Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/മൂന്നാം സ്ഥാനം
വിഷയം:ഒരു മിസ്ഡ് കാളിന്റെ ദൂരം
കാംബോജിയ്‍ക്കും അപ്പുറം ഇളം കാപ്പി നിറത്തില്‍,തടിച്ച്ഉരുണ്ട ഒരു കരടിക്കുട്ടന്റെ പാവയാണ് ഞാന്‍ അവസാനമായി എടുത്തുവെച്ചത്. അതിന്റെ കഴുത്തിലെ ചുവന്ന പട്ട തെളിഞ്ഞ നിലാവില്‍ ചെറുതായി തിളങ്ങുന്നുണ്ട്.ഒാട്ടോഗ്രാഫുകള്‍,പലരുമൊത്തുള്ള ഫോട്ടോകള്‍,പ്രിയപ്പെട്ട പുസ്‍തകങ്ങള്‍.... ഒാര്‍മകളാണല്ലോ പണത്തിനെക്കാളും പ്രധാനം."ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍" അലമാരയിലെ ചില്ലിനു പിറകില്‍ നിന്നും ഞാന്‍ പുറത്തെടുത്തു. ആദ്യത്തെ പെജില്‍, ചതുരവടിവിലെ അക്ഷരങ്ങളില്‍ കറുത്ത മഷികൊണ്ട് സ്നേഹപൂര്‍വം അമ്മ എന്ന് എഴുതിയിരുന്നു. എനിക്കോര്‍മയുണ്ട്, എന്റെ പതിനൊന്നാം പിറന്നാളിന് അമ്മ തന്നതാണാ പുസ്തകം. നാലുകെട്ടിന്റെ ഒന്നാം പേജില്‍ അച്ഛന്റെ നീണ്ട ഒപ്പ്. പത്തില്‍ പഠിക്കുമ്പോഴാണ് ആച്ഛനത് തന്നത് ഇപ്പോള്‍ ഇട്ടിരിക്കുന്നയീ ഇളം നീല ചുരിദാര്‍ കഴിഞ്ഞ പിറന്നാളിന് രണ്ട് പേരും കൂടി വാങ്ങിത്തന്നതാണ്.എവിടെത്തിരിഞ്ഞാലും അച്ഛനും അമ്മയും മാത്രമാണല്ലോ പക്ഷേ അവനിവിടെ കാത്തിരിക്കുകയാണ്.ഫോണെടുത്ത് ഒന്ന് വിളിച്ചാല്‍ മതി.ഇനി ഞങ്ങള്‍ക്കിടയില്‍ ഫോണ്‍കമ്പിയുടെ വേലിക്കെട്ടുകളില്ല.പറഞ്ഞ സമയം കഴിഞ്ഞതിനാലാവണം,അവന്റെ മെസ്സേജ് ഫോണിലേക്ക് വീണു.മിസ്‍ഡ് കോളുകള്‍,മേസേജുകള്‍ അങ്ങനെയൊക്കെയാണ് ഞാനവനെ അറിഞ്ഞത്. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷമുള്ള ഒരു വിഷുവിനാണ് അച്ഛനും അമ്മയും എനിക്ക് ഫോണ്‍ വാങ്ങിത്തന്നത്. എന്നെ അധികമാരും വിളിക്കാഞ്ഞതിനാല്‍ ഇങ്ങോട്ടു വന്ന മിസ്ഡ് കോളുകളിലെ നമ്പറുകളിലേക്കെല്ലാം ഞാന്‍ തിരികെ വിളിച്ചു.മിക്കപ്പോഴും അതെല്ലാം മറ്റാര്‍ക്കെങ്കിലുമുള്ള വിളികളായിരുന്നു. ഒളിച്ചും പൊത്ത് കളിക്കുന്ന രസത്തില്‍ ഞാനവരെ പറ്റിച്ചു.ഫോണുകളുടെ അകലം നല്‍ക്കുന്ന സുരക്ഷിതത്വത്തില്‍ ഞാനവരോട് എനിക്ക് തോന്നിയതെല്ലാം പറഞ്ഞു. ആ കളിയിലെ രസം മൂത്ത ഒരു ദിവസമാണ് ഞാനവന്റെ ഫോണിലേക്ക് വിളിച്ചത്.അന്ന് രാവിലെ എന്റെ ഫോണിലേക്ക് വന്ന ഏതോ ഒരു പത്തക്ക ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു ആദ്യമെനിക്കവന്‍.ഫോണെടുത്തയുടന്‍ കാംബോജിയില്‍ പതിഞ്ഞ ഒരു പദം കനമുള്ള ഒരു ആണ്‍ശബ്ദം പാടിത്തുടങ്ങി. ഒന്നും പറയാനാവാതെ ഞാനതില്‍ പഞ്ഞിമിഠായിപോലെ അലിഞ്ഞു പോയി.അങ്ങേത്തലയ്‍ക്കല്‍ വീണയുടെ നേര്‍ത്ത ശബ്ദവും ഞാന്‍ കേട്ടു. എല്ലാം നിലച്ചതിനു ശേഷവും നിശബ്ദമായ സംഗീതം ഉയരുന്നുണ്ട്. "കാര്‍ത്തികേ"...എന്റെ പേര് ഇത്രയും മധുരമായി വിളിക്കാം എന്ന് ഞാനറിഞ്ഞിരുന്നില്ല ഇതുവരെ.പിന്നെ അവന്‍ സ്വയം പരിചയപ്പെടുത്തി.ഏതോ ഒരുത്സവത്തിന്റെ വെടിക്കെട്ടിനിടയില്‍ എന്നെ ആദ്യമായി കണ്ടതിനെ കുറിച്ച് പറഞ്ഞു. അന്ന് ഞാനിട്ടിരുന്ന,ഇളം പച്ചയില്‍ വെളുത്ത മയിലുകളും നീല മയില്‍പ്പീലികളുമുള്ള പട്ടുപാവാടയുടെ ഞൊറിവുകളുടെ ഉലച്ചിലും കുഞ്ഞു ജിമിക്കിയുടെ ആട്ടങ്ങളും തിളക്കം മാറാത്ത പാദസരത്തിന്റെ കിലുക്കവും അവനിന്നും ഓര്‍ക്കുന്നതായി പറഞ്ഞു.ഇടം കവിളിലെ മറുക്അവനെ മോഹിപ്പിച്ചതായും അവന്റെ വീണയുടെ താളം എന്റെ ഹൃദയതാളമായി മാറിയത് നേരിയെ അല്‍ഭുതത്തോടെ നറിഞ്ഞു."ദേ,വേണ്ടാതീനോന്നും കാട്ടണ്ടാട്ടോ.ഇത്‍വരെ കണ്ടിട്ടില്ലാത്ത മര്യാദക്കൊന്ന് മിണ്ടീറ്റുകൂടില്ലാത്ത അറിയാത്ത ചെക്കന്‍മാരോട് വര്‍ത്താനം പറേന്നത് പൊട്ടത്തരം തന്ന്യാന്നേ",പിറ്റേന്നത് പറഞ്ഞപ്പോള്‍ ഷാഹിന പറഞ്ഞു.അവളുടെ കറുത്ത തട്ടവും മൈലാഞ്ചികൈയും കൂട്ടുപുരികവും വേണ്ടാ വേണ്ടാന്ന് എന്നെ വിലക്കി.പക്ഷേ, കല്യാണിയും കാംബോജിയും എനിക്ക് ധൈര്യം പകര്‍ന്നു. സ്വരഭേദങ്ങളുടെ കയറ്റിറക്കങ്ങളില്‍ ഞാന്‍ ഞാനല്ലാതായി. ഒരു സ്വാതിതിരുന്നാള്‍ കീര്‍ത്തനം അവന്‍ പാടുന്നത് ഞാന്‍ കേള്‍ക്കുമ്പോള്‍ അമ്മ അടുത്തുവന്നു.അവന്റെ ശബ്ദം അമ്മ കേട്ടു.പക്ഷേ ഒന്ന് സംശയിക്കുക്ക കൂടി ചെയ്യാതെ അമ്മ എന്നോട് സ്നേഹപൂര്‍വം ചിരിച്ചു. "അച്ഛന്‍ നിനക്ക് പരിപ്പുവട കൊണ്ട‍്‍വന്നിട്ടുണ്ട്. നീ വേഗം വാട്ടോ". അമ്മയത് പറഞ്ഞുകഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു സങ്കടം എന്നെ പൊതിഞ്ഞു. അന്ന് തന്നെ ഞാന്‍ അവനോട് പറഞ്ഞു "നമുക്ക് പോകാം "എങ്ങോട്ടെന്നവന്‍ ചോദിച്ചില്ല. ഞാന്‍ പറഞ്ഞുമില്ല. എന്റെ ഫോണില്‍ മിസ്ഡ്കോളുകള്‍ എന്നും വരുന്നത് അച്ഛന്‍ ശ്രദ്ധിച്ചു. "ആരാ മോളേ എന്നും മിസ്ഡ്കോള്‍ മാത്രം അടിക്കുന്ന പിശുക്കന്‍? കണ്‍മഷിയിട്ട് കറുപ്പിച്ച മീശകൂടി ഇളക്കി അച്ഛന്‍ ചിരിച്ചു. സ്നേഹത്തോടെ ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചു. ഒരു സ്വര്‍ണച്ചെമ്പകമായി അവനെന്നില്‍ അപ്പോഴും പൂത്തുലഞ്ഞു. ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു, ഇന്ന് അതെ ,ഇന്ന്. ഇന്നാണ് ഈ വീട്ടിലെ എന്റെ അവസാന രാത്രി. ഇനി ചാരനിറത്തില്‍ പച്ചക്കണ്ണുകളുള്ള എന്റെ സുന്ദരിപൂച്ചയില്ല. കിടപ്പുമുറിയിലെ ജാലകത്തിനപ്പുറത്തെ ചതുര ആകാശമില്ല. ഇതുവരെ ചിരിച്ചിട്ടില്ലാത്ത അയല്‍കാരി വല്യമ്മയില്ല. പറമ്പിന്റെ കിഴക്കെ അതിരായി അച്ഛനൊപ്പം ഞാന്‍ നട്ട മൊട്ടുചെമ്പരത്തികളില്ല. അമ്മയുടെ ചീത്തപറച്ചിലുകളും അച്ഛന്റെ കളിയാക്കലുകളുമില്ല. അല്ല,അച്ഛനും അമ്മയും തന്നെയിനിയില്ലല്ലോ എന്റെ ജീവിതത്തില്‍. എന്റെയുള്ളില്‍ ഒരു ചില്ലുപാത്രമുടഞ്ഞു.അതിന്റെ ചില്ലുകള്‍ കുത്തിക്കേറി ഹൃദയം മുറിഞ്ഞു. ഒരു മിസ്ഡ്കോളിന്റെ അകലത്തിലേ എനിക്കവനെഅറിയൂ.ഇതുവരെ കണ്ടിട്ടില്ല ഞാന്‍.അവന്‍ ചിരിക്കുന്നതെങ്ങനെ, കണ്ണുകളെങ്ങനെ, കഷണ്ടിയുണ്ടോ എന്നോന്നും അറിയില്ല. ആ മിസ്ഡ്കോളിന്റെ ദൂരം കുറവാണെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ ജനിച്ചയന്നുമുതല്‍ ഞാന്‍ അറിയുന്ന രണ്ടുപേര്‍ ഒരു വാതിലിനപ്പുറത്ത് ഉറങ്ങിക്കിടക്കുന്നു.അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയിലേക്ക് ഞാന്‍ മിണ്ടാതെ, ശബ്ദമുണ്ടാകാതെ കടന്നു ചെന്നു. നടുവേദന ഉള്ളത്കൊണ്ട് അച്ഛന്‍ നിലത്താണ് കിടക്കുന്നത്. കൂര്‍ക്കം വലിക്കനുസരിച്ച് ഉയര്‍ന്നു താഴുന്ന കുഞ്ഞികുടവയര്‍. അച്ഛന്റെ വയറ്റില്‍ കിടന്നുറങ്ങാന്‍ എനിക്കിഷ്ടമായിരുന്നു. അമ്മയൊന്നു തിരിഞ്ഞു കിടന്നു. വിണ്ടുകീറിയ കാല്‍പ്പാദങ്ങള്‍ക്കു മുകളിലേക്ക് ഞാന്‍ കമ്പിളിയിട്ടു കൊടുത്തു. നാല് മണിക്കെണീറ്റ് പഠിക്കുമ്പോള്‍ എനിക്കു മുമ്പേയുണര്‍ന്ന് കാപ്പി വെക്കുകയും ഞാനുറങ്ങാതിരിക്കാന്‍ പാതിരാകഴിഞ്ഞിട്ടും ഉറക്കം തൂങ്ങിക്കൊണ്ട് കൂട്ടിരിക്കുകയും ചെയ്യുന്ന അമ്മയെ ഞാന്‍ ഒാര്‍ത്തു. നടുവേദന മറന്ന് എനിക്കുവേണ്ടി ബസ്സ് ഒാടിപ്പിടിക്കുന്ന അച്ഛനെ ഞാന്‍ ഒാര്‍ത്തു.ഞങ്ങള്‍ മൂവരും ഒന്നിച്ച് നട്ട മഞ്ഞമന്ദാരങ്ങളെയോര്‍ത്തു. ഞാന്‍ തിരിച്ച് നടന്നു. കരടിക്കുട്ടനെയും പുസ്തകങ്ങളെയും അലമാരയില്‍ തിരികെവെച്ചു തുടങ്ങി. ദൂരെ ഒരു കാംബോജി നിശബ്ദതയില്‍ വീണുടഞ്ഞു.
[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം മലയാളം കഥാരചന ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]] |