എന്റെ കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nancy Geweljohnc (സംവാദം | സംഭാവനകൾ) ('കൊല്ലം കേരളത്തിലെ ഒരു നഗരമാണ്. കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്‍ലോൺ (Quilon) എന്നും ദേശിങ്ങനാട്എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു.[4] പത്തൊമ്പതാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊല്ലം കേരളത്തിലെ ഒരു നഗരമാണ്. കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്‍ലോൺ (Quilon) എന്നും ദേശിങ്ങനാട്എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു.[4] പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു.

പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം.[5] കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു[6]. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളിൽ നില നിന്നിരുന്ന കാലമുണ്ടായിരുന്നു. കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട് [7]

കൊല്ലം നഗരത്തിന് കൊല്ലവർഷത്തേക്കാൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചത് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ് കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. (എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷം ആരംഭിച്ചു.) [8] ഇൻഡ്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.[9] ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ൽ കൊല്ലത്ത് സ്ഥാപിതമായി. ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ (തമ്പിരാൻ വണക്കം) എന്ന ആദ്യ ഭാരതീയഭാഷാപുസ്തകം (തമിഴ്) ഇവിടെ പ്രിന്റ് ചെയ്യുകയുണ്ടായി.[10]

ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ്‌ ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല.[11] ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.[12] ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ്‌ (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു.[11] കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ്‌ കൊല്ലമെന്ന് അബുൽ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്‌.

പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌

"https://schoolwiki.in/index.php?title=എന്റെ_കൊല്ലം&oldid=2597834" എന്ന താളിൽനിന്ന് ശേഖരിച്ചത്