ഉപയോക്താവ്:47502

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 8 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47502 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിഎൽപി സ്കൂൾ മണ്ണാം പൊയിൽ

ചരിത്രത്താളുകൾ മറിയുമ്പോൾ....,.....

       സ്വപ്നം കാണുക സ്വപ്നങ്ങൾ ചിന്തകൾ ആയി മാറും ചിന്തകൾ പ്രവൃത്തിയിലേക്ക് നയിക്കും രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ സാർത്ഥകമാവാൻ സ്വപ്നം കാണാതെ തരമില്ല ആ നിലയിൽ മണ്ണാംപൊയിൽ ഗവൺമെന്റ് എൽ പി സ്കൂളിനെ അല്പം അതിശയോക്തി കലർത്തി സ്വപ്നതുല്യമായ ഒരു വിദ്യാലയം എന്ന് വിശേഷിപ്പിക്കാം

              തരിപ്പാക്കുനി മലയുടെ താഴ്വരയിൽ മഞ്ഞപ്പുഴയുടെ കൊച്ചു കൈത്തോടിന്റെ കരയിൽ ഉൾനാടൻ ഗ്രാമപ്രദേശമായ മണ്ണാംപൊയിലിൽ ഒരു കുടിപ്പള്ളിക്കൂടം. 1944 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടു അക്ഷരങ്ങൾ കുഞ്ഞുങ്ങളിലേക്കു പകരാൻ തൽപരരായ ഏതാനും പേരുടെ ശ്രമഫലമായി രൂപംകൊണ്ട പള്ളിക്കൂടം സ്ഥിരമായി ഒരു സ്ഥലത്ത് തന്നെയായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അക്ഷരം ചൊല്ലിക്കൊടുത്തിരുന്ന ആശാന്മാരും മാറിക്കൊണ്ടിരുന്നു. വയോജന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടി നടത്തിയിരുന്ന തോട്ടത്തിൽ ഉണ്ണി മാഷാണ് മുഖ്യസംഘാടകനായി ഉണ്ടായിരുന്നത്.

1955 ഫെബ്രുവരി മാസത്തിൽ സർക്കാർ എലിമെന്ററി സ്കൂൾ ആയി മാറുന്ന അവസരത്തിൽ തോട്ടായി പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ  ആയിരുന്നു ഈ സ്ഥാപനം. സർക്കാർ വക ഒരു സ്കൂൾ എന്നത് ഈ ഗ്രാമത്തിന്റെ സ്വപ്നമായിരുന്നു. മണ്ണാംപൊയിൽ ഗവൺമെന്റ് എൽ പി സ്കൂളിന്റെ ആരംഭത്തിൽ ഏകാധ്യാപകനും പ്രധാനാധ്യാപകനുമായി ശ്രീ. പി.ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. അഞ്ച് മാസത്തിനു ശേഷം അദ്ദേഹത്തിന് പകരം ശ്രീ എം വിശ്വനാഥൻ പ്രധാനാധ്യാപകനായി വന്നു.

           1967 കേരള ചരിത്രത്തിൽ തന്നെ നിർണായകമായ വർഷമാണ് അക്കാലത്ത് ഈ വിദ്യാലയത്തിന്റെ ചുമതല അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനും എംഎൽഎ യും ഒക്കെ ആയിരുന്ന ശ്രീ വി വി ദക്ഷിണാമൂർത്തിക്കായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ അധ്യാപകനെന്ന നിലയിൽ മൂർത്തി മാഷിന്റെ സേവനം ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായി മാറി

            ഇ. ആർ.പനായി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇ രാഘവൻ നായരുടെ സേവന കാലത്ത് വിദ്യാലയം ജനങ്ങളുമായി കൂടുതൽ അടുത്തു. താടി മാഷ് എന്ന് കുട്ടികൾ സ്നേഹത്തോടെ വിളിക്കുന്ന ശ്രീ രാമൻകുട്ടിനായർ പ്രധാനാധ്യാപകൻ ആയിരുന്നപ്പോൾ കലാ പ്രവർത്തനങ്ങൾ കൂടുതൽ അഭിവൃദ്ധിപ്പെട്ടു.

          ഈ വിദ്യാലയത്തിൽ ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് ഇ കേളപ്പൻ മാസ്റ്ററാണ് ഔദ്യോഗിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിലും രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിലും ഇദ്ദേഹം മുൻഗണന നൽകി പ്രവർത്തിച്ചു. ഒരു അധ്യാപകൻ എന്ന നിലയിൽ ഈ വിദ്യാലയത്തെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തി ശ്രീ. എം അച്യുതൻ നായരാണ്. തുടർന്ന് രണ്ടു വർഷങ്ങളിൽ ശ്രീ എം പത്മനാഭൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ.

               സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മണ്ണാംപൊയിൽ തരിപ്പാക്കുനി മലയിലേയും സമീപപ്രദേശങ്ങളിലേയും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. സാമ്പത്തികമായി അല്പം ഉയർന്ന വിഭാഗത്തിൽപ്പെട്ടവർ അടുത്തുള്ള സ്വകാര്യ സ്കൂളുകൾ ആണ് തെരഞ്ഞെടുത്തിരുന്നത്. ഈ അവസ്ഥയിലാണ് പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ ഒരു മാതൃക വളർത്തിയെടുക്കണം എന്ന ദൃഢനിശ്ചയത്തോടെ ചില പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. അത്തരം പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തെ ശ്രദ്ധേയമാക്കിയിരുന്നു.

             അസൗകര്യങ്ങളോട് പടവെട്ടിയാണ് മണ്ണാംപൊയിൽ ജിഎൽപി സ്കൂൾ ഇന്നത്തെ നിലയിൽ എത്തിയത്. നടത്താൻ പോലും പ്രയാസപ്പെട്ടിരുന്ന സ്കൂളിലേക്ക് റോഡ് നിർമിച്ചു കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതിയിലുൾപ്പെടുത്തി രണ്ടു ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമിച്ചു. 1997 ൽ അപ്പോഴത്തെ ആരോഗ്യ മന്ത്രി ശ്രീ. പി ശങ്കരൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇതിന്റെ ധനശേഖരണാർത്ഥം ബാലുശ്ശേരിയിൽ നടത്തിയ ആന്റിഗണി നാടകത്തിന്റെ വിജയം പുതിയൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. അക്കാലത്താണ് ആഴ്ചയിലൊരു ദിവസം കോഴിമുട്ട പഴം പാൽ എന്നിവ ഓരോരുത്തരുടെ വകയായി നൽകിക്കൊണ്ടുള്ള സ്കൂൾ പോഷകാഹാര പരിപാടി ആരംഭിച്ചത്

             പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രായോഗിക പഠനവും ഗവേഷണവും നടത്തുന്നതിന് അനുകൂലമായ സാഹചര്യം ക്രമേണ രൂപപ്പെട്ടുവന്നു. ഇൻഫർമേഷൻ ടെക്നോളജിയിലേക്ക് പ്രവേശിക്കുന്നത് ഈ സന്ദർഭത്തിലാണ്. കേരള പിന്നോക്ക വിഭാഗ കോർപ്പറേഷനിൽ നിന്ന് ലോൺ വാങ്ങിയാണ് കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സംഘടിപ്പിച്ചത് ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് പിന്നീട് ഈ പ്രവർത്തനം വിപുലീകരിച്ചു

         സ്കൂൾ വിഭവ കേന്ദ്രത്തിനുള്ള പുതിയ സി ആർ സി കെട്ടിടം ഈ വിദ്യാലയത്തോട് അനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ഇതിന് ധനസഹായം നൽകിയത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ മികച്ച അക്കാദമിക മാതൃകയാണ് ഇവിടെ വളർത്തിക്കൊണ്ടു വരുന്നത്. സ്റ്റജ് സൗകര്യം ഈ സി ആർ സി കെട്ടിടത്തിലുണ്ട്. ്ക്കാദമിക് മേഖലയിലും കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വേഗം കൂടിയ ഇടംകൈയ്യൻ എന്ന ക്യൂബൻ കോച്ച് വിശേഷിപ്പിച്ച അന്തർദേശീയ വോളീബോൾതാരം മുകേഷ് ലാൽ ഈ വിദ്യാലയത്തിലാണ് പഠിച്ചത്. എൽ എസ് എസ്, ക്വിസ് മത്സരങ്ങൾ, വിജ്ഞാനോത്സവങ്ങൾ എന്നിവയിലെല്ലാം ശ്രദ്ധേയമായ സ്ഥാനം നേടാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.

         2003 ഏപ്രിൽ മാസം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ നളിനി പുതിയ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഇത്രയേറെ സൗകര്യങ്ങൾ ഒരു സർക്കാർ എൽ.പി സ്കൂളിൽ അപൂർവ്വമാണെന്ന് അഭിപ്രായപ്പെട്ടു. ഈ അപൂർവതയ്ക്ക് പിന്നിൽ ദീർഘകാലത്തെ പ്രയത്നവും ആസൂത്രണവും ഉണ്ട്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇനിയും ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ ഉണ്ട്. എം കെ ശേഖരൻ, കെ ടി ബാലൻ നായർ, ഇ.പ്രേമരാജൻ, എ കെ മുഹമ്മദ് ഇഖ്‍ബാൽ, കെ വി രാജൻ, ജയൻ നന്മണ്ട, എം കെ രാജേഷ് എന്നിവർ പിടിഎ പ്രസിഡണ്ട് മാരായി സ്മരണീയമായ പ്രവർത്തനങ്ങൾ നടത്തിയവരാണ്.

   ഇപ്പോഴത്തെ (2022-23) പി ടി എ പ്രസിഡണ്ട് ശ്രീ. എംകെ സിജു മാസ്റ്ററും പ്രധാന അധ്യാപകൻ ശ്രീ പി കെ ബാലകൃഷ്ണൻ മാസ്റ്ററുമാണ്. അധ്യാപികമാരായ മുംതാസ് സി കെ, ദീപ കെ സി, ജിജി സി. ആർ എന്നിവർ ഇപ്പോൾ ഈ വിദ്യാലയത്തിൽ  സേവനമനുഷ്ഠിച്ചു വരുന്നു.

    റഫറൻസ് ലൈബ്രറി ഉൾപ്പെടെ മികച്ച ഗ്രന്ഥശേഖരം സ്കൂളിനുണ്ട്. സി ആർ സി കെട്ടിടത്തിലായി സ്ഥിരം സ്റ്റേജ് സംവിധാനമുണ്ട്. ബാല സഭയും അസംബ്ലിയും സെമിനാറുകളും നടത്താൻ തക്കവിധമാണ് സി ആർ സി ഹാൾ നിർമ്മിച്ചിട്ടുള്ളത്

"https://schoolwiki.in/index.php?title=ഉപയോക്താവ്:47502&oldid=1820324" എന്ന താളിൽനിന്ന് ശേഖരിച്ചത്