രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/തിരുമുറ്റത്തെത്തുവാൻ മോഹം



ജീവിതത്തിലെ എറ്റവും അവിസ്മരണീയമായ സുവർണ്ണ കാലഘട്ടം. അതാണ് എനിക്കെന്റെ സ്കൂൾ ജീവിതം. ഇപ്പോഴും വർഷങ്ങൾ ഇത്രയും കടന്നു പോയെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ആ ഓർമകൾ ഇന്നും പുതുമ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ

എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വിദ്യാലയം. എവിടെ പോയാലും ആ പേരെടുത്തു പറയാൻ അന്നും ഇന്നും ഊറ്റം കൊള്ളുന്ന അഭിമാനം, കെടാതെ നെഞ്ചിൽ ഉണ്ട് ഇപ്പോഴും. എന്നെ ഞാനാക്കി മാറ്റിയ എന്റെ സ്വന്തം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. അന്ന് ഹൈസ്കൂൾ ആയിരുന്നു. തുടർ പഠനത്തിന് അന്നേ ഹയര് സെക്കന്ററ സ്കൂൾ. ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ഒരുപാട് ആശിച്ചിരുന്നു. ഒരുപക്ഷേ, എന്റെ ജീവിത ഗതിയിൽ തന്നെ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന ഒന്നാവുമായിരുന്നു അത്.

കാരണം, എന്നിലും എന്റെ വ്യക്തി ജീവിതത്തിലും അത്രക്കും വലിയ സ്വാധീനം ചെലുത്തിയിരുന്നു രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾഎന്ന എന്റെ പ്രിയപ്പെട്ട വിദ്യാലയം. അവിടെ പഠിച്ചു എന്നതിലുപരി ഞാൻ അവിടെ ജീവിച്ചു എന്ന് പറയുന്നതാവും ഉത്തമം.

എന്റെ കലാജീവിതത്തിന്റെ നാമ്പുകൾ മുളച്ചത് പ്രൈമറി സ്കൂൾ കാലഘട്ടത്തിൽ ആയിരുന്നു. എന്നാൽ അതിന്റെ വേരുകൾ ഉറച്ചതും ബലപ്പെട്ടതുംരാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ ൽ പഠിക്കുമ്പോഴാണ്. എന്നിലെ ഗായികയും, അഭിനേത്രി, നർത്തകിയും എല്ലാം ആടി തിമിർത്ത കാലം. ഞാൻ എന്ന കലാകാരിയെ വാർത്തെടുക്കാൻ എന്റെ മാതാപിതാക്കൾക്കൊപ്പം തന്നെ എന്റെ പ്രിയപ്പെട്ട അധ്യാപകരും നിസ്വാർത്ഥം പരിശ്രമിച്ചിരുന്നു. വിദ്യാരംഗം കലാസാഹിതൃ വേദി, യുവജനോത്സവം, ശാസ്ത്ര മേള തുടങ്ങി നിരവധി കലാമത്സര വേദികൾ. അവിടെയെല്ലാം ഓരോ തല മത്സരങ്ങളിലും അന്തിമവിജയം കരസ്ഥമാക്കുവാനും, എന്റെ പ്രിയപ്പെട്ട സ്കൂളിന്റെ തന്നെ അഭിമാനമായി മാറുവാനും സാധിച്ചത് ഇന്നും വലിയ ഒരു നേട്ടമായും അനുഗ്രഹവുമായും ഞാൻ കാണുന്നു.

ജയ പരാജയത്തിന്റെ മധുരവും കയ്പും ഒരുപോലെ അനുഭവിച്ചറിഞ്ഞ നാളുകൾ, ഒന്നിലും പതറാതെ കൈ പിടിച്ചുയർത്തി പറന്നുയരാൻ അനുവദിച്ച എന്റെ സ്വന്തം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. എന്നെന്നും ഓർക്കാൻ ഹൃദയത്തോടു ചേർത്തുവച്ച ഒരുപാട് ഒരുപാട് സന്തോഷ മുഹൂർത്തങ്ങൾ. അതിൽ എടുത്ത് പറയേണ്ട ചിലത്...

കലാമേളകൾക്കു വേണ്ടിയുള്ള പരിശീലന വേളകളിൽ എത്രയോ ക്ലാസുകൾ നഷ്ടമായത്, അതോരോന്നും നികത്തി സ്പെഷൽ ക്ലാസുകൾ നൽകി ഉന്നതവിജയം പ്രാപ്തമാക്കാൻ എനിക്ക് താങ്ങായത്, ജീവിതത്തിലെ ആദ്യ റിയാലിറ്റി ഷോ അനുഭവം (എയർടെൽ സൂപ്പർ സിംഗർ തമിൾ- സ്റ്റാർ വിജയ് ടി വി) പത്താം ക്ലാസ്സിന്റെ തുടക്കത്തിൽ വന്നപ്പോൾ വളരെ പുരോഗമന ചിന്താഗതിയോടെ അതിന് അനുമതി നൽകി കൂടെ നിന്നത്, എനിക്കായി എന്റെ പ്രിയ അധ്യാപകർ നാടക കഥാപാത്രങ്ങൾ രചിച്ചത്, ആ വേഷങ്ങൾ മഹാനായ കലാകാരനു മുന്നിൽ പകർന്നാടാൻ അവസരം ഒരുക്കിയത്, എറ്റവും മികച്ച അഭിനേത്രി എന്ന വിശേഷണം ലഭിച്ചത്‌, കലോത്സവങ്ങളിൽ എന്നെ ഒരുക്കാൻ എന്റെ പ്രിയപ്പെട്ട അധ്യാപികമാർ തുനിഞ്ഞിറങ്ങിയത്, 47മത് സംസ്ഥാന കലോത്സവം കണ്ണൂർ ജില്ലയിൽ വച്ച് അരങ്ങേറിയത്, അതിൽ വ്യക്തിഗത ഇനങ്ങളിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കി അന്നത്തെ ജില്ലാ കലക്ടർ ഇഷിതാ റോയിയിൽ നിന്നും എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങിയത്, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങാൻ സാധിച്ചത്, ഒടുവിൽ അവസാന ദിവസം ആഘോഷപൂർവ്വം ആ പടികൾ ഇറങ്ങുമ്പോൾ സൗഹൃദങ്ങളെ പിരിയുന്നതിനേക്കാൾ വേദനയിൽ ഇനി ഈ മുറ്റത്തേക്ക് ഇവിടത്തെ വിദ്യാർത്ഥിനിയായി ഒരു മടക്കമില്ല എന്ന തിരിച്ചറിവിൽ മനസ്സ് വാങ്ങിയത്, എല്ലാം ഇന്നലെ എന്നതുപോലെ മനസ്സിൽ പച്ചകുത്തി നിൽക്കുന്നു.

മികച്ച പഠന നിലവാരം, മികച്ച അധ്യാപകർ, പാഠ്യേതര വിഷയങ്ങളിലെ പ്രോത്സാഹനവും മേൽക്കോയ്മയും, ഇതൊന്നും മാത്രമായിരുന്നില്ല എനിക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയര് സെക്കന്ററ സ്കൂൾ. എനിക്കെല്ലാം ലഭിച്ചത്‌ അവിടെ നിന്നായിരുന്നു. എന്റെ വിലപ്പെട്ട സൗഹൃദങ്ങൾ, നന്നേ ചെറുപ്പത്തിലേ എന്നിൽ ഉടലെടുത്ത സ്വാഭിമാനം, സർവോപരി എന്നെ ഉയർച്ചയുടെ പടവുകളിലേക്ക് നയിച്ച, ജയ പരാജയങ്ങളിൽ എന്റെ കാലും മനസ്സും ഒരുപോലെ ഇടറാതെ പതറാതെ മുന്നേറാൻ എന്നോടൊപ്പം നിലകൊണ്ട, എന്നിൽ എന്തെല്ലാം കഴിവുകൾ കണ്ടെത്താൻ സാധിച്ചുവോ അതെല്ലാം പരിപോഷിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ, എന്നെ പ്രോത്സാഹിപ്പിക്കുകയും വഴി നടത്തിച്ച് സ്വപ്നം കാണാൻ പഠിപ്പിച്ച് മുന്നോട്ടു നയിക്കുകയും ചെയ്ത എന്റെ മനസ്സിന്റെ വെളിച്ചമായി വർത്തിച്ച എന്റെ സ്വന്തം അധ്യാപകർ. മൺമറഞ്ഞാലും മനസ്സിൽ ഇന്നും ജീവിക്കുന്ന എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാർ.

എത്ര നന്ദി വാക്കുകൾ കൊണ്ട്‌ നിറച്ചാലും, പറഞ്ഞ് തീർക്കാൻ കഴിയാത്ത അത്ര കടപ്പാട് നിങ്ങൾക്ക് വേണ്ടി എന്നും മനസിൽ സൂക്ഷിക്കുന്നു. ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോൾ, എന്റെ കണ്ണുകൾ ഈറനണിഞ്ഞതും, കൈകൾ ഇടറിയതും, മനസിൽ എന്തെന്നില്ലാത്ത ഒരു നൊമ്പരം ഉടലെടുത്തതും, ഒരുപക്ഷേ നേരത്തെ സൂചിപ്പിച്ച പോലെ അവിടെ ജീവിച്ച് കൊതി തീരാത്ത ഒരു സ്കൂൾ കുട്ടി എന്റെ മനസിൽ എവിടെയോ ആ പഴയ ഓർമ്മക്കൂട്ടിനിടയിൽ ഇന്നും ജീവിക്കുന്നുണ്ടാവാം എന്ന് ഞാൻ തിരിച്ചറിയുന്നു. എന്നെന്നും പ്രിയപ്പെട്ട എന്റെ വിദ്യാലയം. ആ അങ്കണത്തിലേക്ക് ഒരു തിരിച്ചുവരവിനായി ഞാനും കൊതിക്കുന്നു. 💕



പാട്ടിന് പോയി ആൽമരത്തണലിൽ...

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ.. ഓർക്കുമ്പോൾ ഒരുപാട് സന്തോഷം നൽകുന്ന നിമിഷങ്ങൾ സമ്മാനിച്ച വിദ്യാലയം..ഏഴ് വർഷങ്ങൾക് മുൻപ് ആണ് ഞാൻ രാജീവ് ഗാന്ധിയിൽ നിന്ന് പഠിച്ചിറങ്ങിയത്.എന്റെ വിദ്യാലയം എനിക്ക് നൽകിയ ബന്ധങ്ങൾ എന്നെ ഇന്നും അവിടുത്തെ വിദ്യാർത്ഥി ആക്കാറുണ്ട്..എന്റെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി പഠനം മുഴുവൻ പവിത്രമായ ഈ മണ്ണിലായിരുന്നു.. അഞ്ച് വർഷം എത്ര നല്ല നല്ല ഓർമകൾ സമ്മാനിച്ചാണ് കടന്നുപോയത്. അഞ്ച് വർഷവും കലോത്സവത്തിലെ പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് അധ്യാപകർ. അവരുടെ ഭാഗത്തുനിന്നും ചെയ്തുതരേണ്ട എല്ലാ സഹായങ്ങളും സന്തോഷത്തോടെ ചെയ്തു തരാറുണ്ട്.പ്ലസ് ടു കംപ്യൂട്ടർ സയൻസ് കഴിഞ്ഞ് തുടർ പഠനത്തിന് പല വഴികൾ അന്വേഷിക്കുമ്പോൾ 'നീ ധൈര്യത്തോടെ പാട്ടിൻ്റെ വഴിക്ക് പോകൂ' എന്ന് ചുമലിൽത്തട്ടിപ്പറഞ്ഞ അധ്യാപകർ.. ആ തീരുമാനമാണെൻ്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഓരോരുത്തരും അവർക്കിഷ്ടമുള്ളിടം തിരഞ്ഞെടുക്കണം.ഇന്ന് ഞാൻ സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.മലയാളികളുള്ളിടം മുഴുവൻ പടർന്ന് പന്തലിച്ച് ആൽമരത്തണലിൽ പാട്ടു പാടിത്തിമിർക്കുന്ന എനിക്ക് പാട്ടിൻ്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ഒരുപക്ഷെ ഇവിടെ പഠിച്ചില്ലായിരുന്നെങ്കിൽ എനിക്ക് അത്‌ ഒരു വലിയ നഷ്ടമായേനെ..അതുകൊണ്ട് തന്നെ ഓരോ വേദികൾ കിട്ടുമ്പോഴും നല്ല അവസരങ്ങൾ ലഭിക്കുമ്പോഴും ഇതിനൊക്കെ എന്നെ ഒരുപാട് സഹായിച്ച എന്റെ വിദ്യാലയത്തെയും എന്റെ അധ്യാപകരെയും കൂട്ടുകാരെയും എപ്പോഴും ഓർക്കാറുണ്ട്.


൫൫൫൫൫൫൫൫൫൫൫

തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിൽ ആണ് ഞാൻ രാജീവ് ഗാന്ധിയിൽ പഠിച്ചത്. സ്കൂൾ സ്ഥാപിത മായതിന് ശേഷമുള്ള രണ്ടാമത്തെ ബാച്ച്. ഒരു ഇടനാടൻ ചെങ്കൽ കുന്നിൽ ആണ് സ്കൂൾ, പ്രഭാതങ്ങളിൽ അവിടുത്തെ പുൽനാമ്പുകൾ മഞ്ഞ് തുള്ളികളായി ഞങ്ങളെ വരവേറ്റു. ഓല മേഞ്ഞ ഒരു കാൻ്റീൻ. ആകെ ഉണ്ടായിരുന്നത് ഒരു ബ്ലോക്ക് ആണ്. വളരെ കുറച്ച് കുട്ടികൾ. കുറച്ച് അധ്യാപകരും. എല്ലാവർക്കും എല്ലാവരെയും അറിയാം.

മലയാളം ക്ലാസ്സുകളിൽ കേട്ട കവിതകൾ മനസ്സിൽ മൂളി കൊണ്ടുള്ള കുന്ന് കയറ്റം. ചൂരൽ കഷായം തരുന്ന ഭീതിയുടെ അന്തരീക്ഷം, ആശ്വസിക്കാൻ കാൻ്റീനിൽ ബാലേട്ടൻ ഉണ്ടാക്കി വെക്കുന്ന പൊറോട്ടകൾ! വരാന്തയിൽ സുധി മാഷിൻ്റെ ഡെ ഡെ ഡെ ഡെ വിളികൾ, ഷാജി മാഷിൻ്റെ സുസുക്കി സമുറായി ബൈകിൻെറ ശബ്ദം, ആവേശത്തോടെ ക്ലാസ്സ് എടുക്കുന്ന ഉണ്ണി മാഷ്, രാജേഷ് മാഷിൻ്റെ ഡ്രോയിംഗ്, പീ ടീ രമേശന് മാഷിൻ്റെ വിസിലടികൾ, അങ്ങനെ ഒരുപാട് ചിത്രങ്ങൾ മനസ്സിലുണ്ട്.

മറക്കാൻ പറ്റാത്ത ചില ഓർമകളും ഉണ്ട്. സ്കൂൾ കലോത്സവം നടക്കാൻ പോകുന്നു. എൻ്റെ പേര് ആരോ പ്രസംഗ മത്സരത്തിന് കൊടുത്തു, രമേശൻ മാഷ് ആണെന്ന് ആണ് ഓർമ. ജീവിതത്തിൽ ഇന്ന് വരെ പ്രസംഗിച്ചിട്ടില്ല. ആരോടും നന്നായി സംസാരിക്കാൻ പോലും അറിയില്ല. മത്സര ദിവസം വന്നു. ചെസ്റ് നമ്പർ കിട്ടി. എന്തോ വിഷയം. വേദിയിൽ കയറാൻ ബെല്ലടിച്ചു. കയറുന്നത് വരെ എനിക്ക് കുഴപ്പം ഒന്നും ഇല്ല. കർട്ടൻ ഉയർന്നു. വെളിച്ചം കണ്ണിലേക്ക് ഇരച്ചു കയറുന്നു, മുന്നിൽ വലിയ ആൾക്കൂട്ടം. തൊണ്ട മരവിച്ചു പോയി. ഒരൊറ്റ നിൽപ്പ് ആണ്. ഏകദേശം നാലോ അഞ്ചോ മിനുട്ടുകൾ അങ്ങനെ പോയി. ഒരു വാക്ക് പോലും പുറത്ത് വന്നില്ല. ഒടുവിൽ സഹികെട്ട് ജഡ്ജ് ബെൽ അടിച്ചു. ആശ്വാസത്തോടെ ഇറങ്ങി. കർട്ടൻ വലിച്ചിരുന്ന ചന്ദ്രേട്ടൻ, ഇടക്ക് അയൽപക്കത്തെ പുരുഷുവേട്ടനെ കാണാൻ വരാറുണ്ട്, ബന്ധു ആണ്. എൻ്റെ ഈ നാണം കെടൽ വീട്ടിൽ അറിയുമോ എന്നൊരു ജാള്യത. ഇതാണ് സഭാ കമ്പം എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം.

കയ്യെഴുത്ത് മാസിക ഉണ്ടാക്കാൻ പ്രകാശൻ മാണിക്കോത്തിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വല ശ്രമം നടക്കുന്നു. കുട്ടികൾക്ക് കഥയോ കവിതയോ ചിത്രങ്ങളോ നൽകാം. മദനൻ വരച്ച മാവേലിയുടെ ഒരു രൂപം ഏതോ മാസികയിൽ കണ്ടത് നോക്കി വരച്ചു, കൊടുത്തു, ഗംഭീരം മാണികോത്തിൻ്റെ മറുപടി. അതോടെ എനിക്ക് ഒരു തോന്നൽ വന്നു, ഞാനും ഒരു കലാകാരൻ ആണ്. ചുമർ മാസിക ഒക്കെ ചെയ്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കാർട്ടൂണിൽ ഒന്നാം സ്ഥാനം കിട്ടുന്നത്. സബ്ജില്ലാ , ജില്ലാ വേദികൾ പങ്കിട്ടു, ഒന്നാം സ്ഥാനം. അടുത്തത് സംസ്ഥാന മത്സരം ആണ്. കൊല്ലം ജില്ല ആണ് വേദി. ജീവിതത്തിൽ ആദ്യത്തെ ട്രെയിൻ യാത്ര. പരശുറാം എക്സ്പ്രസിൽ, കൂടെ ഒപ്പന ടീം ഉണ്ട്. അന്നാണ് ആദ്യമായി വിനീത് ശ്രീനിവാസനെ കണ്ടത്. മാപ്പിള പാട്ടിൽ മത്സരിക്കാൻ പോകുകയാണ് അദ്ദേഹം. കൂടെ അമ്മയുണ്ട്. സ്വതവേ ഉള്ള അപകർഷത ബോധം, പിന്നെ ഇദ്ദേഹം ശ്രീനിവാസൻ്റെ മകനാണ് എന്നുള്ള തോന്നൽ, ഒരു സാധാരണ അസൂയാലു ആയി ഞാൻ മാറി നിന്നു.

കൊല്ലത്ത് എത്തി, രമേശൻ മാഷിൻ്റെ ഏതോ പരിചയത്തിൽ ഉള്ള വീട്ടിൽ ആണ് താമസം. കലാ നഗരിയിൽ എത്തി. മഹാ സമ്മേളനം. പകച്ചു പോയ ഞാൻ. കാർട്ടൂൺ മത്സരം തുടങ്ങി. എന്തോ വിഷയം തന്നു. ചുറ്റും ഒന്ന് നോക്കി. ഒരു തടിയൻ ഉണ്ട് തൊട്ടപ്പുറം. അവൻ ഒരു പെട്ടി തുറന്നു. അതിൽ പലതരം പെന്നുകൾ. പലതരം ബ്രഷുകൾ, ഇന്ത്യൻ ഇങ്ക് ഒക്കെ ഉണ്ട്. ഞാനാദ്യമായി കാണുകയാണ് അതെല്ലാം. ആദ്യകാലങ്ങളിൽ ഷൂസ് ഇല്ലാതെ ഓടാൻ പോയ പീ ടീ ഉഷയെ മനസ്സിൽ ധ്യാനിച്ച് ഞാൻ ധൈര്യം സംഭരിച്ചു. കാരികേച്ചറിന് വിഷയമായി കിട്ടിയത് അന്നത്തെ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി യെ വരക്കാൻ ആണ്. ഞാൻ വരച്ചു. എൻ്റെ കയ്യിൽ ഒരു പെന്ന് മാത്രം. വലത്തോട്ട് നോക്കും തോറും ആത്മവിശ്വാസം കുറയുക ആണ്. തടിയൻ ഗംഭീര വര ആണ്. അവൻ്റെ ക്യാൻവാസിൽ നിന്നും കറുത്ത കോട്ട് ഒക്കെയിട്ട വാജ്പേയി എന്നെ നോക്കി കണ്ണിറുക്കി. മത്സരം തോറ്റു എന്ന് എനിക്ക് അപ്പോഴേ മനസ്സിലായി. നിരാശ പിന്നെ ഒരു പുതുമ ആയിരുന്നില്ല. റിസൽറ്റ് വന്നു ഊഹിച്ച പോലെ തടിയൻ ഫസ്റ്റ് അടിച്ചു. പക്ഷെ ഒരു അൽഭുതം ഉണ്ടായി. നാലാം സ്ഥാനം എനിക്ക് കിട്ടി. എനിക്കത് മതിയായിരുന്നു. സർട്ടിഫിക്കറ്റ് കിട്ടും. വെറും ഒരു പെന്നു കൊണ്ടാണ് കാർട്ടൂൺ വരക്കുക എന്ന എൻ്റെ ധാരണ തിരുത്തിയ മൂന്ന് പേര് കഴിഞ്ഞാൽ ഞാൻ ആണല്ലോ! അതായത് പതിനാല് ജില്ലകളിൽ ഞാൻ നാലാണ് എന്നൊക്കെ സ്വയം പറഞ്ഞ് ഞാൻ ആശ്വസിച്ചു നടക്കുമ്പോൾ ആണ് വെണ്ണിലാ ചന്ദന കിണ്ണം പോലെ ഒരു പെൺകുട്ടി, നീണ്ട മുടികൾ, ചന്ദനത്തിൻ്റെ നിറം! അവൾക്ക് ചുറ്റും മറ്റു കുട്ടികളുടെ തിരക്ക് ആണ്. ഓട്ടോ ഗ്രാഫ് വാങ്ങാൻ. അവളാണത്രെ കാവ്യ മാധവൻ! സിനിമാ നടി. അത് കേട്ടതും, എൻ്റെ ഉള്ളിലെ അഹങ്കാരി വീണ്ടും ഉണർന്നു. എന്ത് കാവ്യ മാധവൻ!

ദിനേശൻ മാഷ് കാതിൽ ഉരുക്കി ഒഴിച്ച ഒരു കവിത ഉണ്ട്. "കരുതുവതിഹ ചെയ്യ വയ്യ ചെയ്യാൻ വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം". ചില വരികൾ അങ്ങനെ ആണ്. കേൾക്കുമ്പോൾ തമാശ തോന്നും. ചൊല്ലുന്ന ആളോട് പുച്ഛം തോന്നും. പക്ഷേ ജീവിതം വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ എന്നും ശരിയായി വരുന്ന സ്കൂൾ കാലത്തെ രണ്ട് വരികൾ!

ഷിജിത്ത് പുത്തൻ പുരയിൽ ൫൫൫൫൫൫൫൫൫൫൫൫

  • സ്കൂൾ ഓർമക്കുറിപ്പ്: ഒരു തിരിഞ്ഞു നോട്ടം*

ഞാൻ രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ മാത്രമല്ല, സ്കൂളും ഒരു കുട്ടിയായിരുന്നു. 10 വയസ്സ് പോലും പ്രായമില്ലാത്ത ഒരു കുട്ടി. ഞങ്ങളും വളർന്നു, സ്കൂളും വളർന്നു. ഒരുപാട് ഓ൪മകൾ സമ്മാനിച്ച വിദ്യാലയം. രാവിലെ എണീറ്റ് കുളിച്ച് ഉണങ്ങാത്ത മുടി രണ്ടു ഭാഗവും പിന്നി, മടക്കി കെട്ടി വയ്ക്കുന്നതി൯െറ ബുദ്ധിമുട്ട് നിങ്ങൾ ക്കറിയാമോ? എനിക്കറിയാം. എന്നാൽ അതൊന്നു൦ ഒന്നുമല്ല. ഓരോ ദിവസവും രാവിലെ സ്കൂളിലും തിരിച്ച് വൈകുന്നേരം വീട്ടിലും എത്തുക എന്നുള്ളതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഗുസ്തി മത്സരത്തിനു പോകുന്നതു പോലെ ഇടിയും ചവിട്ടും കുത്തും വഴക്കും കിട്ടാനും കൊടുക്കാനും തയ്യാറായിട്ടു വേണം ബസ്സിൽ കയറാൻ. ഇന്ന് സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികളൊക്കെ ഭാഗ്യവാന്മാർ.

പ൦ിത്തവും പരീക്ഷകളും ഒക്കെ വളരെ ഗൌരവമായി എടുത്ത ആളായിരുന്നു ഞാൻ. പഠിക്കാനുള്ളതൊക്കെ സ്കൂളിൽ വെച്ചു തന്നെ പഠിക്കുക എന്നുള്ളതായിരുന്നു എന്റെയൊരു നയം. വീട്ടിൽ ചെന്നു പ്രത്യേകിച്ച് പ൦ിത്തമൊന്നുമില്ല. പത്താം ക്ലാസിലെ കണക്ക് പരീക്ഷയിൽ ഒരു മാർക്ക് കുറഞ്ഞതിന് നിലവിളിച്ചു കരഞ്ഞ എന്നെ ഞാനിന്ന് വളരെ ജാള്യതയോടെ സ്മരിക്കുന്നു.

സ്കൂളിലെ പ്രാർത്ഥന ഗ്രൂപ്പിലെ മൂന്നു പേരിൽ ഒരാളായിരുന്നു ഞാൻ. 2 പ്രാർത്ഥന കൊണ്ട് 3 കൊല്ലം തള്ളി നീക്കി, എല്ലാവരേയും വെറുപ്പിച്ച ഞങ്ങളുടെ കഴിവ് എടുത്തു പറയാതെ വയ്യ

ഈ സ്കൂളിലെ എന്റെ ഓർമകളിൽ കൂടുതലും യുവജനോത്സവം, ശാസ്ത്ര ഗണിതശാസ്ത്ര മേളകൾ ഇതെല്ലാമാണ്. കലോത്സവ സീസൺ തുടങ്ങിയാൽ പിന്നെ സുഖമാണ്. പഠിത്തം എന്നൊരു പരിപാടിയില്ല. വല്ലപ്പോഴും ക്ലാസ്സിൽ കയറിയാലായി. ഫുൾ ടൈം പരിശീലനമാണ്. വല്ല ക്ലാസ്സ് പരീക്ഷയും ഉണ്ടെങ്കിൽ അത് മനപൂർവ്വം ഒഴിവാക്കാനുള്ള ഒരു സൂത്രവും കൂടിയായിരുന്നു ഇത് എന്ന രഹസ്യം ഇപ്പോൾ വെളിപ്പെടുത്തട്ടെ. എന്തൊക്കെയായാലും ഒരുപാട് മത്സരങ്ങളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിക്കാനും, കലാതിലകം ആകാനും, മറ്റ് അംഗീകാരങ്ങൾ നേടാനും കഴിഞ്ഞത് എളിമയോടെ ഓർക്കുന്നു.

സ്കൂളിനെ പറ്റി പറയുമ്പോൾ മറക്കാൻ പറ്റാത്ത കുറേപേരുണ്ട്. ചിരിക്കാനും കരയാനും കൂടെ നിന്ന കൂട്ടുകാർ, സ്നേഹവും വാത്സല്യവും അറിവും (ചിലപ്പോൾ അടിയും) വാരിക്കോരി തന്ന അധ്യാപക൪. കൃഷ്ണൻ മാഷും, സുധി മാഷും, പ്രേമദാസൻ മാഷും, രമേശൻ മാഷും പോലെ അനേകം പേർ. പേരുകൾ പറഞ്ഞാൽ പേജുകൾ നിറയും. എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.

ഇന്നും ഒരു കുട്ടിയുടെ അതേ ആവേശത്തോടെ ഈ സ്കൂൾ എല്ലാത്തിലും മുന്നിട്ടു നിൽക്കുന്നത് കാണുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും. എന്റെ വിദ്യാലയത്തിന്റെ പേരും പ്രശസ്തിയും ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ എന്ന പ്രാർത്ഥനയോടെ ഒരു പൂർവ്വ വിദ്യാർത്ഥി.

ഐശ്വര്യ മുകുന്ദൻ (സോഫ്റ്റ് വെയർ എൻജിനീയർ)






൫൫൫൫൫൫൫൫ നിനച്ചിരിക്കാതെയെത്തിയ നങ്ങ്യാർ ജീവിതം.

ചിന്മയ സജീവ് പത്താംതരം പി.

സ്ക്കൂൾ യുവജനോത്സവത്തിൻ്റെ സിലക്ഷൻ്റെ പരക്കം പാച്ചിലായിരുന്നു. ഒപ്പനക്കും മാർഗ്ഗംകളിക്കും ഒരു കൈ നോക്കാൻ പോയി.അവിടെ വെച്ചാണ് ബിന്ദു ടീച്ചർ ചോദിച്ചത് മോൾക്ക് നങ്ങ്യാർ കൂത്ത് കളിക്കാൻ പറ്റൂല്ലേന്ന്..

പത്താം ക്ലാസെന്ന ഭീകരജീവിതക്കടമ്പ കടക്കുന്നതിന് മുൻപ് ഒരു പരിപാടിയും വേണ്ടെന്ന് തീരുമാനിച്ചതാണ്. എന്നാൽ ടീച്ചർ ഉടൻ തന്നെ അച്ചനോട് കാര്യം പറഞ്ഞു.ചെറുപ്പത്തിലേയുള്ള നൃത്ത പഠനം തുണയാവുമെന്ന് കൂട്ടുകാരും പറഞ്ഞു.

പിന്നെ കാര്യങ്ങൾക്ക് ശരവേഗം. കലാമണ്ഡലം പ്രസന്ന ടീച്ചറെ വിളിച്ചു. അനുകരിക്കാൻ നിഹാരികേച്ചിയും ഗീതികേച്ചിയും ഓർമ്മയിലുണ്ട്. പത്രത്തിലൊക്കെ ഇവരുടെ ഫോട്ടോകൾ കണ്ടതൊക്കെ ഓർമ്മയുണ്ട്. നങ്ങ്യാർകൂത്തിനെ കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിൽ പരതി.

500 വർഷത്തെ പഴക്കമുള്ള ഒറ്റയാട്ടമാണ് നങ്ങ്യാർകൂത്ത്. കുടിയാട്ടത്തിന്റെ മറ്റൊരു ശാഖ. ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കൃഷ്ണൻറെ നീണ്ടകഥകൾ അഭിനയിച്ച വതരിപ്പിക്കണം. ഒന്നും മിണ്ടില്ല നങ്ങ്യാർ.. മിഴാവിൻ്റെയും ഇടക്കയുടേയും അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്.

ആദ്യദിനം പ്രസന്ന ടീച്ചറെ ഞാനും അച്ചനും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടിക്കൊണ്ടുവന്നു. നല്ല ടീച്ചർ.. സ്കൂളിൽ നിന്നും പ്രാക്ടീസ് ചെയ്തു.. നരസിംഹാവതാരം കഥയാണ് ഞാൻ അവതരിപ്പിക്കേണ്ടത്. ഹയർസെക്കൻഡറിയിലെ ശിവനന്ദേച്ചിയും കൂട്ടിനെത്തിയത് ഏറെ ആശ്വാസമായി. നല്ലതുപോലെ കഷ്ടപ്പെട്ട് ഞങ്ങൾ നരസിംഹാവ താരം പഠിച്ചെടുത്തു.

ഇരുപത് മിനുട്ട് സ്റ്റേജിൽ അഭിനയിക്കണം.. കഥ മറക്കരുത്.. മുദ്രകൾ ഹൃദിസ്ഥമാക്കണം.. ഒട്ടും പ്രതീക്ഷയില്ലാതെ ആത്മവിശ്വാസമില്ലാതെയായിരുന്നു പാനൂർ സബ്ജില്ലാ മത്സരത്തിന് എത്തിയത്. പേടിയോടെ ആയിരുന്നു സ്റ്റേജിൽ കയറിയത്. മിഴാവിൻ്റെ ദ്രുതതാളവും എൻ്റെ ഹൃദയമിടിപ്പും ഒന്നായി.. ഇരുപത് മിനുട്ട് ആവും പോലെ ചെയ്തു. ഒട്ടും സംതൃപ്തി ഇല്ലാതെയായിരുന്നു സ്റ്റേജിൽ നിന്നിറങ്ങിയത്. ടീച്ചറുടെ കണ്ണിലും സംതൃപ്തി കണ്ടില്ല. ഒന്നാം സ്ഥാനം കിട്ടിയെന്നത് എന്നെ ഞെട്ടിച്ചു. നന്നായി എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ അടുത്ത കാൽവെപ്പ് ജില്ലയിലേക്ക്.

കണ്ണൂരിൽ മാർഗംകളിയും നങ്ങ്യാർകൂത്തും ഒരു ദിവസം ആയതുകൊണ്ട് തന്നെ ഒരുപാട് ടെൻഷനടിച്ചു. വേഷമഴിച്ച് മാർഗംകളി വേദിയിലേക്കോടി. ജില്ലയിൽ വലിയ ടെൻഷനില്ലായിരുന്നു. വരുന്നത് വരട്ടെയെന്ന് കരുതി വേദിയിൽ കയറി. അവിടെയും അമ്പരപ്പെടുത്തിക്കൊണ്ട് എനിക്ക് തന്നെ ഒന്നാം സ്ഥാനം.

ഒരു മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു സംസ്ഥാന കലോത്സവത്തിന് കോഴിക്കോട്ടെത്തിയത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് തന്നെ അസുലഭ സൗഭാഗ്യം. നങ്ങ്യാർമാർ ഏറെയുണ്ടവിടെ.. പ്രസന്ന ടീച്ചറുമുണ്ടൊപ്പം തന്നെ.

അടുത്തവർഷം നേരത്തെ പ്രാക്ടീസ് തുടങ്ങണമെന്ന ടീച്ചറുടെ ഓർമ്മപ്പെടുത്തലും കേട്ട്

എ ഗ്രേഡ് മധുരത്തോടെ സന്തോഷത്തോടെ കോഴിക്കോട് നിന്നും മടങ്ങി.

നൃത്തം പഠിച്ചെങ്കിലും തീർത്തും അവിചാരിതമായാണ് നങ്ങ്യാർകൂത്തിൻ്റെ ലോകത്തെത്തിയത്. അതിൽ എൻ്റെയീ പുന്നാര വിദ്യാലയത്തോട് തീർത്താൽ തീരാത്ത കടപ്പാട്. ഒപ്പം പ്രിയപ്പെട്ട അധ്യാപകർ.. കൂട്ടുകാർ.. നൃത്തം പഠിപ്പിച്ച ഷീബ ടീച്ചർ, ഉമാദാസ് സർ, കലാഗ്രാമം ഷീജ ടീച്ചർ..