എൻ. എം. ഹൈസ്കൂൾ കുമ്പനാട്/ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37022 (സംവാദം | സംഭാവനകൾ) ('ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്ത്യയിൽ പ്രധാന സ്വാധീനശക്തി നേടിയിരുന്നത്. ദളിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. സംസ്കൃത വേദമന്ത്രങ്ങൾ ചൊല്ലുന്നതിനോ കേൾക്കുന്നതിനോ അനുവാദമുണ്ടായിരുന്നില്ല.ആരെങ്കിലും കേൾക്കുവാൻ തുനിഞ്ഞാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ആരെങ്കിലും വേദമന്ത്രങ്ങൾ ചൊല്ലിയാൽ അയാളുടെ നാവ് ഛേദിച്ചു കളയണം എന്നുമായിരുന്നു നിയമം.

മിഷനറിമാരുടെ വരവ് കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രവർത്തനങ്ങൾ വിലപ്പെട്ടതായിരുന്നു. ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചു. വിദ്യാഭ്യാസം പാർശ്വവൽക്കരിക്കുന്ന രീതിയിൽനിന്നും എല്ലാവർക്കും വിദ്യാഭ്യാസം എന്ന ചിന്താഗതി മിഷണറിമാരുടെ ആഗമനത്തോടുകൂടി പ്രായോഗികമാക്കപ്പെട്ടു. ഈ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ സാമൂഹിക ഉണർവിന് പ്രചോദനമേകി.

                ദൈവനിയോഗപ്രകാരം ഇംഗ്ലണ്ടിൽ നിന്നും സ്വന്തം നാടും വീടും വിട്ട് ഇന്ത്യയിൽ ജീവന്റെ സുവിശേഷം പ്രസംഗിപ്പാൻ എത്തിയ ഒരു മിഷനറി വീരൻ ആയിരുന്നു എഡ്വിൻ ഹണ്ടർ  നോയൽ. 1904 ൽ കൊച്ചിയിലെത്തി അവിടെ താമസിച്ചു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1905 ൽ  തിരുവിതാംകൂർകാരുടെ ക്ഷണമനുസരിച്ച് മിഷനറി നോയൽ കുമ്പനാട് എത്തി. ശ്രീ പി ഇ മാമന്റെ ബംഗ്ലാവിൽ താമസിച്ചുകൊണ്ട് പരിത: സ്ഥലങ്ങളിലുള്ള ജാതികളുടെ ഇടയിൽ വേല ചെയ്തു. ദുഷ്പ്രവേശങ്ങളായ  കിഴക്കൻ മലകളിലെ വനാന്തരങ്ങളിലും യാത്ര ചെയ്തു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വേലക്കു പോകുമ്പോൾ താമസിക്കുവാൻ തക്ക സ്ഥലം ഇല്ലായ്കകൊണ്ടു സാധുക്കളുടെ തറകളിലും മറ്റുമാണ് രാത്രി കാലം  കഴിച്ചുകൂട്ടുന്നത്. ചില അവശ സമുദായ സഭക്കാർ ഒരു ചെറിയ കുടിൽ ഉണ്ടാക്കിക്കൊടുത്തു. സാധുക്കളുടെ  ഇടയിൽ താമസിച്ചും അവർ കൊടുക്കുന്ന ഭക്ഷണം സ്വീകരിച്ചും മിഷനറി നോയൽ വളരെ കഷ്ടപ്പെട്ട് പ്രവർത്തിച്ചു. റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അദ്ദേഹം കുന്നും മലയും തോടും പുഴയും താണ്ടിയിരുന്നു. അദ്ദേഹത്തിന്റെ യാത്ര ക്ലേശം മനസിലാക്കിയ സുഹൃത്തുക്കളിലൊരാൾ ഒരു കുതിരയെ വാങ്ങാനുള്ള പണം നൽകി. കുതിരയെ സംരക്ഷിച്ച് വാഹന മൃഗം ആക്കുന്നതിനു പകരം അതിൽ ഒരു അംശം കൊടുത്ത്  അക്കാലത്ത് അപൂർവ്വമായിരുന്ന ഒരു സൈക്കിൾ വാങ്ങി അതിൽ മലയോരപ്രദേശങ്ങളിൽ യാത്ര ചെയ്തു. ഇംഗ്ലണ്ടിലെ 'ബാത്ത് '  ആസ്ഥാനമായുള്ള ബ്രദറൻ മിഷന്റെ അംഗമായ അദ്ദേഹം ആ മിഷന്റെ  സഹകരണത്തോടും സാമ്പത്തിക സഹായത്തോതോടും കൂടിയാണ് കേരളത്തിൽ പ്രവർത്തിച്ചത്. എന്നാൽ യേശുക്രിസ്തുവിന്റെ ദാസനും സുവിശേഷത്തിന്റെ സാക്ഷിയുമായി മലയാളക്കരയിൽ ജീവിച്ച മിഷനറി നോയൽ  ലളിതജീവിതമാണ് നയിച്ചത്.

ക്രിസ്ത്യൻ മിഷനറിമാരുടെ കാഴ്ചപ്പാടാണ് എല്ലാവർക്കും വിദ്യാഭ്യാസം എന്നത്. ചാതുർവർണ്ണ്യം മൂലം ദളിതർക്ക് ശരിയായ വസ്ത്രധാരണം, അക്ഷരാഭ്യാസം പാടില്ല എന്ന് സമൂഹം പരിഗണിച്ചിരുന്ന കാലത്ത് മിഷനറി നോയൽ സമുദായങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ പള്ളികളും അതിനോടൊപ്പം ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.. കൂടാതെ സ്വന്തം കയ്യിൽ നിന്നും പണം കൊടുത്ത് അധ്യാപകന്മാരെ നിയമിച്ചു. 1905 ൽ കുമ്പനാട് 'വെള്ളിക്കര ചോതി' എന്ന ദളിതന്റെ വക ആറര ഏക്കർ ഭൂമി സ്വന്തമാക്കാൻ വഴിയൊരുങ്ങി. കുമ്പനാട് ജംഗ്ഷനിൽ നിന്നും അധികം ദൂരം അല്ലാത്ത വെള്ളിക്കര കുന്ന് അദ്ദേഹത്തിന് സ്വന്തമായി. വെള്ളിക്കര ബംഗ്ലാവ്, കുമ്പനാട് സ്കൂൾ കെട്ടിടങ്ങൾ, സഭഹാൾ, കൺവെൻഷൻ ഗ്രൗണ്ട് ആദിയായവ പിൽകാലത്ത്‌ അവിടെ അണിനിരന്നു. റോഡിൽ നിന്നും ബംഗ്ലാവിലേക്കും, കുമ്പനാട് ഹൈസ്കൂളിലേക്കും സ്വകാര്യ റോഡും വെട്ടി ആക്കാലത്ത്‌ തന്നെ ഇരുവശവും മതിലും തീർത്തു. ഇതിനുപുറമേ കുമ്പനാട് ഒരു ബോർഡിങ് സ്കൂളും ഏർപ്പെടുത്തി. അവശസംഘങ്ങളിൽ നിന്നുള്ള ബാലിക ബാലന്മാർക്ക് താൻ തന്നെ ഫീസ് കൊടുത്ത് മലയാളം ഇംഗ്ലീഷ് ഭാഷകളിൽ വിദ്യാഭ്യാസം ചെയ്യിച്ചു. അക്കാലത്ത് നാടിനും നാട്ടാർക്കും അനിവാര്യമായിരുന്ന ആത്മീയ സാമൂഹ്യപ്രവർത്തനങ്ങൾ മിഷനറി നോയലും അദ്ദേഹത്തിന്റെ പത്നി മിസ്സിസ് ജൂലിയ നോയലും തപസ്യയാക്കി. തുടർന്ന് നാടിന്റെ നാനാ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ സഭാഹാളുകൾ സാധുജന ഉദ്ധാരണ പ്രവർത്തികൾ തുടങ്ങിയവയിൽ പ്രസ്തുത മിഷനറി ദമ്പതികൾ ഉറ്റിരുന്നു. കുമ്പനാട് സ്കൂൾ സ്ഥാപിക്കുന്നതിന് നോയൽ സായിപ്പിനെ ഉത്സാഹിപ്പിച്ച വ്യക്തിയാണ് മിസ്റ്റർ പി സി ജോൺ (സുവിശേഷകൻ കുമ്പനാട് ). ഈ സ്ഥാപനം അനേക യുവാക്കന്മാർക്ക് ഉപജീവനമാർഗ്ഗമായി തീർന്നിട്ടുണ്ട്. വിദേശ മിഷനറി ആയിരുന്ന നോയലിന്റെ വിദ്യാലയ സ്ഥാപനം ഇന്നാട്ടുകാരുടെ ആദരവിനും സവിശേഷ ശ്രദ്ധക്കും കാരണമായി. വിദ്യാലയങ്ങൾ നന്നേ വിരളമായിരുന്ന അക്കാലത്ത് മിഷനറിയുടെ പരിശ്രമങ്ങൾ പൊതുജനമധ്യത്തിലും ഗവൺമെന്റ് തലത്തിലും അംഗീകരിക്കപ്പെട്ടു. 1910 മുതൽ സഭഹാളുകളും അതോടൊപ്പം വിദ്യാലയങ്ങളും ഗ്രാമഗ്രാമാന്തരങ്ങളിൽ ഉയർന്നുവന്നു. പ്രസ്തുത ആത്മീയ സാമൂഹ്യ സേവനങ്ങൾ 1937 വരെ മുന്നേറി എന്നു കരുതാം. 1940-കളുടെ ആദ്യപകുതിയിൽ നോയലിന്റെ ജീവിത ഓട്ടത്തിന്റെ വേഗതയ്ക്ക് കിതപ്പും കതപ്പും കണ്ടുതുടങ്ങി. നോയൽ വിശ്രമരഹിതമായ അധ്വാനം മൂലം ഒരു ഹൃദ്രോഗിയായി തീർന്നു. നല്ല പോർ പൊരുതി ഓട്ടം തികച്ച മിഷനറി എഡ്വിൻ ഹണ്ടർ നോയൽ 1943 സെപ്റ്റംബർ 30ന് അറുപത്തിയഞ്ചാമത്തെ വയസ്സിൽ സ്വർഗീയ തീരമണഞ്ഞു. കുമ്പനാട് ബ്രദറൻ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

സ്കൂളുകളുടെ പേരിന്റെ രൂപപരിണാമങ്ങൾ മിഷനറി നോയൽ ഇംഗ്ലണ്ടിലെ 'ബ്രദറൻ മിഷന്റെ ' സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് 'ബ്രദറൻ മിഷൻ (BM) സ്കൂളുകൾ ' എന്ന് പേരിട്ടു. അക്കാലത്ത്‌ നാട്ടുഭാഷ സ്കൂളുകളും ഇംഗ്ലീഷ്ഭാഷാ സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ ഒരു ട്രെയിനിംഗ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽ സ്കൂളുകളും 18 പ്രൈമറി സ്കൂളുകളും ഉൾപ്പെട്ടിരുന്നു. ഇവയിൽ കീക്കൊഴൂർ മിഡിൽ സ്കൂൾ മാത്രം ഇംഗ്ലീഷ് സ്കൂളും മറ്റുള്ളവയെല്ലാം നാട്ടുഭാഷാ സ്കൂളുകളും (Vernacular Schools) ആയിരുന്നു. അന്നും പ്രാദേശിക ഭാഷ മലയാളമായിരുന്നെകിലും ഡിപ്പാർട്ട്മെന്റ് 'വെർനാക്കുലർ സ്കൂളുകൾ' എന്നാണ് പേരിട്ടിരുന്നത്. പിൽകാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു.

ബ്രദറൺ മിഷൻ (BM) സ്കൂളുകൾ, നോയൽ മെമ്മോറിയൽ സ്കൂളുകൾ N.M സ്കൂളുകൾ ആയത് നോയലിന്റെ മരണശേഷമാണ്. 1944 ൽ അക്കാലത്തെ മാനേജർ മിഷനറി ഫൗണ്ടനും സ്കൂളുകളുടെ സ്ഥാപനത്തിൽ നോയലിന്റെ വലതുകൈ ആയിരുന്ന പി. വി. ജോർജ്ജ് അവർകളും അന്നത്തെ കറസ്പോണ്ടന്റ് പി. വി. ഡാനിയേൽ അവർകളും മറ്റു ബന്ധപ്പെട്ട നേതൃനിരയിലുള്ളവരും ചേർന്ന് ആലോചിച്ച് നോയലിന്റെ ബഹുമാനാർത്ഥം പേരു മാറ്റിയതെന്ന് അനുമാനിക്കുന്നു.

നോയൽ മെമ്മോറിയൽ സ്കൂളുകളുടെ മാനേജർമാർ 1910 കളിൽ തുടക്കം കുറിച്ചു എന്ന് കരുതപ്പെടുന്ന സ്കൂളുകളുടെ പ്രഥമ മാനേജർ സ്ഥാപക മിഷനറി എഡ്വിൻ ഹണ്ടർ നോയൽ ആയിരുന്നു. ഒടുവിലത്തെ മിഷനറി മാനേജർ G.W.Payne അവർകളും കേരളീയനായ ആദ്യത്തെ മാനേജർ കെ. എ. തോമസ് അവർകളും ആയിരുന്നു. നോയൽ മെമ്മോറിയൽ സ്കൂളുകൾ 1958 ന് ശേഷം ബ്രദറൺ കോർപ്പറേറ്റ് മാനേജ്മെന്റ് ന് കീഴിലാണ്. പ്രസ്തുത മാനേജ്മെന്റ് "Stewards Association Kerala Committee" ൽ നിക്ഷിപ്തമാണ്.

മിഷനറി നോയൽ സ്കൂൾ സ്ഥാപിച്ചെങ്കിലും സ്കൂൾ സംബന്ധമായ കാര്യങ്ങൾ നിറവേറ്റി ഇരുന്നത് നാട്ടുകാരായ സഹപ്രവർത്തകരും കറസ്പോണ്ടന്റുമാരും ആയിരുന്നു. പ്രാരംഭകാലത്ത് പി.റ്റി. തോമസ് കായംകുളം അതിനുശേഷം കെ. ജോൺ മാത്യുസ് ചേത്തയ്ക്കൽ, പി. പി. ഡാനിയേൽ തിരുവല്ല എന്നിവരായിരുന്നു കറസ്പോണ്ടന്റുമാർ. 1966 ൽ ആദ്യ മലയാളി മാനേജർ കെ.എ. തോമസ് ചുമതല ഏറ്റതിനുശേഷം കറസ്പോണ്ടന്റ് ഇല്ല. ഇപ്പോൾ 2 ഹൈസ്കൂൾ 6 അപ്പർ പ്രൈമറി സ്കൂൾ 12 പ്രൈമറി സ്കൂളുകൾ എന്നിവയാണ് നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉള്ളത്.

മിഷനറി നോയൽ സ്കൂളുകൾ സ്ഥാപിച്ചത് തന്റെ പ്രേഷിതവൃത്തിയുടെ ഭാഗമായിരുന്നു. കർത്താവിനു വേണ്ടി ആത്മാക്കളെ നേടുക എന്നതായിരുന്നു പ്രഥമലക്ഷ്യം. 100 വർഷങ്ങൾക്കു മുമ്പ് ഈ രംഗത്ത് കാലുകുത്താൻ ഇന്നാട്ടിൽ ഏറെപ്പേർ ഉണ്ടായിരുന്നില്ല. തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗം ഇല്ലാത്ത ഗ്രാമവാസികൾ ആയ നാനാജാതിമതസ്ഥർ എന്തെന്നില്ലാത്ത അനുഗ്രഹമായിട്ടാണ് സ്കൂൾ സ്ഥാപനം പരിഗണിച്ചിരുന്നത്. സ്കൂൾ സ്ഥാപകൻ സായിപ്പ് അവർക്ക് "കൺകണ്ടദൈവം" ആയിരുന്നു. അവർ മിഷനറിമാരുടെ സേവനങ്ങളെ ആദരവോടുകൂടി ആണ് ഏറ്റുവാങ്ങിയത്. സുവിശേഷ പ്രചാരണത്തിന് സ്കൂളുകൾ പ്രധാന സ്ഥാപനം ആക്കുവാൻ സാധിച്ചു എന്നുള്ളത് മുൻകാലത്തെ വിദ്യാർത്ഥികൾക്ക് അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടുണ്ട്. രാവിലെ ക്ലാസ് മുറിയിൽ എത്തിയാൽ പാട്ട് പ്രാർത്ഥന വചന പഠനം പഠനപ്രവർത്തനങ്ങൾ എന്ന നിലയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. വിദ്യാർത്ഥികളുടെ ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. എന്നാൽ ഇന്ന് രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികൾ മാറി. കാലപ്പഴക്കം സ്കൂൾ കെട്ടിടങ്ങൾ ഒളിമങ്ങിയവയുമാക്കുന്നു. 'നഷ്ടപ്രതാപം' ആണ് ഇന്ന് നോയൽ മെമ്മോറിയൽ സ്കൂളുകൾക്ക് ഉള്ളത്.

1935ൽ മിഷനറി നോയൽ സ്ഥാപിച്ച കുമ്പനാട് നോയൽ മെമ്മോറിയൽ സ്കൂൾ V.H സ്കൂൾ കുമ്പനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രഥമ ഹെഡ്മാസ്റ്റർ മിസ്റ്റർ പി.റ്റി.ജോസഫ് ബി.എ.എൽ. റ്റി ആയിരുന്നു. അധ്യാപകർ മിസ്റ്റർ. എൻ.ജെ. ചാക്കോ ബി.എ മിസ്റ്റർ. കെ. എം. വർഗീസ് ബി.എ മിസ്റ്റർ. ടി. ജെ. തോമസ് ബി.എ മിസ്റ്റർ.എം.പി.നാരായണയ്യർ ബി.എ മിസ്റ്റർ.കെ.ഒ. ഗോപാലഗണകൻ (സംസ്കൃത വിദ്വാൻ മുൻഷി) മിസ്റ്റർ.എം.എം.ജോൺ (മലയാള വിദ്വാൻ)

അവലംബം:

•മലങ്കരയിലെ വേർപാട് സഭകളുടെ ചരിത്രം-മഹാകവി കെ.വിസൈമൺ •മിഷനറി നോയലും നോയൽ മെമ്മോറിയൽ സ്കൂളുകളും- വി.കെ.മാത്യു •ആധുനിക ഭാരതം ബൈബിളിന്റെ സൃഷ്ടി- ഡോ. ബാബു.കെ.വർഗീസ്