ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം/ചരിത്രം/വിശദമായി.....

05:24, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39512 (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയത്തിന്‌ മുമ്പ്‌ പടിഞ്ഞാറെ കല്ലടയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വിദ്യാലയത്തിന്‌ മുമ്പ്‌ പടിഞ്ഞാറെ കല്ലടയില്‍ ഉണ്ടായിരുന്ന ഏക വിദ്യാലയം നെല്‍പ്പരക്കുന്നിലെ ഗവ. മലയാളം മീഡിയം മിഡില്‍ സ്‌കൂളായിരുന്നു. ഈ വിദ്യാലയം പരിശോധിക്കുന്നതിനായി കരുനാഗപ്പള്ളിയില്‍ നിന്നും സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീ.സി.എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി അവര്‍കള്‍ വരാറുണ്ടായിരുന്നു. അദ്ദേഹം മൂത്തേടത്ത്‌ മഠത്തിലായിരുന്നു വിശ്രമിച്ചിരുന്നത്‌. മഠത്തിലെ ബഹുമാനപ്പെട്ട ശ്രീധരര്‌ ഭട്ടതിരിയുമായുള്ള സൗഹൃദം ആണ്‌ ഈ സ്‌കൂളിന്‌ ആരംഭം കുറിച്ചത്‌. അന്നത്തെ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ പുതിയ സ്‌കൂള്‍ അനുവദിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. ആ പ്രദേശത്ത്‌ ഒരു സ്‌കൂളിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം തിരുമേനിയെ ധരിപ്പിച്ചു. തിരുമേനി അതനുസരിച്ച്‌ മഠത്തിന്റെ വടക്കുവശത്ത്‌ ഒരു ഷെഡ്‌ കെട്ടി ഒരു സ്‌കൂള്‍ ആരംഭിച്ചു. കരിന്തോട്ടുവ ഉണ്ണൂണ്ണി സര്‍ ആയിരുന്നു ആദ്യത്തെ അധ്യാപകന്‍. Ad.No.-1 പാര്‍വ്വതിപിള്ള C/o ചെമ്പകരാമന്‍, അമ്പഴശ്ശേരി, കോയിക്കല്‍ ഭാഗം ആയിരുന്നു ആദ്യ വിദ്യാര്‍ത്ഥി. കോയിക്കല്‍ ഭാഗത്ത്‌ തന്നെ ഒരു സ്‌കൂള്‍ സ്ഥാപിക്കണമെന്ന്‌ ഇന്‍സ്‌പെക്‌ടര്‍ അവര്‍കള്‍ വീണ്ടും തിരുമേനിയോട്‌ നിര്‍ബന്ധിച്ചതനുസരിച്ച്‌ അദ്ദേഹം മഠം വക 40 സെന്റ്‌ സ്ഥലം സ്‌കൂളിനായി ദാനം ചെയ്‌തു. ആ സ്ഥലത്താണ്‌ ഇന്ന്‌ സ്‌കൂള്‍ നില്‍ക്കുന്നത്‌. നാട്ടുകരുടെ സഹകരണത്തോട്‌ കൂടി സ്ഥലത്ത്‌ നിന്നും കല്ലുവെട്ടി നാട്ടില്‍ നിന്നും തടിയും മറ്റും ശേഖരിച്ചും 80 അടിയുള്ള ഓല കെട്ടിടം നിര്‍മ്മിച്ചു. 1915 ജൂണ്‍ 16-ാം തീയതിയാണ്‌ ഈ സ്‌കൂള്‍ ആരംഭിച്ചത്‌. കാലക്രമേണ പ്രൈമറി സ്‌കൂളിന്‌ കുറഞ്ഞത്‌ 50 സെന്റ്‌ സ്ഥലമെങ്കിലും വേണമെന്ന്‌ നിയമമുണ്ടായി. ആയതിനാല്‍ താഴേ മഠത്തില്‍ നാരായണഭട്ടതിരി അവര്‍കളില്‍ നിന്നും 10 സെന്റ്‌ സ്ഥലം കൂടി വാങ്ങി ആകെ 50 സെന്റ്‌ സ്ഥലത്ത്‌ 1964 ല്‍ ഇപ്പോള്‍ നില്‍ക്കുന്ന ഓഫീസ്‌ മുറി ഉള്‍പ്പടെ 100** കെട്ടിടം സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ചു. പരിമിതമായ സൗകര്യങ്ങള്‍ മാത്രം ഉണ്ടായിരുന്ന ആദ്യകാലത്ത്‌ കുട്ടികള്‍ വെറും തറയില്‍ ചമ്രം പടിഞ്ഞിരുന്നാണ്‌ പഠിച്ചത്‌. സ്‌കൂള്‍ സമയം അറിയാനായി ഉപകരണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. സൂര്യനെ നോക്കിയായിരുന്നു അന്ന്‌ സമയം കണകാക്കിയിരുന്നത്‌. സ്‌കൂളില്‍ ഉച്ചഭക്ഷണ ഇല്ലായിരുന്നു. കുട്ടികള്‍ ഭക്ഷണം കൊണ്ടുവരാറുമില്ലായിരുന്നു. 1980ല്‍ ഗവണ്‍മെന്റ്‌ ചെലവില്‍ കുടിവെള്ളത്തിനായി ഒരു കിണര്‍ കുഴിച്ചു. സി.വി ആനന്ദബോസ്‌ ഐ.എ.എസ്‌. കളക്‌ടറായിരുന്ന സമയത്ത്‌ സര്‍ക്കാര്‍ ചെലവില്‍ ഒരു വാട്ടര്‍ ടാങ്ക്‌ നിര്‍മ്മിക്കുന്നതിന്‌ സഹായിച്ചു. ഭൗതിക സൗകര്യങ്ങള്‍ വളരെ കുറവായിരുന്ന സ്‌കൂളില്‍ 2000-ാം ആണ്ടോടെ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. സ്‌കൂളിന്റെ തെക്ക്‌, കിഴക്ക്‌ വടക്ക്‌ ഭാഗങ്ങളിലെ ചുറ്റുമതില്‍ നിര്‍മ്മിച്ചു തന്നത്‌ ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്താണ്‌ ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ ഫണ്ടില്‍ നിന്നും സ്‌കൂളിന്റെ മുന്‍വശത്തെ മതിലും പാചകപ്പുരയും നിര്‍മ്മിച്ചു. SSA ഫണ്ട്‌ ഉപയോഗിച്ച്‌ സ്‌കൂള്‍ കെട്ടിടങ്ങള്‍ വൈദ്യൂതീകരിച്ചു. തുടര്‍ന്ന്‌ കുടിവെള്ള സൗകര്യം , ram and rail, adotpted toilet തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായി. പൂര്‍വ്വവിദ്യാര്‍ത്ഥി കാമ്പീലഴികത്ത്‌ ശ്രീമതി ശോഭലത സ്‌കൂളിന്‌ ഒരു മൈക്ക്‌ സെറ്റ്‌ സംഭാവനയായി നല്‍കി. ബഹുമാന്യനായ ശ്രീ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നും ഒരു കമ്പ്യൂട്ടര്‍ ലഭിച്ചു. 17/01/2008 ല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കാരൂര്‍ പുത്തന്‍വീട്ടില്‍ ഡോ. കെ. എം വാസുദേവന്‍പിള്ള കേരള സമ്പൂര്‍ണ്ണ ജൂബിലി സ്‌മാരക കെട്ടിടവും മൂന്ന്‌ കമ്പ്യൂട്ടര്‍, എഡ്യൂസാറ്റ്‌, ലൈബ്രററി പുസ്‌തകങ്ങള്‍ സൂക്ഷിക്കാന്‍ 2 അലമാര, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണികള്‍ക്കായി കരിന്തോട്ടുവ സഹകരണബാങ്കില്‍ 1 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നല്‍കുകയുണ്ടായി. സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ കമ്പ്യൂട്ടര്‍ നന്നാക്കികൊണ്ടിരിക്കുന്നത്‌. സ്‌കൂളിന്‌ മുന്നിലുണ്ടായിരുന്ന മുത്തശ്ശി പ്ലാവിന്റെ അടിത്തറകെട്ടി സംരക്ഷിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ കോണ്‍ക്രീറ്റ്‌ ബഞ്ചുകള്‍ സ്ഥാപിച്ചു. ശാസ്‌താംകോട്ട പഞ്ചായത്തില്‍ നിന്നും 2010 ല്‍ ഒരു പ്രീ-പ്രൈമറി കെട്ടിടവും 2012-13 ല്‍ കിണറിന്റെ മെയിന്റന്‍സും 2013-14 ല്‍ വിറക്‌ ഷെഡ്ഡും ബഞ്ച്‌, അലമാര എന്നിവയും ശതാബ്‌ദി ആഘോഷിക്കുന്ന 2014-15 വര്‍ഷം ഒരു ഓപ്പണ്‍ ആഡിറ്റോറിയവും സ്ഥാപിച്ചു. ആ വര്‍ഷം തന്നെ സ്‌കൂളിന്റെ പേരില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചു. 2012-13 ജില്ലാപഞ്ചായത്തിന്റെ മേജര്‍ മെയിന്റനന്‍സ്‌ ഫണ്ട്‌ ഉപയോഗിച്ച്‌ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറ, ടൈല്‍സ്‌ ഇടുകയും ഭിത്തികള്‍ പെയിന്റടിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ജനാലകള്‍ക്ക്‌ ഗ്രില്‍ ഇടുകയും മേല്‍ക്കൂര ഇളക്കിപ്പണിയുകയും ചെയ്‌തു. 2010 മുതല്‍ തുടര്‍ച്ചയായി പൂര്‍വ്വവിദ്യാര്‍ത്ഥി ആലപ്പുറത്ത്‌ അനില്‍കുമാറിന്റെ ചരമവാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട്‌ കുടുംബാംഗങ്ങള്‍ പഠനസഹായം, സ്‌കൂള്‍ഡയറി, യൂണിഫോം, പഠന ഉപകരണങ്ങള്‍, 2015 മുതല്‍ ദിനപത്രം എന്നിവ നല്‍കിവരുന്നു.