എൽ. വി. എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
OLD BULDING

പോത്തൻകോട്

പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെക്കുറിച്ച് പറയുമ്പോൾ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധൻകാട് പുത്തൻകാടായും പുത്തൻകാട് പുത്തൻകോടായും പുത്തൻകോട് കാലങ്ങൾക്കുശേഷം പോത്തൻകോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂർപ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോൾ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നൽകുന്നു. ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകൾ, വെള്ളാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വർഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനിൽക്കുന്നു.

ഭൂമിശാസ്ത്രം

POTHENCODE
WELCOME

കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.


വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ.

SANTHIGIRI

ഇടവപ്പാതിയിലും തുലാവർഷത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന പ്രദേശം ആണ് ഇവിടെയുള്ളത് പണ്ട് കുന്നുകളിൽ നിലനിന്നിരുന്ന ജൈവ പ്രകൃതി റബ്ബർ കൃഷിയുടെ ആവിർഭാവത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ് ഭൂ പ്രകൃതിയുടെ മൊത്തം പരിസ്ഥിതിയിൽ ഈ മാറ്റം സാരമായി ബാധിച്ചിട്ടുണ്ട് നമ്മുടെ പഞ്ചായത്തിൻറെ ഭൂപ്രകൃതിയിൽ ചെറുതല്ലാത്ത ഒരു പങ്കാണ് കുന്നുകൾക്ക് ഉള്ളത് പാറപ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ ചെമ്മണ്ണാണ് ഉള്ളത് കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയിൽ കാണാം കുന്നിൻ മുകളിൽ ഉള്ളതുപോലെ ചരിവുകളിലും വ്യാപകമായി റബ്ബർ കൃഷി ചെയ്തിട്ടുണ്ട് ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്ന പരിസ്ഥിതി പ്രശ്നം ചരിഞ്ഞ പ്രദേശത്ത് ഉണ്ട് ഇതുമൂലം മണ്ണൊലിപ്പ് വ്യാപകമായ തോതിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട് വിവിധയിനം കൃഷികൾക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചരൽ മണ്ണുമാണ് കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളത്.

പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.

PANCHAYATH OFFICE


സമതല പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഭൂപ്രദേശങ്ങളിൽ ഏറിയ ഭാഗവും റബ്ബർ തെങ്ങ് മരച്ചീനി വാഴബല വൃക്ഷങ്ങൾ ഇടവിളകൾ പച്ചക്കറികൾ എന്നിവ ധാരാളമായി കൃഷി ചെയ്യുന്ന പ്രദേശം കൂടിയാണ് സമതല പ്രദേശം കൃഷിക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചെമ്മണ്ണും ആണ് ഈ ഭൂവിഭാഗത്തിലുള്ള പ്രധാന മൺതരങ്ങൾ .

വേനൽക്കാലത്ത് വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങൾ ആയതിനാൽ വരൾച്ച മൂലം കിണറുകളും കുളങ്ങളും വറ്റുന്ന പ്രശ്നമാണ് ഇവിടെയുള്ളത് ആഴങ്ങളിൽ നിന്നും വെള്ളം കിട്ടുന്നതിനുവേണ്ടി നിരവധി കുഴൽക്കിണറുകൾ കുഴിക്കപ്പെട്ടതോടെ ജലദൗർലഭ്യം മഴക്കാലത്ത് പോലും അനുഭവപ്പെടുന്നുണ്ട് പ്രകൃതിക്ക് വമ്പിച്ച ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കുഴൽക്കിണറുകൾ ഇന്ന് വ്യാപകമാകുകയാണ് .

CIVIL STATION

പാറപ്രദേശം ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയിൽ ചെറിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു കുളപ്പാറ ചിറ്റിക്കര അരിയോണം കല്ലുവിള കൂനയിൽ എന്നീ ഭാഗങ്ങളിലാണ് പാറപ്രദേശം ഉള്ളത് പാറ പൊട്ടിക്കുന്ന വ്യവസായം വ്യാപകമായിട്ടുണ്ട് ഇതേ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണ് ഇരുപത്തിയെട്ടിൽ പരം കുളങ്ങളും തോടുകളും നീരുറവകളും ഉൾപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സ്. ഇടവപ്പാതിയിലും തുലാവർഷങ്ങളിലും ലഭിക്കുന്ന മഴയാണ് പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് ഇടമഴകൾ വല്ലപ്പോഴും ലഭിക്കുന്നുമുണ്ട്. കാർഷിക മേഖലയായ ഈ പഞ്ചായത്ത് പ്രദേശത്ത് ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്.

PANIMOOLA TEMPLE

ആനത്താഴ്ച്ചിറ പദ്ധതി മലൈക്കോണം ചിറയിൽ നിന്നുള്ള വാട്ടർടാങ്ക് എന്നീ സ്രോതസ്സുകൾ ഉണ്ടെങ്കിലും എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല എത്ര മഴ ലഭിച്ചാലും വേനൽക്കാലങ്ങളിൽ കിണറുകളും ജലാശയങ്ങളും വറ്റിപ്പോകുന്നു ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് ഈ ജലസ്രോതസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം നേരിടാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് .

പോത്തൻകോട് പഞ്ചായത്തിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും കാർഷികവൃത്തിയുമായി ബന്ധമുള്ളവരാണ് നിർമ്മാണ തൊഴിൽ ടാപ്പിംഗ് തൊഴിൽ പരമ്പരാഗത തൊഴിൽ ക്ഷീരമേഖല എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും ഇവിടെയുണ്ട് റബ്ബർ കൃഷി വ്യാപകമായതോടെ പരമ്പരാഗത കൃഷിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത് കെട്ടിട നിർമ്മാണം വർത്തിച്ചതോടെ ഈ രംഗത്ത് തൊഴിൽ സാധ്യത ഏറെയുണ്ട്.

വ്യാവസായിക സംരംഭങ്ങൾ കുറവായതുമൂലം വിദഗ്ധ തൊഴിലാളികൾ മറ്റു സ്ഥലങ്ങളിലേക്ക് പോയി പണിയെടുക്കുന്നു വിദേശ നാടുകളിൽ തൊഴിൽ തേടി പോയവരും കുറവല്ല പരമ്പരാഗത തൊഴിലുകൾ നാമം മാത്രമായി നിലനിൽക്കുന്നു തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയാത്തത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചിട്ടുണ്ട് സേവനമേഖലകളിൽ ഉള്ള അപാകതകൾ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ സങ്കീർണ്ണം ആക്കുന്നു രൂക്ഷമായ തൊഴിലില്ലായ്മ ഈ പ്രദേശത്തെ ജനങ്ങളെ ഒരുതരം നിർവികാരതയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് എന്ന വസ്തുത നിഴലിച്ചു കാണുന്നു.

ആരാധനാലയങ്ങൾ

പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം ,കരൂർ ക്ഷേത്രം, തച്ചപ്പള്ളി ക്ഷേത്രം, കല്ലൂർ പളളി, കുന്നത്തു ശ്രീഭഗവതീക്ഷേത്രം സാൽവേഷൻ ആർമിചർച്ച്, ആനയ്ക്കോട് ക്രിസ്ത്യൻപള്ളി, ആനയ്ക്കോടു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്.

ശ്രദ്ധേയരായ വ്യക്തികൾ

  1. കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )
  2. പോത്തൻകോട് സത്യൻ ( നാടക കലാകാരൻ )
  3. ദാമോദരൻ വൈദ്യൻ , വേലുക്കുട്ടി നായർ ( ഓട്ടൻതുള്ളൽ കലാകാരന്മാർ )
  4. കെ പ്രഭുല്ലചന്ദ്രൻ ( ലക്ഷ്മി വിലാസം സ്കൂൾ പ്രഥമ അദ്ധ്യാപകൻ ,മാനേജർ )
  5. കരൂർ ശശി ( കവി )
  6. സുധാകരൻ ചന്തവിള ( കവി )
  7. വി എസ് ബിന്ദു ( കവയത്രി )
  8. അരവിന്ദ്  ആർ നായർ  ( അധ്യാപകൻ )