ഒരിടത്ത് നീരജ് എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ അച്ഛന് മുംബൈയിലായിരുന്നു ജോലി. മൂന്ന് മാസം കൂടുമ്പോൾ അച്ഛൻ വരും. ഓരോ വരവിലും അവന് കൈനിറയെ സമ്മാനങ്ങളും കൊണ്ടു വരും. ഓരോ തവണ അച്ഛൻ ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴും അച്ഛന്റെ മടങ്ങി വരവിനായി അവൻ നാളുകളെണ്ണി കാത്തിരിക്കും.
ഒരു ദിവസം അച്ഛൻ കളിപ്പാട്ടങ്ങൾക്ക് പകരം പുസ്തകങ്ങളാണ് സമ്മാനമായി കൊണ്ടു വന്നത്. പതിവു പോലെ സമ്മാനപ്പൊതിയഴിച്ച നീരജ് കളിപ്പാട്ടങ്ങൾക്കു പകരം പുസ്തകങ്ങൾ കണ്ട് ദേഷ്യത്തോടെ അവ വലിച്ചെറിഞ്ഞു. അച്ഛന് വലിയ സങ്കടമായി. സാധാരണയായി അച്ഛനുള്ള ദിവസങ്ങളിൽ അച്ഛന്റെ നിഴൽ പോലെ കൂടാറുള്ള നീരജ് അത്തവണ അച്ഛനോട് ഒരിക്കലും ചിരിക്കാൻ പോലും കൂട്ടാക്കിയില്ല. സങ്കടത്തോടെയാണ് അദ്ദേഹം തിരികെ മടങ്ങിയത്. പിന്നീട് അച്ഛൻ പല വട്ടം ഫോൺ ചെയ്തിട്ടും അവൻ അദ്ദേഹത്തോട് സംസാരിക്കാനും കൂട്ടാക്കിയില്ല.
വേനലവധിയ്ക്ക് സ്കൂളടച്ചു. കുറേ ദിവസം കൂട്ടുകാർക്കൊപ്പം കളിയും ചിരിയുമായി കടന്നു പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവന് അത് മടുപ്പായി. സമയം കളയാനായി അച്ഛൻ കൊണ്ടു വന്ന പുസ്തകങ്ങളിലൊന്നെടുത്ത് മറിച്ചു നോക്കി. പതിയെ പതിയെ പുസ്തകങ്ങൾ അവന്റെ പ്രിയ ചങ്ങാതിമാരായി. അച്ഛൻ ഇന്നോളം തനിക്ക് കൊണ്ടു വന്ന സമ്മാനങ്ങളിൽ ഏറ്റവും അമൂല്യമായത് പുസ്തകങ്ങളാണെന്ന് അവൻ തിരിച്ചറിഞ്ഞു. ഒരു ദിവസം അച്ഛൻ വിളിച്ചപ്പോൾ " അച്ഛാ , ഇത്തവണ അച്ഛൻ വരുമ്പോൾ എനിക്ക് കളിപ്പാട്ടമൊന്നും വേണ്ട. പുസ്തകങ്ങൾ കൊണ്ട് വന്നാൽ മതി " എന്ന് അവൻ പറഞ്ഞു.