ചെറുന്നിയൂർ

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂർ.വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ഭൂമിശാസ്ത്രം

പാലച്ചിറ,വടശ്ശേരിക്കോണം എന്നീ ഉയർന്ന വടക്കൻ പ്രദേശങ്ങളിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കിഴക്കും പടിഞ്ഞാറുമായി ചരിഞ്ഞുകിടക്കുന്ന ഒരു ഭൂവിഭാഗമാണ് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്. കോഴിത്തോട്ടം കായലിലേക്ക് ഒരു ഉപദ്വീപിന്റെ ആകൃതിയിലാണ് ഈ ഭൂവിഭാഗം കിടക്കുന്നത് . കമ്പിക്കകം, കിഴക്കുള്ള വെള്ളിയാഴ്ചക്കാവ്, വടക്കുപടിഞ്ഞാറുള്ള അയന്തി എന്നിവ താഴ്ന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ. മരക്കടമുക്ക് എന്ന സ്ഥലം വരെയുള്ള കുന്നും, പള്ളിക്കുന്നും, പടിഞ്ഞാറു ഭാഗത്തെ കല്ലുമലക്കുന്നും,പാലച്ചിറയുമാണ്. കല്ലുമലക്കുന്നാണ് ഏറ്റവും വലിയ കുന്ന്. പള്ളിക്കുന്നാണ് ഏറ്റവും ചെറുത് . കാറാത്തല-വെള്ളിയാഴ്ച്ചക്കാവ് തോട്, ചാക്കപ്പൊയ്ക മംഗ്ളാവിൽ-പുത്തൻകടവ് തോട് തുടങ്ങി നിരവധി തോടുകളും, ശിവൻനട വലിയകുളം, വലിയവിളാകംകുളം, അയന്തിക്കുളം എന്നിങ്ങനെയുള്ള അനവധി കുളങ്ങളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകൾ. ഉയരമുള്ള പ്രദേശങ്ങളും വയലുകളും (ഏലാകൾ ) കൂടിച്ചേരുന്ന ഒരു ഭൂപ്രകൃതി കായൽത്തീരങ്ങളിൽ അവസാനിക്കുന്നു . കുത്തനെയുള്ള ചരിവുകൾ, കുന്നുകൾ, ചെറിയ ചരിവുകൾ, വയലേലകൾ എന്നിവ മാറി മാറി വരുന്ന ഭൌമപ്രകൃതിയാണ് പഞ്ചായത്തിലെ വാർഡുകളിൽ പൊതുവായി കാണാൻ കഴിയുന്നത്. സമുദ്രനിരപ്പിൽ നിന്നും നൂറ് മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ പഞ്ചായത്തിലുണ്ട്. താഴ്വാരങ്ങൾ, തീരസമതലങ്ങൾ എന്നിങ്ങനെ വർഗ്ഗീകരിക്കാവുന്ന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ഏലാകൾ ഈ പഞ്ചായത്തിലുണ്ട്. ചെറുന്നിയൂർ, പാലച്ചിറ, മുടിയാക്കോട്, കാറാത്തല, വെന്നിക്കോട്, അയന്തി എന്നിവയാണവ.അനിയന്ത്രിതമായ വയൽ നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും കാരണം ഈ ഏലാകൾ നാശോന്മുഖമാണ്. ലാറ്ററൈറ്റ് (ബി ഹോറൈസൺ ഇല്ലാത്തത് ) എന്ന മണ്ണിനം പ്രമുഖമായ തെക്കൻ ഇടനാടൻ സോൺ എന്ന കാർഷിക കാലാവസ്ഥാമേഖലയിലാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ഇത് തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ കാണപ്പെടുന്ന ഒരു കാർഷിക കാലാവസ്ഥാ മേഖലയാണ്.