ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കണ്ടു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ നൽകി. സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. നീണ്ട നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു.