ജി.എൽ.പി.എസ്സ്.കല്ലാർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടന്നുവരുന്നു. എല്ലാ ദിവസവും ക്ലാസിൽ പത്രം നൽകി കുട്ടികൾ അവ വായിച്ച് പത്രവാർത്ത തയ്യാറാക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പൊതുവിജ്ഞാന ചോദ്യങ്ങൾ നൽകി മാസത്തിലൊരിക്കൽ ക്വിസ് നടത്തുന്നു. കൂടാതെ എല്ലാ ദിനാചരണങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു ..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പ് തയ്യാറാക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു വരുന്നു. സ്ഥലനാമങ്ങൾ പരിചയപ്പെടൽ, ഭൂപടത്തിൽ നിശ്ചിത സ്ഥലം കണ്ടെത്തൽ ,ഭൂപട നിർമ്മാണം', ചാർട്ട് തയ്യാറാക്കൽ എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.
കലാ ക്ലബ്ബ്

കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രകടിപ്പിക്കുന്നതിനുമായി സ്കൂളിൽ കലാ ക്ലബ് പ്രവർത്തിക്കുന്നു. കോവിഡ് കാലഘട്ടത്തിനുമുമ്പ് കുട്ടികളെ സബ്‌ജില്ലാതല കലാമേളകളിൽ പങ്കെടുപ്പിക്കാനും അതിലൂടെ കലാ കിരീടം സ്കൂളിന് നേടാനും കലാ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഈ കോവിഡ് കാലഘട്ടത്തിലും സ്കൂളിലെ മുഴുവൻ കുട്ടികളേയും ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കാനും എല്ലാവർക്കും മികച്ച സമ്മാനങ്ങൾ നല്കാനും കലാ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ് ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 3,4 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് പ്രവർത്തിക്കുന്നു. ക്ലബിന് നേതൃത്വം നൽകാനായി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കുട്ടികളിൽ നിന്നും തെരഞ്ഞെടുത്തു.

അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂന്തോട്ടനിർമ്മാണം, പച്ചക്കറികൃഷി, ഔഷധതോട്ടം നിർമ്മാണം എന്നിവ നടത്തുന്നു. കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ പൂന്തോട്ടത്തിലേക് ഒരു ചെടി വീതം കൊണ്ടുവരുന്നു. കൂടാതെ അധ്യാപകർ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു.ബീൻസ്, കാബേജ്, പച്ചമുളക് എന്നിവ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്കു ചെടികൾ സന്ദർശിക്കാൻ അവസരം നൽകുന്നു. കുട്ടികൾ ചെടികൾക് വെള്ളമൊഴിക്കുകയും കളകൾ പറിക്കുകയും ചെയ്യാറുണ്ട്...
ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണി വളർത്തുന്നതിനായി രൂപീകരിച്ചതാണ് ഇംഗ്ലീഷ് ക്ലബ്. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ നിന്നുമുള്ള കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. ആഴ്ചയിൽ ഒന്ന് വീതം നടന്നു വരുന്ന ക്ലബ് പ്രവർത്തനങ്ങളിൽ ഈ കുട്ടികളാണ് ഓരോ ക്ലാസ്സിനും നേതൃത്വം നൽകുന്നത്. ഇംഗ്ലീഷ് ഡേ, ഇംഗ്ലീഷ് ക്യാമ്പുകൾ, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയൊക്കെയാണ് പ്രധാന പ്രവർത്തനങ്ങൾ. ക്ലബ്ബിന് ഒരു കൺവീനറും, ഒരു ജോയിന്റ് കൺവീനറും ഉണ്ട്. ഈ കുട്ടികളാണ് സ്കൂൾ പ്രതിനിധികൾ. കൂടാതെ കോർഡിനേറ്റർമാരായി രണ്ട് അധ്യാപകരും ചുമതലയിലുണ്ട്.
ജൈവ വൈവിധ്യ ക്ലബ്ബ്

പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ജൈവവൈവിധ്യ കബ്ബ് പ്രവർത്തിക്കുന്നത്. അതിനു വേണ്ടി സ്കൂളിൽ പൂന്തോട്ടം, ഔഷധസസ്യങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ നിർമ്മിച്ചിരിക്കുന്നു. പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് ജൈവവൈവിധ്യ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത്. പച്ചക്കറികൾ ഗ്രോബാഗുകളിലാണ് കൃഷി ചെയ്യുന്നത്. ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിനായി അധ്യാപകർക്ക് ചുമതല നൽകിയിരിക്കുന്നു. കുട്ടികളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരിക്കൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. കുട്ടികൾ തങ്ങളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ നിർമ്മിക്കുന്നതിനാവശ്യമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർ നൽകി വരുന്നു. ജൈവ വൈവിധ്യ ക്ലബ്ബിൽ പ്രധാനമായും 3, 4 ക്ലാസുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ എന്നും പച്ചക്കറികൾ, ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ പരിപാലനത്തിന്റെ ഭാഗമായി അവയ്ക്ക് വെള്ളമൊഴിക്കുകയും ആഴ്ചയിൽ ഒരിക്കൽ തോട്ടങ്ങളിലെ കളകൾ പറിക്കുകയും ചെയ്തു വരുന്നു.
ഗണിത ക്ലബ്ബ്

ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കുക ,ഗണിത കേളികളിലൂടെ ഗണിതപഠനം രസപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ്ബ് നമുക്കുണ്ട്. എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഗണിത ക്ലബ്ബ് യോഗങ്ങൾ ചേരുകയും ഗണിത പസിലുകൾ, കളികൾ ,ക്വിസ് എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ്, പ്രദർശനങ്ങൾ എന്നിവ നടത്താറുണ്ട്. ഗണിത പoനം എളുപ്പമാക്കുന്നതിന് ഓരോ ക്ലാസ്സിലും ഗണിത മൂലയും സജീകരിച്ചിരിക്കുന്നു.സ്കൂളിലെ 3,4 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദി
അറിവും അനുഭവങ്ങളും സ്വായത്തമാക്കുന്ന വിദ്യാലയ ജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ‍്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന പോഷക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ശ്രമിച്ചു വരുന്നു.കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കുന്ന പത്രങ്ങളും കൈയൈഴുത്തു മാസികകളും രചനാവൈഭവം വിളിച്ചോതുന്നതാണ്.
വായനാപക്ഷാചരണം
പിഎൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും 2021 ജൂൺ 19-ന് നടത്തപ്പെട്ടു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്നതിലേക്കായി പുസ്തക പരിചയം നടത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാമത്സരം,പ്രസംഗമത്സരം ,പതിപ്പു തയ്യാറാക്കൽ , എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായി നടത്തി വരുന്നു. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ,ക്ലാസ്സ് ,ഹോം ലൈബ്രറികൾ പ്രവർത്തിച്ചുവരുന്നു..
അക്ഷരമുറ്റം ക്വിസ്

വിജ്ഞാനപ്രദമായ അറിവുകൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കാറുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ വർഷത്തേയും പോലെ അക്ഷരമുറ്റം ക്വിസ്സ് നടത്തപ്പെട്ടു. കുട്ടികൾക്ക് വീജ്ഞാനപ്രദമായ പരിപാടിയായതിനാൽ തന്നെ കുട്ടികളുടെ സജീവസാന്നിധ്യം പ്രകടമായി. മികച്ചവരായ വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായിത്തീരുകയും മറ്റ് കുട്ടികൾക്ക് ഇവരുടെ നേട്ടം പ്രചോദനമാവുകയും ചെയ്തു.
കേരളപ്പിറവി
നവംബർ 1കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധയിനം രചനാമത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു.
കുട്ടികൾ മത്സരവേദിയിൽ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ സബ‍്ജില്ലാതല മത്സരത്തിൽ കുട്ടികൾ വിവിധയിനങ്ങളിലായി പങ്കെടുത്തു.. ചിത്രരചനയിൽ ശരൺ പി. സുനിലും കവിതാരചനയിൽ മെഹ്റിൻ ഫാത്തിമയും സബ്ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ കഥാരചനയിൽ ജില്ലാതലത്തിൽ സുമയ്യ സി.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇടുക്കി @50



2022 ജനുവരി 26 , നമ്മുടെ ഇടുക്കി ജില്ല രൂപം കൊണ്ടിട്ട് 50 വർഷം.... അതിൻെറ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എൻെറ ജില്ല (കഥ , കവിത) , ഇടുക്കി ചരിത്രം(കുറിപ്പ് ) ,ഇടുക്കി പ്രധാന സ്ഥലങ്ങൾ -ചിത്രരചന, ഇടുക്കി -ക്വിസ് , സ്ഥലനാമചരിത്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകി. ഇടുക്കി @50 പതിപ്പ് , ചുമർപത്രിക ,ഇൻലൻറ് മാസിക എന്നിവ തയ്യാറാക്കി.
സ്കൂൾ സൊസൈറ്റി
2010 ൽ പ്രവർത്തനം ആരംഭിച്ച് 2021- 2022 അധ്യായന വർഷത്തിലേക്ക് കടക്കുമ്പോഴും പ്രവർത്തന മികവിൽ മുന്നേറി കൊണ്ട് കുട്ടികൾക്ക് കൈത്താങ്ങായി തുടരുന്നു. എൽകെജി കുഞ്ഞുങ്ങൾ മുതൽ നാലാം ക്ലാസുകാർ വരെ മുന്നൂറിലധികം കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.
ജി .എൽ.പി.എസ് കല്ലാർ കൂടാതെ ആർ .പി .എം .എൽ .പി .എസ് ചോറ്റുപാറ, എസ് .എൻ .എൽ .പി .എസ് കൂട്ടാർ, പി .എം .ജി. എൽ .പി .എസ് സന്യാസിയോട, എസ്. ടി. എൽ. പി .എസ് കോമ്പയാർ, ജി .എൽ .പി .എസ് പുഷ്പ കണ്ടം എന്നീ വിദ്യാലയങ്ങളും സ്കൂൾ സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് . നിലവിലെ പ്രധാന അധ്യാപികയായ റെജിമോൾ മാത്യു സ്കൂൾ സൊസൈറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു