ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്കൗട്ട്&ഗൈഡ്സ്/2025-26
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ യൂണിറ്റ് 25 വർഷത്തിലേറെയായി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ബേഡൻ പവ്വൽ സ്ഥാപിച്ച യുവജനങ്ങൾക്ക് വേണ്ടിയുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണിത്.
ഇപ്പോൾ ഇവിടെ ഗൈഡു വിഭാഗത്തിന്റെ രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. ഗൈഡ് ക്യാപ്റ്റന്മാരായ മെർലിൻ തോമസ്, മിഷ യുഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഈ വർഷം ഗൈഡ് ക്യാപ്റ്റൻ മാരായി ജയലക്ഷ്മി, ശ്രീലേഖ എന്നീ അധ്യപകർ പരീശിലനം നേടിയിട്ടുണ്ട് കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെപൂർണ്ണമായും വികസിപ്പിച്ച് അവരെ നല്ല വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ ഈ പ്രസ്ഥാനം പങ്കുവഹിക്കുന്നു. ഓരോ വർഷവും 15 ൽ അധികം കുട്ടികൾ ചിഹ്നദാന ചടങ്ങിലൂടെ ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നു. ഇപ്പോൾ 50 ൽ അധികം കുട്ടികൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.
സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ അച്ചടക്കം നിയന്ത്രിക്കുന്നതിനും മറ്റു സഹായങ്ങൾക്കും സജീവ സന്നദ്ധരായി ഗൈഡുകൾ എപ്പോഴുമുണ്ട്. ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗൈഡുകൾ 100% വിജയത്തോടെ രാജപുരസ്കാർ അവാർഡ് കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
പ്രവർത്തനങ്ങൾ
ചിഹ്നദാന ചടങ്ങ്
സേവനസന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലമായ തുടക്കമാണ് ലഭിച്ചത്. അച്ചടക്കവും സേവനമനോഭാവവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിലേക്ക്, പുതിയതായി കടന്നുവരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി വർണ്ണാഭമായ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് നടന്ന ചിഹ്നദാന ചടങ്ങിൽ (Investiture Ceremony), പുതിയ അംഗങ്ങളെ സ്കൗട്ട്/ഗൈഡ് കുടുംബത്തിലേക്ക് സ്‌കാർഫ് അണിയിച്ചുകൊണ്ട് ഔദ്യോഗികമായി സ്വാഗതം ചെയ്തു. പ്രസ്ഥാനത്തിന്റെ മഹനീയമായ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, നാടിനും സമൂഹത്തിനും മാതൃകയാകാൻ തയ്യാറാണെന്ന പ്രതിജ്ഞയോടെയാണ് അനേകം വിദ്യാർത്ഥികൾ അന്നേദിവസം അംഗത്വം സ്വീകരിച്ചത്. വളരെ ഗൗരവത്തോടും എന്നാൽ ആവേശത്തോടും കൂടി നടന്ന ഈ ചടങ്ങ് കുട്ടികളിൽ പുതിയൊരു ഉണർവ് നൽകുകയുണ്ടായി.
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി കുട്ടികൾ പങ്കെടുത്ത വർണ്ണാഭമായ റാലി നടത്തുകയുണ്ടായി. തുടർന്ന്, ഭൂമിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അങ്കണത്തിലും പരിസരപ്രദേശങ്ങളിലുമായി വിവിധയിനം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി, കുട്ടികൾ സ്വന്തം വീടുകളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചതാണ് ഈ വർഷത്തെ മറ്റൊരു പ്രധാന സവിശേഷത. വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാനും പ്രകൃതിയെ സ്നേഹിക്കാനും ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വലിയൊരു പ്രചോദനമായി മാറി.
ശുചികരണ പ്രവർത്തനങ്ങൾ,അച്ചടക്ക നിയന്ത്രണം
വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും വിവിധ വിശേഷാവസരങ്ങളിലും അച്ചടക്കവും സേവനവും ഉറപ്പുവരുത്തുന്നതിൽ സ്കൂൾ ഗൈഡ്സ് യൂണിറ്റ് സ്തുത്യർഹമായ പങ്കാണ് വഹിച്ചുവരുന്നത്. സ്കൂൾ യുവജനോത്സവം, സബ്ജില്ലാ കലോത്സവം, ശാസ്ത്രമേള തുടങ്ങിയ വലിയ ജനപങ്കാളിത്തമുള്ള മേളകളിൽ തിക്കിലും തിരക്കിലും പെടാതെ വിദ്യാർത്ഥികളെ നിയന്ത്രിക്കാനും, വേദികൾക്ക് സമീപം അച്ചടക്കം പാലിക്കാനും ഗൈഡുകൾ സദാസന്നദ്ധരായിരുന്നു. ഇത്തരം വേദികളിൽ അവശേഷിക്കുന്ന മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലും ഇവർ മാതൃകയായി. ജനാധിപത്യ ബോധം വളർത്തുന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ വേളയിൽ ക്യൂ നിയന്ത്രിക്കുന്നതിനും വോട്ടെടുപ്പ് സുഗമമാക്കുന്നതിനും ഇവർ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. കൂടാതെ, ഔഷധസസ്യ പ്രദർശനം, കർക്കടകമാസത്തിലെ ഔഷധക്കഞ്ഞി നിർമ്മാണം വിതരണം എന്നിവയിലും ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ഗാന്ധിജയന്തി സേവനവാരത്തോട അനുബന്ധിച്ചുള്ള ശുചീകരണ യജ്ഞങ്ങളിലും സജീവമായി പങ്കെടുത്തുകൊണ്ട്, വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിലെ നിശബ്ദ ശക്തിയായി മാറാൻ ഗൈഡ്സ് അംഗങ്ങൾക്ക് സാധിച്ചു..എസ് പി സി ഏറ്റെടുത്ത് നടത്തുന്ന അക്ഷയ പാത്രത്തിലേക്ക് പൊതിച്ചോർ എത്തിക്കുന്നതിനും കുട്ടികൾ സഹകരിച്ചു
ഗാന്ധിസ്മൃതി: പോസ്റ്റർ പ്രദർശനവും കയ്യെഴുത്ത് പത്രികയും
മഹാത്മാഗാന്ധിയുടെ സ്മരണയ്ക്ക് അനുയോജ്യമായ രീതിയിൽ, വിദ്യാലയത്തിൽ ഒരു പോസ്റ്റർ പ്രദർശനം വിജയകരമായി സംഘടിപ്പിച്ചു. ഈ പ്രത്യേക അവസരത്തിൽ, വിദ്യാർത്ഥികൾ സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ വിവിധ വിഷയങ്ങളിലുള്ള കയ്യെഴുത്ത് പത്രികകളും പ്രദർശനത്തിന്റെ ഭാഗമായി. രാ. ഗാന്ധിജിയുടെ ജീവിതം, സന്ദേശങ്ങൾ, സ്വാതന്ത്ര്യസമര ചരിത്രം എന്നിവ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി. ചിത്രരചനയിലൂടെയും നിറങ്ങളിലൂടെയും ബാപ്പുജിയുടെ ദർശനങ്ങളെ പുനരാവിഷ്കരിക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ഇതുകൂടാതെ, കുട്ടികളുടെ സർഗാത്മകവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി അവർ തന്നെ മുൻകൈയെടുത്ത് ഒരു കയ്യെഴുത്ത് പത്രികയും തയ്യാറാക്കി. ഗാന്ധിസ്മരണകളും കവിതകളും ലേഖനങ്ങളും ഉൾക്കൊള്ളിച്ച ഈ പത്രിക, അഹിംസയുടെയും സത്യത്തിന്റെയും പാതയിൽ സഞ്ചരിക്കാൻ കുട്ടികൾക്ക് പ്രചോദനമേകുന്നതായിരുന്നു.
ബീച്ച് ക്ലീനിങ്
ചേർത്തല ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ബീച്ച് ക്ലീനിങ് ക്യാമ്പയിന്റെ ഭാഗമായി മാരാരിക്കുളം ബീച്ച് ക്ലീൻ ചെയ്യുന്ന പ്രവർത്തനത്തിൽ നമ്മുടെ ഗൈഡുകൾ സഹകരിച്ചു.
പ്രഥമ ശുശ്രൂഷാ പരിശീലനം
നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള അപകടങ്ങളായ ചോക്കിങ് കാർഡിയാക് അറസ്റ്റ് എന്നിവയ്ക്കു വേണ്ട പ്രഥമ ശുശ്രൂഷ നൽകുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുകയുണ്ടായി.അവർ തങ്ങളുടെ പരിസര പ്രദേശങ്ങളിലെ വീടുകളും ചെറിയ ഗ്രൂപ്പുകളുമായി തങ്ങളുടെ അറിവുകൾ പങ്കുവച്ചു. ഈ കുട്ടികളിൽ വളരെ താത്പര്യവും സമൂഹത്തിൽ തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കുന്നതിനുള്ള ആത്മവിശ്വാസവും ഉണർത്തി.