സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ
ഈ=എം സി സ്ക്വയർ
"ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടുന്നു." പിറ്റേന്നത്തെ പ്രഭാതം മറ്റ് ദിനങ്ങളെ അപേക്ഷിച്ച് ഒരല്പം ശബ്ദായമാനമായിരുന്നു . മറ്റൊന്നുമല്ല എല്ലാ വീടുകളുടേയും വാതിലുകൾ ഒരുപോലെ ഒരേസമയം തുറന്നു. മനുഷ്യർ പുറത്തേക്കിറങ്ങുന്നു. മുഖാവരണം മാത്രം കെട്ടി. പൂർണ്ണ നഗ്നരായി. ശരീരത്ത് ആ മാസ്കലാതെ മറ്റൊന്നുമില്ല. ആരും ആരെയും നോക്കുന്നില്ല .. ഒന്നും സംസാരിക്കുന്നില്ല.വളർത്തു മൃഗങ്ങളെ കെട്ടഴിച്ചും ആട്ടിപ്പയിച്ചും സ്വതന്ത്രരാക്കി.സമ്പാദ്യങ്ങൾ കൈക്കലാക്കുന്നില്ല. ആഭരണങ്ങളില്ല . ജനിച്ചപോലേ അവർ പുറത്തേക്ക്. തീരെ നടക്കാൻ കഴിയാത്തവരെ ജീവനോടെ അവർ കുഴിച്ചുമൂടി. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കി. ആരുടെ കണ്ണിലും കണ്ണുനീരില്ല. അവർ നടക്കുകയാണ് . ഒരിക്കൽ പോലും പിന്തിരിഞ്ഞ് നോക്കാതെ മുന്നോട്ട്. ഒരു മീറ്റർ അകലം പാലിക്കാൻ അവർ ശ്രമിച്ചിരുന്നു. നടന്ന് നടന്ന് അവർ അങ്ങ് പടിഞ്ഞാറേ മുനമ്പിലെത്തി. മൂന്നു ചുറ്റിലും ആർത്തലക്കുന്ന കടൽ . മുകളിൽ സൂര്യൻ കത്തിജ്വലിച്ച് നിൽക്കുന്നു. താഴെ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ. മുഖാവരണങ്ങൾ അഴിച്ചുവെച്ച് അവർ ഒരോരുത്തരായി കടലിലേക്ക് ചാടി. താഴെ അവരുടെ വരവ് പ്രതീക്ഷിച്ച് തിമിംഗലങ്ങളും സ്രാവുകളും തയ്യാറായിരുന്നു. ഒരു ശവശരീരം പോലും ഒഴുകി നടക്കാൻ വിടാതെ അവർ മത്സരിച്ച് മനുഷ്യശരീരങ്ങളെ അകത്താക്കി. ഈ കാഴ്ചകണ്ടുകൊണ്ട് കർമ്മസാക്ഷി കടലിലേക്കിറങ്ങി. അന്ന് പൂർണ്ണ അന്ധകാരമായിരുന്നു ഭൂമിയിൽ . കൃത്രിമ വെളിച്ചം പകരാൻ ആരും ജീവിച്ചിരുപ്പില്ലായിരുന്നു. എല്ലാ വീടുകളുടേയും ഗേറ്റുകളും വാതിലുകളും തുറന്നു കിടന്നു. പുതുയുഗം കുറിക്കാൻ നിയോഗിക്കപ്പെട്ട സൂക്ഷ്മജീവികൾ പരീക്ഷണശാലകളിലേക്ക് മടങ്ങി. ടെസ്റ്റ് റ്റ്യൂബുകളിലേക്കും സ്ഫടിക കുപ്പികളിലേക്കും തിരിച്ചു കയറി. ചൈനയുടെ ഹുബൈ തലസ്ഥാനമായ വുഹാനിലെ ശാസ്ത്ര പരീക്ഷണശാലയിൽ തുടങ്ങി ലോകത്തിലെ എല്ലാ ശാസ്ത്രപരീക്ഷണശാലകളിലേയും വിളക്കുകൾ തെളിഞ്ഞു. ചില്ലലമാരകളിലും മറ്റുമായി ഭദ്രമായി ഇരുന്ന റോബോട്ടുകൾക്ക് സ്വയം ജീവൻ വെച്ചു. അവരുടെ കണ്ണുകൾ അനങ്ങി കൈകളും കാലുകളും ചലിച്ചു. അവർ ആ പരീക്ഷണശാലകളുടെ വാതിലുകൾ തകർത്ത് പുറത്ത് തെരുവുകളിലേക്ക് ഇറങ്ങി. അവർ നടന്നു.വീടുകളുടെ തുറന്നുകിടന്ന വാതിലുകളിലൂടെ അവർ അകത്തേക്ക് കയറി . വാതിലുകൾ അടച്ചു. "അമ്മേ", "ഹോ...എന്താ മോളേ നിനക്ക് ഇന്നും ഉറക്കമില്ലേ?”. അമ്മയുടെ ചോദ്യം എന്നെ ഉണർത്തി . മുഴുവൻ വേഗതയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു. പുതപ്പാൽ വിയർപ്പ് ഒപ്പി ഞാൻ അമ്മയുടെ നേരെ ചരിഞ്ഞു കിടന്നു. “ കഴിയണില്ലല്ലോ അമ്മേ ". ആ കൂരാക്കൂരിരുട്ടിൽ അമ്മയെ ഞാൻ തുറിച്ചു നോക്കി. അമ്മ എന്നെ കെട്ടിപ്പിടിച്ചു. ആ മാറിലേക്ക് മുഖമമർത്തി ഞാൻ കിടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- അലപ്പുഴ ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ