ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം
എത്ര സുന്ദരമെൻ ഗ്രാമം ......
പച്ചപ്പട്ടുവിരിച്ച നെൽപ്പാടങ്ങളും വെൺകൊറ്റകുടകൾ നിവർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും അവയ്ക്ക് തിലകം ചാർത്തുന്ന സുന്ദരമായ മൊട്ടക്കുന്നുകളും ഈ ഗ്രാമ പ്രദേശം സന്ദർശിക്കുന്ന ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാഴ്ചകളാണ് .കനകം വിളയിച്ചിരുന്ന നെൽപ്പാടങ്ങളും ഫലസമൃദ്ധി വിളിച്ചറിയിക്കുന്ന കേരവൃക്ഷങ്ങളും ഒരു കാലത്ത് ഈ നാടിന്റെ മുഖമുദ്രകളായിരുന്നു .
ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .