പുറക്കാട്
ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.പതിനെെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ ആലപ്പുഴയില്‍ തുറമുഖം രൂപപ്പെടുന്നതുവരെ കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള പ്രധാന തുറമുഖമായിരുന്നു പുറക്കാട്. " പടിഞ്ഞാറെ കടല്‍ തന്റെ തടംതന്നില്‍ വിളങ്ങുന്ന കനകപട്ടണമെന്ന പ്രസിദ്ധമാം നഗരം" എന്നാണ് കുഞ്ചന്‍നമ്പ്യാര്‍ ' ധ്രുവചരിതം ' ശീതങ്കന്‍ തുള്ളലില്‍ പുറക്കാടിനെ വിശേഷിപ്പിക്കുന്നത് . അന്ന് കനകം വിളയുന്ന നാടായിരുന്നു പുറക്കാട്. ദിവസം അരയ്ക്കാല്‍ തുലാം സ്വര്‍ണ്ണത്തിന്റെ വ്യാപാരം അന്ന് പുറക്കാട് കമ്പോളത്തില്‍ നടന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ശബ്ദകോലാഹലംകൊണ്ടു മുഖരിതമായിരുന്ന പുറക്കാട് തുടര്‍ച്ചയായുണ്ടായ കടലാക്രമണങ്ങളുടെ ഫലമായി പ്രായേണ വിജനമായി ചരിത്രത്തിന്റെ ഭാഗമായി മാറി.