ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ
എസ് എസ് എൽ സി പരീക്ഷാഫലം (2024)സ്കൂളിന് വേനലിലെ കുളിർമഴയായി
2024 മാർച്ച് എസ് എസ് എൽ സി പരീക്ഷാഫലം മോഡൽ സ്കൂളിന് വേനലിലെ കുളിൽമഴയായി. സ്കൂളിന്റെ അഭിമാനവും യശസ്സും ഒരു പടി കൂടി ഉയർത്തിക്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും സ്കൂൾ സമ്പൂർണ്ണവിജയം നേടി. പൊതു വിദ്യാലയങ്ങളിൽ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില സ്കൂളുകളിലൊന്നാവാൻ മോഡൽ സ്കൂളിന് കഴിഞ്ഞു. വിജയത്തിന് പൊൻതിളക്കമേകിക്കൊണ്ട് രണ്ടു കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സ്കൂളിനെ സംബന്ധിച്ച് പരമപ്രധാനമായ ലക്ഷ്യം കുട്ടികളുടെ അക്കാദമികമികവാണെന്നും തങ്ങളുടെ പ്രയത്നം മുഴുവനും അതിനുവേണ്ടിയാണ് ചെലവഴിക്കേണ്ടതെന്നുമുള്ള ടീം മോഡലിന്റെ ഉറച്ച തീരുമാനമാണ് ഈ വിജയത്തിന് കാരണം. ഈവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് എസ് എൽ സി വിജയം കോട്ടയം ജില്ല കരസ്ഥമാക്കിയപ്പോൾ ഒട്ടും ഒളി മങ്ങാതെ മോഡൽ സ്കൂളിനും അഭിമാനിക്കാൻ സാധിച്ചു. 10/05/2024 വെള്ളിയാഴ്ച്ച സ്കൂളിൽ വച്ച് നടന്ന സ്റ്റാഫിന്റെ വകയുള്ള അനുമോദനസദസ്സിൽ ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ കുട്ടികൾക്ക് മെഡലുകളും ക്യാഷ് അവാർഡും നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ അഭിലാഷ് പി ആർ അധ്യക്ഷത വഹിച്ചു.
വേറിട്ട പ്രവർത്തനം
കിളികൾക്കും മറ്റു ജീവികൾക്കും കൊടും വേനലിൽ ആശ്വാസമൊരുക്കി കോട്ടയം ഗവൺമെൻറ് മോഡൽ ഹയർ സക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ അടയ്ക്കുന്ന ദിവസം സഹജീവികൾക്ക് ആശ്വാസമൊരുക്കി മൺ ചട്ടിയിൽ ദാഹജലം ഒരുക്കിയിട്ടാണ് കുട്ടികൾ വേനലവധിക്ക് വീട്ടിലേക്ക് മടങ്ങിയത്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ മനസ്സുകളിൽ ജീവിത മൂല്യങ്ങളുടെ പ്രാധാന്യം ആഴ്‌ന്നിറങ്ങിയതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്. ഈ ഭൂമിയിൽ മനുഷ്യർ മാത്രമല്ല പക്ഷി മൃഗ സസ്യാദികളും വേനൽ ചൂടിൽ പ്രയാസം അനുഭവിക്കുന്നുണ്ട് എന്നും നമ്മളാൽ കഴിയുന്ന സഹായം അവയ്ക്ക് ചെയ്ത് കൊടുക്കണം എന്നുമുള്ള ചിന്തയിലാണ് സ്കൂളിലെ ഇക്കോ, സയൻസ്, സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തനം നടത്തിയത്. ഹെഡ്മാസ്റ്റർ രവീന്ദ്രൻ, സീനിയർ അധ്യാപിക ശ്രീല രവീന്ദ്രൻ, അധ്യാപകരായ പ്രീത ജി ദാസ്, ഷഹീന, ഓമന, ജീമോൾ കെ ഐസക്ക്, മനോജ് വി പൗലോസ്, സോഫിയ മാത്യൂ, റിനി ജെയ്സൺ,നിർമൽ, അജയ്, തോമസ്, എന്നിവർ നേതൃത്വം നൽകി
മാധ്യമവാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
-
പത്രവാർത്ത
ഉണർവ് 2024
2023-24 അധ്യയന വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഉണർവ് 2024 ആഘോഷിച്ചു. 29/2/24ന് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരൻ പരിപാടി ഉൽഘാടനം ചെയ്തു.
മികവ് കാട്ടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ വിതരണം ചെയ്തു.
-
ഉൽഘാടന ചടങ്ങ്
മോഡൽ സ്കൂളിൽ "വിനിമയ" പ്രവർത്തനമാരംഭിച്ചു.
സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി, പൊതുവിജ്ഞാനം തുടങ്ങിയ ശേഷികൾ കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി Alexa ഉപയോഗിച്ചുള്ള "വിനിമയ" പദ്ധതി കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ സജൻ സി നായർ 29/02/2024 ന് ഉൽഘാടനം ചെയ്തു. PTA പ്രസിഡൻ്റ് അധ്യക്ഷനായ ചടങ്ങിൽ കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരൻ, നഗരസഭ കൗൺസിലർ ശ്രീമതി ജയമോ ൾ കുരിശിങ്കൽ, TTI പ്രിൻസിപ്പൽ ശ്രീമതി ആശ സി ബി, കോട്ടയം ഈസ്റ്റ് AEO ശ്രീ അനിൽ തോമസ് എന്നിവർ സന്നിഹിതരായി.
വിനിമയയെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഉൽഘാടനം ചെയ്യപ്പെട്ട വിനിമയ
സോഷ്യൽ സർവ്വീസ് സ്കീം - LED ബൾബ് നിർമ്മാണ പരിശീലനം
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം കുട്ടികൾക്ക് നവാനുഭവമായി. സാമൂഹിക, ഗാർഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടത്തിയ പരിശീലനം തികച്ചും ഫലവത്തായി. കുട്ടികൾ കുറഞ്ഞ ചെലവിൽ നിർമ്മിച്ച ബൾബുകൾ പ്രകാശിച്ചപ്പോൾ അവരുടെ മനസ്സും പ്രകാശിച്ചു.
പരിശീലനത്തിന്റെ ചില സന്ദർഭങ്ങൾ
മാധ്യമവാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ജാലകം - 2024 - ജില്ലാ വെറ്ററിനറി കേന്ദ്രം കോട്ടയം നടത്തിയ വേറിട്ട പരിപാടി
ജാലകം 2024 എന്ന പേരിൽ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം സംഘടിപ്പിച്ച അരുമ മൃഗപരിപാലന പരിശീലനത്തിൽ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുത്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ സ്കൂളുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മോഡൽ സ്കൂളിലെ അനീറ്റയും ധനലക്ഷ്മിയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനമായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ക്വിസ് മത്സരത്തിൽ സമ്മാനം നേടിയവർക്ക് മെഡലും ജനുവരി 30 ന് സമ്മാനിക്കപ്പെട്ടു.
സയൻസ് ഫെസ്റ്റും ഗണിതോത്സവവും
ജനുവരി 16 ന് സ്കൂളിൽ ശാസ്ത്ര - ഗണിതോത്സവങ്ങൾ നടന്നു. കുട്ടികൾ എല്ലാവരും ആവേശത്തോടുകൂടി പങ്കെടുത്ത് വിജയിപ്പിച്ച പരിപാടിയായിരുന്നു. സോഫിയ ടീച്ചറുടെയും ജീമോൾ ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ഈ വിജ്ഞാനപരിപാടിയിൽ സ്കൂളിലെ എല്ലാ ജീവനക്കാരും പങ്കെടുത്ത് പകിട്ടേകി. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പരിപാടി വീക്ഷിക്കാൻ എത്തിയത് കുട്ടികൾക്ക് ആവേശം പകർന്നു.
പരിപാടിയുടെ സ്ലൈഡ് ഷോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാധ്യമവാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദ്വിദിന ക്യാംപ് - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
ഡിസംബർ 22, 23 തീയ്യതികളിലായി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാംപ് "ഒപ്പരം" സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ആഭിലാഷ് പി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് ആഘോഷവും ക്യാംപിന്റെ ഭാഗമായി നടന്നു.
നാടൻ പാട്ടുകളരി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
വൃക്ക, ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഡോ.എൽഷേബാ മാത്യു ക്ലാസ്സ് നൽകുന്നു
-
ജങ്ക് ഫുഡ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും - ഡോ.വർഗ്ഗീസ് മാത്യു
-
വിദ്യാർത്ഥികളും സാമൂഹ്യ പ്രതിബദ്ധതയും - ബോധവൽക്കരണം - ശ്രീ വർഗ്ഗീസ് ആന്റണി
-
കൺവീനർ ഓമന ടീച്ചറുടെ ക്ലാസ്സ് ബ്രീഫിങ്
-
ഗവ ടി ടി ഐ പ്രിൻസിപ്പൽ നാടൻ പാട്ടുകളരി ഉദ്ഘാടനം ചെയ്തു
-
നാടൻ പാട്ടുകളരി - ശ്രീ സിബി ക്രിസ്ററഫർ പീറ്റർ
-
ക്യാംപ് അംഗങ്ങൾ ഉച്ചഭക്ഷണത്തിനിടെ
Y's men international - Central travancore region - ഒരു കൈത്താങ്ങ്
നമ്മുടെ പെൺകുട്ടികൾക്കായി വ്യക്തിശുചിത്വത്തെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികൾക്ക് സാനിറ്ററി നാപ്കിൻ നൽകുകയും ചെയ്തു
കോട്ടയം എസ് എൻ വി സദനം മാതൃകയായി
കോട്ടയം എസ് ൻ വി സദനം സ്കൂളിലെ കാഴ്ച്ച വൈകല്യമുള്ള കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. സ്കൂളിലെ കുരുന്നുകൾക്ക് അനുഭവപ്പെടുന്ന പരിമിതികളെ അതിജീവിക്കുന്നതിനായി എന്തു സഹായത്തിനും തയ്യാറാണ് എസ് എൻ വി സദനം എന്ന് സെക്രട്ടറി ശ്രീമതി ശോഭനാമ്മ ടീച്ചറും പ്രസിഡണ്ട് ശ്രീമതി സേതുലക്ഷ്മി അവർകളും രക്ഷാധികാരി രമണിയമ്മ അവർകളും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ സ്കൂളുമായുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കൈത്താങ്ങ്.
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് - ക്ലാസ്സ് സംഘടിപ്പിച്ചു
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രഥമശുശ്രൂഷ, പ്രജനനാരോഗ്യം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡിസംബർ 7 -ാം തീയ്യതി സ്കൂൾ ഹാളിൽ വച്ച് കോട്ടയം ജനറൽ ഹോസ്പിറ്റൽ മെഡിസിൻ വിഭാഗം ഡോക്ടർ ശ്രീമതി റീമ സൂസൻ കോര കുട്ടികൾക്ക് ക്ലാസ്സെടുത്തു.
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് - കുട്ടികൾക്ക് വേറിട്ട അനുഭവം
ഡിസംബർ 4 തിങ്കളാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ തന്നെ പ്രിസൈഡിങ്, പോളിങ് ഓഫീസർമാരായി. നിയമസഭ/ലോകസഭാ തെരെഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ വർഷത്തെ തെരെഞ്ഞെടുപ്പ്. ലാപ്‍ടോപ്പിനെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആക്കി മാറ്റിയായിരുന്നു കുട്ടികൾ വോട്ട് ചെയ്തത്. വോട്ടെടുപ്പിന് മുമ്പ് നടത്തിയ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ശ്രദ്ധേയമായി.
മാധ്യമവാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പഠനയാത്ര - തികച്ചും വിജ്ഞാനപ്രദം
02.12.2023 ശനിയാഴ്ച്ച ഇടുക്കി ജില്ലയിലെ നാടുകാണി, ചെറുതോണി, ഇടുക്കി ഡാം, കാൽവരി മൗണ്ട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് നടത്തിയ ഏകദിന പഠനയാത്ര കുട്ടികൾക്ക് തികച്ചും വിജ്ഞാനപ്രദവും വിനോദകരവുമായിരുന്നു. പ്രകൃതിഭംഗിയുടെയും സംരക്ഷണത്തിന്റെയും പാഠങ്ങൾ സ്വായത്തമാക്കാൻ കുരുന്നുകളെ ഏറെ സഹായിച്ച യാത്രയായിരുന്നു. മികച്ച ആസൂത്രണവും നിർവ്വഹണവും യാത്രയെ കൂടുതൽ ആഹ്ലാദകരമാക്കി.
നവമ്പർ 26 ഭരണഘടനാദിനം
നവമ്പർ 26 ഭാരതത്തിന്റെ ഭരണഘടനാദിനത്തോടനുബന്ധിച്ച് നവമ്പർ 27 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഭാരതഭരണഘടനയുടെ ആമുഖം വായിച്ച് അവതരിപ്പിച്ചു. സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആമുഖവായനയുടെ വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നക്ഷത്രങ്ങളോടൊപ്പം - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ടീൻസ് ക്ലബ്ബിന്റേയും വേറിട്ട പ്രവർത്തനം
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും സ്കൂൾ ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ "അതിജീവനം" മേഖലയിൽ വെല്ലുവിളികൾക്കിടയിലും ജീവിതവിജയം കൈവരിച്ച വ്യക്തികളുമായുള്ള സഹവാസം കുട്ടികളിൽ ജീവിതമൂല്യങ്ങളുടെ തിരിച്ചറിവ് ഉണർത്തി. മീനടം സ്കൂളിലെ സുധാ ഗോപി ടീച്ചറുടെ അനുഭവങ്ങൾ കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു. ടീച്ചറെ സോഷ്യൽ സ്കീം അംഗങ്ങൾ ഉപഹാരം നൽകി ആദരിച്ചു.
-
സുധാ ഗോപി ടീച്ചറുടെ അനുഭവങ്ങളിലൂടെ
-
-
ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ അഭിലാഷ് പി ആർ അധ്യക്ഷത വഹിച്ചു
ആയുർവ്വേദ ദിനം (നവമ്പർ 10) - മോഡൽ സ്കൂളിന് ഓർമ്മദിനം
ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആയുർവ്വേദ ആശുപത്രി നടത്തിയ വിവിധ മത്സരങ്ങളിൽ മോഡലിലെ കുട്ടികൾ തിളങ്ങി. അമൽ രാജും അശ്വിനും ചേർന്ന് ഉണ്ടാക്കിയ എംബ്ലം ശ്രദ്ധേയമായി. നിവേദിത ക്വിസ് മത്സരത്തിൽ സമ്മാനാർഹയായി.
-
അശ്വിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനം നൽകുന്നു
-
അശ്വിനും അമൽരാജും ചേർന്ന് രൂപകല്പന ചെയ്ത എംബ്ലം
-
കേരളപ്പിറവി ദിനം ആഘാഷിച്ചു
അറുപത്തിഎട്ടാം കേരളപ്പിറവിദിനം സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരത്തുവച്ചു നടക്കുന്ന കേരളീയം പരിപാടിയെകുറിച്ചുള്ള വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ സന്ദേശം സ്കൂൾ ലീഡർ രവിശങ്കർ കൂട്ടുകാരിൽ എത്തിച്ചു. സമൂഹത്തിൽ അപകടകരമാം വിധം വളർന്നുവരുന്ന ലഹരി ഉപയോഗത്തെ തടയിടാനായി ഉള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശം പത്താം തരത്തിലെ അഭിലാഷ് വായിച്ചു. സ്കൂൾ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ മലയാളഭാഷാ പ്രതിജ്ഞ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
-
മലയാളഭാഷാപ്രതിജ്ഞ
-
ഭാഷാധ്യാപകന്റെ സന്ദേശം
-
കുട്ടികളുടെ വിവിധ പരിപാടികൾ
-
കുട്ടികളുടെ വിവിധ പരിപാടികൾ
-
കുട്ടികളുടെ വിവിധ പരിപാടികൾ
കോട്ടയം ജെ സി ഐ ചാപ്റ്റർ 22 സ്കൂളിലെ 8 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി
സ്കൂളിലെ 8 കുട്ടികൾക്ക് ജെ സി ഐ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. സ്കൂൾ ഹാളിൽ 28.10.2023 ന് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഡോ.ശ്രീ. നിതീഷ് മൗലാന സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.
വീഡീയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാരംഗം സർഗ്ഗോൽസവത്തിലും തിളങ്ങി മോഡൽ സ്കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ലാ സർഗ്ഗോത്സവത്തിൽ അഭിനന്ദനയും നിവേദിതയും യഥാക്രമം കഥാരചന, കാവ്യാലാപനം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.
ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ മോഡൽ സ്കൂൾ മാതൃകയായി
-
പ്രവൃത്തിപരിചയമേള വിജയികൾ
-
പ്രവൃത്തിപരിചയമേള വിജയികൾ
-
-
-
ചങ്ങനാശേരി എസ് ബി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതലപ്രവൃത്തിപരിചയമേളയിൽ ബി ഗ്രേഡ് നേടിയ ഏഴാം തരത്തിലെ ഭഗവതി ഡാങ്കി നിർമ്മിച്ച ഡോൾ
കുടുംബശ്രീ തിരികെ സ്കൂളിലേക്ക് - മോഡലിലെ കുട്ടികളുടെ അഭിവാദ്യങ്ങൾ
25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളിൽ’. പരമ്പരാഗത പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് ചെല്ലുന്ന രീതിയാണ് ഈ പരിശീലനത്തിൽ അവലംബിച്ചിരിക്കുന്നത്. ഒക്ടോബർ 15 ഞായറാഴ്ച്ച മോഡൽ സ്കൂളിലെത്തിയ കുടുംബശ്രീ അമ്മമാർക്ക് കുട്ടികൾ പുഷ്പങ്ങൾ അർപ്പിച്ചും മധുരം നൽകിയും സ്വാഗതമരുളി. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങളാണ് ഈ വേറിട്ട അനുഭവം അമ്മമാർക്കായി ഒരുക്കിയത്
-
സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ സ്വീകരിക്കുവാൻ തയ്യാർ
-
തിരികെ സ്കൂളിലെ അസംബ്ലിയിൽ നിന്നും
റോൾ പ്ലേ മത്സരത്തിലും നേട്ടം കൊയ്തു
കോട്ടയം വിദ്യാഭ്യാസ ജില്ലാതല റോൾ പ്ലേ മത്സരത്തിൽ മോഡൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. മോഡൽ സ്കൂളിൽ വച്ച് 23/09/2023 ന് നടന്ന മത്സരത്തിൽ ഒൻപതാം തരം കുട്ടികളായ അനീറ്റ മേരി ജോൺ, ധനലക്ഷ്മി, ആദിദേവ്, മാഹിൻ, ഗൗതം രാജു എന്നീ കുട്ടികൾ ചേർന്നാണ് സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചത്. ഹിന്ദി ഭാഷയിൽ അവതരിപ്പിച്ച റോൾ പ്ലേ പരിശീലിപ്പിച്ചത് സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ മനോജ് കെ എം ആണ്.
-
റോൾ പ്ലേ ടീം അംഗങ്ങൾ
-
റോൾ പ്ലേ ടീം ജഡ്ജുമാരുമായി സംവദിക്കുന്നു
ആദിത്യ എൽ 1 _ ഒരു വിശകലനം
സെപ്റ്റംബർ 8-ാം തീയ്യതി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സൂര്യ പര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ 1 നെ കുറിച്ച് വിശദീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഏറെ വിജ്ഞാനദായകമായ ക്ലാസ്സിന് കോട്ടയം ഗലീലിയോ സയൻസ് സെന്റർ സാരഥി ശ്രീ തങ്കച്ചൻ സാർ ഉള്ളടക്കം അവതരിപ്പിച്ചു . തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ.ജോ ജോസഫ് ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിലെ എല്ലാ സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ക്ലാസ്സിൽ പങ്കുചേർന്നു. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി പ്രീത ജി ദാസ് നേതൃത്വം നൽകി.
-
-
-
ക്ലാസ് കോ ഓർഡിനേറ്റർ ശ്രീ തങ്കച്ചൻ സാർ
-
പ്രൊഫ. ജോ ജോസഫ്, ന്യൂമാൻ കോളേജ്, തൊടുപുഴ (Retd)
അധ്യാപകദിനം - ആഘോഷിച്ചു
മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകർ ഓരോരുത്തരെയും അധ്യാപകദിനത്തോടനുബന്ധിച്ച് മാതൃകാപരമായി ആദരിച്ചു. ചടങ്ങിലെ വിശിഷ്ട അതിഥി മോഡൽ സ്കൂളിലെ പൂർവ്വകാല ചിത്രകലാ അധ്യാപകനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ പി സി മാമ്മൻ സാറിനെ ഹെഡ്‍മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ തന്നെ അധ്യാപകരായി ക്ലാസ്സ് കൈകാര്യം ചെയ്തത് പരിപാടിക്ക് പകിട്ടേകി. പ്ലാസ്റ്റിക്കിനെ പാടെ ഉപേക്ഷിച്ചുകൊണ്ട് കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാ കാർഡുകൾ അധ്യാപകർക്ക് കൈമാറി. പഠനസമയം ഒട്ടും തന്നെ നഷ്ടപ്പെടാതെയാണ് പരിപാടി നടത്തിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം - ദ്വിദിന ക്യാംപ്
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 25.08.2023 ന് ആരംഭിച്ച ദ്വിദിന ക്യാംപിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോട്ടയം വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ പ്രദീപ് പി ആർ നിർവ്വഹിച്ചു. ചടങ്ങിന്റെ ഭാഗമായി സ്കൂളലെ ആദ്യ എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീമതി ലളിതമ്മ സി എൻ നെ പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ഡോ.കമൽദീപ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആഗസ്റ്റ് 26 ശനിയാഴ്ച്ച രാവിലെ മെറ്റൽ എൻഗ്രേവിങിനെ കുറിച്ച് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ ജയചന്ദ്രൻ എം പി കുട്ടികൾക്ക് പ്രായോഗിക ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനുശേഷം കോട്ടയം ഈസ്റ്റ് ബി ആർ സി യിലെ സ്പെഷ്യലിസ്റ്റ് ടീച്ചർ ശ്രീമതി ശ്രീദേവി എം ആർ പേപ്പർ ക്രാഫ്റ്റ് ആൻഡ് ഒറിഗാമി യെ കുറിച്ച് ക്ലാസ്സ് നടത്തി. രണ്ടു ദിവസത്തെ ക്യാംപ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾക്ക് ഏറെ പ്രയോജനകരമായി. കുട്ടികളിലെ സഹവർത്തിത്വം, സ്നേഹം, സഹിഷ്ണുത, ക്രിയാത്മകത തുടങ്ങിയ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് ക്യാംപ് സഹായകമായി. ക്യാംപിന് കൺവീനർ ശ്രീമതി ഓമന ടീച്ചർ നേതൃത്വം നൽകി.
-
ഉദ്ഘാടനം - ബഹു. കോട്ടയം വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ പ്രദീപ് പി ആർ
-
ശ്രീമതി ലളിതമ്മയെ ആദരിക്കുന്നു
-
കുട്ടികളിലെ മാനസികാരോഗ്യം - ഡോ. കമൽദീപ്
-
ഒറിഗാമി ക്ലാസ്സ് - ശ്രീദേവി ടീച്ചർ
-
മെറ്റൽ എൻഗ്രേവിങ് ക്ലാസ്സ് - ശ്രീ എം പി ജയചന്ദ്രൻ
-
കൺവീനർ ശ്രീമതി ബി ഓമന
ഓണാഘോഷം 2023
ഒന്നാം പാദവാർഷിക പരീക്ഷ കഴിഞ്ഞ് തികഞ്ഞ സംതൃപ്തിയോടെയും ആഹ്ലാദത്തോടെയും കുട്ടികൾ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഗസ്റ്റ് 25 വെള്ളിയാഴ്ച്ച നടന്ന പൂക്കളമൊരുക്കൽ, കമ്പവലി, ഓണസദ്യ എല്ലാം മോഡൽ കുടുംബം ആവോളം ആസ്വദിച്ചു. ബഹുമാനപ്പെട്ട കോട്ടയം വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ പ്രദീപ് സാറിന്റെയും ആർദ്രത ചാരിറ്റബ്ൾ ട്രസ്റ്റ് എം ഡി പ്രൊഫ. ശ്രീ. പി സി വർഗ്ഗീസ് സാറിന്റെയും ജെ സി ഐ പ്രസിഡണ്ട് ഡോ.ശ്രീ. നിധീഷ് മൗലാന സാറിന്റെയും മറ്റു ജെ സി ഐ പ്രതിനിധികളുടെയും സാന്നിധ്യം പരിപാടിക്ക് ഏറെ പകിട്ടേകി. കുട്ടികൾക്ക് ഓണസദ്യ ഒരുക്കുന്നതിൽ ജെ സി ഐ യും സ്കൂൾ സ്റ്റാഫും കൈകോർത്ത് സഹകരിച്ചത് പ്രത്യേകം എടുത്തുപറയേണ്ടുന്ന കാര്യമാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ആഗസ്റ്റ് 23 ചാന്ദ്രയാൻ ലാന്റിങ് - ലൈവ് ഷോ സംഘടിപ്പിച്ചു
കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ചാന്ദ്രയാൻ 3 ലാന്റിങ് ആവേശത്തോടെ കണ്ടു. സ്കൂളിലെ പ്രത്യേകം സജ്ജമാക്കിയ സ്മാർട്ട് റൂമിൽ ചാന്ദ്രയാൻ ലാന്റിങ് ലൈവ് ദൃശ്യങ്ങളാണ് കുട്ടികളെ ആവേശഭരിതരാക്കിയത്. ജൂലൈ 14-ാം തായ്യതി ചാന്ദ്രയാനിന്റെ വിക്ഷേപണവും കുട്ടികളെ തത്സമയം കാണിച്ചിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആയിരുന്നു ഷോ. ഹെഡ്‍മാസ്റ്റർ കെ രവീന്ദ്രൻ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഓമന ടീച്ചർ എന്നിവർ സംസാരിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു
രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യദിന റാലി, ദേശഭക്തിഗാനം, പ്രസംഗമത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സി മഞ്ജുള പതാക ഉയർത്തി. സ്കൂളിലെ എല്ലാ ജീവനക്കാരും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.
ഫ്രീഡം ഫെസ്റ്റ് - ഐ ടി കോർണർ പ്രവർത്തനങ്ങൾ
വിജ്ഞാനത്തിന്റെയും നൂതന ആശയവിനിമയത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവരിലേക്കും ഏത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ഐ ടി കോർണറിന്റെയും സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സ്വതന്ത്ര സോഫ്റ്റ്‍വെയറുകളുപയോഗിച്ചുള്ള ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ പരിശീലനം നടന്നു. ഹെഡ്‍മാസ്റ്റർ ശ്രീ കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ് ഐടിസിയും സീനിയർ അധ്യാപികയുമായ ശ്രീമതി ശ്രീല രവീന്ദ്രൻ ക്ലാസ്സ് നയിച്ചു. കുട്ടികൾക്ക് ഭാവിയിൽ ഒട്ടേറെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന രണ്ടു മേഖലകളിൽ ലഭിച്ച പരിശീലനം അവർക്ക് പ്രത്യേക അനുഭവമായി. സ്കൂളിലെ അധ്യാപകരായ ശ്രീമതി ആശ, റിനി ജെയ്സൺ, പ്രീത ജി ദാസ്, സോഫിയ റോയ് , ജീമോൾ കെ ഐസക്, മനോജ് കെ എം എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് വിതരണവും
കോട്ടയം ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും , മറ്റല്ലൊ സ്കൂൾ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശ്രീ ഫെലിക്സ് ദേവസ്യ നിർവഹിച്ചു .സ്റ്റോറി റൈറ്റർ അനിമേറ്റർ , ഗായകൻ ,പാരഡിഗാന രചയിതാവ് എന്ന നിലകളിൽ പ്രതിഭ തെളിയിച്ച കലാകാരനാണ് ശ്രീ ഫെലിക്സ് ദേവസ്യ .സ്കൂൾ ക്ലബ്ബുകൾ കുട്ടികളുടെ സ്വർഗ്ഗവാസനങ്ങളെയും ക്രിയേറ്റീവിറ്റിയെയും പരിപോഷിപ്പിക്കും എന്ന് ശ്രീ ഫെലിക്സ് ദേവസ്യ അഭിപ്രായപ്പെട്ടു. പ്രസിദ്ധമായ പാരഡി ഗാനങ്ങൾ കുട്ടികൾക്കായി അദ്ദേഹം അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ കെ. രവീന്ദ്രൻ സാർ അധ്യക്ഷനായിരുന്ന യോഗത്തിൽ സീനിയർ ടീച്ചർ ശ്രീമതി ശ്രീല രവീന്ദ്രൻ സ്വാഗതം ആശംസിച്ചു .മനോജ് കെഎം ആശംസകൾ അർപ്പിക്കുകയും വിദ്യാർത്ഥി പ്രതിനിധി രവിശങ്കർ S നന്ദി പറയുകയും ചെയ്തു. ചടങ്ങിൽ RBI ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്സിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വായനാദിനവുമായി ബന്ധപ്പെട്ട് കോട്ടയം ജെ സി ഐ യുടെആഭിമുഖ്യത്തിൽ നടത്തിയ വായനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലരിക്കലേക്ക് ഒരു ഫീൽഡ് ട്രിപ്പ്
മലരിക്കലിൽ പഠന മാധുര്യം നുണഞ്ഞ് മോഡലിലെ കുട്ടികൾ.
കോട്ടയം ഗവൺമെന്റ് മോഡൽ സ്കൂളിൽ കുട്ടികൾക്കായി മലരിക്കലിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വ്യത്യസ്തമായ ഈ പഠനപ്രവർത്തനം സംഘടിപ്പിച്ചത്. പ്രകൃതിഭംഗി ആസ്വദിച്ചതിനുപുറമേ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ കുറിച്ച് ക്ലാസ് മുറികളിൽ ലഭിക്കുന്ന അറിവുകൾക്കപ്പുറം അനുഭവങ്ങളിലൂടെ അറിയാൻ യാത്ര പ്രയോജനപ്പെട്ടു. സ്കൂളിലെ അധ്യാപകരായ മനോജ് കെ എം, ശ്രീല രവീന്ദ്രൻ, ആശ സി ബി, ഓമന ബി, ജീമോൾ കെ ഐസക്, രാഖിമോൾ, രക്ഷിതാക്കൾ, ഹെഡ്മാസ്റ്റർ രവീന്ദ്രൻ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ചിരട്ട - പദ്ധതി
ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കർമ്മപരിപാടിയാണ് "ചിരട്ട". മോഡൽ സ്കൂളിലെ കുട്ടികൾ വെള്ളിയാഴ്ച്ചകളിൽ ഡ്രൈ ഡേ ആചരിക്കുവാൻ തീരുമാനിച്ചു.
അന്തർദേശീയ കണ്ടൽക്കാടുദിനം - ജൂലൈ 26
കോട്ടയം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ അന്തർ ദേശീയ കണ്ടൽകാടുകളുടെ ദിവസത്തോടനുബന്ധിച്ചു ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടിയുടെ മുന്നോടിയായി കണ്ടൽ കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഇക്കോ ക്ലബ് കൺവീനർ ശ്രീ .മനോജ് വി പോൾ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. സവിശേഷമായ ഒരു ആവാസ വ്യവസ്ഥയാണ് കണ്ടൽക്കാടുകൾ.അവർണ്ണനീയമായ സൗന്ദര്യം കൊണ്ട് അനുഗ്രഹീതവുമാണ് അവ.ഓരു കലർന്ന പുഴയുടെയും കടലിന്റെയും ചതുപ്പുകളിൽ,ഏറ്റ -ഇറക്ക പ്രക്രിയയിലൂടെ നിലയ്ക്കാത്ത ചലനങ്ങളിൽ ലയിച്ചു വേരുകൾ ഊന്നി വളരുന്ന കണ്ടൽ സാമ്രാജ്യം ജീവലോകത്തെ അത്ഭുതകരമായ ഒരു പ്രതിഭാസമാണ്. 2015 -ലെ യുനെസ്‌കോ അന്താരാഷ്ട്ര സമ്മേളനമാണ് ജൂലൈ 26 അന്താരാഷ്ട്ര കണ്ടൽ സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സവിശേഷവും പ്രത്യേകവും ദുർബലവുമായ ജൈവ ആവാസവ്യവസ്ഥയായ കണ്ടലുകളുടെ സുസ്ഥിര വികസനവും സംരക്ഷണവും ഉപയോഗവും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.2004 -ൽ തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയ സുനാമിയുടെ വരവിനുശേഷമാണ് കണ്ടലുകളുടെ പ്രാധാന്യം പൊതുസമൂഹം മനസിലാക്കിയത്. കേരളത്തിന്റെ സാമ്പത്തികപുരോഗതിക്കും കടലാക്രമണത്തിൽ നിന്നുള്ള രക്ഷയ്ക്കും മൽസ്യ തൊഴിലാളികളുടെ ഉന്നമനത്തിനും കണ്ടൽക്കാടുകളുടെ സംരക്ഷണം ആരംഭിക്കേണ്ടതാണ്.
ഈ ദിനത്തോടനാനുബന്ധിച്ചു കണ്ടൽവനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോപ്രദർശനം,പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.കല്ലേൽ പൂക്കുടനെക്കുറിച്ചും അദ്ദേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വീഡിയോ പ്രദർശനവും നടത്തി.
ചാന്ദ്രദിനം - 2023 - സമുചിതം
21.07.23 ചാന്ദ്രദിനം സോഷ്യൽ സയൻസ്. സയൻസ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. സ്കൂളിലെ സ്മാർട്ട് റൂമിൽ കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ വീഡിയോ/സ്ലൈഡ് ഷോ വേറിട്ട ആനുഭവമായി.
ചാന്ദ്രയാൻ 3 വിക്ഷേപണം ആവേശത്തോടെ വീക്ഷിച്ച് മോഡലിലെ കുരുന്നുകൾ!
ISRO വിക്ഷേപിച്ച ചാന്ദ്രയാൻ 3 വിക്ഷേപണം ലൈവ് സംപ്രേഷണം ആവേശപൂർവ്വം ദർശിച്ച് കോട്ടയം മോഡൽ സ്കൂളിലെ കുട്ടികൾ. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഉള്ള ലൈവ് ദൃശ്യങ്ങൾക്കാണ് കുട്ടികൾ സ്കൂളിലെ പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് റൂമിൽ സാക്ഷ്യം വഹിച്ചത്. കൗണ്ട് ഡൗൺ മുതൽ ഉള്ള എല്ലാ ഘട്ടങ്ങളും കുട്ടികൾ ആവേശത്തോടെ വീക്ഷിച്ചു. ലൈവ് പ്രദർശനത്തിന് സ്കൂളിലെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി ക്ലബ്ബുകൾ നേതൃത്വം നൽകി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വദേശ് ക്വിസ് മത്സരം സ്കൂൾ തല വിജയികൾ
വായനാമാസാചരണത്തോടനുബന്ധിച്ച് ഒരു വർഷത്തേക്ക് കുട്ടികൾക്കായി പത്രം സംഭാവന ചെയ്തു
സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ തോമസ് പി യു (നവജീവൻ ട്രസ്റ്റ്, കോട്ടയം) കുട്ടികൾക്ക് വായിക്കാനായി ജന്മഭൂമി പത്രം സ്പോൺസർ ചെയ്തു. 14.07.23 ന് അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ജന്മഭൂമി കോട്ടയം ബ്യൂറോ ഉദ്യാഗസ്ഥനായ ശ്രീ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ശ്രീ പി യു തോമസ് പത്രം കുട്ടികളെ ഏൽപ്പിച്ചു.
RBI Financial Literacy Quiz -District Level
12.07.2023 ബുധനാഴ്ച കോട്ടയം എം ഡി സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ പങ്കെടുത്ത രവിശങ്കർ - അരവിന്ദ് ടീമിന് നാലാം സ്ഥാനം നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സുബിൻ പോൾ സന്നിഹിതനായിരുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മോഡൽ സ്കൂളിന്റെ അഭിമാനതാരങ്ങൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
മോഡൽ സ്കൂൾ വീണ്ടും മോഡൽ ആകുന്നു
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്സ് മത്സരത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ നിന്നും ക്യാഷ് അവാർഡിനും ജില്ലാമത്സരത്തിനും അർഹതനേടിയത് മോഡൽ സ്കൂളിന്റെ അഭിമാനതാരങ്ങളായ രവിശങ്കറും അരവിന്ദും
ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം
രാവിലെ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ഉച്ചയ്ക്കുശേഷം ലീഗൽ അതോറിറ്റി കോട്ടയം പ്രതിനിധി അഡ്വക്കറ്റ് വിനീത നാരായണൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
ജൂൺ 23 ആരോഗ്യ അസംബ്ലിയും ഡ്രൈഡേ ആരംഭവും
സംസ്ഥാനത്ത് പകർച്ച പ്പനിയും ഡങ്കിപ്പനിയും മറ്റും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി സ്കൂൾ പരിസരങ്ങളും ചുറ്റുപാടുകളും വൃത്തിയാക്കി കൊതുകുകളുടെ പ്രജനനത്തെ തടയുന്നതിനും അതുവഴി പകർച്ചാവ്യാധികളെ നേരിടുന്നതിനുമുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു. രാവിലെ നടന്ന ആരോഗ്യ അസംബ്ലിയിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ച്ചകളും സ്കൂളിലും എല്ലാ ഞായറാഴ്ച്ചകളും സ്വന്തം വീടുകളിലും ഡ്രൈഡേയായി ആചരിക്കുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. ഇൻഫ്ലുവൻസ, ജലദോഷം തുടങ്ങിയ അസുഖങ്ങളുള്ളവർ മാസ്ക് ധരിച്ച് സ്കൂളിൽ വരാനും നിർദ്ദേശിച്ചു. സ്കൂളും പരിസരങ്ങളും കുട്ടികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
ജൂൺ 21 യോഗാ ദിനം കുട്ടികൾക്ക് വിജ്ഞാനപ്രദമായ യോഗ ക്ലാസ്സ് നടന്നു. ജെ സി ഐ യുടെ നേതൃത്വത്തിൽ ഡോ. അഭിജിത്ത് നടത്തിയ യോഗ പരിശീലനം മുഴുവൻ കുട്ടികൾക്കും ഏറെ പ്രയോജനകരമായി. യോഗ ദിന ക്ലാസ്സ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യോഗ മാറ്റുമായാണ് കുട്ടികൾ എത്തിയത്. ജൂൺ 21 ന്റെ പ്രാധാന്യം, യോഗയുടെ ഉപജ്ഞാതാവ്, യോഗ ഉൽഭവിച്ച രാജ്യം തുടങ്ങി യോഗയെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ കൂടി കുട്ടികൾക്ക് പകർന്നുനൽകാൻ ഡോക്ടർ ശ്രദ്ധിച്ചു. അഷ്ടാംഗ യോഗയുടെ എട്ട് അംഗങ്ങൾ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നിവ പരിശീലകൻ കുട്ടികൾക്ക് വിവരിച്ചുകൊടുത്തു. കൂടാതെ ലളിതമായ ചില ആസനകളും പരിശീലിപ്പിച്ച ശേഷമാണ് ക്ലാസ്സ് അവസാനിപ്പിച്ചത്.
സ്കൂൾ ലൈബ്രറി സജീവം
വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് പുസ്തകവിതരണം ആരംഭിച്ചു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കിയതിനാൽ ആഹ്ലാദപൂർവ്വമാണ് കുട്ടികൾ ലൈബ്രറിയിലെത്തുന്നത്.
ജൂൺ 19 വായനാദിനാചരണം
ജൂൺ 19 തിങ്കളാഴ്ച്ച സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂൺ 25 വരെ വായനാവാരാചരണവും ജൂലൈ 18 വരെ വായനാമാസാചരണവും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ വായനയിലൂടെ വളരാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യദിനം തന്നെ കുട്ടികൾ വായനാദിന പ്രതിജ്ഞ എടുക്കുകയും സ്കൂളിൽ കുട്ടികൾക്ക് വായിക്കാനായി കോട്ടയം ജെ സി ഐ സംഭാവന ചെയ്ത പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു. അസംബ്ലിയിൽ വച്ച് കുട്ടികളുടെ വായനാകുറിപ്പുകളും കവിതകളും അവതരിപ്പിക്കപ്പെട്ടു. സ്കൂൾ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കുട്ടികൾ തയ്യാറായി. വായനാക്വിസ്സ്, മികച്ച വായനക്കാരനെ/വായനക്കാരിയെ കണ്ടെത്തൽ, ലൈബ്രറി നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. അനവധി അമൂല്യഗ്രന്ഥങ്ങളുടെ കലവറയായ ഹൈസ്കൂൾ ലൈബ്രറി കുട്ടികൾക്ക് അനായാസം ഉപയോഗപ്പെടുത്താൻ കഴിയും വിധം ക്രമീകരിച്ചത് ഇത്തവണത്തെ വായനാവാരത്തിലെ മികച്ച ഒരു പ്രവർത്തനമായി.
-
അമൂല്യ ഗ്രന്ഥങ്ങളുടെ ഉറവിടമായ ഹൈസ്കൂൾ ലൈബ്രറി
-
അമൂല്യ ഗ്രന്ഥങ്ങളുടെ ഉറവിടമായ ഹൈസ്കൂൾ ലൈബ്രറി
-
വായനാദിന പ്രതിജ്ഞ
-
വായനാദിന പ്രതിജ്ഞ
-
ജെ സി ഐ കോട്ടയം കുട്ടികൾക്ക് കൈത്താങ്ങായി
-
വായനാദിന പരിപാടി
സർക്കാർ സ്കൂളിനെ സമൂഹം ചേർത്തുപിടിക്കുമ്പോൾ
മോഡൽ സ്കൂളിനെ കോട്ടയം നഗരത്തിലെ വിവിധ സംഘടനകൾ നെഞ്ചോട് ചേർത്തുപിടിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അധ്യയനവർഷാരംഭത്തിൽ തന്നെ നടന്ന പഠനോപകരണവിതരണം. സ്കൂളിൽ കുട്ടികൾക്കായി ശീതീകരിക്കപ്പെട്ട കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് മുറികൾ, ഹൈടെക്ക് സ്പെഷ്യൽ സ്മാർട്ട് റൂം, നിരവധി പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഹൈസ്കൂൾ ലൈബ്രറി തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാണ് മോഡൽ സ്കൂളിൽ വിദ്യാഭ്യാസവകുപ്പും എസ് എസ് കെയും കൈറ്റും കോട്ടയം നഗരസഭയും ഇതര സംഘടനകളും ഒക്കെ ചേർന്ന് ഒരുക്കിയിട്ടുള്ളത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളും സ്കൂളിൽ പഠിക്കുന്നുണ്ട്. ജൂൺ ആദ്യവാരത്തിൽ നടന്ന പഠനോപകരണവിതരണം ഇവർക്കുകൂടി ഒരു കൈത്താങ്ങായി മാറി. കോട്ടയം ജെ സി ഐ, കാരാപ്പുഴ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ, ആർദ്രത ചാരിറ്റബ്ൾ ട്രസ്റ്റ്, ആശ്വാസ് ചാരിറ്റി ട്രസ്റ്റ്, പൂർവ്വവിദ്യാർത്ഥി സംഘടന തുടങ്ങി സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ എല്ലാ സംഘടനകളെയും നന്ദിയോടെ സ്മരിക്കുന്നു.
2023 ജൂൺ 5 ലോക പരിസ്ഥിതിദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ക്വിസ് മത്സരത്തിലെ ചോദ്യങ്ങൾ മുഴുവൻ കുട്ടികൾക്കും വിജ്ഞാനദായകമായി. പ്ലാസ്റ്റിക്കുകളെ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും മാലിന്യമുക്തകേരളം എങ്ങനെ കെട്ടിപ്പടുക്കാമെന്നും ഉദ്‍ബോധിപ്പിക്കുന്ന വീഡിയോ പ്രദർശനവും നടന്നു. പ്ലാസ്റ്റിക്കു കുപ്പികളെ വലിച്ചെറിയാതെ ചെടികളും പച്ചക്കറികളും മുളപ്പിച്ച് വളർത്താൻ ഉപയോഗിക്കാമെന്ന് തെളിയിക്കത്തക്കവിധം പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനങ്ങൾക്ക് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി. സ്കൂൾ ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാംപസ് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം
2023 ജൂൺ 1 വ്യാഴാഴ്ച്ച രാവിലെ 9.30ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു. മോഡൽ സ്കൂളിലെ കുരുന്നുകൾ ചടങ്ങ് സ്കൂളിലെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ചടങ്ങ് ദർശിച്ചു. ശേഷം 10 മണിക്ക് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്കൂൾ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ നവജിവൻ ട്രസ്റ്റ് രക്ഷാധികാരി ശ്രീ പി യു തോമസ്, കോട്ടയം ജെ സി ഐ പ്രസിഡണ്ട് ഡോ. നിതീഷ് മൗലാന എന്നിവർ സംബന്ധിച്ചു. ജെസിഐ നമ്മുടെ കുട്ടികൾക്കായി പുതു അധ്യയനവർഷ സമ്മാനമായി നൽകിയ ജലശുദ്ധീകരണയന്ത്രത്തിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എം എൽ എ നിർവ്വഹിച്ചു.
2022-23
2022-23 ലെ പ്രവർത്തനങ്ങൾ
മെയ് 31 ലോക പുകയിലവിരുദ്ധദിനത്തിന്റെ ഭാഗമായി മോഡൽ സ്കൂൾ കുട്ടികളുടെ കാംപെയ്ൻ
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്
കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തിയ ശാസ്ത്രപഥം ക്വിസ്സ് മത്സരത്തിൽ സമ്മാനങ്ങളഅ നേടിയ മോഡൽ സ്കൂളിന്റെ അഭിമാന താരങ്ങൾ
-
രവിശങ്കർ, ഒൻപതാം തരം
-
പൂജ ഡാങ്കി, പത്താം തരം
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
കോട്ടയം ജില്ലയിൽ സോഷ്യൽ സർവ്വീസ് സ്കീം ആദ്യഘട്ടത്തിൽ ആരംഭിച്ച സ്കൂളുകളിൽ മോഡൽ സ്കൂളും ഇടം പിടിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഫോർ എസിന്റെ സ്കൂൾ കോഓർഡിനേറ്റർ അധ്യാപകനായ ശ്രീ മനോജ് വി പൗലോസ് ആണ്. വിദ്യാർത്ഥികളിൽ സാമൂഹികസേവനത്തിന്റെ പ്രായോഗികജ്ഞാനം, ദേശസ്നേഹം,പൗരബോധം, മൂല്യബോധം, സഹതാപം, നേതൃഗുണം തുടങ്ങിയവ വളർത്തുന്നതിൽ സോഷ്യൽ സർവീസ് സ്കീം പ്രധാനപങ്ക് വഹിക്കുന്നു. മാർച്ച് 10 മുതൽ ആരംഭിച്ച കുട്ടികളുടെ സഹവാസക്യാമ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ഫയർ സ്റ്റേഷൻ, ആയുർവേദ ആശുപത്രി, ടൗൺ എൽ പി സ്കൂൾ തുടങ്ങിയവ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാനും മാലിന്യനിർമാർജ്ജനത്തിനായി പ്രയത്നിക്കാനും ഉള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്യാമ്പ് നന്നേ സഹായിച്ചു.
-
സോഷ്യൽ സർവ്വീസ് സ്കീം ടീം ടൗൺ എൽ പി സ്കൂളിൽ
-
ജില്ലാ ആയുർവേദ ആശുപത്രി സന്ദർശിച്ചപ്പോൾ
-
ഫയർ സ്റ്റേഷനിൽ സോഷ്യൽ സർവ്വീസ് സ്കീം ടീം
പഠനോത്സവം 2023
07/03/2023 ചൊവ്വാഴ്ച്ച സ്കൂളിൽ പഠനോത്സവം സമുചിതമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉദ്ഘാടനചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കോട്ടയം ടി ടി ഐ പ്രിൻസിപ്പൽ ശ്രീ ടോണി ആന്റണി ശാസ്ത്രപരീക്ഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. എണ്ണയൊഴിക്കുമ്പോൾ തീപ്പെട്ടിയോ ലൈറ്ററോ ഇല്ലാതെ കത്തിയ ഉദ്ഘാടനവിളക്ക് കുട്ടികളിൽ കൗതുകമുണർത്തി. "പഠനോത്സവം 2023" സ്പ്രേ ചെയ്യുമ്പോൾ തെളിഞ്ഞുവന്നത് കുട്ടികൾക്ക് ആഹ്ലാദകരമായി. ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികളുടെ മികവ് അക്ഷരാർത്ഥത്തിൽ തെളിയിക്കുന്നതായിരുന്നു പഠനോത്സവം.
ഉദ്ഘാടന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
ഉദ്ഘാടനം - ശ്രീ ടോണി ആന്റണി സർ
-
അധ്യക്ഷൻ - ശ്രീ കെ കെ സുനിൽ
-
കുട്ടികളുടെ മികവുപ്രദർശനം
-
കുട്ടികളുടെ മികവുപ്രദർശനം
-
കുട്ടികളുടെ മികവുപ്രദർശനം
-
കുട്ടികളുടെ മികവുപ്രദർശനം
ദേശീയ ശാസ്ത്രദിനം
ഫെബ്രുവരി 28 ശാസ്ത്രദിനത്തിൽ കോട്ടയം ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കോട്ടയത്തെ ഗലീലിയോ സയൻസ് സെന്ററിൽ ഒരുക്കിയ ശാസ്ത്ര സദ്യ എല്ലാ കുട്ടികളും ആവോളം ആസ്വദിച്ചു . വാന നിരീക്ഷണത്തിനായി ഏർപ്പെടുത്തിയ കൂറ്റൻ ടെലസ്കോപ്പ് കുട്ടികളെ ആകാംക്ഷാഭരിതരാക്കി. സ്കൂളിൽ ക്ലാസ്സ് മുറികളിൽ പഠിച്ച ശാസ്ത്ര തത്വങ്ങൾ പ്രായോഗികമായി മനസ്സിലാക്കാൻ ഒരുക്കിയ പരീക്ഷണ കളരിയും ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ചിത്രപ്രദർശനവും കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഗലീലിയോ സയൻസ് സെൻറർ പ്രൊപ്രൈറ്റർ ശ്രീ തങ്കച്ചൻ കുട്ടികൾക്ക് ക്ലാസ് നൽകി. വിദ്യാലയത്തിലെ ശാസ്ത്ര അധ്യാപിക പ്രീതജിദാസ് ഹെഡ്മാസ്റ്റർ കെ രവീന്ദ്രൻ മറ്റു അധ്യാപകർ തുടങ്ങിയവർ ശാസ്ത്ര സദ്യക്ക് നേതൃത്വം നൽകി
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
കുട്ടികൾ ഗലീലിയോ സയൻസ് സെന്റർ സന്ദർശിച്ചപ്പോൾ
ടീൻസ് ക്ലബ്ബ്
കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. കോട്ടയം എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ നിഫി ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ കെ കെ സുനിൽ അധ്യക്ഷനായി. ഹെഡ്‍മാസ്ററർ ശ്രീ കെ രവീന്ദ്രൻ സ്വാഗതവും ശ്രീ മനോജ് കെ എം ആശംസയുമർപ്പിച്ച് സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കോട്ടയം ജില്ലാ ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ യോഗ പരിശീലനവും ക്രിയാത്മക കൗമാരം - കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ഗവൺമെന്റ് ഒബ്സർവേഷൻ ഹോം കൗൺസിലർ ശ്രീ ലിജോ ജോസഫ് നയിച്ച ശില്പശാലയും നടന്നു. ചടങ്ങിന് ശ്രീമതി പ്രീത ജി ദാസ് നന്ദി പ്രകാശിപ്പിച്ചു.
സ്കൂളിലെ കൗൺസിലർ ശ്രീമതി റിനി ജെയ്സൺ കൗമാരം - വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു
-
-
-
എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ നിഫി ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു
-
-
ക്രിയാത്മക കൗമാരം - കരുത്തും കരുതലും ലിജോ ജോസഫ് സാറിന്റെ ക്ലാസ്സ്
-
യോഗ ക്ലാസ്സ് - ജില്ലാ ഗവൺമെന്റ് ആയുർവേദ ആശുപത്രി
-
പങ്കാളിത്തം
-
-
ശ്രീമതി റിനി ജെയ്സൺ ക്ലാസ്സെടുക്കുന്നു
ശാസ്ത്രലാബും സ്മാർട്ട് റൂമും കുട്ടികൾക്ക് ഏറെ പ്രയോജനകരം
-
ശാസ്ത്രലാബും സ്മാർട്ട് റൂമും കുട്ടികൾക്ക് എറെ പ്രയോജനകരം
എൽ എസ് എസ് നേടിയ അഭിനന്ദനയ്ക്ക് അഭിനന്ദനപ്രവാഹം
-
അഭിനന്ദനയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ
എസ് എസ് എൽ സി പരീക്ഷ - പ്രത്യേക പരിശീലനം
കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി മോഡൽ സ്കൂളിലെ എസ് എസ് എൽ സി പരീക്ഷയിലെ ഉജ്ജ്വല വിജയത്തിന് ചുക്കാൻ പിടിച്ചത് സ്കൂളിലെ കഠിനാദ്ധ്വാനികളായ അധ്യാപകരും ശക്തമായ പിന്തുണ നൽകിവരുന്ന രക്ഷിതാക്കളും പി ടി എ യും സർവ്വോപരി വിജയശില്പിളായ പ്രിയപ്പെട്ട വിദ്യാർത്ഥികളുമാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർദ്ദേശപ്രകാരം സ്കൂളിൽ അധികസമയ ക്ലാസ്സുകൾ എസ് എസ് എൽ സി ബാച്ചിന് ആരംഭിച്ചു. പരീക്ഷകളെഴുതി ശീലിക്കുന്നതിനായി പ്രീമോഡൽ പരീക്ഷ നടന്നുകഴിഞ്ഞു. അധികസമയ ക്ലാസ്സുകൾക്ക് കരുത്തേകാനായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ റിഫ്രഷ്മെന്റും നൽകിവരുന്നു. ഈ വർഷം മികച്ച വിജയം ആവർത്തിക്കുന്നതിനായി സ്കൂളിലെ അധ്യാപകർ നടത്തുന്ന കഠിന പ്രയത്നത്തിന് നാടിന്റെ മൊത്തം പിന്തുണ ലഭിച്ചുവരുന്നു.
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ഉദ്ഘാടനം
24.01.2023 ന് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും ചാരിറ്റി പ്രവർത്തകനും നവജീവൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടറുമായ ശ്രീ പി യു തോമസ് നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ശ്രീല രവീന്ദ്രൻ സ്കീം വിശദീകരിച്ചു. വാർഡ് കൗൺസിലർ, കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ സ്കീം കൺവീനർ ശ്രീ മനോജ് വി പൗലോസ് നന്ദി പ്രകാശിപ്പിച്ചു.
സഫലം 2023
സ്കൂളിന്റെ 2022-23 വർഷത്തെ വാർഷികാഘോഷത്തിന്റെ ഭാഗമായി 24.01.2023 ചൊവ്വാഴ്ച്ച സഫലം 2023 എന്ന പേരിൽ വർണ്ണാഭമായ പരിപാടി നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ സുനിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശങ്കരൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ ജോസഫ് സ്കൂൾ വിക്കിയുടെ ക്യൂ ആർ കോഡ് പ്രകാശനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി മിനിമോൾ പി ആർ ചടങ്ങിൽ ഉപഹാരം ഏറ്റുവാങ്ങി. ശ്രീ പി യു തോമസ് (നവജീവൻ ട്രസ്റ്റ്),ശ്രീ ടോണി ആന്റണി (പിടിഎ വൈ. പ്രസിഡണ്ട്, ടിടിഐ പ്രിൻസിപ്പൽ),ശ്രീമതി മഞ്ജുള സി (പ്രിൻസിപ്പാൾ),ശ്രീമതി ശ്രീലാ രവീന്ദ്രൻ (സീനിയർ അസിസ്റ്റന്റ്), കെ എം സലീം (ബി പി ഒ, കോട്ടയം ഈസ്റ്റ്), പ്രൊഫസ്സർ പി സി വർഗ്ഗീസ് (ആർദ്രം ചാരിറ്റബ്ൾ ട്രസ്റ്റ്), ശ്രീ ശെൽവരാജ് (എസ് വി ഗോൾഡ് ഹാൾമാർക്കിങ്), ശ്രീമതി. ചിത്ര, ശ്രീമതി ഷംല സലീം (YWCA), ശ്രീമതി പ്രീത എ ഡി (ഹെഡ്‍മിസ്ട്രസ്, ടൗൺ എൽ പി എസ്, കോട്ടയം), എം പി ടി എ പ്രസിഡണ്ട് ശ്രീമതി അശ്വതി സുരേഷ്, എസ് എം സി ചെയർ പേഴ്സൺ ശ്രീമതി രജിതാ മനോജ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ വച്ച് ഈ അധ്യയനവർഷം പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു.
കൗൺസിലിംഗ്
കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..
സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യൽ പ്രൊജക്ട് സ്കൂൾ കൗൺസിലർ റിനി ജോർജിന്റെ സേവനം ലഭ്യമാണ്
സ്പോർട്സ്
എല്ലാ വർഷവും സ്പോർട്ട് മീറ്റ് നടത്തുന്നു. കായിക ഇനങ്ങളിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനത്തിനായി സ്പോർട്ട് കൗൺസിലിൻ്റെ സേവനം തേടുന്നു ഈ സ്കൂളിലെ ലിദിൻ ഉദയ് ,മെൽവിൻ ജോസ്, ഷാരോൺ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികൾ സംസ്ഥാന കായിക മേളയിൽ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു. ഈ സ്കൂളിലെ സുഭാഷ്, ഷാരോൺ രാജ്, അഖിലേഷ്'ബാബു ,അനിൽ കെ എന്നിവർ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നടന്ന ദേശീയ കായിക മേളയിൽ ഉന്നത വിജയം നേടി ഈ കുട്ടികൾ ഈ സ്കൂളിൻറെ അഭിമാന താരങ്ങളാണ്.
ആരോഗ്യ കായിക വിദ്യാഭ്യാസം കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി.
ക്ലാസ് മാഗസിൻ.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.2018 വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി എസ് ജോസഫ് ആണ്. കവിത ജനിക്കുന്ന വഴികളെപ്പറ്റി ജോസഫ് സാർ കുട്ടികളുമായി സംവദിച്ചു. 2019 ൽ പ്രശസ്ത കവിയും ലോക്കോ പൈലറ്റുമായ ശ്രീ.സുരേഷ് കുമാർ ജി ആണ് വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത്. തൻ്റെ ട്രയിൻ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. 2021 ൽ കവി ശ്രീ രാജൻ കൈലാസ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി വായന മാസാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ പ്രമുഖരുടെ സന്ദേശങ്ങൾ ഒരു മാസക്കാലം ഓൺലൈനായി കുട്ടികളിലെത്തിച്ചു
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.