ജി.എം.എൽ.പി.എസ്, പാലച്ചിറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshma Remanan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെറുന്നിയൂർ

ചെറുന്നിയൂർ കവല


തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂർ.വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ഭൂമിശാസ്ത്രം

പാലച്ചിറ,വടശ്ശേരിക്കോണം എന്നീ ഉയർന്ന വടക്കൻ പ്രദേശങ്ങളിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കിഴക്കും പടിഞ്ഞാറുമായി ചരിഞ്ഞുകിടക്കുന്ന ഒരു ഭൂവിഭാഗമാണ് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്. കോഴിത്തോട്ടം കായലിലേക്ക് ഒരു ഉപദ്വീപിന്റെ ആകൃതിയിലാണ് ഈ ഭൂവിഭാഗം കിടക്കുന്നത് . കമ്പിക്കകം, കിഴക്കുള്ള വെള്ളിയാഴ്ചക്കാവ്, വടക്കുപടിഞ്ഞാറുള്ള അയന്തി എന്നിവ താഴ്ന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ. മരക്കടമുക്ക് എന്ന സ്ഥലം വരെയുള്ള കുന്നും, പള്ളിക്കുന്നും, പടിഞ്ഞാറു ഭാഗത്തെ കല്ലുമലക്കുന്നും,പാലച്ചിറയുമാണ്. കല്ലുമലക്കുന്നാണ് ഏറ്റവും വലിയ കുന്ന്. പള്ളിക്കുന്നാണ് ഏറ്റവും ചെറുത് . കാറാത്തല-വെള്ളിയാഴ്ച്ചക്കാവ് തോട്, ചാക്കപ്പൊയ്ക മംഗ്ളാവിൽ-പുത്തൻകടവ് തോട് തുടങ്ങി നിരവധി തോടുകളും, ശിവൻനട വലിയകുളം, വലിയവിളാകംകുളം, അയന്തിക്കുളം എന്നിങ്ങനെയുള്ള അനവധി കുളങ്ങളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകൾ. ഉയരമുള്ള പ്രദേശങ്ങളും വയലുകളും (ഏലാകൾ ) കൂടിച്ചേരുന്ന ഒരു ഭൂപ്രകൃതി കായൽത്തീരങ്ങളിൽ അവസാനിക്കുന്നു . കുത്തനെയുള്ള ചരിവുകൾ, കുന്നുകൾ, ചെറിയ ചരിവുകൾ, വയലേലകൾ എന്നിവ മാറി മാറി വരുന്ന ഭൌമപ്രകൃതിയാണ് പഞ്ചായത്തിലെ വാർഡുകളിൽ പൊതുവായി കാണാൻ കഴിയുന്നത്. സമുദ്രനിരപ്പിൽ നിന്നും നൂറ് മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ പഞ്ചായത്തിലുണ്ട്. താഴ്വാരങ്ങൾ, തീരസമതലങ്ങൾ എന്നിങ്ങനെ വർഗ്ഗീകരിക്കാവുന്ന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ഏലാകൾ ഈ പഞ്ചായത്തിലുണ്ട്. ചെറുന്നിയൂർ, പാലച്ചിറ, മുടിയാക്കോട്, കാറാത്തല, വെന്നിക്കോട്, അയന്തി എന്നിവയാണവ.അനിയന്ത്രിതമായ വയൽ നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും കാരണം ഈ ഏലാകൾ നാശോന്മുഖമാണ്. ലാറ്ററൈറ്റ് (ബി ഹോറൈസൺ ഇല്ലാത്തത് ) എന്ന മണ്ണിനം പ്രമുഖമായ തെക്കൻ ഇടനാടൻ സോൺ എന്ന കാർഷിക കാലാവസ്ഥാമേഖലയിലാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ഇത് തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ കാണപ്പെടുന്ന ഒരു കാർഷിക കാലാവസ്ഥാ മേഖലയാണ്.

പൊതുസ്ഥാപനങ്ങൾ

ചെറുന്നിയൂർ മുക്ക് എന്നറിയപ്പെടുന്ന ഒരു കവലയാണ് ചെറുന്നിയൂരിലെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രം. നിരവധി കച്ചവട സ്ഥാപനങ്ങളും, ബാങ്ക് (എസ്. ബി. റ്റി), പോസ്റ്റ് ഓഫീസ്, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറുന്നിയൂരിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന അഞ്ച് പ്രധാന റോഡുകൾ ഇവിടെ കൂടി ചേരുന്നു.

അമ്പിളി ചന്ത എന്നയിടത്താണ് ചെറുന്നിയൂർ വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, പ്രധാന ചന്ത എന്നിവ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂർ മുക്കിനും അമ്പിളിചന്തയ്ക്കും ഇടയിലാണ് ഗവ: ഹൈസ്കൂൾ, ഗവ: എൽ പി സ്കൂൾ, റെഡ്സ്റ്റാർ വായനശാല എന്നിവയുള്ളത്. ദളവാപുരം, പാലച്ചിറ മുക്ക്, മരക്കട മുക്ക്, വെള്ളിയാഴ്ച കാവ്, ശാസ്താം നട, കട്ടിങ്ങ്, വെന്നികോട്, അകത്തുമുറി, കല്ലുമലക്കുന്ന്, അച്ചുമ്മാ മുക്ക്, അയന്തി എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കവലകൾ. ദളവാപുരത്തിനടുത്താണ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മൃഗാശുപത്രിയും. പൊതു ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കട്ടിങ്ങ് ജംഗ്ഷനടുത്താണ്. മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്. പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്.