ജി.എച്ച്.എസ്. ബാനം/History
സമൂഹ നന്മയും ജനക്ഷേമവും ലക്ഷ്യമാക്കിയ ബാനം ഗ്രാമത്തിലെ ഒരുകൂട്ടം വിജ്ഞാന കുതുകികളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1956 ൽ ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ബാനം ഗവൺമെന്റ്സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ബാനം ചെരപ്പാറ എന്ന സ്ഥലത്ത് ചെരക്കര അമ്പു നായർ താൽക്കാലികമായി നൽകിയ സ്ഥലത്ത് ചെരക്കര കോരൻ നായർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ താൽക്കാലികമായ ഷെഡ്ഡിൽ ബാനം ഗവൺമെന്റ്എൽ പി സ്കൂൾ പിറവിയെടുത്തു.അവികസിതവും വനനിബിഡവുമായ ബാനം പ്രദേശത്ത് സ്ഥാപിതമായ ആദ്യത്തെ എൽ പി സ്കൂൾ അന്നത്തെ തലമുറയ്ക്ക് ഉത്സവച്ഛായ പകർന്ന സംഭവമായിരുന്നു.
1980 ൽ ബാനം എൽ പി സ്കൂൾ ബാനം യു പി സ്കൂളായി ഉയർത്തി. 2014 ൽ ആർ എം എസ് എ പദ്ധതിയുടെ കീഴിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2017-18 വർഷത്തിൽ മറ്റു ഗവ.ഹൈസ്കൂളുകളോടൊപ്പമുള്ള പദവിയിലെത്തി.അതോടെയാണ് ഹെഡ്‌മാസ്റ്റർ തസ്തികയും ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ തസ്തികകളും അനുവദിച്ചത്.ശ്രീ രഘു മിന്നിക്കാരനായിരുന്നു ബാനം ഗവ.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ.2018 ൽ കാസർഗോഡ് പാക്കേജിൽ അനുവദിച്ച 8 മുറികളുള്ള പുതിയ രണ്ടുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.
ബാനത്തെ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വളർച്ചയ്ക്ക് നിദാനമായ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി തലയെടുപ്പോടെ ബാനം ഗവൺമെന്റ്ഹൈസ്കൂൾ പരിലസിക്കുന്നു.ഇനിയും പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ തയ്യാറായി പ്രതിസന്ധികളെ മറികടന്ന് ഈ സരസ്വതീ ക്ഷേത്രം മുന്നേറുകയാണ്.
പരിമിതികൾക്കുള്ളിലും ബാനം ഗവ. ഹൈസ്കൂൾ നമ്മുടെ സബ്‌ജില്ലയിലെ മറ്റു ഹൈസ്കൂളുകളേക്കാൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ്. തുടർച്ചയായി രണ്ടു വർഷവും 100 % വിജയം നേടിക്കൊണ്ടാണ് സ്കൂളിൽനിന്ന് എസ്എസ്എൽസി ബാച്ചുകൾ പുറത്തിറങ്ങിയത് .സ്കൂളിന്റെ എല്ലാതരത്തിലുള്ള വിജയത്തിന്റെ പിന്നിലും ഇവിടുത്തെ നല്ലവരായ നാട്ടുകാർ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ,ക്ലബ്ബുകൾ, കുടുംബശ്രീകൾ , പുരുഷ സംഘങ്ങൾ,സേവന തൽപരരായ അധ്യാപകർ,പ്രവാസികൾ തുടങ്ങിയവരുടെ നിർലോഭമായ സഹായസഹകരണങ്ങളുണ്ട്.