ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ/അദ്ധ്യാപകർ/ഖദീജ മുഫീദ
ഓർമ്മകൾ കഥപറയുമ്പോൾ
ഞാൻ തവരാപറമ്പ് പ്രദേശത്തെ ഒരു കൊച്ചു കൂട്ടുകാരി. ഓടിച്ചാടി നടന്ന ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു ഈ തിരുമുറ്റത്ത്.1994-95 കാലഘട്ടം. എന്റെ ഒന്നാം ക്ലാസ്സ്, ഞങ്ങളുടെ ചന്ദ്രൻ മാഷ്, ഓർമകളിൽ എന്നും ഉണ്ട് അക്ഷര മധുരം പകർന്നു തന്ന അധ്യാപകർ.പഠനകാലത്ത് എല്ലാവരും ആഗ്രഹിക്കും പോലെ ഞാനും ആഗ്രഹിച്ചിരുന്നു ഒരു ടീച്ചർ ആകണമെന്ന്. എന്നാൽ എന്റെ ആഗ്രഹങ്ങളെ ദൈവം അനുഗ്രഹിച്ചത് അതിലേറെ ഇരട്ടിമധുരം നൽകിയാണ്.ഞാൻ പിച്ചവെച്ചു നടന്ന, പാറിപ്പറന്ന എന്റെ ഈ കൊച്ചു വിദ്യാലയത്തിൽ തന്നെ ഒരു അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.(2019 ജൂൺ 13)
അന്നത്തെ ആ കുട്ടിക്കാലം മായാതെ മറയാതെ നിൽകുമ്പോൾ നേര്കാഴചയിൽ നിന്നും എന്റെ ഒന്നും രണ്ടും നാലും ക്ലാസുകൾ ഇരുന്ന പഴയ കെട്ടിടം കഴിഞ്ഞ വർഷം ഓർമയായി. അവിടെ പുതിയ ഒരു കെട്ടിടം വന്നു.
പഠന ആസ്വദകരമാക്കാൻ ഇടയ്ക്കിടെ ഫിലോമിന ടീച്ചർ ഞങ്ങളെ നെല്ലി മര ചുവട്ടിൽ കൊണ്ടു പോകാറുണ്ടായിരുന്നു. ആസ്വാദ്യകരമായി പഠനം സാധ്യമാക്കിയിരുന്ന അവിടം ഇന്ന് നെല്ലിമരത്തിനു ചുറ്റും ബെഞ്ചും പാർക്കും ഒരുക്കി അതി മനോഹരമായ മറ്റൊരു പഠനകേന്ദ്രവും ഒപ്പം ഉല്ലാസകേന്ദ്രവും ആക്കിയിരിക്കുന്നു.
ചെറുപയറും ചോറും ഒന്നിച്ചു വെച്ചിരുന്ന അന്നത്തെ അതെ താത്തയിപ്പോൾ വിഭവസമൃത മായ ചോറും സാമ്പറും തുടങ്ങി എല്ലാം ഒരുക്കുന്നു. അക്ഷര മധുരം നൽകിയവരിൽ മറ്റൊരാളും അവിടെ ഉണ്ടായിരുന്നു. ആ നാട്ടിലെ എല്ലാവരുടെയും ആദ്യക്ഷരം കുറിച്ച വീരാൻ മൊയ്‌ല്യർ. അദ്ദേഹം എന്റെയും മദ്റസയിലെ ഒന്നാം ക്ലാസ്സ് അദ്ധ്യാപകൻ ആയിരുന്നു.കുറച്ചു കാലയളവ് മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ കൂടെയും ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
ഓർമയിലെ ഒരു ഓണാഘോഷം, പൂക്കളം ഒരുക്കാൻ പൂക്കൾ മാത്രം പറ്റൂ. എന്നൊരു നിബന്ധന ഇല്ല. നെല്ലിമരത്തിലെ ഇലകൾ കൊണ്ട് 4 B എന്നെഴുതിയതും സ്കൂളിന്റെ പേരെഴുതിയതും എല്ലാം മായാത്ത ഓർമ്മകൾ. ഒരു സ്വാതന്ത്ര്യദിനാഘോഷം , ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. നീളം കുറവുള്ളവർ പണ്ടേ അസംബ്ലിയിൽ മുന്നിലാണല്ലോ. ഞാനും അങ്ങനെ മുന്നിലെത്തി. Flag സല്യൂട്ട്. ഞാനും സല്യൂട്ട് നൽകി.പക്ഷെ എന്നമാറ്റി മാറ്റി എനിക്കു പിന്നിലെ ആളെ സല്യൂട്ട് ചെയ്യാൻ ഏല്പിച്ചു.അവൾ സല്യൂട്ട് ചെയ്തപ്പോഴല്ലേ കാര്യം പിടികിട്ടിയത്. ഞാൻ ചെയ്തത് ഇടത് കൈ കൊണ്ട് ആയിരുന്നു. അത് പറ്റില്ലത്രേ. അന്നൊക്കെ മുന്നിലുള്ളവർ മാത്രമേ സല്യൂട്ട് ചെയ്യൂ. ഇന്ന് കഥ മാറി എല്ലാവരും സല്യൂട്ട് ചെയ്യണം.
ഓർമകളിലെ തിരുമുറ്റത്തെ ഓരോ അനുഭവങ്ങൾക്കും ഇന്ന് ഒന്നുകൂടി തിളക്കം കൂടിയപോലെ. ഞങ്ങളുടെചന്ദ്രൻ മാസ്റ്റർ,ലളിതമ്മ ടീച്ചർ, ചന്ദ്രിക ടീച്ചർ, റംല ടീച്ചർ, സമദ് മാസ്റ്റർ, ഫിലോമിന ടീച്ചർ, കേശവൻ മാസ്റ്റർ, കരീം മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, ചെറിയഹമ്മദ് മാസ്റ്റർ എല്ലാവരുടെയും ഓർമ്മകൾക്ക് ഇവിടെ എത്തിയപ്പോൾ ഒന്നുകൂടി തിളക്കമേറിയിരിക്കുന്നു.
അക്ഷരമധുരം നുകരാനെത്തുന്നവരിൽ പലരും കളികൂട്ടുകാരുടെ കുഞ്ഞു മക്കൾ. പഴയകാല കൂട്ടുകാരെയും തിരിച്ചു കിട്ടിയപോലെ. ഇനിയും ഒരുപാട് ഓർമ്മകൾ....,..
ഖദീജ മുഫീദ പി
~~~~