ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിദ്യാരംഗം/2025-26
| Home | 2025-26 |
വായന അറിവിന്റെ വെളിച്ചം...
ജൂൺ 19 വായനദിനം നേര്യമംഗലം ജി വി എച്ച് എസ് എസ് ൽ വിപുലമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രഥമാധ്യാപിക പ്രീതി ടീച്ചർ വായനദിന സന്ദേശം നൽകി. കതിരാവണോ പതിരാവണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും വായനയിലൂടെ നമുക്ക് കതിരാവാൻ ശ്രമിക്കാം എന്നുമുള്ള വലിയ സന്ദേശം ടീച്ചർ കുട്ടികൾക്ക് പകർന്നു നൽകി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി എബൽ എം ജേക്കബ് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർത്ഥികൾ വ്യത്യസ്ത ഭാഷകളിലുള്ള പ്രസംഗങ്ങൾ, കവിതാലാപനം, ഗുണപാഠകഥാവതരണം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.NMMS പരീക്ഷയിൽ വിജയിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനാമിക സത്യന് ഹെഡ്മിസ്ട്രസ് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും എച്ച്. എം. നിർവഹിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരങ്ങൾ, ക്വിസ് മത്സരം, വായനമത്സരം, പോസ്റ്റർ രചന, 'ഇന്നത്തെ ചോദ്യം' എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
പുതുവായനയുടെ ലഹരിയുമായി വായനക്കൂട്ടം
വായനാദിനത്തോടനുബന്ധിച്ച് പുതിയ കൃതികളുടെ വായനയ്ക്കും ആസ്വാദനത്തിനുമായി ഒരു വായനക്കൂട്ടം രൂപീകരിച്ചു. വായനാതാൽപര്യമുള്ള കുട്ടികൾ ചെറു കൂട്ടങ്ങളായി ലൈബ്രറിയിൽ ഒത്തുകൂടി ശ്രാവ്യ വായന നടത്തുകയാണ് ലക്ഷ്യം.അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ നോവലായ 'രാത്രി 12 നു ശേഷം' എന്ന പുസ്തകം വായിച്ചു കൊണ്ടാണ് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. റാം കെയർ ഓഫ് ആനന്ദി, പട്ടുനൂൽപ്പുഴു, ആത്രേയകം, തോട്ടുങ്കരപ്പോതി, ഊരുക്കു പോകലാം കണ്ണേ തുടങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങൾ ഇതിനായി ലൈബ്രറിയിൽ ഒരുക്കിയിരുന്നു. കുട്ടികളിലെ വായനാ താൽപര്യം മെച്ചപ്പെടുത്തുക, ശ്രാവ്യ വായനയിലൂടെ ഭാഷാശേഷികൾ കൈവരിക്കുക, ആസ്വാദന നിലവാരം വർദ്ധിപ്പിക്കുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ 'വായനക്കൂട്ടം' എന്ന കൂട്ടായ്മയിലൂടെ നടപ്പിലാക്കാൻ സാധിച്ചു. വായനവാരത്തിനു ശേഷവും കൂട്ടായ്മ തുടരണം എന്നാണ് കുട്ടികളുടെ അഭിപ്രായം.പുതിയ പുസ്തകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതുവഴി അവരിൽ പുസ്തക വായനയ്ക്കുള്ള താല്പര്യം വർധിപ്പിക്കുകയു മായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. വായനക്കൂട്ട ത്തിന്റെ പ്രവർത്തനങ്ങൾക്ക് മലയാള അധ്യാപികയായ ശ്രീമതി ശ്രീലക്ഷ്മി വി ആർ നേതൃത്വം നൽകി.
സ്കൂൾ മുറ്റത്തെ എഴുത്തുമരം
സ്വന്തം കൈപ്പടയിൽ എഴുതിയ അക്ഷരങ്ങളും കവിതകളും വായനാനുഭവങ്ങളും നിറച്ച് സ്കൂൾ മുറ്റത്തൊരു എഴുത്തുമരം സൃഷ്ടിച്ചിരിക്കുകയാണ് നേര്യമംഗലം ജി വി എച്ച് എസ് എസ് ലെ വിദ്യാർത്ഥികൾ. ഒന്നു മുതൽ 10 വരെയുള്ള എല്ലാ ക്ലാസിലെയും കുട്ടികൾ ഈ എഴുത്തു മരത്തിന്റെ ഭാഗമായി. പ്രകൃതിയോടിണങ്ങിയ ഒരു അറിവനുഭവമാണ് എഴുത്തു മരത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്.
അറിഞ്ഞും അറിയിച്ചും ...
വായനാദിനത്തോടനുബന്ധിച്ച് നേര്യമംഗലം ജി വി എച്ച് എസ് എസ് ലെ വിദ്യാർത്ഥികൾ പ്രസംഗ പരമ്പര സംഘടിപ്പിച്ചു. അന്നേദിവസം കൂടിയ അസംബ്ലിയിൽ വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ കുട്ടികൾ പങ്കുവെച്ചു. അമൃത മരുത്, അതുല്യ പ്രദീപ്, ആബേൽ ജോസഫ്, ആൻ മരിയ സിനോജ്, അനുപ്രിയ, ഫ്രാങ്കോ വിനീഷ്, പൂജ ബിജോയ് എന്നിവർ മലയാളത്തിലും അഭിനന്ദ സലി ഇംഗ്ലീഷിലും ആർച്ച ഹിന്ദിയിലും വായനാദിന സന്ദേശങ്ങൾ കൈമാറി. ഓരോ പ്രസംഗവും കുട്ടികളിലേക്ക് അറിവ് എത്തിക്കുക മാത്രമല്ല കുട്ടികളിലെ സഭാകമ്പം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. പൊതുവേദികൾ ഭയത്തോടെ മാത്രം നോക്കിക്കാണുന്ന ആധുനിക സമൂഹത്തിൽ കുട്ടികൾക്ക് ഭയരഹിതരായി നിന്ന് സ്വന്തം ആശയങ്ങൾ തുറന്നുപറയാൻ സാധിക്കുന്ന ഒരു വേദികൂടിയാണ് പ്രസംഗവേദികൾ. വിവിധ ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ ഈ പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.
ഇന്നത്തെ ചോദ്യം
വായന വാരവുമായി ബന്ധപ്പെട്ട് പ്രതിദിന ചോദ്യപരിപാടിയായ'ഇന്നത്തെ ചോദ്യം' സംഘടിപ്പിച്ചു വരുന്നു. സമകാലിക വിഷയങ്ങളിൽ കുട്ടികൾക്ക് ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രശ്നോത്തരി മത്സരം കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു.കല, സാഹിത്യം, സിനിമ,രാഷ്ട്രീയം, സംസ്കാരം, സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് മത്സരം.രാവിലെ നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യത്തിന്റെ ഉത്തരം വൈകുന്നേരത്തിനുള്ളിൽ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കണം.വിജയിയെ നറുക്കെടുപ്പിലൂടെതെരഞ്ഞെടുക്കും. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി സാന്ദ്രമോൾ സജി ഒന്നാം ദിവസത്തെ വിജയിയായി.