ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/എന്റെ ഗ്രാമം
കോക്കൂർ ഗ്രാമം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് കോക്കൂർ.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ ഗ്രാമപഞ്ചായത്താണ് ആലംകോട് ഗ്രാമപഞ്ചായത്ത്. ആലംകോട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 20.53 ചതുരശ്രകിലോമീറ്റർ ആണ്
ഭൂമിശാസ്ത്രം
ആലംകോട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ
- കിഴക്ക് - പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, കപ്പൂർ പഞ്ചായത്തുകളും തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തും.
- പടിഞ്ഞാറ് - നന്നംമുക്ക്, എടപ്പാൾ പഞ്ചായത്തുകൾ.
- തെക്ക് - നന്നംമുക്ക് പഞ്ചായത്തും തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകളും.
- വടക്ക് - എടപ്പാൾ, വട്ടംകുളം, കപ്പൂർ (പാലക്കാട്) പഞ്ചായത്തുകൾ
കാളാച്ചാൽ, കക്കിടിക്കൽ , കക്കിടിപ്പുറം, തച്ചുപറമ്പ്, മാന്തടം, ആലംകോട്, ഉദിനിപറമ്പ്, ചിയാനൂർ , കോക്കൂർ നോർത്ത്, കോക്കൂർ , കോക്കൂർ വെസ്റ്റ്, പാവിട്ടപ്പുറം, ഒതളൂർ , കിഴിക്കര, പള്ളിക്കുന്ന്, ചങ്ങരംകുളം ഈസ്റ്റ്, ചങ്ങരംകുളം വെസ്റ്റ്, പെരുമുക്ക്, പന്താവൂർ എന്നിങ്ങനെ പത്തൊമ്പത് വാർഡുകൾ ആലംകോട് പഞ്ചായത്തിലുണ്ട്.
കോക്കൂർ നോർത്ത്, കോക്കൂർ, കോക്കൂർ വെസ്റ്റ് എന്നിങ്ങനെ മൂന്ന് വാർഡുകൾ കോക്കൂരിനെ ആലംകോട് ഗ്രാമപഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നു.തൃശൂർ,പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമാണിത്.
കോക്കൂർ ഗ്രാമത്തിന്റെ സ്ഥാനം
തൃശ്ശൂർ - കോഴിക്കോട് ഹൈവേയിൽ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം. തൃശ്ശൂർ, പാലക്കാട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് ആനക്കര, കുറ്റിപ്പുറം പ്രദേശങ്ങളാണ്.
ശ്രദ്ധേയരായ വ്യക്തികൾ
ഗ്രാമത്തിലെ പ്രശസ്തനായ ഒരു കവിയും എഴുത്തുകാരനുമാണ് ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആണ്.1960 ഫെബ്രുവരി 1-ന് വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.1981 ൽ എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രസംഗകനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്. 1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ് നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന "മാമ്പഴം" എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.
കോക്കൂർ ഗ്രാമത്തിലെ സ്ഥാപനങ്ങൾ
- കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ് കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ എന്നിവ നിലകൊള്ളുന്നത്.
- കിഴക്കോട്ടുള്ള വഴിയിൽ ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ സ്ഥിതി ചെയ്യുന്നു.
- കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ് സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്.