ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം വർണാഭമായി
പന്നിപ്പാറ: 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2-6-25 തിങ്കളാഴ്ച പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്നു. വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പർ കെ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മൻസൂർ ചോലയിൽ അധ്യക്ഷനായി. എസ് എം സി ചെയർമാൻ അൻവർ ആലങ്ങാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സഹീർ ബാബു, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, ശിഹാബുദ്ദീൻ കരിപ്പാലി, സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സിയാഉൽ ഹഖ്, ലബീബ്, ഫിറോസ് ഖാൻ, റോഷ്നി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുര വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.
യാത്രയയപ്പ് നൽകി
പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി (02/06/25).
സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ, ഷീജ കെ കെ, നുസ്റത്ത്, ഷഹർബാൻ, സജീവ്, പി മുഹമ്മദ്, ബീന കെ കെ, സരിത, കവിത, ഷിജി, നിഖിൽ, ആതിര, അശ്വതി, ജിഷിത, സബിത, ജീവനക്കാരായ റഹ്മത്ത്, രാജൻ, കൃഷ്ണൻ, വിനീത് തുടങ്ങിയവർ സംബന്ധിച്ചു.
പന്നിപ്പാറ ഗവ. ഹൈസ്കൂളിന് പുതിയ മേധാവി; ഹരിപ്രസാദ് എം.എസ് ചുമതലയേറ്റു
02/06/25
പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് ഇനി പുതിയ ഹെഡ്മാസ്റ്റർ. എളയൂർ സ്വദേശിയായ ഹരിപ്രസാദ് എം.എസ് ആണ് സ്കൂളിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത്. വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഹരിപ്രസാദ്. ഇദ്ദേഹം ഇതിനുമുമ്പ് വടശ്ശേരി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, അരീക്കോട് എഇഒ, മഞ്ചേരി ബോയ്സ് ഹൈസ്കൂളിലെയും അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും അധ്യാപകൻ എന്നീ നിലകളിലും ഹരിപ്രസാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ഹെഡ്മാസ്റ്ററുടെ ചുമതലയേൽക്കൽ ചടങ്ങിൽ ജി.എച്ച്.എസ്.എസ് അരീക്കോടിലെ ജയാനന്ദൻ മാസ്റ്റർ, ജി.എച്ച്.എസ് വടശ്ശേരിയിലെ ഗഫൂർ മാസ്റ്റർ, പ്രജിത്ത്, സുരേഷ് ബാബു മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ഹബീബ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഹരിപ്രസാദ് എം.എസിന്റെ നേതൃത്വത്തിൽ പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ ദിശാബോധം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ലോക പരിസ്ഥിതി ദിനം: ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ
പന്നിപ്പാറ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്നിപ്പാറ ഹൈസ്കൂളിൽ ദേശീയ ഹരിതസേനയുടെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിദിന സന്ദേശം, പ്രതിജ്‌ഞ, ക്വിസ് മൽസരം, പ്രസംഗ മൽസരം, വീഡിയോ പ്രദർശനം, വെർട്ടിക്കൽ ഫാമിംഗ് രീതി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മരം നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതലയുള്ള സ്വപ്ന ടീച്ചർ, ഷാദിയ ടീച്ചർ, ജിഷിത ടീച്ചർ, ജസ്ന ടീച്ചർ, സൗമ്യ ടീച്ചർ ഹരിതസേന കോർഡിനേറ്റർമാരായ നിസാം മാസ്റ്റർ, നുസ്രത്ത് ടീച്ചർ, നിഷ്ല ടീച്ചർ, ഹബീബ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിതസേനയുടെ കൺവീനറായ ഏഴാം ക്ലാസ് വിദ്യാർത്ഥി നസീഫിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ജിയ , സന എന്നീ വിദ്യാർത്ഥിനികൾ വെർട്ടിക്കൽ ഫാമിംഗ് രീതിയെക്കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ നടന്ന വിവിധ പരിപാടികൾ.
പോസ്റ്റർ നിർമ്മാണ മത്സരം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ് പന്നിപ്പാറയിൽ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ 7.എഫ് ക്ലാസ്സിലെ റഹീഫ കെ.കെ. ഒന്നാം സ്ഥാനം നേടി. അൻഷ റുസ് വ രണ്ടാം സ്ഥാനവും, ആരാധ്യ 7.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ വി. നിസാം നേതൃത്വം നൽകി.
ഫുട്ബോൾ ടീം സെലക്ഷൻ
11/06/25
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ ഈ വർഷത്തെ ജൂനിയർ, സബ് ജൂനിയർ ഫുട്ബോൾ ടീമുകളിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തു.
പത്തപ്പിരിയം മിനി സ്റ്റേഡിയം നടന്ന സെലക്ഷൻ ട്രയൽസിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കായിക അധ്യാപകരായ ആതിര, നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദ്യാർത്ഥികളുടെ കായികക്ഷമത, കളിമികവ്, ടീം വർക്ക് എന്നിവ വിലയിരുത്തിയാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തത്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ടീമംഗങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ തന്നെ പരിശീലനം ആരംഭിക്കും. വരാനിരിക്കുന്ന ഉപജില്ലാ സ്കൂൾ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷവും അവാർഡ് ദാനവും ശ്രദ്ധേയമായി
പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.(12/06/2025) ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും എസ്.എസ്.എൽ.സി, സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടന്നു. ഒപ്പന, ഡാൻസ്, പാട്ട് തുടങ്ങി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. തുടർന്ന്, പന്നിപ്പാറ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, മുൻ ഹെഡ്മാസ്റ്റർ പി പി ദാവൂദ്, എസ്.എം.സി ചെയർമാൻ അൻവർ ആലങ്ങാടൻ, വാർഡ് മെമ്പർ നൗഷാദ്, എസ്.ഡബ്ലിയു.സി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹബീബ് റഹ്മാൻ അരഞ്ഞിക്കൽ, ടി. ലബീബ്, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂളിന്റെ അക്കാദമിക മികവും കലാപരമായ ഉണർവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ.
ഇൻ്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്
2025-26 വർഷത്തെ ഇൻ്റർ-സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ജൂൺ 20-ന് ഉജ്ജ്വല സമാപനം. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എം.എസ് ഹരിപ്രസാദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഈ വർഷം മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ സംഘടിപ്പിച്ചു.
വിജയികൾ
സബ് ജൂനിയർ (ബോയ്സ്)
മുഹമ്മദ് ഹഫീസ് കെ.കെ (7ഇ) മുഹമ്മദ് ഫവാദ് കെ.കെ (8ഇ)
സബ് ജൂനിയർ (ഗേൾസ്)
ബിഷാറ ജന്ന പി.സി(6ബി) ദേവപ്രിയ സി.കെ (6എ)
ജൂനിയർ (ബോയ്സ്)
മുഹമ്മദ് ഹാഷിം കെ.കെ (9ബി) ഹാദി മുഹമ്മദ് കെ.കെ (10എ)
ജൂനിയർ (ഗേൾസ്)
ഫാത്തിമ ഫിൻഷാ കെ.കെ (8എഫ്) ഷെറിൻ ജോൺ (10എ)
സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി
പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി. എട്ടാം ക്ലാസിലെ നൂറിലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 8 ഡി ക്ലാസിലെ അഭിനന്ദ് വി.കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് എ ക്ലാസിലെ റിഷാ ഷെറിൻ രണ്ടാം സ്ഥാനവും 8 ഡി യിലെ മുഹമ്മദ് മുസ്ഫിർ എ കെ മൂന്നാം സ്ഥാനവും നേടി. അധ്യാപകരായ ജംഷിദ്, സുരേഷ് ബാബു, സൈഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി
ആദ്യ 10 സ്ഥാനം നേടിയവർ
1. അഭിനന്ദ് വി കെ
2. റിഷ ഷെറിൻ കെ
3. മുഹമ്മദ് മുസ്ഫിർ എ.കെ
4. ഹുദ നൗറിൻ K
5. തീർത്ഥ വി പി
6. അഫിൻ ഷാൻ എം
7. ഹഷ്മിയ കെ
8. ഫാത്തിമ മിൻഹ പി
9. ഫൈഹ എ
10. ഷാന നർഗീസ് കെ
അരീക്കോട് ഉപജില്ല 'സഞ്ചരിക്കുന്ന മാഗസിൻ' പ്രയാണം ആരംഭിച്ചു
അരീക്കോട് ഉപജില്ലയിലെ 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിയുടെ എടവണ്ണ പഞ്ചായത്തിലെ ഉദ്ഘാടനം ജി.എച്ച്.എസ് പന്നിപ്പാറയിൽ നടന്നു.
വിദ്യാരംഗം അരീക്കോട് ഉപജില്ലാ കൺവീനർ അമീൻ അസ്ലഹിൽ നിന്ന് ഹെഡ്മാസ്റ്റർ എം എസ് ഹരിപ്രസാദ് മാഗസിൻ ഏറ്റുവാങ്ങി.
വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ കെ.കെ. ബീന, സജീവ് രാജൻ, ഷഹർബാൻ ഇ, ആതിര പി.ജി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സ്കൂളുകളിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളുടെ രചനകൾ ശേഖരിച്ച് ബൃഹത്തായ ഒരു രചനാ സമാഹാരത്തിന്റെ സൃഷ്ടിക്ക് ഇത് വേദിയൊരുക്കും.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ വിജയകരമായി നടന്നു. ജൂൺ 25-ന് ബുധനാഴ്ച നടന്ന പരീക്ഷയിൽ എട്ടാം ക്ലാസിലെ ആകെയുള്ള 205 കുട്ടികളിൽ 146 വിദ്യാർത്ഥികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കാളിത്തം ഉറപ്പാക്കി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ചോദിച്ചത്. സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തത്. വിദ്യാർത്ഥികളെ ക്ലാസ് ഡിവിഷൻ അനുസരിച്ച് അഞ്ചു ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ഫലം അപ്‌ലോഡ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു. കൈറ്റ് മിസ്ട്രസ് ഷിജിമോൾ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, മറ്റ് ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
സ്പീച്ച് തെറാപ്പി ആരംഭിച്ചു
23/06/25 പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ സമഗ്രശിക്ഷ കേരള ബി.ആർ.സി അരീക്കോടിന്റെ സഹായത്തോടെ 2025-26 അധ്യയന വർഷത്തേക്കുള്ള സ്പീച്ച് തെറാപ്പി ക്ലാസുകൾക്ക് തുടക്കമായി. സംസാര വൈകല്യമുള്ള കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സേവനം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കും സർക്കാർ അംഗീകൃത പ്രീ-പ്രൈമറി സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും ലഭ്യമാണ്.
സംസാരശേഷി വികസിപ്പിക്കുന്നതിനും ഉച്ചാരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്പീച്ച് തെറാപ്പി സഹായകമാകും. വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ ഓരോ കുട്ടിയുടെയും ആവശ്യം മനസ്സിലാക്കി വ്യക്തിഗത ശ്രദ്ധ നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.ഹെഡ്മാസ്റ്റർ എം എസ് ഹരിപ്രസാദ്,സി ആർ സി കോഡിനേറ്റർ സുധ ടീച്ചർ, ശരീഫ ടീച്ചർ, ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. ഈ സംരംഭം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും സാമൂഹിക ഇടപെഴകലിന് അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നതാണ്. ഈ സൗകര്യം ആവശ്യമുള്ള എല്ലാ രക്ഷിതാക്കളും സ്കൂളുമായി ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ലഹരിവിരുദ്ധ ദിനം ആചരിച്ചു
ലഹരിക്ക് എതിരായ പോരാട്ടത്തിന് ഊർജ്ജം പകർന്ന് പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ജൂൺ 26-ന് നടന്ന പരിപാടിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ലഹരിമുക്ത സമൂഹത്തിനായി പ്രവർത്തിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ വായിച്ചു കേൾപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഇ ദിയ ഫാത്തിമ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്തു.
ജെ.ആർ.സി.യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. മലയാളം അധ്യാപിക ബീനയുടെയും കായികാധ്യാപകൻ നിഖിലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൂംബ, ലഘുവ്യായാമം എന്നിവയിൽ പരിശീലനം നൽകി.
ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി.
ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ഗംഭീരമായി
27/06/25
പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ രമേശ് കാവിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ് ഹരിപ്രസാദ് അധ്യക്ഷനായിരുന്ന ചടങ്ങിൽ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഹരിത സേന, ഗാന്ധിദർശൻ, ലഹരിവിരുദ്ധ ക്ലബ്ബ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സോഷ്യൽ സയൻസ്, സയൻസ്, ഗണിതം, പ്രവൃത്തിപരിചയം, ആർട്ട് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളാണ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. പി.ടി.എ. പ്രസിഡന്റ് മൻസൂർ ചോലയിൽ, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കോഡിനേറ്റർ കെ.കെ. ബീന സ്വാഗതവും ഹരിതസേന കോഡിനേറ്റർ എം.വി. നിസാം നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ എല്ലാ ക്ലബ്ബുകളുടെയും പങ്കാളിത്തത്തോടെ കവിതയുടെ നാടകാവിഷ്കാരം, ദേശഭക്തിഗാനം, സെമി ക്ലാസ്സിക്കൽ ഡാൻസ്, അറബിഗാനം, ഉറുദു ഗസൽ, ഇംഗ്ലീഷ് സ്കിറ്റ്, സയൻസ് എക്സ്പെരിമെന്റ്, ഗണിതം ഓട്ടൻതുള്ളൽ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കൂടാതെ, ചിത്രപ്രദർശനവും നടന്നു. പ്രവൃത്തിപരിചയ വിഭാഗം ടീച്ചറുടെ നേതൃത്വത്തിൽ വേദി ആകർഷകമായി അലങ്കരിച്ചിരുന്നു. മുഴുവൻ അധ്യാപകരുടെയും കുട്ടികളുടെയും ആത്മാർത്ഥമായ പങ്കാളിത്തം ക്ലബ്ബ് ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ കലാപരവും സാമൂഹികവുമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഈ ക്ലബ്ബുകൾക്ക് മികച്ച ഭാവി ഉണ്ടാകുമെന്ന് രമേശ് കാവിൽ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
പുതിയ അധ്യയന വർഷത്തിലെ ആദ്യ സിപിടിഎ വിജയകരമായി പൂർത്തിയായി
30/06/25
പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തിലെ ആദ്യത്തെ സിപിടിഎ യോഗം വിജയകരമായി പൂർത്തിയായി. 1 മുതൽ 10 വരെയുള്ള എല്ലാ ക്ലാസുകളിലെയും രക്ഷിതാക്കൾ പങ്കെടുത്ത സംഗമം, സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതു മീറ്റിങ്ങോടെയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ അധികൃതർ പുതിയ അധ്യയന വർഷത്തെക്കുറിച്ചുള്ള പൊതുവായ നിർദ്ദേശങ്ങളും സ്കൂളിന്റെ ലക്ഷ്യങ്ങളും രക്ഷിതാക്കളുമായി പങ്കുവെച്ചു. തുടർന്ന്, ഓരോ ക്ലാസിലെയും വിദ്യാർത്ഥികളുടെ പഠന പുരോഗതിയും മറ്റ് വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുന്നതിനായി ക്ലാസ് അടിസ്ഥാനത്തിലുള്ള സി.പി.ടി.എ യോഗങ്ങൾ അതത് ക്ലാസ് മുറികളിൽ വെച്ച് നടന്നു. സ്കൂളിലെ ആകെ വിദ്യാർത്ഥികളായ 1503 പേരിൽ 80 ശതമാനത്തോളം രക്ഷിതാക്കൾ സംഗമത്തിൽ പങ്കെടുത്തത് സ്കൂളിന്റെ പ്രവർത്തനങ്ങളിലുള്ള അവരുടെ താല്പര്യത്തെയും പ്രതിബദ്ധതയെയും എടുത്തു കാണിക്കുന്നു. വിദ്യാർത്ഥികളുടെ പഠനപരമായ കാര്യങ്ങളും മറ്റു സ്കൂൾ വിഷയങ്ങളും രക്ഷിതാക്കളുമായി നേരിട്ട് ചർച്ച ചെയ്യാനുള്ള ഈ അവസരം, വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായകമാകുമെന്ന് സ്കൂൾ സ്റ്റാഫ് യോഗത്തിൽ അഭിപ്രായപ്പെട്ടു.ഹെഡ്മാസ്റ്റർ, പി.ടി എ ഭാരവാഹികൾ,ക്ലാസ് അധ്യാപകർ, ഓഫീസ് സ്റ്റാഫ്, തുടങ്ങിയവർ നേതൃത്വം നൽകി.
എൽ.എസ്. എസ് പരിശീലനത്തിന് തുടക്കമായി (01/07/2025)
പന്നിപ്പാറ: 2025-2026 അധ്യയന വർഷത്തിലെ എൽ.എസ്.എസ് (LSS) പരിശീലന പരിപാടികൾക്ക് പന്നിപ്പാറ ഹൈസ്കൂളിൽ തുടക്കമായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടാനും ഈ പരിശീലനം സഹായകമാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരിപാടിയിൽ അധ്യാപകരായ ടി.ലബീബ്, ആബിദ, സിയാഉൽ ഹഖ്, റോഷ്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് അധ്യാപകർ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി അവധി ദിവസങ്ങളും രാവിലെയും വൈകുന്നേരവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ഫലം
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കടുത്ത മത്സരമാണ് ഇത്തവണ സ്കൂൾ തലത്തിൽ നടന്നത്. പരീക്ഷയെഴുതിയ 146 പേരിൽ നിന്ന് 40 പേർക്കാണ് പുതിയ ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിക്കുക. ഒരേ മാർക്ക് നേടിയ വിദ്യാർഥികളെ സമയക്രമം അടിസ്ഥാനമാക്കിയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യ റാങ്ക് ജേതാക്കൾ
1.ശ്രീകാർത്തിക എം.എസ് - 8 ഡി
2.ഹുദ നൗറിൻ കെ - 8 ഇ
3.ഹഷ്മിയ കെ 8 - A
എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം:ജില്ലാ പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി(2/7/25)
2025 എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള ജില്ലാ പഞ്ചായത്ത് അവാർഡ് പന്നിപ്പാറ ഹൈസ്കൂളിനും ലഭിച്ചു. സ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ രംഗത്ത് പന്നിപ്പാറ ഹൈസ്കൂളിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാണിത്. വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും, അധ്യാപകരുടെ അർപ്പണബോധവും, രക്ഷിതാക്കളുടെയും പി.ടി.എയുടെയും പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ട്. സ്കൂളിന്റെ ഈ നേട്ടം നാടിന് അഭിമാനമായി.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
03/07/25 പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു.
എൽപി, യുപി, എച്ച്എസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മൂന്നു വിഭാഗങ്ങളിലുമായി 300 ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ അറബി ഭാഷാ പരിജ്ഞാനം വർദ്ധിക്കുക, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുക, മത്സരബുദ്ധി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ടാലന്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
അധ്യാപകരായ എൻ നുസ്റത്ത്, പി സി സിദ്ധീഖലി, വി നിസാം, ഫിറോസ് ഖാൻ, ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
ഉപജില്ലാ തലത്തിലേക്ക് യോഗ്യത നേടിയവർ
നാജിയ പി 10 ഇ (എച്ച്.എസ് )
സിദ്റത്തുൽ മുൻതഹാ 7 ബി (യു.പി )
ഹാദി സമാൻ 4 ബി (എൽപി)
ജെആർസി കേഡറ്റ് സെലക്ഷൻ ടെസ്റ്റ്
പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ ഈ വർഷത്തെ എട്ടാം ക്ലാസിലെ ജെ ആർ സി കേഡറ്റുകളുടെ സെലക്ഷൻ ടെസ്റ്റ് 07/07/2025 തിങ്കളാഴ്ച നടന്നു.110 കുട്ടികൾ രജിസ്റ്റർ ചെയ്തു. 104 പേർ പരീക്ഷയിൽ പങ്കെടുത്തു. അതിൽ 60 പേർ ജെ ആർ സി കേഡറ്റുകളായി പ്രവേശനം നേടി.20 മാർക്കിന്റെ പരീക്ഷയിൽ16 മാർക്ക് നേടി ദിയ ഫാത്തിമ കെ പി 8എഫ്, ഫാത്തിമ മിൻഹ പി 8ഇ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
10/07/25
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഈ കാലഘട്ടത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, കൈറ്റ് മെൻ്റർമാരായ കെ. ഷിജിമോൾ, പി.സി. സിദ്ധിഖ് അലി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കൾ പൂർണ്ണ പിന്തുണ അറിയിച്ചു. കൂടാതെ, പുതിയ ബാച്ചിന് മികച്ച യൂണിഫോം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
ഹെൽത്ത് പ്രൊട്ടക്ഷൻ യൂണിറ്റ് രൂപീകരിച്ചു
10/07/25
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനും സ്കൂൾ പരിസരത്ത് ലഹരി ഉത്പന്നങ്ങൾ ലഭ്യമല്ലെന്ന് ഉറപ്പാക്കുന്നതിനുമായി പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ ഹെൽത്ത് പ്രൊട്ടക്ഷൻ യൂണിറ്റ് രൂപീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻ്റ്, വിദ്യാർത്ഥികളുടെ പ്രതിനിധികൾ, നാർക്കോട്ടിക് കൺവീനർ,സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, ഹബീബ് റഹ്മാൻ, ഹരിത സേന കൺവീനർ നിസാം, ലഹരി വിരുദ്ധ സേന കൺവീനർ നിഖിൽ, ഷീജ, സിയാഹുൽ ഹഖ്, സ്കൂൾ ലീഡർ, സ്കൂൾ പരിസരത്തെ വ്യാപാരികൾ, ഹെൽത്ത് കൺവീനറായ ജിഷിത ടീച്ചർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. ഈ യൂണിറ്റ് കുട്ടികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും സ്കൂൾ പരിസരത്ത് ലഹരിയുടെ ലഭ്യത ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം.
സ്കൂൾതല യു എസ് എസ് പ്രവേശന പരീക്ഷ
10/07/25
പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ യുഎസ്എസ് പ്രവേശന പരീക്ഷ നടത്തി. ഏഴാം ക്ലാസിലെ 140 വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 7 എയിലെ അനുപ്രിയ, 7 ബിയിലെ തനൂജ, 7 എഫ് ലെ ഐഫ ഫാത്തിമ എന്നിവർ മികച്ച സ്കോറുകൾ നേടി ഒന്നാം സ്ഥാനത്തിന് അർഹരായി. അധ്യാപകരായ സാജിത, ഹബീബ് റഹ്മാൻ,നിസാം, സരിത, ജസ്ന, അശ്വതി, ജിഷിത, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.
മികച്ച പ്രകടനം കാഴ്ചവെച്ച 50 വിദ്യാർത്ഥികൾക്ക് ഈ വർഷം ശാസ്ത്രീയവും കാര്യക്ഷമവുമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺവീനർമാരായ സാജിത ടീച്ചറും, ജുനിഷ ടീച്ചറും അറിയിച്ചു.
യു.എസ്. എസ് പരിശീലനത്തിന് തുടക്കമായി
14/07/25
പന്നിപ്പാറ: 2025-2026 അധ്യയന വർഷത്തിലെ യു.എസ്.എസ് (USS) പരിശീലന പരിപാടികൾക്ക് പന്നിപ്പാറ ഹൈസ്കൂളിൽ തുടക്കമായി. ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ പഠനത്തിൽ മിടുക്കരാക്കുമെന്നും സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടാൻ അവരെ പ്രാപ്തരാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും സ്കൂളിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പരിപാടിയിൽ അധ്യാപകരായ സാജിത , ഹബീബ് റഹ്‌മാൻ, ഡി ഷീജ, ജിഷിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അധ്യാപകർ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി അവധി ദിവസങ്ങളും രാവിലെയും വൈകുന്നേരവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു
17/07/25
പന്നിപ്പാറ: പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ പത്താംതരം വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഭാവി പഠനത്തിനും തൊഴിലിനും വഴികാട്ടിയാകുന്ന ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകനും വിദഗ്ധ മോട്ടിവേഷൻ ട്രെയിനറുമായ നാരായണൻ ഉണ്ണിയാണ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകിയത്. വിദ്യാർഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാനും അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമായി. കരിയർ ഗൈഡൻസ് ക്ലാസിന് സ്കൂൾ ഗണിതാധ്യാപിക കെ. ഷിജി നേതൃത്വം നൽകി. പത്താംതരം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ പഠന ശാഖകളെക്കുറിച്ചും ഓരോ മേഖലയിലെയും തൊഴിൽ സാധ്യതകളെക്കുറിച്ചും വിശദമായ വിവരങ്ങൾ ക്ലാസിൽ നൽകി. ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി സി. അബൂബക്കർ, പി. അബ്ദുറഹ്മാൻ, കെ.കെ. ബീന തുടങ്ങിയവർ നേതൃത്വം നൽകി.
ഡിജിറ്റൽ സ്കൂൾ പത്രം പ്രകാശനം ചെയ്തു
പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ സ്കൂൾ പത്രം ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പ്രകാശനം ചെയ്തു. സ്കൂളിലെ ഒരു മാസത്തെ പ്രധാന പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ തയാറാക്കിയ പത്രമാണിത്. വിദ്യാർഥികളുടെ പത്രപ്രവർത്തനത്തിലുള്ള കഴിവും സ്കൂളിന്റെ മികവുകളും ഈ ഡിജിറ്റൽ പത്രത്തിലൂടെ വ്യക്തമാക്കുന്നു. ഡിജിറ്റൽ രൂപത്തിലുള്ള പത്രത്തിന്റെ ഹാർഡ് കോപ്പിയാണ് പ്രകാശന ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തത്. ചടങ്ങിൽ അധ്യാപകരായ സുരേഷ് ബാബു, പി. മുഹമ്മദ്, അബ്ദുറഹ്മാൻ, ആതിര, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ പി.സി. സിദ്ദിഖലി, കെ. ഷിജിമോൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ജൈവകൃഷി വിളവെടുപ്പ്
പന്നിപ്പാറ: പ്രകൃതിയോട് ഇണങ്ങി, മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യാൻ പഠിച്ച് പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷി വിളവെടുപ്പ് കുട്ടികൾ ഉത്സവമാക്കി മാറ്റി. പൂർണ്ണമായും ജൈവവളം ഉപയോഗിച്ച് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത വഴുതന, ചേമ്പ്, വെണ്ട തുടങ്ങിയ പച്ചക്കറികളിൽ, വഴുതനയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. വിദ്യാർത്ഥികളെ ജൈവകൃഷി രീതി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത സേന ക്ലബ്ബ് ഈ പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് ഉത്സവത്തിൽ പ്രധാന അധ്യാപകൻ എം.എസ്. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹരിത സേന കോർഡിനേറ്റർ നിസാം, അധ്യാപകരായ ഫർസാന, നുസ്രത്ത്, വിദ്യാർത്ഥി പ്രതിനിധികളായ അജ്ലാൽ, ഫെല്ല നിസ്റിൻ, ഹംന, മുഹമ്മദ് ശാദുലി എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയിൽ പന്നിപ്പാറ ഹൈസ്കൂൾ
പന്നിപ്പാറ: നാടിൻ്റെ അഭിമാനമായ പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശസ്നേഹത്തിൻ്റെയും പുതുതലമുറയുടെ ആവേശത്തിൻ്റെയും നേർക്കാഴ്ചയായി മാറിയ ചടങ്ങുകൾക്ക് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചു. പ്രധാനാധ്യാപകൻ എം.എസ്. ഹരി പ്രസാദ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് അദ്ദേഹം നൽകിയ സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികളിൽ ദേശസ്നേഹത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. നമ്മുടെ പൂർവ്വികർ അനുഭവിച്ച ത്യാഗങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും, അത് കാത്തുസൂക്ഷിക്കാൻ ഓരോ വിദ്യാർത്ഥിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പി.ടി.എ. പ്രസിഡൻ്റ് . മൻസൂർ ചോലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ അൻവർ ആലങ്ങാടൻ, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ സുരേഷ് ബാബു, പി. മുഹമ്മദ്, ഹബീബ് റഹ്മാൻ, നിസാം എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ നിയാസ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ, എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മകൾ പുതുക്കിയും, രാജ്യത്തിൻ്റെ ശോഭനമായ ഭാവിക്കായി സ്വയം സമർപ്പിച്ചും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. ചടങ്ങുകളുടെ ഭാഗമായി മധുരവിതരണവും നടന്നു.