അയ്യായിരത്തിലധികം ഡോക്ടർമാരും . . കിടത്തി ചികിത്സിക്കാൻ നാൽപതിനായിരത്തിലധികം കിടക്കകളുള്ള സുസംഘടിത സംവിധാനം ഉണ്ടെന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ കരുത്ത് . സാധാരണ ചികിത്സകൾ സൗജന്യമായി ലഭ്യമാക്കും എന്നത് അടിസ്ഥാനപരമായ നേട്ടമാണ് .. കോവിഡ് രോഗബാധയുടെ സൂചന കിട്ടിയ സമയം മുതൽ ഈ സുസംഘടിത സംവിധാനമാകട്ടെ ഏക മനസ്സോടെ ജാഗരൂകരായി ....... കർമ്മനിരതരായി രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കി സൗജന്യ പരിശോധനയും സൗജന്യ ചികിത്സയും ലഭ്യമാക്കി. രോഗം ഭേദമാകുന്നതിൽ മറ്റെല്ലാ നാടുകളെയുംകാൾ വേഗം കൈവരിച്ചു. 50 പേർ ഇതിനകം രോഗമുക്തരായി .. കോവിഡ് മരണം ഇല്ലാതാക്കുന്നതിൽ നമ്മുടെ ആശുപത്രികൾ വലിയ വിജയമാണ് കൈവരിക്കുന്നത് .. ഇപ്പോൾ പ്രകടമായ ജാഗ്രതയും സമർപ്പണമനസ്ക്കതയും ഇതേ നിലയിൽ ഇനിയുള്ള നാളുകളിലും തുടരുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് ജനതയുടെയാകെ പിന്തുണയുണ്ടാകും .
|