നെടുംകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32046 (സംവാദം | സംഭാവനകൾ) ('നെടുങ്കുന്നത്തിന്റെ ചരിത്രം ക്രി.മു. മൂന്നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നെടുങ്കുന്നത്തിന്റെ ചരിത്രം ക്രി.മു. മൂന്നാം ശതകത്തിൽ തുടങ്ങുന്നു. പ്രസിദ്ധ സംഘകൃതിയായ മണിമേഖലയിൽ ചങ്ങനാശ്ശേരിയിലെ നെടുങ്കുന്നത്ത് ഒരു ബൌദ്ധവിഹാരമുള്ളതായി പരാമർശമുണ്ട്. പാറകളിൽ കാൽപാദം കൊത്തി വക്കുന്നത് ആദ്യ കാല ബുദ്ധക്ഷേത്രങ്ങളുടെ പ്രത്യേകതയായിരുന്നു. ഇത്തരം ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. കൊടുംകാടായിരുന്ന ഈ പ്രദേശത്തെ വളരെ കുറച്ച്‌ ഭൂമി മാത്രമേ അക്കാലത്ത്‌ കൃഷിക്കായി ഉപയോഗിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളുടെ ഭീഷണി വ്യാപകമായിരുന്നു. കുടിയേറ്റക്കാരായ കർഷകർക്ക്‌ കാടു വെട്ടിത്തെളിച്ച്‌ കൃഷിചെയ്യുവാൻ സഹായത്തിന്‌ പണിയാളുകൾ ഏറെയുണ്ടായിരുന്നു. മലഞ്ചെരുവുകളിൽ വൻതോതിൽ നെൽകൃഷി നടത്തിയിരുന്നു. മറ്റിടങ്ങളിൽ വാഴ, ചേന, ചേമ്പ്‌, കാച്ചിൽ തുടങ്ങിയ ഭക്ഷ്യവിളകളും. അക്കാലത്ത്‌ കാടു വെട്ടിത്തെളിച്ച്‌ കൃഷിയിറക്കുന്നിടത്ത്‌ അടുത്ത ഒന്നു രണ്ടുവർഷക്കാലം ഭക്ഷ്യവിളകൾ കൃഷി ചെയ്തിരുന്നില്ല. പകരം അവിടെ കുരുമുളക്‌, തെങ്ങ്‌, കമുക്‌ തുടങ്ങിവ നട്ടുപിടിപ്പിക്കും. പുതിയ ഇടങ്ങൾ തെളിച്ച്‌ കൃഷി തുടരുകയും ചെയ്യും.

കൃഷിയിടങ്ങളുടെ വിസ്തൃതിയും ഉൽപ്പാദനവും വർദ്ധിച്ചെങ്കിലും കച്ചവടത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുന്നതിന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ സമയമെടുത്തു. 1864- 1885 കാലയളവിലാണ് ചങ്ങനാശേരി - പീരുമേട്‌ റോഡും കറുകച്ചാൽ - മണിമല റോഡും പൂർണ്ണമായി സഞ്ചാരയോഗ്യമായത്‌. കാവുന്നട ഒരു വ്യാപാരകേന്ദ്രമായിരുന്നെങ്കിലും ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കുന്നതിന്‌ ചങ്ങനാശേരിയിൽ പോകേണ്ടിയിരുന്നു. ദശാബ്ദങ്ങളായി പ്രവർത്തിച്ചുപോന്നിരുന്ന ചങ്ങനാശേരിച്ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്‌ വേലുത്തമ്പി ദളവയുടെ കാലത്തായിരുന്നു (1885).

ആദ്യകാലത്ത്‌ കാർഷികോൽപന്നങ്ങൾ ചങ്ങനാശേരിയിൽ എത്തിക്കുന്നതിനുള്ള ഏക മാർഗ്ഗം ചുമട് തന്നെയായിരുന്നു. കാടിനിടയിൽ നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെയായിരുന്നു ചുമടും വഹിച്ചുകൊണ്ടുള്ള യാത്ര. നടന്നു തളരുന്ന യാത്രികന്‌ വഴിയരികിലെ ചുമടുതാങ്ങികളും ദാഹജലം നൽകിയിരുന്ന വഴിയമ്പലങ്ങളുമായിരുന്നു ആശ്വാസം. നെടുംകുന്നത്ത്‌ കോവേലിപ്പാലത്തിനു സമീപം ഏതാനും ദശാബ്ദം മുൻപുവരെ ഒരു വഴിയമ്പലമുണ്ടായിരുന്നു. അവിടെ കൽത്തോണിയിൽ സൂക്ഷിച്ചിരിക്കുന്ന മോരുംവെള്ളം സഞ്ചാരികൾക്ക്‌ ദാഹം ശമിക്കുന്നതുവരെ കുടിക്കാം.

കാവുന്നട, മാണികുളം പീടികപ്പറമ്പ്‌, കറുകച്ചാൽ കവല തുടങ്ങിയ സ്ഥലങ്ങളിൽ യാത്രികർക്ക്‌ ചുമട്‌ ഇറക്കിവച്ച്‌ വിശ്രമിക്കുന്നതിനുള്ള ചുമടുതാങ്ങികളും ഉണ്ടായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുതന്നെ കാളവണ്ടികളിൽ കിഴക്കൻ പ്രദേശങ്ങളിൽനിന്നും കാർഷികോൽപന്നങ്ങൾ ചങ്ങനാശേരിയിലെത്തിച്ചിരുന്നതായി പൂർവ്വികർ പറഞ്ഞിട്ടുണ്ട്. നെടുംകുന്നത്ത്‌ അക്കാലത്ത്‌ കാളവണ്ടികളുടെ എണ്ണം പരിമിതമായി രുന്നു. പക്ഷെ കറിക്കാട്ടൂർ, മണിമല, കടയിനിക്കാട്‌, കങ്ങഴ, നെടുമണ്ണി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവ ഉൾപ്പെടെ അൻപതുമുതൽ അറുപതുവരെ കാളവണ്ടികൾ ഒന്നിച്ചാണ് ണചങ്ങനാശേരിയിലേക്ക്‌ പോയിരുന്നത്. ചങ്ങനാശേരി - മണിമല റോഡിലൂടെ ആദ്യമായി ഒരു ബസ്‌ ഓടിയത്‌ ഏതാണ്ട്‌ 67 വർഷങ്ങൾക്കുമുൻപാണ്‌. കൽക്കരി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ആദ്യ ബസിൻറെ പേര്‌ പ്ലാൻറേഷൻ എന്നായിരുന്നെന്ന്‌ പറയപ്പെടുന്നു. പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്ന വണ്ടികൾ വളരെക്കാലം കഴിയുന്നതിനുമുൻപ്‌ പ്രചാരത്തിലായി.

വിശാഖം തിരുന്നാൾ മഹാരാജാവിൻറെ കാലത്ത്‌(1810 - 1815) കേരളത്തിലെത്തിയമരച്ചീനി നെടുംകുന്നത്തെ കൃഷിയിടങ്ങളുടെ സിംഹഭാഗവും കയ്യടക്കാൻ അധികകാലം വേണ്ടിവന്നില്ല. നെല്ലുൽപാദനം വളരെ കുറവായതുകൊണ്ടും അരി വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ട സാഹചര്യം നിലനിന്നിരുന്നതുകൊണ്ടുമാകാം ഇവിടെ പ്രധാന ഭക്ഷ്യവസ്തു മരച്ചീനിയായിരുന്നു. ഇറച്ചിക്കടകളും കോൾഡ്‌ സ്റ്റോറേജുമൊന്നുമില്ലാതിരുന്ന അക്കാലത്ത്‌ ആഴ്ച്ചയിലൊരിക്കൽ പ്രത്യേകിച്ച്‌ ഞായറാഴ്ച്ച ഏതാനും വീട്ടുകാർ സഹകരണാടിസ്ഥാനത്തിൽ ചേർന്ന്‌ വിലയ്ക്കുവാങ്ങുന്ന ഒരു ഉരുവിനെ അറുത്ത്‌ വീതംവച്ച്‌ ഉപയോഗിക്കുകയായിരുന്നു പതിവ്‌.

കപ്പകൃഷിയും വിളവെടുപ്പും കപ്പ വാട്ടി ഉണക്കുന്നതുമൊക്കെ ഭൂവുടമകൾക്കും പണിയാളുകൾക്കും ഉത്സവമായിരുന്നു. നോക്കെത്താ ദൂരത്തോളം വിശാലമായ കപ്പക്കാലാ(കപ്പ കൃഷിചെയ്യുന്ന സ്ഥലം) നെടുംകുന്നത്തുനിന്ന്‌ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ്‌ ഇവിടെ റബർ കൃഷി സാർവത്രികമായി.

"https://schoolwiki.in/index.php?title=നെടുംകുന്നം&oldid=174406" എന്ന താളിൽനിന്ന് ശേഖരിച്ചത്