Rev.Fr.Mathew Vayalunkal (Founder manager)
പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാൻതോം ഹൈസ്കൂൾ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.

പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളർച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോൾ സാൻതോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാൻതോം പകർന്നുനൽകിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നൽകിയ പങ്ക് നിർണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയർത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് നാടിന്റെ പ്രണാമം.


പാപനാശിനിയായ പമ്പയുടെയും പുണ്യനദിയായ അഴുതയുടെയും സംഗമ തീരത്ത് സ്ഥിതിചെയ്യുന്ന കണമല സാൻതോം ഹൈസ്കൂൾ. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർമയിൽ തെളിഞ്ഞു വരുന്നത് നല്ലവരായ കുടിയേറ്റ കർഷകരുടെ മുഖങ്ങൾ ആണ്. അവരുടെ നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയും നിത്യസ്മാരകവും ആണ് ഈ സ്ഥാപനം. അവരനുഷ്ടിച്ച ത്യാഗത്തിന്റെ യഥാർത്ഥ വില തിരിച്ചറിയണമെങ്കിൽ അവരുടെ അന്നത്തെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

മുൻപറഞ്ഞ രണ്ടു നദികളുടെയും ഇരു തീരങ്ങളിൽ ആയി വ്യാപിച്ചുകിടക്കുന്ന വിസ്‍തൃതവും വിശാലവുമായ കുടിയേറ്റ മേഖല. വ്യത്യസ്ത സ്ഥലനാമങ്ങളാൽ ഓരോ ചെറിയ പ്രദേശത്തെയും തിരിച്ചറിയുന്നു എങ്കിലും ഇവയെല്ലാം കൂടിച്ചേർന്ന് പമ്പാവാലി എന്ന് അറിയപ്പെടുന്നു. ഇവിടുത്തെ കുടിയേറ്റത്തിന് ചരിത്രം 1948ൽ ആരംഭിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച 'ഗ്രോ മോർ ഫുഡ് ' പദ്ധതിപ്രകാരം കർഷക സംഘങ്ങൾക്കും വിമുക്തഭടൻമാർക്കുമായി വിതരണം ചെയ്യപ്പെട്ട സ്ഥലങ്ങൾ ആണിവ. രണ്ടോമൂന്നോവർഷത്തെ കൃഷിക്ക് ശേഷം യാത്രാ സൗകര്യങ്ങളുടെ അഭാവവും വന്യമൃഗങ്ങളുടെ ഉപദ്രവവും നദികളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും ഒക്കെ കൃഷി ദുഷ്കരമാക്കിയതുകൊണ്ട് പലരും തങ്ങളുടെ ഭൂമി വിറ്റും ഉപേക്ഷിച്ചുപോയി. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ഇവിടെ തന്നെ പിടിച്ചുനിൽക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചത് മണ്ണിൻറെ ഫലഭൂയിഷ്ഠി തന്നെയാണ്. 1950കളിലും അറുപതുകളുടെ തുടക്കത്തിലും വളരെ ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ഇവിടുത്തുകാർ നയിച്ചിരുന്നത് . വാർത്താവിനിമയ ബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ മരണം രണ്ട് ദിവസങ്ങൾക്കുശേഷമാണ് ഇന്നാട്ടുകാർ അറിഞ്ഞത്. തങ്ങൾക്കാവശ്യമുള്ളവ വാങ്ങുന്നതിനും വിൽക്കാനുള്ളവ വിൽക്കുന്നതിനും ഒട്ടും സുഗമമല്ലാത്ത വഴികളിലൂടെ ചെരിപ്പു പോലും ധരിക്കാതെ തലച്ചുമടുമായി 20 കിലോമീറ്ററിലധികം നടന്ന് മുണ്ടക്കയം, എരുമേലി മാർക്കറ്റുകളിൽ എത്തേണ്ടിയിരുന്നു.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ