ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ആറ്റിങ്ങൽ

ആറ്റിങ്ങൽ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.

ചരിത്രം

ആറ്റിങ്ങൽ രാജവംശം

തിരുവിതാംകൂർ മഹാരാജാവിന്റെ അമ്മക്കും സഹോദരിക്കും അവകാശമായി ആറ്റിങ്ങൾ രാജ്യം ലഭിച്ചു. അവർ ഇരുവരും വലിയ തമ്പുരാട്ടിയായും ചെറിയതമ്പുരാട്ടിയായും ആറ്റിങ്ങൽ രാജ്യം ഭരിച്ചു. കോയിത്തമ്പുരാക്കന്മാരായിരുന്നു അവരുടെ ഭർത്താക്കന്മാർ. കോയിത്തമ്പുരാക്കന്മാർ തിരുവിതാംകൂർ രാജവംശത്തിന്റെ ബന്ധത്തിൽ പെട്ട നാലഞ്ചു നാട്ടുരാജ്യങ്ങളിൽ നിന്നുമായിരുന്നു.

ആറ്റിങ്ങൽ വിപ്ലവം

അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.

രാഷ്ട്രീയം

വ്യക്തമായ ഒരു രാഷ്ട്രീയ ചായ് വും കാണിക്കാത്ത പ്രദേശമാണ് ഇത്.

ജനസംഖ്യാ കണക്കുകൾ

2001 കാനേഷുമാരി പ്രകാരം ആറ്റിങ്ങലിലെ ജനസംഖ്യാകണക്കുകൾ താഴെപറയും പ്രകാരമാണ്. ജനസംഖ്യ: 35,648 സ്ത്രീ പുരുഷ അനുപാതം: 1000 പുരുഷന്മാർക്ക് 1136.7 സ്ത്രീകൾ സാക്ഷരതാ നിരക്ക്: 98.65 % (പുരുഷന്മാർ - 97.22%‍, സ്ത്രീകൾ - 88.69%)

വിനോദസഞ്ചാരകേന്ദ്രങ്ങൾ

ശാർക്കരദേവി ക്ഷേത്രവും വർക്കല കടപ്പുറവും ആറ്റിങ്ങലിന് അടുത്താണ്. ( 15 കി.മീ ദൂരം)
പുരാതനമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
ചരിത്രപ്രാധാന്യമുള്ള അഞ്ചുതെങ്ങ്‌ കോട്ട ആറ്റിങ്ങലിനടുത്താണ്. ( 20 കി.മീ )
ശ്രീനാരായണ ഗുരു സ്ഥാപിയ്ക്കുകയും പിന്നീട്‌ അദ്ദേഹത്തിന്റെ സമാധി സ്ഥലവുമായ ശിവഗിരി ( 23 കി.മി).
ശിവക്ഷേത്രമായ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രം - (3കി.മീ )
ചരിത്രപ്രസിദ്ധമായ വലിയകുന്നു കൊട്ടാരം
കുമാരനാശാൻ സ്മാരകം, തോന്നയ്കൽ - (10 കി. മീ) പുരാതനമായ കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം (2.5 കി.മി)

മറ്റുള്ളവ

കേരളത്തിലെ ആദ്യ കോടതികളിൽ ഒന്ന് ആറ്റിങ്ങൾ മുൻസിഫ് കോടതി ആണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ്മയുടെ കാലത്ത്‌‌ 1832-ൽ ആണ് ആറ്റിങ്ങൽ മുൻസിഫ് കോടതി നിലവിൽ വന്നത്‌.

ആവണഞ്ചേരി ക്ഷേത്രം

വിദ്യാലയങ്ങൾ

ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ

എത്തിച്ചേരുന്ന വിധം

വർക്കല റെയിൽ‌വേ സ്റ്റേഷൻ (15 കി.മീ), ചിറയിൻകീഴ് റെയിൽ‌വേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്‌, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്‌, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-47 സേലം കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ്‌ വെഞ്ഞാറമൂടു വഴിയും കടന്നു പോകുന്നു.

"https://schoolwiki.in/index.php?title=ആറ്റിങ്ങൽ&oldid=1558300" എന്ന താളിൽനിന്ന് ശേഖരിച്ചത്