എന്റെ വിദ്യാലയം

പൂർവവിദ്യാർത്ഥി സംഗമം

1992-1994 VHSE Agriculture Batch

1992-1994 കാലയളവിൽ വി.എച്ച്.എസ്.ഇ യിൽ അഗ്രീകൾച്ചർ ബാച്ചിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കുടുംബസംഗമം ഓർമകളുടെ സുഗന്ധം വീശികൊണ്ടും സ്നേഹത്തിന്റെ കൂട്ടായ്മ ഊട്ടിയുറപ്പിച്ചുകൊണ്ടും നടത്താനായത് എല്ലാവർക്കും മധുരിക്കുന്ന ഒരു അനുഭവമായി മാറി.വീരണകാവ് സ്കൂളിലെ ഈ ബാച്ചിന്റെ സൗഹൃദകൂട്ടായ്മയാണ് 'ചങ്ങാതിക്കൂട്ടം' 2022 സെപ്റ്റംബർ 21 ബുധനാഴ്ച രാവിലെ പത്ത് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചങ്ങാതിക്കൂട്ടത്തിന്റെ നാലാമത്തെ കുടുംബസംഗമം നടന്നു.ചങ്ങാതിക്കൂട്ടത്തിലെ അംഗവും പൂവച്ചൽ ഹയർസെക്കന്ററി എച്ച് എസ് വിഭാഗം ഹിന്ദി അധ്യാപകനുമായ ശ്രീ.ഹരീഷ്‍കുമാർ അവതാരകനായ ചടങ്ങിൽ ചങ്ങാതിക്കൂട്ടത്തിലെ അംഗവും വീരണകാവ് സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണൽ ഇൻസ്ട്രക്ടറുമായ ബിജുകുമാർ സ്വാഗതം ആശംസിച്ചു.മുമ്പ് നടന്ന മൂന്ന് കൂടിച്ചേരലുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പ്രിയപ്പെട്ട സുവോളജി അധ്യാപകൻ സുനിൽ സർ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.അഗ്രികൾച്ചർ അധ്യാപകനായിരുന്ന സഞ്ചീവ് സർ ആശംസകൾ അ‍ർപ്പിച്ചു സംസാരിച്ചു.അധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെ മൊമന്റോ നൽകി അനുമോദിച്ചു.തുടർന്നു രസകരമായ ഗെയിമുകളും,കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ.ശിവകുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അംഗങ്ങളിൽ നിന്നും സമാഹരിച്ച പതിനായിരം രൂപ സ്കൂൾ ബസിന്റെ പ്രവർത്തനത്തിനായി ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന് കൈമാറി.കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ഏകദേശം 25 കുടുംബങ്ങൾ സ്നേഹസംഗമത്തിൽ പങ്കെടുത്തു.

1994 march SSLC Batch

ദീർഘനാളത്തെ ആസൂത്രണത്തിനുശേഷം സെപ്റ്റംബർ 18 ന് സ്കൂളിൽ ഒത്തുകൂടാൻ തീരുമാനിച്ചു.അടുത്തുള്ള അധ്യാപകരെ നേരിട്ടും ദൂരെയുള്ളവരെ ഫോണിലൂടെയും ക്ഷണിച്ചു.അവരെ ആദരിക്കാനുള്ള മൊമന്റോയും പൊന്നാടയും വാങ്ങി.എല്ലാവരോടും ഫോട്ടോ ചോദിച്ചു വാങ്ങി മൊമന്റോയിൽ ചേർത്തു.സന്തോഷിന്റെ കാറിൽ ജീസസ് സുഭിഷ്,ശിവകുമാർ,ശാന്തി,സിമി എന്നിവരാണ് അധ്യാപകരെ ക്ഷണിക്കാനായി പോയത്.രജനീഷും സന്തോഷും ചേർന്നാണ് പൊന്നാടയും മൊമന്റെോയും വാങ്ങിയത്.ഇതിന്റെ ചെലവ് നാട്ടിലെത്താൻ കഴിയാത്ത,ഗൾഫ് സുഹൃത്തുക്കളായ ഷാജി,സജീവ്,സജീവൻ,വിനോദ് എന്നിവരാണ് വഹിച്ചത്.ടീച്ചേഴ്സ് അവരവരുടെ വണ്ടിയിൽ എത്തിച്ചേരാമെന്നറിയിച്ചു.അടുത്തുള്ള പത്മാവതി ടീച്ചറിനെ വിളിക്കാൻ ചെല്ലണം എന്ന് ടീച്ചർ പറഞ്ഞു,നടക്കാൻ ബുദ്ധിമുട്ടുണ്ട്.

പതിനേഴാം തീയതി ഓഡിറ്റോറിയം വൃത്തിയാക്കുകയും വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. പതിനെട്ടാം തീയതി പത്തുമണിയോടു കൂടി എല്ലാവരും എത്തിച്ചേർന്നു.അന്നത്തെ സ്കൂൾ ലീഡറായിരുന്ന റെജി അധ്യക്ഷനെ ക്ഷണിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ.ശിവകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ,പ്രിൻസിപ്പൽ ശ്രീമതി സൂസൻ ടീച്ചർ എസ്.എം.സി ചെയർമാൻ ശ്രീ.റാഫി എന്നിവർ ആശംസകളർപ്പിച്ചു.എല്ലാവരെയും കുട്ടികൾ പൂവുകൾ നൽകി സ്വാഗതം ചെയ്തു.തുടർന്ന് മൺമറഞ്ഞ സഹപാഠികളെയും അധ്യാപകരെയും അനുസ്മരിച്ചു.തുടർന്ന് അധ്യാപകരായ സുചിത്ര ടീച്ചർ,ലില്ലിഭായ് ടീച്ചർ,ജലജകുമാരി ടീച്ചർ,പത്മാവതി ടീച്ചർ,വിജയകുമാർ സാർ,രവീന്ദ്രൻ സാർ എന്നിവരെ ആദരിച്ചു.അധ്യാപകരുടെ മറുപടി പ്രസംഗശേഷം സദ്യ കഴിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു.കാഴ്ച നഷ്ടപ്പെട്ട പ്രിയ കൂട്ടുകാരൻ സതീഷ് ഗാനങ്ങളാലപിച്ചു.28 വർഷങ്ങൾക്കു ശേഷം പലരെയും കാണുന്നത് അന്നായിരുന്നു.എല്ലാവരും ആവേശഭരിതരും സന്തുഷ്ടരുമായിരുന്നു.പിരിഞ്ഞുപോകാൻ ആർക്കും താല്പര്യമില്ലായിരുന്നു.48 വിദ്യാ‍‍ർത്ഥികളും കുടുംബാഗങ്ങളും പങ്കെടുത്തു.