ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതനിരകളില്പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോര്‍ഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയര്‍ച്ച കൊണ്ട് രൂപമെടുത്തതാണ്. ഇന്തോ-ആസ്ത്രേലിയന്‍ ഭൂഫലകം, യൂറേഷ്യന്‍ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലില്‍ നിന്നുമാണ് മടക്കു പര്‍വതങ്ങളില്‍ പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണീ കൂട്ടിയിടി നടന്നത്.
ഇതിനു മുന്‍പ് ഇപ്പോള്‍ ഹിമാലയം നിലനില്‍ക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയര്‍ച്ച ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു<
സാംസ്കാരികപ്രാധാന്യം
ഭാരത ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ ഹിമവാന്‍, ഹിമാലയം, ഹൈമവതി മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന് അഭേദ്യമായ ബന്ധങ്ങളുണ്ട്. പരമശിവന്റെ ആസ്ഥാനമായ കൈലാസം ഹിമാലയത്തിലാണ്. പാര്‍വതി ദേവി ഹിമവാന്റെ പുത്രിയാണെന്നാണ് വിശ്വാസം. രാമായണം, മഹാഭാരതം എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
പ്രത്യേകതകള്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ്. 2410 കിലോമീറ്റര്‍ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് സിന്ധു നദി മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദി വരെ ഉള്ള പര്‍വ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള കശ്മീര്‍ പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകള്‍[1].
ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാല്‍തോരോ ഹിമാനി, 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
ഹിമാദ്രി
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ് ഈ നിര.
എവറസ്റ്റ്, കാഞ്ചന്‍ ജംഗ, നംഗ പര്‍വതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[1].
ഹിമാചല്‍
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. ഡാര്‍ജിലിംഗ്, മസ്സൂറി, നൈനിറ്റാള്‍ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്.
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
ശിവാലിക്
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് ശിവാലിക് പര്‍വതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[1].
ഉരുള്‍ പൊട്ടല്‍, ഭൂകമ്പം എന്നിവ ഈ നിരയില്‍ സാധാരണമാണ്. ഡൂണ്‍സ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാ ഡൂണ്‍).
പരിസ്ഥിതി
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.