ജനനി - സ്നേഹ. എസ്. നായ (ക്ലാസ്സ് : 9എ)

19:47, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NavabharathEMHSS (സംവാദം | സംഭാവനകൾ)

ജനനി നിങ്ങളറിയുമോ എന്നെ കാന്തനാല്‍ പരിത്യക്ത ഞാന്‍ സൂര്യവംശാധിപനാം രാമന്റെ പ്രിയപത്നി ജാനകി ഞാന്‍...

കാണുവാനാശിച്ച കാനനം കാട്ടുവാനെന്ന മട്ടില്‍ ചാടുവാക്കാലെന്നെ കൊടും കാന്താരത്തിലുപേക്ഷിച്ചവന്‍ ഓര്‍മ്മയില്‍ തിളങ്ങുന്നു രാമാ

നീയാ ശിവചാപം കുലച്ചൊരാ ദിനം മുതലിന്നു വരെയുള്ളോ- രോരോ നിമിഷങ്ങളും... ജനകന്റെ കാഞ്ചന കൊട്ടാരക്കെട്ടിലില്‍

കുപ്പിവളകളുടെ കിളിക്കൊഞ്ചലില്‍ പൊട്ടിച്ചിരിച്ചു രസിച്ചൊരെന്നെ പെട്ടെന്നു പാണിഗ്രഹം ചെയ്തു നീ ദാശരഥിതന്‍ അന്തപ്പുരത്തില്‍

അയോദ്ധ്യതന്‍ മകളായ് മനസ്സുകൊണ്ടേ മാറിയ ജനകാത്മജ ഞാന്‍. പിന്നെ പതിനാലുവത്സരം

പര്‍ണ്ണശാലയൊരുക്കിയൊ- രന്തപ്പുരത്തില്‍ രാമന്റെ പട്ടമഹിഷിയായ് വാണവള്‍ നിങ്ങളറിയുമോ എന്നെ ആ...

രാമനാല്‍ പരിത്യക്ത ഞാന്‍. പറയാത്ത പരിഭവങ്ങളാണെന്റെ ആത്മശക്തി, പൊഴിയാത്ത കണ്ണീര്‍ക്കടലില്‍ ശമിച്ചതാണു നീ

തീര്‍ത്തോരാ അഗ്നികുണ്ഡം. മക്കള്‍ പാടുന്ന രാമായണ സൂക്തങ്ങളില്‍ ചുട്ടുപൊള്ളുന്നില്ലേ രാമാ!... പ്രിയ രാഘവാ!...

നിന്റെ രോമകൂപങ്ങള്‍ പോലും? സര്‍വ്വംസഹയായൊരെന്‍ ജനനി ധരിത്രിക്കും ക്ഷമയില്‍ ഞാന്‍ അമ്മയായിടുന്നു, അത്രമേല്‍ രാമ നിന്നെ സ്നേഹിക്കയാല്‍.....