Sw/9onz
പൂവാർ ഗ്രാമവാസികളുടെ മധുരിക്കുന്ന ഏറ്റവും വലിയ ഓർമ്മയും ഇതു തന്നെ. എട്ടു വീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്ന് പ്രാണരക്ഷാർത്ഥം പ്രയാണം ചെയ്ത മാർത്താണ്ഡവർമ്മ ഇളയരാജാവ് പോക്കുമൂസാപുരത്തെത്തി. അടുത്തു കണ്ട കല്ലറയ്ക്കൽ വീട്ടിൽ എത്തിയ ഇളയ രാജാവിന് അവിടത്തെ ഉമ്മച്ചിയുമ്മ അഭയം നല്കി. എതിരാളികൾ നിഷ്ക്രമിച്ചെന്നു മനസ്സിലാക്കിയ ഇളയരാജാവ് പ്രഭാതകർമ്മങ്ങൾക്കായി ആറ്റിലേക്കു വന്നു. ജലപ്പരപ്പിൽ നിറഞ്ഞു പരന്നു കിടന്ന കൂവളം പൂക്കൾ കണ്ടപ്പോൾ ഇളയരാജാവ് വിസ്മയഭരിതനായി പറഞ്ഞു-പുഷ്പനദി ! കാലക്രമത്തിൽ പോക്കുമൂസാപുരം പൂവാർ എന്ന നാമം ശിരസാവഹിച്ചു. അഗസ്ത്യ മലയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയ നെയ്യാർ പൂവാറിലെത്തി അറബിക്കടലിൽ സംഗമിക്കുന്ന കാഴ്ച തീർത്തും വശ്യമനോഹരം തന്നെ. മാർത്താണ്ഡവർമ്മ ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം -ഒപ്പം പൂവാറിന്റെ മധുരിക്കുന്ന ഓർമ്മയും.