കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികൾ
ഉള്‍ക്കാഴ്ച - പാരിസ്ഥിതിക കവിത
-പി.ചന്ദ്രമതിയമ്മ (മലയാളം അദ്ധ്യാപിക)
സ്വച്ഛ സുന്ദരമാം നമ്മുടെ നാടിതിനെ
പട്ടടതുല്യമാക്കിതീര്‍ത്തല്ലോ ദുര്‍മതികള്‍.
സുഖലോലുപമാം ജീവിത നെട്ടോട്ടത്താല്‍
ഭൂമി തന്‍ ഹൃദയവും പിളര്‍ന്നു പോയിടുന്നു.
ലോകമാതാവായീടും പാരിതിന്‍ കദനങ്ങള്‍
കഥിക്കാനൊരു നാവ് ലഭിച്ചുവെന്നാല്‍
എന്തെന്ത് കഥകളാനാവിലൂറുമെന്നതോ
സന്തതം നിരൂപിച്ചാല്‍ നമുക്കു സിദ്ധമല്ലോ.
താന്തോന്നികളായീടും മക്കളാമാതാവിന്റെ
ഹരിതാഭമാം പട്ട് വീതിച്ചങ്ങെടുക്കുന്നു.
വിവസ്ത്രയായോരമ്മ സക്രോധമാക്രോശിച്ചു
വിരട്ടാറുണ്ടെന്നാലും നിര്‍ഭയരാണാമക്കള്‍.
വെട്ടുന്നു കുഴിക്കുന്നു മാന്തുന്നു നികത്തുന്നു
കിട്ടാവുന്നതത്ര തന്റെ കീശയിലാക്കീടുന്നു.
എന്നിട്ടും മതിവരാറുള്ളൊരാ നിന്ദ്യന്മാരോ
വില്‍ക്കുന്നു പണയത്തിലാക്കുന്നു തന്നമ്മയെ.
പുര വേവുമ്പോഴല്ലോ വാഴവെട്ടീടാനാവു
കടത്തില്‍ മുങ്ങി നില്‍ക്കും നമ്മുടെ നാടിതിനെ
രക്ഷിക്കാനെന്നുള്ളൊരു വ്യാജേന വന്നെത്തുന്നു
വിളിക്കാതെവിടെയും ചെന്നെത്തും കശ്മലന്മാര്‍.
ചെറിയോരിരകാട്ടി വശത്താക്കീടുന്നല്ലോ
വലിയോരു മത്സ്യത്തെ, വലയില്‍ കുടുങ്ങിയാല്‍
മോചനമില്ലാതുള്ള ജീവിതയാത്രയിങ്കല്‍
പാദസേവകരായി കഴിയാമന്ത്യംവരെ.
സര്‍വ്വവും സഹിക്കുമെന്നാകിലുമൊരുനാളില്‍
എടുത്തു കുടഞ്ഞീടാന്‍ സാദ്ധ്യതയേറുന്നല്ലോ.
ചൊവ്വോടെ ശുശ്രൂഷിച്ചാല്‍ ആയുസ്സുനീട്ടിക്കിട്ടും
അല്ലായ്കിലെന്തോതുവാന്‍ നമ്മുടെ വിധിയാവാം.
ഏറെ താമസിയാതെ നമ്മുടെ ഭൂമിമാതാ-
വിന്ദ്രസദസിങ്കലെ അതിഥിയായിത്തീരാം.