ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/ആഫ്രിക്ക
വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു. 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 100 കോടിയാണ്, ഇത് ഭൂമിയിലെ ജനസംഖ്യയുടെ 14.72 ശതമാനത്തോളം വരും.
വടക്ക് മദ്ധ്യധരണ്യാഴി, വടക്കുകിഴക്ക് സൂയസ് കനാൽ, ചെങ്കടൽ, തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കറും, മറ്റ് 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .
കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ് ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണ് ആഫ്രിക്ക.
ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.