ചെർപ്പുളശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20039 (സംവാദം | സംഭാവനകൾ)

ചെർപ്പുളശ്ശേരി

പാലക്കാട് ജില്ലയിൽ, ഒറ്റപ്പാലം താലൂക്കിൽ, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 24.60 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴ ,ആലിപ്പറമ്പ് പഞ്ചായത്ത്, മലപ്പുറം ജില്ല, കിഴക്കുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് തൃക്കടീരി, ചളവറ പഞ്ചായത്തുകൾ, പടിഞ്ഞാറുഭാഗത്ത് നെല്ലായ പഞ്ചായത്ത് എന്നിവയാണ്. വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്ന് കൂട്ടിയിരുന്ന ഒരു ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി. അതുകൊണ്ടുതന്നെ ചെർപ്പുളശ്ശേരിക്ക് രാജവാഴ്ച കാലഘട്ടം മുതൽ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായക സ്ഥാനം ലഭിച്ചു. കഥകളിരംഗത്ത് അനന്വയമായിരുന്ന വാഴേങ്കട കുഞ്ചു നായർ, പ്രസിദ്ധ പഞ്ചവാദ്യവിദഗ്ദനായ ചേർപ്പുളശ്ശേരി ശിവന്റെ മാതൃമാതുലനായ മദ്ദളം കുഞ്ഞൻ നായർ, സമകാലിക കഥകളി കലാകാരന്മാരിൽ ശ്രദ്ധേയരായ കോട്ടയ്ക്കൽ ശിവരാമൻ, സദനം കൃഷ്ണൻകുട്ടി, നരിപ്പാറ നാരായണൻ നമ്പൂതിരി, സദനം ഭാസി, കലാമണ്ഡലം രാജേന്ദ്രൻ തുടങ്ങി ചെർപ്പുളശ്ശേരിയുടെ സംഭാവനകളായ കലാകാരന്മാരുടെ പട്ടിക വളരെ നീണ്ടതാണ്.ചിത്രകലാരംഗത്ത് ആധിപത്യം സ്ഥാപിച്ച എ.എസ്.നായരും കാറൽ മണ്ണയുടെ സമ്പന്നമായ കലാ പൈതൃകത്തിന്റെ സന്തതികളാണ്. ചിത്രകലാ രംഗത്ത് ശ്രദ്ധേയനായ കലാകാരനാണ് രാമനുണ്ണി. പണ്ഡിതകവിയായ അവിനാശി എഴുത്തച്ഛൻ ജനിച്ചതും ജീവിച്ചതും ഇവിടെയാണ്. നാടൻകലകളാൽ സമൃദ്ധമാണ് വള്ളുവനാടൻ പ്രദേശം. ഇവിടെ ഇടകലർന്ന് ജീവിക്കുന്ന വിവിധ സമുദായങ്ങൾക്ക് അവരുടേതായ കലാരൂപങ്ങൾ ഉണ്ട്. പുള്ളുവൻപാട്ട്, പാമ്പിൻ തുള്ളൽ എന്നിവ പുള്ളുവ സമുദായത്തിന്റെ കലാരൂപങ്ങളാണ്. കാറൽമണ്ണ വടക്കുമുറി പ്രദേശത്ത് താമസിക്കുന്ന പുള്ളുവൻമാർ കേരളത്തിന്റെ വിവിധഭാഗത്ത് ഈ പരിപാടി അവതരിപ്പിച്ചുവരുന്നു. തായമ്പക, പഞ്ചവാദ്യ വിദഗ്ദൻമാരുടെ ഒരു നല്ല സംഘം തന്നെ ചെർപ്പുളശ്ശേരിയിലുണ്ട്. തെക്ക് നിന്നും വടക്ക് പടിഞ്ഞാറേക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത.പഞ്ചായത്തിന്റെ വടക്കേ അതിരിലൂടെ ഏകദേശം 8 കിലോ മീറ്റർ നീളത്തിൽ തൂതപ്പുഴ ഒഴുകുന്നു. ഒരുകാലത്ത് വള്ളുവനാടിന്റെ തലസ്ഥാനമായിരുന്ന ചെർപ്പുളശ്ശേരിയുടെ സാംസ്കാരിക ഉറവിടം ഈ ഗ്രാമത്തെ അതിരിടുന്ന തൂതപ്പുഴയുടെ തീരമായിരുന്നു.

"https://schoolwiki.in/index.php?title=ചെർപ്പുളശ്ശേരി&oldid=388511" എന്ന താളിൽനിന്ന് ശേഖരിച്ചത്