എടരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
02:13, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsklari (സംവാദം | സംഭാവനകൾ)

ചരിത്രം

സാമൂഹ്യ സാംസ്കാരികചരിത്രം തികച്ചും ഒരു കാർഷികഗ്രാമമാണ് എടരിക്കോട്. പഴയകാലത്ത് ഒഴിഞ്ഞു വിജനമായി കിടന്നിരുന്ന ഈ പ്രദേശം എടാർകോട് എന്നാണറിയപ്പെട്ടിരുന്നത്. ടിപ്പുസുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പാലച്ചിറമാട് കാണുന്ന “ടിപ്പുസുൽത്താന്റെ വഴി” എന്നു വിളിക്കപ്പെടുന്ന പ്രദേശം ഇതിനൊരു തെളിവായി ചൂണ്ടി കാണിക്കപ്പെടുന്നു. രാജാധികാരത്തിന്റെ നാളുകളിൽ, ഈ ഗ്രാമത്തിലെ പ്രദേശങ്ങളെല്ലാം കോട്ടക്കൽ സാമൂതിരി കോവിലകത്തിനധീനമായിരുന്നു. എടരിക്കോടിന്റെ തെക്കുകിഴക്കായി, കുറുകയിൽ സ്ഥിതി ചെയ്യുന്ന ഐവന്ത്രൻകാവ്, ഇവിടുത്തെ പ്രസിദ്ധവും പൌരാണികവുമായ ആരാധനാകേന്ദ്രമാണ്. ദക്ഷയാഗം കഴിഞ്ഞ് ശിവന്റെ ഭൂതഗണങ്ങളിലൊരാളായ ഐവന്ത്രൻ ഇവിടെ വന്ന് കുടികൊണ്ടു എന്നാണ് ഈ കാവിനെ സംബന്ധിച്ചുള്ള ഐതീഹ്യം. ദേശീയസ്വാതന്ത്ര്യസമരത്തിന്റെ അലയൊലി ഈ ഗ്രാമത്തിലും എത്തിയിരുന്നു. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനം, ഈ പ്രദേശത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടമായി വളർത്തിയെടുക്കാൻ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ കർഷകരെയും കർഷകത്തൊഴിലാളികളെയും അണിനിരത്തിക്കൊണ്ടാണ് ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഇവിടെയും പ്രവർത്തനമാരംഭിച്ചത്. എ.കെ.ജി, കെ.ദാമോദരൻ മുതലായവർ ഈ പ്രദേശത്ത് താമസിച്ച് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു. പൊതുവിതരണ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ ഇവിടെ ആരംഭിച്ചിരുന്നു. കർഷകരിൽനിന്നും അവന്റെ ആവശ്യം കഴിച്ചുള്ള ബാക്കി ഉൽപ്പന്നങ്ങൾ സർക്കാർ സമാഹരിച്ചിരുന്നു. “പാലക്കാടൻ പറ” അളവിൽ നെല്ല് ഇത്തരം കേന്ദ്രങ്ങളിൽ സ്വീകരിച്ചിരുന്നു. കളിയടക്ക ഉണ്ടാക്കലും, വള്ളിക്കൊട്ട മെടയലുമാണ് പരമ്പരാഗത കുടിൽ വ്യവസായങ്ങൾ. കപ്പ പറിച്ച് വെട്ടിയുണക്കിയുണ്ടാക്കുന്ന “നുറുക്ക്” അന്യനാടുകളിലേക്കും കയറ്റിയയച്ചിരുന്നു. ഇഞ്ചി, ചുക്ക്, കുരുമുളക്, വെറ്റില എന്നിവയും ഇവിടെ സുലഭമായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും കൂടിയിരുന്ന ഒരു ചന്ത കോഴിച്ചെനയിൽ 1970-കളുടെ ആരംഭം വരെ പ്രവർത്തിച്ചിരുന്നു. എടരിക്കോട് യു.പി.സ്കൂളിനു മുൻവശം ദേവർപറമ്പിൽ ഓത്തുപള്ളിക്കൂടം, തിരുത്തിയിൽ പള്ളിക്കൂടം, കഞ്ഞിക്കുഴിങ്ങര സർക്കാർ പള്ളിക്കൂടം എന്നിവയാണ് ആദ്യകാല പാഠശാലകൾ. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളി ചെറുശോല അരീക്കൽ പള്ളിയാണ്. എടരിക്കോട് പള്ളിക്കും രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. മൂച്ചിക്കൽ ക്ഷേത്രത്തിലെ കുളക്കടവിൽ ആനയെ ഇറക്കിയിരുന്ന “ആനക്കടവ്” ഇന്നും കാണാം. അമ്പലവട്ടത്തെ “നരിക്കാവിൽ” ആഴ്ചയിലൊരിക്കൽ തിരുവിളക്കും കോമരംതുള്ളലും നടന്നിരുന്നു. ഒട്ടനവധി തറകളും, മണ്ടകങ്ങളും ഉണ്ടെങ്കിലും മാക്കുട്ടി കുടുംബത്തിന്റെ മണ്ടകത്തിൽ “കലങ്കരി” ഇന്നും നല്ല നിലയിൽ നടന്നു വരുന്നു. കാർഷികാനുഷ്ഠാനത്തിന്റെ ഭാഗമായ “നിറ” എന്ന ചടങ്ങും ഇവിടെ നിലനിന്നിരുന്നു. ചിങ്ങമാസത്തിലെ കൊയ്ത്തിന് മുമ്പ് വാതിലുകളും ജനലുകളുമൊക്കെ അരിമാവ് കൊണ്ട് വരച്ച്, നെൽക്കതിർ കൊണ്ടലങ്കരിക്കും. ഞാറു നടുമ്പോഴുള്ള നടീൽപാട്ടുകൾ ഇവിടെയെങ്ങും മുഴങ്ങിയിരുന്നു. വിദ്യാസമ്പന്നരും പുരോഗമന ചിന്താഗതിക്കാരും കായികാഭിരുചിയുമുള്ള ഒരു പറ്റം യുവാക്കളുടെ ശ്രമഫലമായി 1950-കളിൽ അമ്പലവട്ടത്ത് യംങ് സ്റ്റാർ സ്പോർട്സ് ക്ളബ്ബും (വൈ.എസ്.സി), അതിനുകീഴിൽ ഒരു ഗ്രന്ഥശാലയും വനിതകളുടെ നേതൃത്വത്തിൽ ഒരു മഹിളാസമാജവും പ്രവർത്തിച്ചുതുടങ്ങി. 60-കളിൽ ഏതാനും അധ്യാപകർ ചേർന്ന് ബുഖാറ ലൈബ്രറി എന്ന പേരിൽ ഒരു ഗ്രന്ഥശാല എടരിക്കോട് സ്ഥാപിച്ചു. 70-കളിൽ ബുഖാറ ലൈബ്രറി അംഗങ്ങളായ ഏതാനും ചെറുപ്പക്കാർ ചേർന്ന് യൂത്ത് ആർട്സ് ആന്റ് കൾച്ചറൽ അസോസിയേഷൻ - “യാക്ക” എന്ന പേരിൽ ഒരു കലാസാംസ്കാരിക സംഘടനക്ക് രൂപംകൊടുത്തു. 1942-ൽ കോളറ പടർന്നു പിടിച്ചതോടെ നിരവധിയാളുകൾ ഇവിടെ മരിച്ചുവീണു. ആദ്യകാലത്ത് വേലമ്മ, കുഞ്ഞഹമ്മദ് മുസ്ള്യാർ, താമുവൈദ്യർ, പെരുന്തൻ വൈദ്യർ എന്നീ നാട്ടുവൈദ്യന്മാരുടെ ചികിത്സ ഈ രംഗത്ത് പ്രയോജനപ്പെട്ടിരുന്നു. “വേലമ്മയുടെ എണ്ണ” തേച്ചാൽ എല്ലാ രോഗങ്ങളും മാറും എന്ന വിശ്വാസം ഈ നാട്ടുകാർക്കുണ്ടായിരുന്നു. എടരിക്കോട്ടെ കാപ്പാട് മുല്ലക്കോയ തങ്ങളുടെ കുടുംബവും പ്രസിദ്ധരായ നാട്ടുവൈദ്യന്മാർ തന്നെയായിരുന്നു. അവർ നൽകിയിരുന്ന നെയ്യ് അപസ്മാരത്തിനുള്ള ദിവ്യഔഷധമായിട്ടാണ് കരുതപ്പെട്ടിരുന്നത്.

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ തെന്നല വില്ലേജിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് എടരിക്കോട് . ഈ പഞ്ചായത്തിന്റെ വടക്കു ഭാഗത്തുകൂടി കടലുണ്ടി പുഴയും .പടിഞ്ഞാറു ഭാഗത്തുകൂടി ചെറുശ്ശോല പെരുമ്പുഴതോടും ഒഴുകുന്നു. തെന്നല ,പറപ്പൂർ , പെരുമണ്ണക്ലാരി ,കോട്ടക്കൽ , കൽപകഞ്ചേരി എന്നീ പഞ്ചായത്തുകൾ അയൽ പഞ്ചായത്തുകളാണ്. ജനസംഖ്യ (2011 സെൻസസ് പ്രകാരം )27367 .പട്ടികജാതി വിഭാഗം 1055.

1979 മുമ്പ് തെന്നല പഞ്ചായത്തിന്റെയും പൊന്മുണ്ടം പഞ്ചായത്തിന്റെയുെം ഭാഗമായിരുന്നു എടരിക്കോട് പ്രദേശങ്ങൾ . വികസന പ്രവർത്തനങ്ങൾ വേണ്ടത്ര ഇവിടെ എത്തി നോക്കിയിരുന്നില്ല. അതിനാൽ എടരിക്കോട് ആസ്ഥാനമാക്കി ഒരു പഞ്ചായത്ത് രൂപീകരിക്കേണ്ടത് ജനകീയാവശ്യമായി തീർന്നു. ഇതിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചിത് മുൻ മന്ത്രി യു എ ബീരാൻ സാഹിബും യശ: ശരീരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ഇബ്രാഹിം ഹാജിയും ആയിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. 1979 ലെ ജി ഒ (എം. എസ്) 161/79 നമ്പർ കേരള സർക്കാർ ഉത്തരവ് പ്രകാരം തെന്നല പഞ്ചായത്തിലെ വാളക്കുളം അംശത്തിന്റെ പുതുപ്പറമ്പ് ഭാഗവും ക്ലാരി അംശവും , പൊന്മുണ്ടം പഞ്ചായത്തിന്റെ കുറുക ക്ലാരി മൂച്ചിക്കൽ , പാലച്ചിറമാട് ഭാഗങ്ങളും ഉൾപ്പെടുന്ന എടരിക്കേട് പഞ്ചായത്ത് രൂപീകരിച്ചു. ആയിരത്തി തൊള്ളായിത്തി എഴുപത്തി ഒൻപത് മാർച്ച് മാസം ഒന്നാം തിയതിയിലാണ്(01.03.1979) എടരിക്കോട് ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്

           .........ഷബീർ ബാബു
"https://schoolwiki.in/index.php?title=എടരിക്കോട്&oldid=474311" എന്ന താളിൽനിന്ന് ശേഖരിച്ചത്