സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഉഴുവ ഗവൺമെന്റ് യു.പി സ്കൂളിനെക്കുറിച്ചുള്ള കേട്ടറിവുകൾ ചുവടെ കുറിക്കുന്നു.

ആലപ്പുഴ ജില്ലയിൽ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഉഴുവ ഗവൺമെന്റ്‌ യു.പി.സ്കൂൾ പട്ടണക്കാട്‌ പഞ്ചായത്തിലെ 8-ാ൦ വാർഡിൽ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. മറ്റെല്ലായിടത്തും എന്ന പോലെ ഈ വിദ്യാലയവും കുടിപ്പള്ളിക്കൂടങ്ങൾ ആയിരുന്നു. ആശാന്മാർ അധ്യാപകരും, പനയോല പാഠപുസ്തകങ്ങളും, നാരായം പെൻസിലുമായിരുന്നു അക്കാലത്ത്‌. ശതാബ്ദി പിന്നിട്ട ഈ സ്കൂളിന്‌ സ്ഥലം നൽകിയത്‌ ഇടവനാട്ട്‌ ശ്രീ. ബാലകൃഷ്ണമേനോനാണ്‌. അന്ന്‌ ലോവർ പ്രൈമറി സ്കൂളായിട്ടാണ്‌ തുടങ്ങിയത്‌. 1915ൽ ഉഴുക്കരയിലെ പ്രമാണിമാരായ ഇടവനാട്ട് കുടുംബാംഗങ്ങൾ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് പഠനത്തിനായി നാട്ടിൽത്തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയും അന്നത്തെ ദിവാനെ കാണുകയും ഇതിനാവശ്യമായ അനുമതി സമ്പാദിക്കുകയും ആയതിലേക്ക് ഉഴുവ പുതിയകാവ് ദേവീക്ഷേത്രത്തിന് മുൻവശം ഇടവനാട്ട് കുടുംബാംഗമായ ശ്രീ. ബാലകൃഷ്ണമേനോന്റെ പുരയിടത്തിന്റെ വടക്കേ അറ്റത്ത് നിലവാട്ടുവഴിക്കും(ആനകളെ എഴുന്നള്ളിക്കുന്ന വഴി) നിലവാട്ടുതറക്കും തെക്കുമാറി ഒരേക്കർ പുരയിടം വിട്ടുകൊടുക്കുന്നതിനുള്ള അനുമതിപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു. ആ പുരയിടത്തിന്റെ തെക്കുകിഴക്കു ഭാഗത്തായി  ഒരു ഓലമേഞ്ഞ കെട്ടിടം നിർമ്മിക്കുകയും അവിടെ ഒരു പെൺപള്ളിക്കൂടം 1916ൽ ആരംഭിച്ചു. താമസിയാതെ തന്നെ പുരയിടത്തിന്റെ കിഴക്കരികിൽ മറ്റൊരുകെട്ടിടവും അതിനുമുന്നിൽ ഒരുകിണറും നിർമ്മിച്ചു. പെൺപള്ളിക്കൂടം എന്നതുമാറ്റി മറ്റു കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുകയും പുതിയകാവ് ദേവീക്ഷേത്രത്തിന് വടക്കുവശത്തുള്ള കുളത്തിനു പടിഞ്ഞാറു ഭാഗത്തായി മീനപ്പെള്ളി കുടുംബക്കാരുടെ പുരയിടത്തിൽ താൽക്കാലികമായി പെൺപള്ളിക്കൂടം ആരംഭിച്ചു.അത് പിൽക്കാലത്ത് കൈത്തറി നെയ്തു പഠിപ്പിക്കുന്നതിനുള്ള വീവിംഗ്സ്കൂളാക്കുകയും ചെയ്തു.  ആ കെട്ടിടം പിന്നീട് ദേശീയപാതവികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കി. ഉഴുവസ്കൂളിൽ പിന്നീട് നിർമ്മിച്ച കെട്ടിടമാണ് ഇപ്പോഴത്തെ ഓഫീസ് കെട്ടിടം. താമസിയാതെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റി വടക്കുകിഴക്കരികിൽ ഒരു കെട്ടിടവും പഴയകിണർമൂടി ഇന്നുകാണുന്ന കിണറും അതിനു കിഴക്കായി വോളീബോൾ- ബാഡ്മിന്റൻ കോർട്ടും നിർമ്മിച്ചിരുന്നു. പുരയിടത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ കൈതവാടയാണുണ്ടായിരുന്നത്. ആദ്യ പ്രഥമാദ്ധ്യാപകൻ ഇടവനാട്ട് പുത്തൻവീട്ടിൽ വാസുദേവമേനോൻ ആയിരുന്നു.

1916ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്‌ യു.പി.സ്കൂളായി ഉയർത്തുന്നതിന്‌ നേതൃത്വം നൽകിയത്‌ ഇടവനാട്ട്‌ തോപ്പിൽ അഡ്വ.എസ്. ‌പത്മനാഭമേനോനാണ്‌. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പൂലർത്തി വരുന്ന ഈ വിദ്യാലയത്തിൽ പ്രഗത്ഭരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ്‌.








ഉഴുവ പുതിയകാവ് ദേവങ്കൽ ദേവസ്വ ഹ്രസ്വ ചരിത്രം

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ഉഴുവക്കരയിൽ ചേർത്തല-എറണാകുളം ദേശിയപാതയുടെ കിഴക്കുഭാഗത്തായി ചേർത്തലനിന്നും 6 കി.മീ. വടക്കുമാറി സ്ഥിതിചെയ്യുന്ന ഉഴുവ, പുതിയകാവ്, ദേവങ്കൽ, എന്നീ മൂന്ന്‌ ദേവസ്വംവക ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഒരു വിശകലനമാണിത്.

അതിപുരാതനകാലം മുതൽ ഈ കരയുടെ ഐശ്വര്യത്തിനായി നിലകൊള്ളുന്ന ദേവന്റെ ക്ഷേത്രത്തിന്റെ ഐതിഹ്യം ആദ്യമായി വിവരിക്കാം. ഏതാണ്ട്‌ 1500 വർഷങ്ങൾക്കപ്പുറം ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തായി ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി കേട്ടറിവുണ്ട്‌. അക്കാലത്ത്‌ ഗോസായിമാർ എന്നറിയപ്പെടുന്ന വടക്കർ ഇതുവഴി വരികയും ഈ കരയിലെ രാജപ്രതിനിധിയായി വാണിരുന്ന പരുത്തിക്കുളങ്ങര പണിക്കരുടെ വച്ചാരാധനസ്ഥലമായ കളരിനിന്നിരുന്ന കളരിക്കൽ വീടിന്റെ അടുത്തുള്ള കുളത്തിൽ കുതിരയെ ഇറക്കി വെള്ളംകുടിപ്പിക്കുകയും കുളത്തിലിറങ്ങി കുളം അശുദ്ധിയാക്കുകയും ചെയ്തതിനു ക്ഷുഭിതനായ പണിക്കർ കുതിരയുടെ കുളമ്പ്‌ മുറിക്കുകയും അധിക്ഷേപിച്ച്‌ ആട്ടിപ്പായിക്കുകയും ചെയ്തു. ഈ വൈരാഗ്യം ഉള്ളിൽ ഒതുക്കി തിരിച്ചുപോയ ഗോസായിമാർ വളരെയധികം ഭടന്മാരേയും ഗുണ്ടകളേയും കൂട്ടി ഇവിടെ വരികയും അക്രമിച്ച്‌ ക്ഷേത്രവും അതിനോടനുബന്ധിച്ച സ്വർണ്ണധ്വജം ഉൾപ്പെടെയുള്ള ജംഗമവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇതോടുകൂടി പരുത്തിക്കുളങ്ങര പണിക്കർ നാടുവിട്ടുപോവുകയും ചെയ്തു. വളരെ നാളുകൾക്കുശേഷം കരപ്പുറത്തുള്ള ആളുകൾ ഒത്തുചേർന്ന്‌ കരയുടെ ഐശ്വര്യത്തിനായി ദൈവജ്ഞരെക്കൊണ്ട്‌ പ്രശ്‌നം വയ്പിച്ചപ്പോൾ ഒരു വിഷ്ണുവിന്റെ അതിമനോഹരമായ ക്ഷേത്രം കരപ്പുറത്ത്‌ നിർമ്മിക്കണമെന്നും അതിനുതകുന്ന സ്ഥലം ഉഴുതുമറിച്ച്‌ നവധാന്യം വിതച്ച്‌ നന്നായി കിളിർത്ത്‌ അവിടെ ക്ഷേത്രം പണിയുവാനും തീരുമാനിച്ചു. കരപ്പുറത്ത്‌ അരൂർ മുതൽ മാരാരിക്കുളം വരെ ഈ രീതിയിൽ പരീക്ഷിച്ചതിൽ ക്ഷേത്രം നിൽക്കുന്ന ദേവങ്കൽ പ്രദേശത്ത്‌ വളരെനല്ല രീതിയിൽ നവധാന്യം കിളിർക്കുകയും അവിടെ വിഷ്ണുവിന്റെ ക്ഷേത്രം പ്രതിഷ്ഠിക്കുവാനും തീരുമാനിച്ചു. ഇന്നുകാണുന്ന ക്ഷേത്രം ഏതാണ്ട്‌ 100 വർഷങ്ങൾക്കുമുമ്പ്‌ പണിതീർത്തതാണ്‌. ഈ ക്ഷേത്രം പണിതത്‌ 1080 മിഥുനമാസത്തിൽ കലശം കഴിച്ചു ആരാധിച്ചു പോരുന്നു. ഈ ക്ഷേത്രം നിർമ്മിച്ച്‌ പ്രതിഷ്ഠിക്കുന്നതിനും വളരെ വർഷങ്ങൾക്കുമുമ്പ്‌ ഒരു ചെറിയ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു. അവിടുത്തെ വിഗ്രഹത്തിന്‌ കേടുപാടുകൾ സംഭവിച്ചതു കൊണ്ട്‌ ദൈവഹിതംനോക്കി തന്ത്രശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും പിൻബലത്തിൽ അന്നത്തെ വിഗ്രഹം അംഗഭംഗം വന്നതുമാറ്റി പുതിയതു നിർമ്മിച്ച്‌ പ്രതിഷ്ഠയ്ക്ക്‌ മൂന്നുദിവസം മുമ്പ്‌ ഇവിടെ എത്തിക്കുവാൻ കരപ്രമാണിമാർ ശിൽപ്പിയോട്‌ പറഞ്ഞിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ അശൂലം നിമിത്തം ശില്പിയ്ക്ക്‌ വിഗ്രഹം നിർമ്മിച്ച്‌ സമയത്ത്‌ എത്തിക്കുവാൻ പറ്റുകയില്ലെന്ന വിവരം അറിയിച്ചു. ഇതുകേട്ട്‌ വിഷണ്ണരായിരിക്കുന്ന അധികാരികളുടെ അടുത്തേക്ക്‌ ഒരാൾ വരികയും നല്ല ഒരു വിഷ്ണുവിഗ്രഹം നൽകാം എന്ന്‌ പറയുകയും ചെയ്തു. തന്ത്രിയെ വിളിച്ച്‌ വിവരം പറഞ്ഞപ്പോൾ ടി വിഗ്രഹം കൊണ്ടുവരുവാൻ പറഞ്ഞു. ഉടൻ പട്ടിൽ പൊതിഞ്ഞ ഇന്നത്തെ വിഷ്ണുവിഗ്രഹം ഒരാൾ ഒറ്റയ്ക്ക്‌ അനായാസമായി എടുത്ത്‌ ഭാരവാഹികളുടെ അടുത്തേക്ക്‌ കൊണ്ടുവന്നു വച്ചു. തന്ത്രിയും മറ്റുള്ളവരും നോക്കി കുറ്റമറ്റതാണെന്ന്‌ കാണുകയും അത്‌ പ്രതിഷ്ഠിക്കുകയും ആവാം എന്ന്‌ പറഞ്ഞു. ഈ സമയം അടുത്ത ഓലകൊണ്ടുമേഞ്ഞ ഓഫീസിനുള്ളിൽ ശിൽപിക്ക്‌ പാരിതോഷികം കൊടുക്കുവാനുള്ള ചർച്ചകൾ പൂർത്തിയാക്കി ഭാരവാഹികൾ പുറത്തെത്തി തുക കൊടുക്കുവാൻ ടിയാളെ നോക്കിയവർ ആളെ കാണാതാവുകയും ജോത്സ്യരെ വിളിപ്പിച്ച്‌ പ്രശ്നം വയ്പിച്ചപ്പോൾ ടി രാശിയിൽ തെളിഞ്ഞത്‌ ഇത്‌ ഭഗവാൻ തന്നെ കൊണ്ടുവച്ചതാണെന്നും വളരെ ഐശ്വര്യം തരുന്ന വിഗ്രഹമാണെന്നും ചതുർബാഹുവായ മഹാവിഷ്ണുവാണെന്നും വിധിച്ചു. പ്രതിഷ്ഠ കഴിഞ്ഞ ഉടൻതന്നെ തന്ത്രി നാട്ടുകാരെ വിളിച്ച് വഴിപാടുവിവരം ധരിപ്പിച്ചു. നാട്ടുകാർ ഒന്നടങ്കം ഭഗവാനെ അനുസ്മരിച്ച്‌ അവ ശിരസ്സാവഹിക്കുകയു൦ കൂടാതെ നാട്ടിൽ ജനിക്കുന്ന പുരുഷ സന്താനങ്ങൾ എല്ലാവരും ഭഗവാനെ സ്മരിക്കുവാൻ വേണ്ടി നാരായണൻ എന്ന മാറാ ഇരട്ടപ്പേര് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നാളിതുവരേയും കരയുടെ നാഥനായി ദേവങ്കൽ പരിലസിക്കുന്നു. പ്രധാന വഴിപാടുകൾ നെയ് വിളക്ക് താമരമാല, പുഷ്പാഞ്ജലി, തൃക്കൈവെണ്ണ, മുഴുക്കാപ്പ്, പാൽപ്പായസം, വിഷ്ണു സഹ്രസനാമാർച്ചന, നന്ദഗോപാലാർച്ചന, സുദർശനമന്ത്ര പുഷ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി മുതലായവയാണ്‌. രോഹിണി, ഉത്രാടം, തിരുവോണം, വ്യാഴാഴ്ച ഇവ ഇവിടുത്തെ പ്രധാന ദിവസങ്ങൾ ആണ്‌.

അടുത്തതായി ഈ കരയുടെ അമ്മയായി പരിലസിക്കുന്ന പുതിയകാവിലമ്മയുടെ സവിധത്തിലേക്ക്‌ എത്തിനോക്കാം. മൈസൂർ സാമ്രാജ്യം ഭരിച്ചിരുന്ന ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് മൈസൂർ രാജ്യത്തിന്‌ പടിഞ്ഞാറ്‌ മംഗലാപുരം ദേശത്ത്‌ ചെറുവള്ളി എന്നറിയപ്പെടുന്ന ഒരു നമ്പൂതിരി മനയിൽ വച്ചാരാധിച്ചിരുന്ന രാജരാജേശ്വരി മഹാമായ ആയ ഒരു ദേവീക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നടത്തിപ്പോന്നത്‌ ആ ദേശത്തുതന്നെയുള്ള ബാരില്ലം എന്ന ബ്രാഹ്മണമഠത്തിലെ ഒരു ശാന്തിക്കാരനായിരുന്നു. ടിപ്പുവിന്റെ ആക്രമണത്താൽ നമ്പൂതിരിമന അന്യാധീനമായും സാമ്പത്തികമായി തകരുകയും ചെയ്തതായി പറയപ്പെടുന്നു. പൂജാരിക്കുള്ള ചെലവിനും പൂജ മുതലായ നിത്യനിദാനത്തിനുള്ള ചെലവിനും ബുദ്ധിമുട്ടുവന്നപ്പോൾ ഒരുദിവസം ശാന്തിക്കാരനോട് ഇപ്രകാരം പറഞ്ഞു. താങ്കൾ ഈ പഞ്ചലോഹ നിർമ്മിതമായ മഹാമായയുമായി ടിപ്പുവിന്റെ ആക്രമണമില്ലാത്ത തെക്കുദേശത്ത്‌ എവിടെയെങ്കിലും പോയി വച്ചാരാധിച്ചാൽ താങ്കൾക്ക്‌ ജീവിക്കാനുള്ള വക ദേവി തരുന്നതാണ്‌. ചെറുവള്ളി നമ്പൂതിരിയുടെ താൽപര്യത്താൽ അദ്ദേഹ൦ യാത്രതിരിക്കുവാൻ തയ്യാറായി. അപ്രകാരം ഈ ദേവീവിഗ്രഹവുമായി ബ്രാഹ്മണൻ യാത്രയായി. പലദേശങ്ങൾ താണ്ടി അവസാനം ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഉഴുവക്കരയിൽ ‍എത്തിച്ചേർന്നു. ഉഴുവക്കരയിൽ ദേവന്റെ ക്ഷേത്രമുള്ളതിനാലാണ്‌ ഈ കരയ്ക്ക്‌ ഉഴുവക്കരയെന്ന്‌ പേരുണ്ടായത്. പരദേശി ബ്രാഹ്മണർക്ക്‌ പാർക്കാൻ പണ്ട് കരപ്രമാണിമാർ വീടുകൾ പണികഴിപ്പിച്ചിടുമായിരുന്നു. അതിനെ മഠം എന്നാണ്‌ വിളിച്ചിരുന്നത്‌. അപ്രകാരമുള്ള ഒരു മഠമായ പറമ്പുമഠത്തിൽ താമസം തുടങ്ങുകയും ഈ മഹാദേവിയെ കുടിയിരുത്തി പൂജാദികാര്യങ്ങൾ നടത്തിപ്പോന്നു. പൂജാദികർമ്മങ്ങൾക്കാവശ്യമായതെല്ലാം തദ്ദേശവാസികൾ എത്തിച്ചുകൊടുത്തിരുന്നു, അങ്ങനെ കാലം കുറച്ചായപ്പോൾ അദ്ദേഹത്തിന്‌ പ്രായാധിക്യമായി. പിൻതുടർച്ചയായി പൂജയ്ക്ക്‌ ആരും വന്നുചേർന്നുമില്ല.

പൂജകൾക്ക്‌ മുടക്കം വരാതെ നടത്തുന്നതിന് ദേവിയെ ആരെയെങ്കിലും ഏല്പിക്കണമെന്നും ഒരു അമ്പലം പണികഴിപ്പിച്ച്‌ കുടിയിരുത്തണമെന്നുള്ള ആഗ്രഹപ്രകാരം അന്നത്തെ കരപ്രമാണിമാരെ സമീപിച്ച്‌ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അന്ന്‌ ഈ കരയിൽ 18 കുടുംബങ്ങളാണുണ്ടായിരുന്നത്‌. എല്ലാ കരക്കാരുമായി ആലോചിച്ചു വിവരം അറിയിക്കാമെന്ന് പറഞ്ഞയച്ചു. വിവരം കിട്ടാൻ കാലതാമസമുണ്ടായപ്പോൾ ഒരു ദിവസം ഈ ദേവീ വിഗ്രഹം ഈ കരയിലെ പ്രധാന ക്ഷേത്രമായ ഉഴുവ ദേവന്റെ ക്ഷേത്രത്തിന് തെക്കുവശം ദേശവഴിക്ക് പടിഞ്ഞാറുള്ള കാവിൽ കൊണ്ടു വന്നുവച്ച് ബ്രാഹ്മണൻ എങ്ങോ പോയ് മറഞ്ഞു. അടുത്ത ദിവസം കരക്കാരായ 18 കുടുംബനാഥന്മാർ ഒത്തുചേർന്ന് ഇത് ചർച്ച ചെയ്തു. തുടർന്ന് ദേവപ്രശ്നം വച്ച് പ്രശ്നച്ചാർത്ത് പ്രകാരം അവിടത്തെ കാടു വെട്ടിത്തെളിച്ച് അമ്പലം നിർമ്മിച്ച് ദേവിയെ കുടിയിരുത്തി. ഇതിൽ കുറച്ചു ഭാഗം അവിടെ അവശേഷിച്ച് കിടപ്പുണ്ടായിരുന്നു. ആ സ്ഥലത്തെ പുതിയകാവ് എന്നു വിളിക്കുകയും പില്ക്കാലത്ത് അതു സ്ഥലപ്പേരായി പരിണമിക്കുകയും ചെയ്തു. ഈ ക്ഷേത്രത്തിന് ഏകദേശം 250 വർഷത്തോളം പഴക്കമുണ്ട്. ഏതാണ്ട് നാലഞ്ചു തലമുറ ബാരില്ലത്തെ ശാന്തിക്കാരായിരുന്നു ഇവിടെ ശാന്തി നടത്തിയിരുന്നത്. ബാരില്ലക്കാരൻ ബഹ്മ്രശ്രീ മാധവൻ പോറ്റി ആയിരുന്നു അവസാനമായി ശാന്തികഴിച്ചിരുന്നത്. പ്രായാധിക്യത്തെ തുടർന്നും അദ്ദേഹത്തിന്‌ പിന്തുടർച്ചയായി ആരും വരാതിരുന്നതിനാലും അദ്ദേഹം എല്ലാ൦ ദേവസ്വത്തെ ഏല്പിച്ചു പിരിഞ്ഞുപോയി. ഇപ്പോൾ ദേവസ്വം നേരിട്ട് ശാന്തിക്കാരെ നിയമിക്കുകയാണ്‌. ശ്രീ. മാധവൻപോറ്റിയുടെ കാലംവരേയും പൂജാദികാര്യങ്ങൾ ശാന്തിക്കാരും ക്ഷേത്രത്തിന്റെ മേൽക്കോയ്മ ദേവസ്വത്തിനും ആയിരുന്നു. പ്രധാന വഴിപാടുകൾ ഉത്സവം താലപ്പൊലി മുതലായവ ദേവസ്വത്തിന്റെ മേൽനോട്ടത്തിലായിരുന്നു അന്ന്‌ നടത്തിയിരുന്നത്‌. എല്ലാവർഷവും കുംഭമാസത്തിലെ ആയില്ല്യം മകം ദിവസങ്ങളിൽ താലപ്പൊലി മാത്രമാണ്‌ നടത്തിയിരുന്നത്‌. ഈ താലപ്പൊലിക്കനുസൃതമായി ഉഴുവക്കര രണ്ടായി ഉഴുവ കിഴക്ക്‌, ഉഴുവ പടിഞ്ഞാറ്‌ എന്ന്‌ പില്ക്കാലത്ത്‌ പേരുവന്നു.

മലയാളവർഷം 1088 ൽ ആണ്‌ കൊടിയേറ്റുത്സവം തുടങ്ങിയത്‌. കുംഭമാസത്തിലെ രോഹിണിനാളിൽ കൊടികയറി പൂരത്തിന്‌ ആറാട്ടോടുകൂടി ആണ്‌ ഉത്സവം സമാപിക്കുന്നത്‌. കൊടിയേറ്റും ആറാട്ടുത്സവവും ദേവസ്വം നേരിട്ടു നടത്തുന്നു. ആയില്യം, മകം ദിവസങ്ങളിലെ താലപ്പൊലിമഹോത്സവങ്ങൾ ഉഴുവ കിഴക്ക് (നം.2506) കരയോഗവും ഉഴുവ പടിഞ്ഞാറ്‌ (നം.2504)കരയോഗവും നടത്തുന്നു. മറ്റ്‌ നാലു ദിവസത്തെ ഉത്സവങ്ങൾ ഇരുകരകളിലെയും പ്രധാനപ്പെട്ട കുടുംബക്കാർക്ക്‌ വീതിച്ചുകൊടുത്തിരിക്കുന്നു. ഒന്നാംഉത്സവം മീനപ്പള്ളിക്കാരും, രണ്ടാം ഉത്സവം ഉഴുവ പടിഞ്ഞാറ്‌ (നം.2504)കരയോഗവും, മൂന്നാം ഉത്സവം ‍ഉഴുവ കിഴക്ക് (നം.2506) കരയോഗവും, നാലാം ഉത്സവം പിണ്ടണിമിറ്റം ചേതിങ്ങനേഴത്ത് കുടുംബക്കാരുമാണ് നടത്തുന്നത്.

ആയില്യം മകം ദിവസങ്ങളിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് അകമ്പടിയായി കൊടുങ്കാളിദേവിയേയും അയ്യങ്കോവിൽ ശാസ്താവിനേയുമാണ് എഴുന്നള്ളിക്കുന്നത്. അതിൽ ശാസ്താക്ഷേത്രം പാലിയം ദേവസ്വം വകയായിരുന്നു. പിൽക്കാലത്ത്‌ ഈ ദേവസ്വത്തോട്‌ ചേരുകയും ക്ഷേത്രകാര്യങ്ങൾ ദേവസ്വം നടത്തി വരികയുമാണ്‌. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ അറുനാഴി, ശത്രുസംഹാരപുഷ്പാഞ്ജലി, ഭഗവതീസേവ മുതലായവയാണ്‌. എല്ലാ മാസവും പൂരംനാളിൽ പൂരപ്പന്തിരുനാഴി നൈവേദ്യവും മണ്ഡലവ്രതക്കാലത്ത് 41 ദിവസം കളമെഴുത്തും പാട്ടും 41-ാ൦ ദിവസം വലിയകുരുതിയും മീനഭരണിദിവസം വഴിപാടു താലപ്പൊലിയും വലിയകുരുതിയും നടത്തിവരുന്നു. ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും ദേവിയുടെ വിശേഷ ദിവസങ്ങളാണ്‌. തിരുവുത്സവത്തോടനുബന്ധിച്ച് പൂരത്തിന്‌ (ആറാട്ടുത്സവം) വഴിപാടായി ഗരുഡൻതൂക്കം നടത്തുന്നു. ഒരു ചാടിൽ രണ്ടുഗരുഡന്മാരോടുകൂടിയ തൂക്കമാണിത്.

അടുത്തതായി ഇളംതുരുത്തിമനയുടെ പരദേവതയായി ആരാധിച്ചിരുന്ന ധർമ്മശാസ്താക്ഷേത്രമാണ്‌. വളരെ നാളുകൾക്ക്‌ മുമ്പ്‌ അന്യംനിന്ന ഇല്ലക്കാർ ടി ക്ഷേത്രം പാലിയത്തച്ചനെ ഏല്പിച്ച്‌ നാടുവിട്ടു. കുറച്ചു നാൾ മുൻപ്‌ ടി ക്ഷേത്രം ദേവസ്വത്തിന്‌ വിട്ടു നൽകുകയും ചെയ്തു. ദേവിയുടെയും ശാസ്താവിന്റെയും അനുഗ്രഹമുള്ള ഇവിടം ശൈവ വൈഷ്ണവ ശക്തികൾ ഒത്തുചേരുന്ന ഇടമാണെന്നും പറയപ്പെടുന്നു.