പൂത്രിക്ക/വിദ്യാദീപം
പൂത്തൃക്ക ഹരിത വിദ്യാലയത്തിലേക്ക് ആന്ധ്രയില്‍ നിന്നും പഠന സംഘം
ആന്ധ്രയില്‍ നിന്നെത്തിയ തദ്ദേശ സ്വയംഭരണ സാരഥികള്‍ പൂത്തൃക്ക ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ സന്ദര്‍ശിച്ചു.നാല്‍പ്പത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. ആകര്‍ഷകമായസ്ക്കൂള്‍ അന്തരീക്ഷം നിരീക്ഷിച്ച് അവര്‍ അത്ഭുതപ്പെട്ടു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ധാരാളമായി വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കപ്പെടുന്നു എന്നതാണ് അവരിവിടെ കണ്ട സവിശേഷത.സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മികവുകള്‍ ജനസമക്ഷത്തില്‍ എത്തിക്കുന്നതിന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഐടി അറ്റ് സ്ക്കൂളിന്റേയും വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ കണ്ട ദൃശ്യവിരുന്ന് ഈ മികവുകളുടെ നേര്‍ക്കാഴ്ചകളായിരുന്നു. ഈ കാഴ്ചകള്‍ തേടിയുള്ള അന്വേഷണമാണ് ജനപ്രതിനിധികളുടെ സംഘത്തെ പൂത്തൃക്കയിലെത്തിച്ചത്. |
സംസ്ഥാനത്തെ 38വിദ്യാഭ്യാസ ജില്ലകളിലെ 900 സ്ക്കൂളുകള്‍ ഈ പദ്ധതിയില്‍ എന്റര്‍ ചെയ്തു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍, തനതു പഠന മികവുകള്‍, സാമൂഹ്യ പങ്കാളിത്തം, ഓഫീസ് കാര്യക്ഷമത, ശുചിത്വവും പോഷകാഹാരവും, ഭൗതിക സൗകര്യം, ഐടി മേഖല, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒന്‍പതു മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ഓരോ സ്ക്കൂളും നിര്‍ദ്ദേശിത അപേക്ഷാ ഫോറത്തിലൂടെ ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. 114 സ്ക്കൂളുകള്‍ രണ്ടാം റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയില്‍ നിന്നും 8 സ്ക്കൂളുകളാണ് ഈ റൗണ്ടില്‍ പ്രവേശിച്ചത്. കോലഞ്ചേരി ഉപ ജില്ലയില്‍ നിന്നും തെരഞ്ഞെയുക്കപ്പെട്ട ഏക സ്ക്കൂള്‍ പൂത്തൃക്കയാണ്. സംസ്ഥാനത്തെ ആകെ സ്ക്കൂളുകള്‍ പരിഗണിക്കുമ്പോള്‍ 93.5% പോയന്റു നേടി ഈ വിദ്യാലയം പതിനേഴാം സ്ഥാനത്തെത്തിയെന്നത് അഭിമാനകരമായ നേട്ടമാണ്. പ്രശസ്ത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷകനായ ഡോ.ആര്‍ വി ജി മേനോനാണ് ഈ റിയാലിറ്റി ഷോ പരിപാടിയുടെ പരിശോധകനും സംയോജകനും. അദ്ദേഹത്തോടൊപ്പം സുപ്രസിദ്ധ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍, ഡോ.മീര, ഡോ.പീയൂഷ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.
മൂന്നാം ഘട്ടത്തിലേക്ക് കടന്ന 13 സ്ക്കൂളുകളില്‍ നിന്നും വീണ്ടും വിലയിരുത്തലിനു വിധേയമായാണ് 10 സ്ക്കൂളുകള്‍ മികവുള്ള സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനാര്‍ഹരായസ്ക്കൂളുകള്‍ ഉള്‍പ്പെടെ മിക്ക വിദ്യാലയങ്ങലും പ്രദര്‍ശിപ്പിച്ച മികവുകള്‍ പൊതു വിദ്യാലയങ്ങളുടെ ശയസ്സ് സമൂഹത്തിലെത്തിക്കുന്നതിന് സഹായകമായി.
സമൂഹത്തില്‍ ഇടപെടുന്ന സ്ക്കൂള്‍, സമൂഹം ഇടപെട്ട് മെച്ചപ്പെടുത്തുന്ന സ്ക്കൂള്‍ ഇതായിരുന്നു ഈ പ്രദര്‍ശനങ്ങളുടെ രത്നച്ചുരുക്കം. കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ വളരുകയാണ് കെട്ടിലും മട്ടിലും. ഹരിതവിദ്യാലയം റിയാലിറ്റിഷോ നല്‍കുന്ന സന്ദേശമിതാണ്.
ഇത്തരം വിദ്യാലയങ്ങളിലെ മികവുകള്‍ സമൂഹത്തിലെത്തുന്നതിന് ധാരാളം പരിമിതികള്‍ ഉണ്ട്. സ്വകാര്യ സ്ക്കൂളുകളില്‍ മാത്രമാണ് അമൃത് വിളയുന്നതെന്നുള്ള ധാരണ ഏറെക്കാലമായി നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കുന്ന ഒരു സങ്കല്‍പ്പമാണ്. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ആദ്യ ഘട്ടങ്ങളിലുണ്ടായിട്ടുള്ള പോരായ്മകല്‍ ഇങ്ങനെ ചിന്തിക്കുന്നതിന് പൊതു സമൂഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഈ പരിമിതികളെ തരണം ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ വ്യാപിപ്പിക്കുകയാണ്. ഈ ചിന്താരീതിയുടെ ഒരു നിദര്‍ശനം കൂടിയാണ് ഈ ഹരിതവിദ്യാലയം റിയാലിറ്റി ഷോ. ഈ കാഴ്ചകള്‍ കുട്ടികള്‍ക്ക് യഥാര്‍ത്ഥമായി പ്രയോജനപ്പെടുന്നുണ്ടോയെന്നുള്ള അന്വേഷണവും വിലയിരുത്തലും തുടര്‍ പ്രവര്‍ത്തനവും ആവശ്യമാണ്. പൊതു വിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നതങ്ങളിലെത്തിയവര്‍ തങ്ങളുടെ മക്കളെ ഒരുക്കി 'പണം മുടക്കി'സ്ക്കൂളുകളിലേക്ക് വിടുന്നതു കണ്ട് ത്രാണിയില്ലാത്ത രക്ഷിതാക്കളും അവരുടെ മക്കളെ അത്തരത്തില്‍ വിടുന്നതിന് പെടാപ്പാട് പെടുകയാണ്.
കേരളത്തിലെ പാഠ്യപദ്ധ്തിയും പഠന മികവുകളും സൗകര്യങ്ങളും മറ്റ് സംസ്താനങ്ങള്‍ക്ക് മാതൃകയാകുന്നു. സ്ക്കൂളിലെത്തിയആന്ധ്രാ പഠന സംഘം സ്ക്കൂളിലെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങള്‍ ചോദിച്ചറിഞ്ഞും ചര്‍ച്ച ചെയ്തും രേഖപ്പെടുത്തി. തങ്ങളുടെ പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ട ഒട്ടേരെ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ ഈ സന്ദര്‍ശനം അവരെ സഹായിച്ചിട്ടുണ്ടാകും .അമ്മ നല്‍കുമൊരാഹാരം അമൃതാണെന്നുള്ള തിരിച്ചറിവ് അറിവിനപ്പുറം വളരുമ്പോള്‍ ഹരിതവിദ്യാലയ കാഴ്ചകള്‍ ഷോകളല്ല, റിയാലിറ്റികളാണ്. ഇത് ഈ മേഖലയിലുള്ളവര്‍ തെളിയിക്കുകയാണു വേണ്ടത്.
കോലഞ്ചേരി ഉപജില്ലയില്‍ നിന്നും ഹരിതവിദ്യാലയ ഷോയിലൂടെ മികവുകള്‍ കാഴ്ച വച്ച പൂത്തൃക്ക ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ പ്രസക്തിയും ഇതു തന്നെയാണ്.
ആന്ധ്രയില്‍ നിന്നുമെത്തിയ പഠന സംഘം ഈ വസ്തുത പറയാതെ പറഞ്ഞുകൊണ്ടാണ് തിരിച്ചു പോയത്.