ജി.എൽ.പി.എസ് കുമരംപുത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായി തുടർന്ന ആദ്യ കാലഘട്ടത്തിൽ കുഞ്ഞഹമ്മദ് മൗലവി ആയിരുന്നു അദ്ധ്യാപകൻ. ഫസ്റ്റ് മാസ്റ്റർ സെക്കന്റ് മാസ്റ്റർ എന്നിങ്ങനെയാണ് സാങ്കേതികമായി അദ്ധ്യാപകർ അറിയപ്പെട്ടിരുന്നത്. 11 മണി മുതൽ നാലരവരെ ആയിരുന്നു സമയക്രമം. നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു.

1940 കളിൽ  മഠത്തിൽ ശങ്കരൻ നായർ , അപ്പു മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന  ശ്രീ. പി കെ നാരായണൻ പണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം ഇവിടെ പ്രവർത്തിച്ചു. സ്കൂളിൽത്തന്നെ താസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ ഓടിട്ട കെട്ടിടമാക്കി മാറ്റി. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഈ കാലഘട്ടത്തിൽ മൂന്നാംതരം വരെയുള്ള ക്ലാസ്സുകളായി ഉയർന്നു. 1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും  ചെയ്തു.

1987 - 89 കാലഘട്ടത്തിൽ കെട്ടിടം ജീർണിച്ച് സ്കൂൾ പൂട്ടേണ്ട സാഹചര്യം വന്നപ്പോൾ തൊട്ടടുത്തുള്ള കുമരംപുത്തൂർ ചുങ്കം എ യു പി സ്കൂളിലാണ് ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒരു വർഷത്തോളം പ്രവർത്തിച്ചു പോന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി അന്നത്തെ മന്ത്രിയായിരുന്ന ശ്രീ. ടി ശിവദാസമേനോനെക്കൊണ്ട് ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുകയും തൽഫലമായി 1 ഏക്കർ സ്ഥലം അക്വയർ ചെയ്യിപ്പിക്കുകയും അതിൽ ഓലഷെഡ് നിർമ്മിച്ച് പ്രവർത്തനം തുടരുകയും ചെയ്തു. തുടർന്ന് ലഭിച്ച DPEP , ബ്ലോക്ക് പഞ്ചായത്തിന്റെ NREP എന്നീ ഫണ്ടുകൾ ഉപയോഗിച്ച് 2 കെട്ടിടങ്ങൾ നിർമ്മിച്ചു. പാലക്കാട് MP ആയിരുന്ന  ശ്രീ N. N  കൃഷ്ണദാസിന്റെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയും മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ജോസ്‌ബേബിയുടെ പ്രാദേശിക വികസന ഫണ്ടും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച് മുകളിലെ നിലയിലുള്ള മൂന്നു ക്ലാസ് മുറികളും നിർമ്മിച്ചു.