ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/വയനാടിൻറെ ചരിത്രം
സഹ്യാദ്രിയിൽ ഒറ്റപ്പെട്ട ഭൂഖണ്ഡത്തെപ്പോലെ, മാനംമുട്ടി നിൽക്കുന്ന മാമലകളും തോളുരുമി കടന്നുപോകുന്ന കുന്നുകളും കോടമഞ്ഞും കാട്ടുമൃഗങ്ങളും തേയില തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞ വയനാട് കേരളത്തിന്റെ മനോഹരമായ ജില്ലയാണ്. മാനത്തേയ്ക്ക് കയറാനുള്ള ഏണിപ്പടികൾ പോലെയുള്ള ഇവിടത്തെ ചുരങ്ങൾ സഞ്ചാരികൾക്ക് കൗതുകം നൽകുന്ന കാഴ്ചയാണ്. വയനാട് യൂറോപ്പിലായിരുന്നുവെങ്കിൽ അതൊരു മനോഹരമായ ഉല്ലാസകേന്ദ്രമാകുമായിരുന്നുവെന്ന് ഒരിക്കൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം സന്ദർശിച്ച മദ്രാസ് ഗവർണർ അഭിപ്രായപ്പെട്ടത് ശരിയാണ്. ഇന്നും അതിമനോഹരമാണ് വയനാട്. കേരളത്തിലെ ഗോത്രസംസ്കാരത്തിന്റെയും ചരിത്രത്തിൻറേയും സംഗമഭൂമിയാണ് വയനാട്. വിവിധ ജാതിയിൽപ്പെട്ട ആദിവാസികൾ വൈവിധ്യമാർന്ന അവരുടെ കലയും സംസ്കാരവും ആചാരങ്ങളും വച്ചുപുലർത്തുന്നത് വയനാട്ടിലെങ്ങും കാണാൻ കഴിയും. കോടമഞ്ഞും മലമ്പനിയും നിറഞ്ഞ വയനാട് ഒരുകാലത്ത് പുറംലോകത്തിന് ഭയമായിരുന്നു. എന്നാൽ ഈ സ്ഥലത്തിന്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കിയത് കേരളവർമ്മ പഴശ്ശിരാജയായിരുന്നു. കോട്ടയം ഭരണത്തിന്റെ കീഴിലായിരുന്നു അന്ന് വയനാട്. മൈസൂർ ആക്രമണകാലത്ത് ടിപ്പുസുൽത്താനെതിരെ ഇംഗ്ലീഷുകാരെ സഹായിക്കാൻ പഴശ്ശിരാജ തയ്യാറായതു തന്നെ ഭാവിയിൽ വയനാട് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ടിപ്പുസുൽത്താന്റെ മരണത്തിനു ശേഷം വയനാട് കൈക്കലാക്കാനും അതിനെ രണ്ടായി ഭാഗിക്കാനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായപ്പോൾ പഴശ്ശിരാജ അവരോട് അന്തിമസമരത്തിന് തയ്യാറായി. "വയനാട് എന്റെയോ നിങ്ങളുടെയോ' എന്ന ചോദ്യവുമായി രംഗത്തിറങ്ങിയ പഴശ്ശി തന്റെ ഒളിത്താവള കേന്ദ്രമാക്കിയത് വയനാടൻ കാടുകളാണ്. "ഇംഗ്ലീഷുകാർ എത്ര വലിയ ശക്തിയായാലും ഞാൻ അവരെ എതിർക്കും' എന്ന പ്രഖ്യാപനവുമായി അന്ത്യംവരെ അദ്ദേഹം പോരാടി വീരചരമം പ്രാപിച്ചു.
മാനന്തവാടിയിൽ ആണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിട്ടുള്ളത്. പഴശ്ശിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ സൈന്യാധിപന്മാരായ ഇടച്ചനക്കുങ്കൻറേയും തലയ്ക്കൽ ചന്തുവിൻറേയും എല്ലാം സ്മരണ വയനാടൻ മണ്ണിൽ നിറഞ്ഞുനിൽക്കുന്നു. തേയില, കാപ്പി, ഏലം, ഇഞ്ചി എന്നിവയുടെ വൻ കൃഷിസ്ഥലമാണ് വയനാട്. ഇവിടത്തെ "ജീരകശാല', "ഗന്ധകശാല' തുടങ്ങിയ നെല്ലുകൾ ഇന്നും പ്രിയങ്കരമാണ്. വയനാടിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം തുടികൊട്ടുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചില പ്രധാന കെട്ടിടങ്ങളും പള്ളികളും വയനാട്ടിൽ കാണാം.
കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് വയനാട്. ആധുനിക വയനാടിന്റെ തുടക്കത്തിനു കാരണം കുടിയേറ്റമാണ്. ഇന്ത്യയിലെ ഏറ്റവും പ്രാചീനാവശിഷ്ടമായ എടയ്ക്കൽ ഗുഹാചിത്രങ്ങൾ, മാനന്തവാടിക്കു സമീപത്തുള്ള വള്ളൂർക്കാവ് ക്ഷേത്രം, പുല്പള്ളിയിലെ സീതാദേവി ക്ഷേത്രം, കബനിനദിയിലെ ചെറുദ്വീപായ "കുറുവ', ഒരുകാലത്ത് ഏറ്റവും മഴ പെയ്യുന്നതിൽ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ലക്കിടി, അതിനടുത്തുള്ള പൂക്കോട് തടാകം, തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി, അവിടേക്ക് പോകുന്ന വഴിയിലുള്ള ത്രിശ്ശിലേരി ക്ഷേത്രം, അമ്പലവയലിലെ ഹെറിറ്റേജ് മ്യൂസിയം, സുൽത്താൻ ബത്തേരിയിലെ ആന പരിശീലന കേന്ദ്രം, കല്പറ്റയിലെ പുളിയാർമലയുടെ സമീപത്തുള്ള ജൈനക്ഷേത്രവും ഗാന്ധി മ്യൂസിയവും, പുത്തനങ്ങാടിയിലെ ജൈനക്ഷേത്രം, എടവകയിലെ പള്ളിക്കൽ പള്ളി, മേപ്പാടിയിലെ സെൻറ് ജോസഫ്സ് ഷറൈൻ, പള്ളിക്കുന്നിലെ ലൂർദ് മാതാ ദേവാലയം തുടങ്ങിയവയെല്ലാം വയനാട്ടിലാണ്.
വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ് എന്നാണ് ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്.
കോഴിക്കോട് സർവ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധരതം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ് കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ് എന്നാണ് ഡോ. രാജേന്ദ്രൻ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രി.മു. 500 ലാണ് ദക്ഷീണേന്ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് വോൺ ഫൂറെർഹൈമെൻഡ്ഡോഫ് സിദ്ധാന്തിക്കുന്നുണ്ട്. വയാനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്
അവലംബം വികാസ് പീഡിയ