കാട്ടിപ്പാറ
                        ദേലംപാടി ഗ്രാമപഞ്ചായത്തിലെ  മലയോര ഗ്രാമ പ്രദേശമാണ് കാട്ടിപ്പാറ .പേരിന്റെ പ്രത്യേകത പോലെ കൂറ്റനും ക്രൂരനുമായ കാട്ടിയും കാട്ടിക്കു സമാനമായി അനേകം പാറകളും നിറഞ്ഞു നിൽക്കുന്ന കാടിന് നടുവിലെ പ്രദേശം .ക്രൂരജന്തുക്കളുടെ വിഹാര കേന്ദ്രമായതിനാൽ തന്നെ ജനവാസവും കുറവായിരുന്നു. 55വർഷങ്ങൾക്ക് മുമ്പത്തെ കട്ടിപ്പാറയെ കുറിച്ചു അറിയുന്നത് അതിശയമുണ്ടാക്കും .ആളുകൾക്ക് കട്ടിപ്പാറയിലെത്താൻ ഏഴുകിലോമീറ്റർ അകലെ കാറഡുക്കയിൽ ബസ്സിറങ്ങി പൂവടുക്ക വഴി കടുമന പുഴയും കടന്നു ഘോര വനത്തിലൂടെ നെല്ലിത്തട്ട് പാറ വഴി നടക്കണം .
                         1955ഒക്ടോബറിൽ കർഷക പ്രമാണിമാരായ കരിച്ചേരി മാലിങ്ക്നായർ ,മുങ്ങത്ത്  ഗോപാലൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകരുടെ സഹായ സഹകരണത്തോടെ കാട്ടിപ്പാറ മുങ്ങത്ത് തറവാടിന് അൽപം മുകളിലായി താൽകാലികമായി കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിൽ കാട്ടിപ്പാറ സ്കൂൾ പ്രവർത്തനം തുടങ്ങി.മൺമറഞ്ഞ മേലത്ത് നാരായണൻ നമ്പ്യാരുടെ പരിശ്രമത്തിന്റെ ഫലമായി മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൽ നിന്നും അനുവദിച്ചുകിട്ടിയ സ്കൂളിന്റെ പ്ര വർത്തനോദ്ഘാടനദിനം കൊടിതോരണങ്ങളാൽ അലംകൃതമായ താൽകാലിക ഷെഡിന് മുമ്പിൽ വലിയ ജനക്കൂട്ടം തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നതിന് സാക്ഷിയായി.പി. ഭാർഗവി ടീച്ചറാണ് ആദ്യമായി സ്കൂളിലെത്തിയ ടീച്ചർ. ഫെവർ ലൂബ ടൈംപീസുമായാണ് ടീച്ചർ ആദ്യദിനം സ്കൂളിലെത്തിയത്. ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭിച്ചത്. എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെരണ്ടാം ക്ലാസിൽ നേരിട്ടും അല്ലാത്ത വരെ ഒന്നാം ക്ലാസിലും ചേർത്തു കൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
പ്രാദേശിക ആരാധനാലയങ്ങൾ
                   ഈ പ്രദേശത്തിന്റെ പരിധിയിൽ വരുന്ന ഇടങ്ങളിലെല്ലാം ജനപഥങ്ങൾ സ്ഥാപിതമാകുന്നതോടുകൂടി, തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളുമുണ്ടായിരുന്നു. വിവിധ ജനവിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കനുസൃതമായി ക്ഷേത്രങ്ങളും, തറവാടുകളും, കാവുകളും, പള്ളികളും ഉടലെടുക്കുക സ്വാഭാവികമാണല്ലോ. സംസ്കാരങ്ങളുടെ ചെറുഉറവകൾ എന്ന് വേണമെങ്കിൽ ഇവയെ പറയാം.സമുദായങ്ങളുടെ കെട്ടുറപ്പാണ് ഈ സ്ഥാപനങ്ങൾ കൊണ്ട് വിവക്ഷിക്കുന്നത്.കാട്ടിപ്പാറയിലും ചുറ്റുപാടും ജനവാസം തുടങ്ങിയതോടുകൂടി, പ്രകൃതിയോട് മല്ലിടുന്ന മനുഷ്യന് ആത്മശക്തിക്കുവേണ്ടി കുടിയിരുത്തപ്പെട്ട കുറേ തറവാട്ടുതെയ്യങ്ങളും താനങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് കാട്ടിപ്പാറ മുങ്ങത്തുതറവാട്, പള്ളഞ്ചി പേറയിൽ തറവാട്, മലാങ്കടപ്പ് തുളിച്ചേരി തറവാട് എന്നിവ. ഇവ കൂടാതെ വയനാട്ട് കുലവൻ തെയ്യവുമായി ബന്ധപ്പെട്ട് മലാകടപ്പ്, പുതിയകണ്ടം, കോടോത്ത് പള്ളഞ്ചി, പേറയിൽ പള്ളഞ്ചി, പരപ്പ, ബാളംകയ നെടുകുഴി, നെരോടി എന്നിവിടങ്ങളിൽ താനങ്ങളും, കാട്ടിപ്പാറയിൽ കാലിച്ചാൻ മരവും സ്ഥാപിച്ചിട്ടുണ്ട്.നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രമാണ് ഈ പ്രദേശത്തെ പ്രധാനക്ഷേത്രം. കാലപ്പഴക്കത്തിൽ നശിച്ച ക്ഷേത്രം 1964ലാണ് പുനർനിർമ്മിച്ചത്. പിന്നീട് നിത്യപൂജയോടെ പരിപാലിക്കപ്പെട്ടുവരികയാണ്. ഏവന്തൂർ മണിയാണി കുടുംബക്കാരാണ് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ കാര്യക്കാർ.

മുസ്ലിം ,മറാട്ടി സമുദയങ്ങളുടെ അധിനിവേശം

              ഏകദേശം നൂറ്റമ്പത് വർഷങ്ങൾക്കുമുമ്പാണ് ഈ പ്രദേശത്ത് മുസ്ലീം സമുദായത്തിൽ പെട്ട ആളുകൾ എത്തപ്പെട്ടത്. ബേക്കൽ പ്രദേശത്ത് നിന്ന് കച്ചവടാവശ്യത്തിന് വന്ന് ഇവിടെ സ്ഥിരതാമസം തുടങ്ങുകയായിരുന്നു ഈ വിഭാഗം.ഹുസൈൻ എന്നയാളാണ്ആദ്യമായി ഇവിടെ താമസം തുടങ്ങിയത് .പിന്നീട് പൈക്കത്ത് നിന്നുള്ള മമ്മി വ്യക്തി ഇവിടെ താമസമാരംഭിച്ചു. ഇവരുടെ ബന്ധുക്കളാണ് ഇന്ന് കാട്ടിപ്പാറ പ്രദേശത്തുള്ള മുസ്ലീം ജനവിഭാഗങ്ങൾ. ഏകദേശം 75 വർഷങ്ങൾക്കുമുമ്പാണ് കാട്ടിപ്പാറയിൽ മുസ്ലീം പള്ളി സ്ഥാപിച്ചത്.പൈക്ക മമ്മിയും ദർഘാസിലെ സുലൈമാനുമാണ്പള്ളി സ്ഥാപിക്കാൻ മുൻകൈ എടുത്തത്. മമ്മിയുടെ സ്ഥലത്താണ് പള്ളി സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ അബ്ബാസ് പള്ളി വിപുലീകരിക്കാൻ സ്ഥലം നൽകുകയായിരുന്നു. അതോടൊപ്പം മതപഠനവും ആരംഭിച്ചു. ഇവിടെ നിന്ന് വിവാഹം കഴിച്ച് തുരുത്തി അബ്ദുൾ ഖാദറാണ്ആദ്യ ഉസ്താദ്.
            ഇന്ത്യയിലെ പ്രധാന രാജവംശമായിരുന്ന മറാത്താ രാജവംശം ശിവജിയുടെ കാലത്ത് ദക്ഷിണ കർണാടക ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിലേക്കും പടയോട്ടം നടത്തിയിരുന്നു. ഒളിപ്പോരാളികളായി പടയോട്ടത്തിൽ പങ്കെടുത്ത ചിലർ തിരിച്ചുപോകാതെ ഈ പ്രദേശങ്ങളിൽ താമസിച്ച് കാർഷിക വൃത്തിയിൽ ഏർപ്പെടുകയും സമുദായ സങ്കേതങ്ങൾ കെട്ടിപടുക്കുകയുമായിരുന്നു. ദക്ഷിണ കർണാടകയുടെ ഭാഗമായ പെർള, അപൂർ, പനത്തടി,പള്ളഞ്ചി എന്നിവിടങ്ങളിലൊക്കെ അധിവാസം ഉറപ്പിച്ച ഈ വിഭാഗങ്ങൾ കാർഷിക വൃത്തിയിലധിഷ്ഠിതമായ ജീവിത രീതികൾ വളർത്തിയെടുക്കുകയായിരുന്നു.ജാണു നായ്ക്കാണ് ആദ്യം താമസം തുടങ്ങിയത്. അദ്ദേഹത്തെ പിന്തുടർന്ന് ഐനായ്ക്ക്, ചോമണ്ണ നായ്ക്ക്, ബോള നായ്ക്ക് ക്മാർഡുനായിക്, കൊറഗ നായിക് തുടങ്ങിയവരും പള്ളഞ്ചിയിലെത്തി. ഇവരുടെ പിൻമുറക്കാരാണ് ഇപ്പോൾ പള്ളഞ്ചിയിലുള്ളത്.
        കമ്പളം

             പഴയ കാലത്ത ഒരു ഗ്രാമീണ കായിക വിനോദമാണ് കമ്പളങ്ങളിലെ പോത്തോട്ട മത്സരം.വിരിപ്പുവിളവെടുപ്പിന് ശേഷം തുലാം വൃശ്ചിക മാസങ്ങളിലാണ് മത്സരം നടത്താറുള്ളത്. മത്സരത്തിനായി ഒരുക്കുന്ന വെള്ളം കെട്ടിക്കിടക്കുന്ന നീണ്ട പാടങ്ങളാണ് കമ്പളം.പോത്തുകളുടെയും അവയെ മത്സരത്തിന് സജ്ജരാക്കിയിറക്കുന്ന മനുഷ്യരുടെയും മെയ്ക്കരുത്തിന്റെ മത്സരമാണ് പോത്തോട്ടം എന്ന് പറയുന്നതാണ് കൂടുതൽ ശരി. നൂറുമീറ്ററോളം നീളത്തിലും പത്തുമീറ്റർ വീതിയിലും ചുറ്റും വരമ്പുകളിട്ട് ചെളിയോ പൂഴിയോ ഇട്ട് വെള്ളം നിറച്ചാണ് കമ്പളം തയ്യാറാക്കുന്നത്.കാട്ടിപ്പാറയിലും മലാങ്കടപ്പിലുമായിരുന്നു ആവേശത്തിരയിളക്കുന്ന കമ്പളങ്ങൾ ഉണ്ടായിരുന്നത്. ഒരോ കമ്പളത്തിലും മുപ്പതോളം ടീമുകൾ ഉണ്ടായിരുന്നു.ചരൻ നായർ, കുഞ്ഞിമായിൻകുട്ടി, അബ്ദുൾ ഖാദർ എന്നിവരൊക്കെ മികച്ച മത്സര ഓട്ടക്കാരായിരുന്നു. നാട്ടുക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടത്തിയിരുന്ന മത്സരത്തിലെ വിജയികൾക്ക് വാഴക്കുല, ഇളനീർക്കുലകൾ എന്നിവയൊക്കെയാണ് സമ്മാനങ്ങൾനൽകിയിരുന്നത്. അപൂർവ്വമായി സ്വർണം,വെള്ളി, ഓട്ടു നാണയങ്ങളും സമ്മാനമായി നൽകിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദക്ഷിണ കർണാടകത്തിൽ നിന്നുപോലും പോത്തുകളുമായി ഓട്ടക്കാർ മത്സരത്തിന് എത്തിയിരുന്നു. കമ്പളങ്ങളും പോത്തോട്ടവും ഒരു സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു.തീർത്ഥക്കര കാമലോൻ മാധവൻ നായർ കഥകളി നടനും സംഘാടകനും മർമ്മചികിത്സകനുമായിരുന്നു അന്തരിച്ച തീർത്ഥക്കര ശ്രീ കാമലോൻ മാധവൻ നായർ.ചെറുപ്പം മുതൽ കോടോത്ത് കഥകളി സംഘത്തിൽ ചേർന്ന മാധവൻ നായർ നീലേശ്വരം ബിരിക്കുളം കേ ന്ദ്രമായിപ്രവർത്തിച്ചിരുന്ന കഥകളി സംഘത്തിലെ പ്രധാന നടന്മാരിലൊരാളായിരുന്നു. കഥകളി സംഘത്തോടൊപ്പം ജില്ലയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച് കഥകളി അവതരിപ്പിച്ചതോടൊപ്പം ബേത്തൂർപാറ, അമമുന്നാട്, കുണ്ടംകുഴി പ്രദേശങ്ങളിൽ തിരുമ്മ് ചികിത്സയും ചവിട്ടിത്തിരുമ്മൽ കേന്ദ്രങ്ങളും നടത്തിയിരുന്നു.