എ.യു.പി.എസ്. പുതുപൊന്നാനി/എന്റെ ഗ്രാമം
പുതുപൊന്നാനി
മലപ്പുറം ജില്ലക്ക് കിഴക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന പൊന്നാനി നഗരത്തിന്റെ ഭാഗമായുള്ള ഒരു തീരദേശമാണ് പുതുപൊന്നാനി. പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലാണ് പുതുപൊന്നാനിയുടെ കിടപ്പ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിടുന്നു. പൊന്നാനി വില്ലേജിന്റെ കീഴിലാണ് പുതുപൊന്നാനിയുടെ ഗ്രാമഭരണം.
കനോലി കനാൽ അറബിക്കടലിൽ പതിക്കുന്ന പുതുപൊന്നാനി മുനമ്പ്, സായാഹ്നങ്ങളിൽ പ്രകൃതിയുടെ മനോഹാരിത ദർശിക്കാനായി എത്തുന്നവരുടെ ഒരു കൊച്ചു തുരുത്തുകൂടിയാണ്. കനോലി കനാലിന്റെ മറുകരയിലുള്ള കടവനാട്, ചരിത്രപ്രാധാന്യമുള്ള വെളിയങ്കോട് എന്നിവ തൊട്ടടുത്ത പ്രദേശങ്ങളാണ്.
സാമ്പത്തികമായും സാമുഹികമായും താരതമ്യേന പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ വലിയ ഒരു വിഭാഗത്തിന്റെ ജീവിതോപാധി മത്സ്യ ബന്ധനവും കൂലി വേലയുമാണ്. പരമ്പരാഗത കൃഷി, സർക്കാരുദ്യോഗം, മതാധ്യാപനം തുടങ്ങിയ മേഖലകളിലും ഇവിടുത്തുകാരുടെ സാന്നിധ്യമുണ്ട്. ഒരു വിഭാഗം ജനങ്ങൾ ഗൾഫ് കുടിയേറ്റത്തിലൂടെയും ജീവിത മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന N.H 66 ഇതുവഴിയാണ് കടന്ന് പോകുന്നത്.