കടമേരി എസ്. എം. എൽ .പി. സ്കൂൾ/ചരിത്രം
ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആയഞ്ചേരി തണ്ണീർപന്തൽ റോഡിൽ കടമേരി ശ്രീ. പരദേവത ക്ഷേത്രത്തിൽ നിന്നും 1/2 കി.മീ പടിഞ്ഞാറ് മാറി കടമേരി സൗത്ത് മാപ്പിള എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കടമേരിയിലെ എളവന്തേരി സ്രാമ്പിക്ക് സമീപം ഒരു ഓത്തുപുരയും ഒരു പള്ളിക്കൂടവും ഒരു ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്നെന്നും ആ സ്ഥാപനമാണ് 1929 മുതൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന പുളിക്കണ്ടി പറമ്പിലേക്ക് മാറ്റിയതെന്ന് പഴമക്കാർ പറയുന്നു.
ഹിന്ദു സമുദായാംഗങ്ങൾക്ക് വിദ്യാഭ്യാസത്തിനായി കടമേരി യു.പി സ്കൂൾ എന്ന് ഇന്നറിയപ്പെടുന്ന വിദ്യാലയം നിലവിലുണ്ടായിരുന്നു. മുസ്ലിംങ്ങൾ മതപഠനത്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. ഓത്തുപുരകളിൽ വെച്ചായിരുന്നു മതപഠനം നടത്തിവന്നിരുന്നത്.
സുഹൃത്തുക്കളായ ചാത്തോത്ത് ചിണ്ടൻ നമ്പ്യാരും, കണ്ണോത്ത് കൃഷ്ണക്കുറുപ്പും, ചെറുവാച്ചേരി കൃഷ്ണൻ നമ്പ്യാരുടെയും ശ്രമഫലമായാണ് ഇന്ന് കാണുന്ന കടമേരി മാപ്പിള യു.പി സ്കൂളും , കടമേരി സൗത്ത് മാപ്പിള എൽ.പി സ്കൂളും മുസ്ലിം സമൂഹത്തിൻ്റെ വിദ്യാഭ്യാസാവശ്യാർത്ഥം സ്ഥാപിച്ചത്. മുസ്ലിംങ്ങളുടെ മതപഠന കേന്ദ്രം ഓത്തുപുരയും എഴുത്തുപള്ളിക്കൂടവും പരസ്പരം ബന്ധപ്പെട്ട് ഒരു ഷെഡ്ഡിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ഓത്തുപഠനം കഴിഞ്ഞാലുടനെ പള്ളിക്കൂടവും പ്രവർത്തിച്ച് തുടങ്ങും.
1928ലാണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. സാമൂഹിക പ്രവർത്തകനായ ചെറുവാച്ചേരി കൃഷ്ണൻ നമ്പ്യാർ ,മതപണ്ഡിതനായ പുളിക്കണ്ടി പര്യയ്യയി മുസ്‌ലിയാർ എന്നിവരാണ് സ്കൂൾ സ്ഥാപിച്ചത്. ആദ്യ കാലത്ത് പര്യയ്യയി മുസ്‌ലിയാരുടെ വീട്ടിൽ വെച്ചായിരുന്നു പഠനം. പിന്നീടാണ് അദ്ദേഹത്തിന്റെ പറമ്പിലെ ഷെഡ്ഡിലേക്ക് മാറ്റിയത്. 1941 മുതലുള്ള ഒപ്പുപട്ടികയിൽ 1928 മുതലുള്ള പരിശോധന കുറിപ്പിന്റെയും അടിസ്ഥാനത്തിൽ 1928 മുതൽ വിദ്യാർത്ഥികളുടെ എണ്ണമനുസരിച്ചാണ് ക്ലാസുകൾ അനുവദിച്ചിരുന്നത്.
ഈ വിദ്യാലയത്തിന് താത്കാലിക ഷെഡ്ഡ് മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് 2 ഷെഡ്ഡുകൾ നിർമ്മിക്കുകയും ഡെപ്യൂട്ടി ഇൻസ്പെക്ടർമാരുടെ നിരന്തരസമ്മർദ്ദം കൊണ്ട് 2 ചുമരുള്ള ഹാളുകൾ നിർമ്മിക്കുകയും ചെയ്തു. 1937 ൽ 3 ,1938 ൽ 4, 1939 ൽ 5 ക്ലാസുകൾ അനുവദിച്ചതായി 17-10-1937, 29-12-1938, 20-6-1939 തിയ്യതികളിലെ സന്ദർശന റിക്കോർഡിൽ കാണുന്നു. 1961-62 വരെ അഞ്ചാം ക്ലാസ് നിലവിലുണ്ടായിരുന്നു പിന്നീടുനിർത്തി. 1941 മുതലാണ് ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പ്രവേശന റജിസ്റ്റർ കാണുന്നത്. ഒന്നാം നമ്പർ കുട്ടിയായി പുത്തൂർ ചാലിൽ ഇബ്രാഹിം.കുഞ്ഞമ്മദ്കുട്ടി മകൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.സ്ഥാപക മാനേജർ ചെറുവാച്ചേരി കൃഷ്ണൻ നമ്പ്യാർ. പിന്നീട് അദ്ദേഹത്തിന്റെ മകൾ കെ.ടി.കല്ല്യാണി അമ്മ.അവരുടെ മരണശേഷം മകൾ കെ.ടി.മീനാക്ഷിയമ്മയുമാണ് മാനേജർ.ആദ്യ ഹെഡ് മാസ്റ്റർ ചേരാപുരത്തുകാരനായ കെ.കണാരക്കുറുപ്പ്.
ഈ വിദ്യാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദശാസന്ധി നേരിട്ട് വർഷമാണ് 1983. അനാദായകരം എന്നപേരിൽ തോടന്നൂർ എ.ഇ.ഒ ഈ വിദ്യാലയം നിർത്തലാക്കാൻ ശുപാർശ ചെയ്യുകയും വടകര ഡി.ഇ.ഒ (Order No. B 4 10780/83 dt. 30/5/83) പ്രകാരം നിർത്തലാക്കുകയും ചെയ്തിരുന്നു. മാനേജ്മെന്റ്, അധ്യാപകർ, നാട്ടുകാർ, സാമൂഹ്യ പ്രവർത്തകർ ,എന്നിവരുടെ ശ്രമഫലമായി 1-6-83 മുതൽ തന്നെ അംഗീകാരം പുന: സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. (OrderNo. G 3 67247/83 dt. 15/12/83)
1939 വരെ സ്കൂൾ സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങൾ മാത്രമാണ് മാനേജരുടെ കൈ വശമുണ്ടായിരുന്നത്. 1993 ൽ സ്കൂൾ സ്ഥിതി ചെയ്യുന്ന 12 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. കിണർ, കക്കൂസ്, മൂത്രപ്പുര എന്നീ സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്.