ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ
അർപ്പണ ബോധമുള്ള അധ്യാപിക
മലയാള ഭാഷയിലും സാഹിത്യത്തിലും കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ടീച്ചർക്ക് കൂട്ടുകാരെ ഒന്നാം റാങ്കിലെത്തിക്കാനുള്ള അധ്യാപനതന്ത്രങ്ങൾ നന്നായി അറിയാം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന സപര്യയിൽ പലവട്ടം അത് തെളിയിച്ചിട്ടുണ്ട്. എല്ലാവരും പഠിക്കണമെന്നും അധ്യാപകരായി ജോലി ചെയ്യണമെന്നുമാഗ്രഹിക്കുന്ന നേമം ഗവ യു പി എസി ൽ 17 വർഷം മുമ്പാണ് സ്വന്തം മക്കളെയും കൂട്ടി മായടീച്ചർ അധ്യാപികയായെത്തുന്നത്. ഒരു മായയുമില്ലാതെ, ആകുലതകളില്ലാതെ നിശ്ചയദാർഢ്യത്തോടെ അധ്യാപന വൃത്തിയോട് കൂറുപുലർത്തി. 40 ലേറെ അധ്യാപകരുള്ള ഒരു വിദ്യാലയത്തിലെ എസ്. ആർ.ജി കൺവീനറെന്ന നിലയിൽ ഒരു അക്കാദമിക് ലീഡറെപ്പോലെ സഹപ്രവർത്തകർക്ക് ദിശാബോധം നൽകി. പരിഭവമില്ലാതെ, നിർദേശങ്ങൾക്ക് കാത്തുനില്ക്കാതെ സമയബന്ധിതമായി സ്വന്തം കർത്തവ്യങ്ങൾ തിരിച്ചറിഞ്ഞ് നിറവേറ്റി. പ്രിയപ്പെട്ട മായ ടീച്ചർക്ക് വിരമിക്കാൻ അഞ്ചുമാസം മാത്രം ബാക്കി നിൽക്കെ അവിചാരിതമായൊരു സ്ഥാനക്കയറ്റം. പത്തനംതിട്ടയിൽ നിന്ന് തലസ്ഥാന ജില്ലയിലെത്തിയില്ലെങ്കിൽ എന്നേ കിട്ടേണ്ടതായിരുന്നു ഇത്.
അഭിമാന വിദ്യാലയത്തിലെ അധ്യാപകരുടെ ഹാജർപുസ്തകത്തിൽ അവസാനമായി കൈയൊപ്പിട്ട് ടീച്ചർ ഇന്ന് വിദ്യാലയം വിട്ടിറങ്ങി. സമുചിതമായ യാത്രയയപ്പാണ് സഹപ്രവർത്തകർ ഒരുക്കിയത്. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി ഈ ഗുരുനാഥ കുട്ടികളുടെയും സഹപ്രവർത്തകരുടെയും ഹൃദയത്തിലുണ്ടാവും.
നാടിന്റെ അഭിമാന വിദ്യാലയം.

