എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആർട്‌സ് ക്ലബ്ബ്/2025-26
പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിയുന്ന കലയുടെ വർണ്ണാഭമായ ആഘോഷമായ ഉപജില്ലാ കലോത്സവം
കലയുടെ കേളികൊട്ട് ഉയർത്തി അടിമാലി ഉപജില്ലാ കലോത്സവത്തിന് 27- 10- 2015 ന് പാറത്തോടിന്റെ മണ്ണിൽ തിരി തെളിഞ്ഞു.കൗമാരസ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയ മഹാകലാമേളയായിരുന്നു ഇത് ഇത്തവണത്തെ ഉപജില്ലാ കലോത്സവത്തിന് ആഥിത്യമരുളിയത് പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. മലയോര ഗ്രാമമായ പാറത്തോട്ടിലെ ജനങ്ങൾ കൗമാര കലാമേളയെ ഒരു ഉത്സവമാക്കി തീർത്തു.മേളയുടെ മുന്നൊരുക്കങ്ങളിൽ എല്ലാം വമ്പിച്ച പൊതുജന പങ്കാളിത്തം ഉണ്ടായിരുന്നു കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നിന്നും എൽപി, യുപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങളിലായി എല്ലാ ഐറ്റങ്ങൾക്കും മത്സരിക്കാൻ കുട്ടികൾ ഉണ്ടായിരുന്നു 4 ദിവസങ്ങളിലായി നടന്ന മേളയിൽ ഫാത്തിമ മാതാ സ്കൂളിന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. മത്സരവീര്യം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം ആയിരുന്നു എല്ലാ ദിവസങ്ങളിലും. ഉപജില്ല കലാമേള നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഉള്ള ഓവറോൾ ട്രോഫി ഇത്തവണയും ഫാത്തിമ മാതായുടെ കൈകളിൽ ഭദ്രമായിരുന്നു ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഫാത്തിമ മാതാ മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിനും പരിശ്രമത്തിനും ഉള്ള ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഫാത്തിമ മാതാ കുടുംബം കൗമാര കലാമേളയുടെ മണ്ണിൽ നിന്നും യാത്രയായത്.
മലയോരമേഖലയ്ക്ക് ഉത്സവമായി ഇടുക്കി റവന്യൂ ജില്ലാ കലോത്സവം
കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം തലമുറകളിലേക്ക് പകരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 17,18,19, 20 തീയതികളിൽ മുരിക്കാശ്ശേരി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള പ്രതിഭകളുടെ കഴിവുകൾ ജില്ലാ കലോത്സവത്തിന് കൂടുതൽ മിഴിവേകി.സംഗീതം, നൃത്തം,നാടകം,സാഹിത്യം, കഥാപ്രസംഗം,ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും പങ്കെടുത്തു. മത്സരാർത്ഥികളുടെ കലാപാടവവും വേദി നടത്തിപ്പിലെ ശാസ്ത്രീയ ക്രമീകരണവും സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സേവനം എന്നിവ ജില്ലാ കലോത്സവത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഒട്ടുമിക്ക ഐറ്റങ്ങളിലും കുട്ടികൾ മത്സരിക്കാനായി ഉണ്ടായിരുന്നു. സബ്ജില്ലാ കലോത്സവ വിജയത്തിന്റെ ആത്മവിശ്വാസത്തിലും ചിട്ടയായ പരിശീലനത്തോടും കൂടിയാണ് കുട്ടികൾ കലോത്സവ അങ്കത്തട്ടിലേക്ക് ഇറങ്ങിയത്. മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. നാടൻപാട്ട്,ഇംഗ്ലീഷ് സ്കിറ്റ്,പളിയാ നൃത്തം,മംഗലം കളി,കഥകളി,ശാസ്ത്രീയ സംഗീതം,ലളിതഗാനം,ചവിട്ടുനാടകം,തിരുവാതിര,ബാൻഡ് എന്നീ ഐറ്റങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി വിജയിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈറേഞ്ചിനെ ഉത്സവപ്രതീതിയിൽ ആഴ്ത്തിയ കലാ മാമാങ്കം സമാപിക്കുമ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ട്രോഫിയും ഹൈസ്കൂൾ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ഫസ്റ്റ് റണ്ണറപ്പ് ട്രോഫിയും ഫാത്തിമ മാതാ സ്കൂളിന് സ്വന്തമായിരുന്നു എന്ന് അഭിമാനപൂർവ്വം പറയാൻ സാധിക്കുന്ന കാര്യമാണ്. ജില്ലയിലെ കലാപ്രതിഭകളെ കണ്ടെത്താനും അവരെ സംസ്ഥാനതല മത്സരങ്ങൾക്ക് ഒരുക്കാനും ഈ മത്സരം നിർണായക പങ്കു വഹിച്ചു.
കലയുടെ കൗമാരസ്വപ്നങ്ങൾ പീലി വിരിച്ചാടിയ സംസ്ഥാന കലോത്സവത്തിൽ ഏഴാം സ്ഥാനം നേടി അഭിമാനമായി ഫാത്തിമ മാതാ സ്കൂൾ
കേരളത്തിന്റെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം ഈ വർഷവും അത്യന്തം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. ഇത്തവണത്തെ കലാമേളയ്ക്ക് ആഥിത്യമരുളിയത് തൃശൂർ ആയിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർഥികൾ ഈ കലാമേളയിൽ പങ്കെടുത്തു. ഓരോ ഇനത്തിലും മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചത് കാണികളെ ഏറെ ആകർഷിച്ചു. ഈ വർഷത്തെ കലോത്സവം ജനുവരി 14 മുതൽ 18 വരെയാണ് നടന്നത്. ഇത്തവണയും ഫാത്തിമമാതാ സ്കൂളിലെ മിടുക്കികൾ കൗമാരകലാമേളയുടെ അങ്കത്തട്ടിലേക്ക് യാത്രയായി. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി ഏകദേശം 125 ഓളം കുട്ടികളാണ് സംസ്ഥാന കലാമേളയിൽ പങ്കെടുത്തത്.പങ്കെടുത്ത മിക്കവാറും എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡ് നേടാൻ ഫാത്തിമ മാതയിലെ മിടുക്കികൾക്ക് സാധിച്ചു.ഇത്തവണത്തെ സംസ്ഥാന കലാമേളയിൽ ഏഴാം സ്ഥാനം കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിന് സാധിച്ചു എന്നത് ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ കാര്യമായിരുന്നു.മലയോരമേഖലയായ ഇടുക്കിയിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഉള്ളത് സ്കൂളിന്റെയും അവിടുത്തെ അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പരിശീലനവും കൊണ്ട് മാത്രമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഇത്രയും മികച്ച വിജയം നേടാൻ സാധിക്കുന്നത്. ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഫാത്തിമ മാതാ ടീം സംസ്ഥാന കലോത്സവ വേദിയിൽ നിന്ന് യാത്രയായത്.